സ്ത്രീകൾക്ക് ബ്ലൗസ് ഇടാമെങ്കിൽ പുരുഷന്മാർക്ക് ഷർട്ട് എന്തുകൊണ്ട് നിഷിദ്ധം? കാരണം വ്യക്തമാകണമെങ്കിൽ ക്ഷേത്രത്തെപ്പറ്റി അൽപ്പം വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.
"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന് ശ്രീകൃഷ്ണൻ 'ഭഗവദ്ഗീത'യിൽ പറഞ്ഞിട്ടുണ്ട്.
ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്ര വിഗ്രഹം പോലെയും, ആത്മാവ് ഈശ്വര വിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്
മറ്റു മതവിശ്വാസികൾക്ക് അവരുടെ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കാനോ ഉള്ള ആലയങ്ങൾ മാത്രമാകുമ്പോൾ, ഹിന്ദുക്കൾക്ക് ക്ഷേത്ര ദർശനം ഈശ്വര വിഗ്രഹത്തിൽനിന്ന് പ്രവഹിക്കുന്ന ചൈതന്യം ഉൾക്കൊള്ളാനുള്ളതത്രെ.
ജീവ ചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ് ക്ഷേത്രങ്ങൾ.
മനസ്സ് ഈശ്വരാർപ്പിതമാകുമ്പോൾ ദേഹാഭിമാനം ഇല്ലാതാവുന്നു, നമ്മൾ സമത്വത്തിലും സ്വതന്ത്രതയിലും എത്തുന്നു (ആത്മസ്വരൂപത്തിലെത്തുന്നു) എന്നതിന്റെ പ്രതീകമായിട്ടാണ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോൾ പുരുഷന്മാർ ഷർട്ട് (മേൽവസ്ത്രം) അഴിക്കുന്നത്.
ഗോപികാ വസ്ത്രാപഹരണത്തിലൂടെ ഭഗവാൻ ഈ തത്വം കാണിച്ചുതരുന്നുണ്ട്.
*ബാഹ്യമായ സ്വരൂപത്തെ മറയ്ക്കുന്നതാണ് വസ്ത്രം.ഇതു പോലെ ആത്മസ്വരൂപത്തെ ആവരണം ചെയ്യുന്നതാണ് അഹംഭാവം അഥവാ ദേഹാഭിമാനം.
അതില്ലാതാവുന്നതാണ് ഈശ്വര പ്രാപ്തി. " തത്ത്വമസി" യുടെ പ്രായോഗിക ആവിഷ്കാരമാണ് മേൽവസ്ത്രം അഴിക്കുന്നതിലൂടെ പ്രകടമാകുന്നത്.*
രണ്ടാമതായി, പ്രാണവായു സാന്ദ്രത ഏറ്റവും കൂടിയ അളവിലുള്ള പ്രദക്ഷിണവഴികളിലൂടെ മേൽവസ്ത്രമില്ലാതെ നടക്കുന്നത് കൂടുതൽ ഗുണം ചെയ്യും. 24 മണിക്കൂറും ഷർട്ട് ധരിച്ചു കൊണ്ടു നടക്കുന്ന ആധുനിക സംസ്കാരമാണ് പല രോഗങ്ങൾക്കും കാരണം.
അവിശ്വാസികളായ ഓരോരുത്തരുടെ പിടിവാശി കാരണം ക്ഷേത്ര സംസ്കാരത്തിന്റെ ആദ്ധ്യാത്മിക മൂല്യം തന്നെ തമസ്കരിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.
നമ്മളാരും വസ്ത്രത്തോടെ ജനിച്ചവരോ വസ്ത്രത്തോടെ പോകുന്നവരോ അല്ല. പിന്നെ ക്ഷേത്ര ദർശനത്തിൽ അല്പസമയം ഷർട്ട് ധരിക്കാതിരിക്കാൻ എന്താണ് പ്രയാസം ?
ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജ സ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അനുഭവത്തിൽനിന്നു മാത്രമെ അതു മനസ്സിലാക്കുവാൻ സാധിക്കൂ.
ഉദാഹരണമായി ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഫേൻ കറങ്ങുകയോ, ബൾബ് കത്തുകയോ ചെയ്യുന്നു. അപ്പോൾ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല.
അതുപോലെ പ്രാണവായുവിനെയോ കാന്തിക പ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്.
