ദേവന്മാർക്കോ മാമുനിമാർക്കോ എന്നെ ശരിയായി അറിയുകയില്ല എന്ന് പറഞ്ഞ ആ ശക്തി ആരാണ് ?
സമസ്ത പ്രവാചകരേയും ആചാര്യൻമാരെയും കാലാകാലങ്ങളിൽ നമുക്ക് സമ്മാനിച്ചത് ആരാണ് ?
ശാസ്ത്ര സാങ്കേതിക വിദ്യക്കുമുന്നിൽ പോലും ദൃശ്യനാകാത്ത ആ പ്രകാശത്തെ ഈശ്വരൻ എന്ന് വിളിക്കുന്നു. ആരെയാണോ സ്നേഹത്തിന്‍റെ സാഗരമെന്ന് വിളിക്കുന്നത്, ആരെയാണോ ബുദ്ധിവാന്‍റെയും ബുദ്ധിവാനെന്ന് വിളിക്കുന്നത് ആരെയാണോ സർവശക്തൻ എന്ന് വിളിക്കുന്നത് എല്ലാവരും കയ്യൊഴിയുമ്പോൾ നമ്മൾ ആരെയാണോ ആശ്രയിക്കുന്നത് ആ ഏകനായ സത്യമാണ് ഈശ്വരൻ.
ഈശ്വരൻ ഉണ്ടോ ?
നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്.
ഈശ്വരൻ – പരമാത്മാവ്
നമ്മെപ്പോലെ തന്നെ ഈശ്വരനും ഒരാത്മാവ് തന്നെയാണ്. എന്നാൽ പരമാത്മാവ് എന്നാണ് നമ്മൾ വിളിക്കുന്നത്. ഈ പരമം എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ – ഈ ആത്മാവ് മാത്രം ജനനമരണചക്രത്തിലേക്ക് വരുന്നില്ല, ഈ ആത്മാവിനെ കർമ്മമോ കർമ്മവാസനകളോ ബാധിക്കുന്നില്ല, ജയപരാജയങ്ങൾക്ക് അതീതനാണ്. സുഖദുഃഖങ്ങൾക്ക് അതീതനാണ്, പരിമിതികൾ ഇല്ലാത്തവനാണ്, പ്രപഞ്ചരഹസ്യങ്ങളുടെ ജ്ഞാനമുള്ളവനാണ്.
ഈശ്വരൻ എല്ലാം നടത്തുന്നവനാണോ, നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്‍റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും അവരവരുടെ കർമ്മത്തിന്‍റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമ്മത്തിന്‍റെയും ജന്മത്തിന്‍റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത് ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്‍റെയും ആധാരമായി മാനിക്കുന്നു.
ഈശ്വരൻ എവിടെയാണ് ?
ചിലർ എല്ലായിടത്തും ഈശ്വരനുണ്ടെന്ന് കരുതുന്നു. ചിലർ ചില നിശ്ചിത സ്ഥലങ്ങളിൽ ഈശ്വരൻ വസിക്കുന്നെണ്ടെന്നു കരുതുന്നു. ചിലർ ഞാൻ തന്നെയാണ് ഈശ്വരനെന്ന് പറയുന്നു. എന്നാൽ ആത്മാർത്ഥമായി ഈശ്വരനെ വിളിക്കുമ്പോഴെല്ലാം സ്വാഭാവികമായി കണ്ണുകൾ മുകളിലേക്ക് പോകുന്നു. ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലൊരു ലോകത്തിൽ ഈശ്വരൻ വസിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം നോക്കുന്നത്. എന്നാൽ കണ്ണുകൾ കൊണ്ടോ ടെലസ്കോപ്പ് കൊണ്ടോ സാറ്റലൈറ്റുകൾ മുഖേനയോ കണ്ടെത്താൻ കഴിയാത്ത ആത്മലോകത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കാറുണ്ട്. അഥവാ ചിന്തകളെ യഥാർത്ഥരീതിയിൽ ഏകോപിപ്പിക്കുവാൻ കഴിയുകയാണെങ്കിൽ മനസ്സ് കൊണ്ട് നമുക്ക് ആത്മലോകം വരെ സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. സ്വർണ്ണചുവപ്പ് നിറമുള്ള ഈ ലോകം ആത്മാക്കളുടെ പരമമായ ദിവ്യഗൃഹമാണ്. പഞ്ചതത്വങ്ങൾക്കുപരിയായി സ്ഥിതിചെയ്യുന്ന ആറാം തത്വമാണിത്. ധ്യാനത്തിലൂടെ ആത്മാവിന്‍റെ ബോധം ഈ തലത്തിലേക്ക് ഉയരുമ്പോൾ തന്‍റെ ഗൃഹത്തിലേക്കെത്തിച്ചേർന്ന പ്രതീതീയുണ്ടാകുന്നു. അവസാനം ഈശ്വരനിലേക്കും എത്തിച്ചേരുന്നു.
ആത്മീയ സൂര്യൻ
ഏത് പോലെയാണോ ഭൌതീകസൂര്യൻ ചൂടും വെളിച്ചവും എല്ലാവർക്കും ഒരുപോലെ നൽകുന്നത് അതുപോലെ ആത്മീയ സൂര്യനായ ഈശ്വരനും സർവ്വർക്കും ഒരുപോലെ ആര് എവിടെയാണെങ്കിലും അവർക്ക് ജ്ഞാന പ്രകാശം നൽകുന്നു. യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ പരോപകാരഭാവനയാടെ, ഓരോരുത്തർക്കും അവരുടെ മൂലഗുണങ്ങളായ സ്നേഹവും ശാന്തിയും സന്തോഷവും ഉണർത്തിക്കൊടുത്ത് നിസ്വാർത്ഥ ഭാവനയോടെ ഈശ്വരൻ സദാ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈശ്വരനെ സമസ്ഥ മതങ്ങളിലും ശിവൻ, റഹിം, കാരുണ്യപ്രകാശം എന്നിങ്ങനെ മംഗളകാരി എന്ന അർത്ഥത്തിലുള്ള നാമങ്ങൾ നൽകി വിളിക്കുന്നത്.
ഈശ്വരന്‍റെ ജ്ഞാനം (വിവേകം) സ്നേഹം, ശക്തി
മനുഷ്യർ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്, അഥവാ ഈശ്വരന്‍റെ നിലനിൽപ്പുണ്ടെങ്കിൽ ഈശ്വരന് ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ. ഇതിലൂടെ ഭൂമിയിൽ നന്മ മാത്രം സംഭവിക്കുമല്ലോ.
പക്ഷേ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുക എന്നതാണ് ഈശ്വരന്‍റെ വിവേകം.