ശുദ്ധമായ അറിവാണു ജീവൻ അഥവാ ആത്മാവ് അല്ലെങ്കിൽ പ്രാണൻ.
ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഈ വിശ്വമഹാപ്രപഞ്ചത്തിലേക്ക് പിറന്ന് വീഴുമ്പോൾ അവൻ അല്ലെങ്കിൽ അവൾ ശുദ്ധമായ അറിവിലാണു ജനിക്കുന്നത്. തുടർന്ന് അവന്റെ അല്ലെങ്കിൽ അവളുടെ പ്രയാണം അറിവിൽ നിന്ന് അറിവില്ലായ്മയിലേക്കാണു.
നമ്മുടെ ക്ഷേത്രങ്ങളും പ്രാർത്ഥനകളും, ആചാരാനുഷ്ടാനങ്ങളുമെല്ലാം അവനെ-അവളെ അറിവില്ലായ്മയിൽ നിന്ന് തിരിച്ച് അറിവിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണു.
നമ്മുടെ പുരാണോതിഹാസങ്ങളും, ഉപനിഷത്തുക്കളും, ഭഗവത്ഗീതയുമെല്ലാം അറിവില്ലായ്മയിൽ നിന്ന് നമ്മളെ അറിവിലേക്ക് നയിക്കുന്നു.
നമ്മുടെ പ്രാർത്ഥനാരീതികളൊക്കെയും ദ്വൈതഭാവത്തിലാണു. നിരന്തരമായ പ്രാർത്ഥനകളുടേയും, ഭക്തിയുടേയും ഫലമായി ദ്വൈതഭാവത്തിൽ നിന്ന് പതുക്കെ പതുക്കെ അദ്വൈതഭാവത്തിലേക്ക് ഉയരുന്നു.
ആദ്യം വിശ്വാസം, പിന്നെ ഭക്തി, ശ്രദ്ധ, അന്വേഷണം ഒടുവിൽ ആയിതീരൽ. ഈ ആയിതീരലിനെയാണു മോക്ഷം എന്നു പറയുന്നത്.
ആദ്യം ഒരു ഈശ്വരവിശ്വാസിയാവണം.
എന്നെ രക്ഷിക്കാൻ, എന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കേൾക്കാൻ, എന്റെ ആവശ്യങ്ങൾ സാധിപ്പിച്ചുതരുവാൻ എന്നിൽ നിന്ന് അന്വമായ അദൃശ്യനായ ശക്തിയുണ്ട് അതാണു ഈശ്വരൻ. ഇത് വിശ്വാസമാണു.
ഈ വിശ്വാസത്തിലാണു നമ്മുടെ പ്രാർത്ഥനകളും, വഴിപാടുകളും, കാര്യസാദ്ധ്യമന്ത്രജപവും, ഏകാദശി നോൽക്കലും, മുപ്പെട്ട് തൊഴലും, ശയനപ്രദക്ഷിണവും, ചുറ്റുവിളക്കും, നിറമാലയും, ശത്രുസംഹാരപുഷ്പഞ്ജലിയിലും, അർച്ചനയും, ഹോമവുമെല്ലാം.
ഇതൊക്കെ ചെയ്താൽ ഭഗവാൻ എന്നെ രക്ഷിക്കും. എനിക്ക് ഈശ്വരനുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണു എനിക്കുള്ളത് എന്ന ദൃഡമായ വിശ്വാസം ഒരുവനിൽ ഭക്തി ജനിപ്പിക്കുന്നു.
ഭക്തി പതുക്കെ ഭഗവത് പ്രേമമായു മാറുന്നു. ഭഗവത് പ്രേമം ഭക്തിയുടെ ഉയർന്നതലമാണു. ഭഗവത് പ്രേമത്തിൽ നിന്ന് ശ്രദ്ധയിലേക്കുയരുന്നു.
ഒരു അമ്മക്ക് തന്റെ കുഞ്ഞിനോട് പ്രേമമാണു അഥവാ വാത്സല്യമാണു ഉള്ളത്.
അതുകൊണ്ടാണു തന്റെ കുഞ്ഞിനെ ആ അമ്മ എപ്പോഴും ശ്രദ്ധിക്കുന്നത്.
ശ്രദ്ധ പിന്നീട് അന്വേഷണത്തിലേക്ക് ഒരുവനെ നയിക്കുന്നു. അമ്മ തന്റെ കുഞ്ഞിനെ ശ്രദ്ധിക്കുന്നതുകൊണ്ടാണു അവനെ അല്ലെങ്കിൽ അവളെ അന്വേഷിക്കുന്നത്.