കൈത്തണ്ടയിലെ എല്ല് പൊട്ടിയെന്നിരിക്കട്ടേ. അത് ചേർത്ത്‌വച്ച് ബാന്റേജ് ഇടുക മാത്രമെ വൈദ്യശാസ്ത്രത്തിന് ചെയ്യാനാവൂ. ഒരു ഡോക്ടർക്കും പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, ക്രമേണ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ച്` പൂർവ്വസ്ഥിതി പ്രാപിക്കുന്നതു കാണാം. ഈ മാന്ത്രികശക്തി എവിടെ നിന്നു കിട്ടി? ഏതു ചൈതന്യമാണ് പൊട്ടിയ എല്ലിനെ വിളക്കിച്ചേർത്തത്.?
സൂര്യൻ കൃത്യമായി കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ് ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?
ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്. 'പ്രകൃതി നിയമം'
ഈ നിയമം ഉണ്ടാക്കിയത് ആര്?
ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്.
പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സർവ്വ ചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട്.
ഋഷിവര്യന്മാർ ബ്രഹ്മം എന്നും, നാം ഈശ്വരൻ എന്നും, ശാസ്ത്രജ്ഞന്മാർ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ - പരമാണുവെ- അഭിസംബോധന ചേയ്യുന്നു.
അനുകൂലോർജ്ജം( Positive energy ) പ്രതികൂലോർജ്ജം (Negative energy ) എന്നിങ്ങനെ ഈ ചൈതന്യ പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ടു ഊർജ്ജസ്രോതസ്സുകൾ പ്രപഞ്ചത്തിലുണ്ട് അവമൂലമാണ് ആകർഷണ-വികർഷണങ്ങൾ എവിടെയും നടക്കുന്നതും,പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും നിലനിൽക്കുന്നതും. അനുകൂലോർജ്ജം നമുക്ക് ഗുണം പ്രദാനം ചെയ്യുന്നു.
ക്ഷേത്രദർശനം വഴി നമുക്ക് ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ സാദ്ധ്യമാകുന്നു. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച് ഹൈന്ദവക്ഷേത്രങ്ങളിൽ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കാണാം
ശിലയിലോ ലോഹങ്ങളിലോ നിർമ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങൾ വെറും പ്രതിമകളല്ല. സാത്വികനായ, വേദമന്ത്രതന്ത്രങ്ങളിലും, പൂജാവിധിയിലും അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനായ,തേജസ്വിയായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകർമ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക് ആവാഹനം ചെയ്യപ്പെടുന്നു. അപ്പോൾ ഈ വിഗ്രഹങ്ങൾക്ക് ഊർജ്ജം ആഗീരണം ചെയ്യുവാനും, വികിരണം ചെയ്യുവാനും സാധിക്കുമത്രെ.
താന്ത്രിക വിദ്യകളാൽ സ്ഥാപിതമായ വിഗ്രഹങ്ങൾക്ക് ആകിരണവും വികിരണവും ചെയ്യാൻ സാധിക്കുമെന്ന് ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
*ക്ഷേത്രത്തിനകത്തു മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ ശബ്ദ ഊര്ജ്ജവും, നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപ സ്രോതസ്സായ പ്രകാശോർജ്ജവും ചന്ദനത്തിരി, ചന്ദനം, കളഭം, കർപ്പൂരം, പനിനീർ എന്നീ സുഗന്ധദ്രവ്യങ്ങൾ, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി എന്നീ പുഷ്പ പത്രാദികൾകൊണ്ടുള്ള അർച്ചനയിലൂടെ കെമിക്കൽ ഊർജവും വിഗ്രഹത്തിലേക്ക് പൂജാ കർമ്മങ്ങളിലൂടെ നിറക്കപ്പെടുന്നു.
ഈ വിഗ്രഹത്തിൽ ആഗീരണം ചെയ്യപ്പെട്ട ഊർജ്ജം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ വികിരണം ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊർജ്ജം ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകർമ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക് വീണ്ടും നിറയ്ക്കുകയാണ് ചെയ്യുന്നത്.
പെട്രോൾ പമ്പിലെ പെട്രോൾ തീരുമ്പോൾ ടാങ്കർ ലോറിയിൽ പെട്രോൾ കൊണ്ടുവന്നു നിറയ്ക്കുന്നതുപോലെ. പ്രപഞ്ചത്തിൽനിന്നും നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും പൂജാരിയിൽ നിന്ന് വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.
പൂജാകർമ്മങ്ങൾ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും, അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാർ പൂജയെന്ന നാമമാത്ര ചടങ്ങ് നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യശൂന്യമാണ്.
പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവിൽ ക്ഷേത്രദർശനത്തിലൂടെ നമുക്ക് സാധിക്കുന്നു.
കണ്ണുകളെ; ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ചാർത്തിയ സ്വർണ്ണാഭരണങ്ങൾ, തിളങ്ങുന്ന ഓട്` പിത്തള വിളക്കുകൾ, ജ്വലിക്കുന്ന ദീപനാളങ്ങൾ, വർണ്ണപുഷ്പങ്ങൾ എന്നിവ ചൈതന്യ വത്താക്കുന്നു
.
ചെവിയെ; മന്ത്രധ്വനി, വാദ്യമേളങ്ങൾ, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീർത്തനാലാപനം എന്നിവ ഉത്തേജിപ്പിക്കുന്നു.
ത്വക്കിനെ; പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുങ്കുമം , കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധ പുഷ്പങ്ങൾ, ഇലകൾ എന്നിവ ചൈതന്യവത്താക്കുന്നു.
മൂക്കിനെ; കർപ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങൾ,ഇലകൾ, തൈലം, പനിനീർ എന്നിവ ഉത്തേജിപ്പിക്കുന്നു.
നാക്കിനെ; തീർത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.
ചുരുക്കത്തിൽ ക്ഷേത്രം ഊർജ്ജസ്രോതസ്സുകളുടെ ആഗീരണ-വികിരണ കേന്ദ്രമാണ്
"ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര:" നാശത്തിൽനിന്ന് സംരക്ഷിക്കുന്നത് ഏതാണോ അതത്രെ ക്ഷേത്രം.
ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊർജ്ജം സ്വീകരിക്കാൻ പാകത്തിൽ തയ്യാറാക്കേണ്ടതുണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങൾ ക്ഷേത്ര സങ്കൽപത്തിലും, പൂജാവിധികളിലും അനുഷ്ഠാനകർമ്മങ്ങളിലും ഉന്നത നിലവാരം ഇപ്പോഴും പുലർത്തിപ്പോരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്ര നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി തോന്നിയേക്കാം.
കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച് ഈറൻ വസ്ത്രത്തോടെ നിൽക്കുന്ന വ്യക്തിക്ക് ശരിയായ ഊർജപ്രവാഹം വിഗ്രഹത്തിൽനിന്ന് സ്വീകരിക്കാൻ സാധിക്കും.
ഈറൻ വസ്ത്രമല്ലെങ്കിൽ തന്നെയും മേൽ വസ്ത്ര ഇല്ലാതിരുന്നാലും വിഗ്രഹത്തിൽനിന്ന് വികിരണം ചെയ്യുന്ന ഊർജ്ജം ശരീരത്തിൽ ഏൽക്കാൻ പുരുഷന്മാർക്കു സാധിക്കും
പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിക്കരുത് എന്നു പറയുന്നത് അതുകൊണ്ടാണ്
പുരുഷന്മാർ നെഞ്ചിൽക്കൂടി ഈശ്വരചൈതന്യം ആഗീരണം ചെയ്യുമ്പോൾ, സ്ത്രീകൾ കണ്ഠം,നെറ്റി(പുരികമദ്ധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ് വലിച്ചെടുക്കുന്നത്.
സ്ത്രീകളുടെ നെഞ്ചിലൂടെ 'ലൗവ് ഹോർമോൺ' എന്നറിയപ്പെടുന്ന 'ഓക്സിടോസിൻ' പ്രവഹിക്കുന്നതിനാൽ ആ ഭാഗം നിഷിദ്ധമായതാണ് തന്മൂലം സ്ത്രീകൾ ക്ഷേത്രത്തിൽ മാറു മറയ്ക്കുന്നു. നെഞ്ചിൽ ചന്ദനം ധരിക്കുന്നില്ല, മാറു നിലത്തു സ്പർശിക്കാത്തവിധം നമസ്കരിക്കുന്നു. കൈക്കുമ്പിൾ കൂപ്പുന്നത് നെഞ്ചിനുമേലെ കണ്ഠഭാഗത്താണ്.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊർജ്ജ പ്രവാഹം വിഗ്രഹത്തിൽ നിന്നു ലഭിക്കുവാൻ വേണ്ടിയാണ് പ്രദക്ഷിണ കർമ്മം ചെയ്യുന്നത് സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിന്റെ എല്ലാ വശങ്ങളിലും ഊർജ്ജം പതിക്കുവാൻ ഇടവരുന്നു.
ഒരു വ്യക്തിയുടെ മാനസികവും, ശരീരികവുമായ ആരോഗ്യമാണ് ക്ഷേത്രദർശനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഭക്തി അതിനുള്ള നിമിത്തം മാത്രം.