പൂമുഖത്തു കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ അമ്മ അടുക്കളയിൽ തന്റെ ജോലികളിൽ വ്യാപൃതയായിരിക്കുമ്പോഴും "മോനെ, മോളെ" എന്നൊക്കെ ഇടയ്ക്കിടക്ക് വിളിച്ചു അന്വേഷിച്ചുകൊണ്ടിരിക്കും. സ്കൂളിൽ നിന്ന് വരാൻ വൈകിയാൽ അന്വേഷിക്കും. ഇങ്ങനെ ഈ അന്വേഷണം ഉണ്ടാവുന്നത് തന്റെ കുഞ്ഞിൽ ശ്രദ്ധയുണ്ടാവുമ്പോഴാണു.
ഇതുപോലെ ഭഗവാനിൽ ശ്രദ്ധയുണ്ടാവുമ്പോഴാണു അവിടെ അന്വേഷണം ആരംഭിക്കുന്നത്.
ആ അന്വേഷണം അവസാനിക്കുന്നത് ആയിതീരലിലാണു. അതായത് ആരെയാണോ താൻ ഇത്രയുംകാലും വിശ്വസം, ഭക്തി, പ്രേമം, ശ്രദ്ധ, അന്വേഷണം തുടങ്ങിയവയിലൂടെ കണ്ടെത്തിയത് അത് എന്നെ തന്നെയായുരുന്നു. ഈശ്വരനെതന്നെയായിരുന്നു.
അതായത് ഞാനും ഈശരനും രണ്ടല്ല ഒന്നാണെന്നുള്ള ബോധം ഉദിക്കും. ഇതിനെയാണു ആത്മജ്ഞാനം എന്നു പറയുന്നത്. ഇങ്ങനെ ആത്മാജ്ഞാനം ലഭിച്ചവർ ഒരിക്കലും"ഞാൻ ഈശ്വരനാണു" എന്നു പറയുകയില്ല. വാസ്തവത്തിൽ "ഞാൻ" എന്നത് ഇശ്വരനായി മാറുകയല്ല, "ഞാൻ" ഈശ്വരനിൽ ഇല്ലാതാവുകയാണു ചെയ്യുന്നത്. ഇതാണു മോക്ഷം.
ഈ തലത്തിലേക്കുയർന്നാൽ പിന്നെ താൻ ഇല്ലാതായി ഈശ്വരനിൽ ലയിച്ചു. പിന്നെ ജനിമൃതികൾ ഇല്ല.
ഒന്നാമത്തെ പടിയിൽ നിന്ന് മുകളിലെത്തെ പടിയിൽ എത്തിയ അവസ്ഥ. മുകളിലത്തെ പടിയിലെത്തണമെങ്കിൽ ഒന്നും, രണ്ടും, മൂന്നും, നാലും. അഞ്ചും, ആറും പടികളൊക്കെ കയറിവേണം ഒടുവിലത്തെ പടിയിലെത്താൻ.
അതുകൊണ്ട് നാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രാർത്ഥനകളും, ജപവും, ക്ഷേത്രദർശ്ശനവും, വഴിപാടുചെയ്യലും, ജ്യോതിഷിയെ കാണലും, പ്രശ്നം വെയ്ക്കലും, പ്രതിവിധി ചെയ്യലും എല്ലാം ഇതുപോലെ ഓരോ പടികളാണു.
ഒടുവിൽ കാലം ഒരിക്കൽ അവനിൽ ഭക്തി, പ്രേമം, ശ്രദ്ധ, അന്വേഷണം അങ്ങിനെ മോക്ഷത്തിൽ കൊണ്ടുചെന്നെത്തിക്കും. അതുകൊണ്ട് അമ്പലത്തിൽ പോകുന്നതും, തൊഴുകുന്നതും, വഴിപാടുകൾ ചെയ്യുന്നതും ഒന്നും തെറ്റല്ല. നമ്മുടെ നന്മക്കുവേണ്ടിയാണു എന്ന് മനസ്സിലാക്കുക. ഇതിനെയൊക്കെ വിമർശ്ശനബുദ്ധിയോടും അൽപജ്ഞാനത്തോടും കൂടി കാണുന്നവർ പ്രത്യേകിച്ചും.
ജഗദീശ്വരൻ എവരേയും അനുഗ്രഹിക്കട്ടെ.
ഓം നമോ നാരായണായ