വിഷുക്കണി വയ്ക്കേണ്ടതെങ്ങനെ?


കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ട ശേഷം കിടന്നുറങ്ങരുത്. വിഷുവിന്റെ തലേദിവസം രാത്രി വൈകി കുടുംബനാഥ വേണം കണി ഒരുക്കാന്‍. കുടുംബനാഥയുടെ അഭാവത്തില്‍ മറ്റാര്‍ക്കും കണി ഒരുക്കാം. വീട്ടില്‍ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമാക്കിയ സ്ഥലത്തോ കണി ഒരുക്കാം. ഒരു പീഠത്തില്‍ മഞ്ഞ് പട്ട് വിരിച്ച് അതില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ അംഗവൈകല്യം സംഭവിക്കാത്ത കൃഷ്ണ വിഗ്രഹമോ വച്ച് മാല ചാര്‍ത്തി അലങ്കരിക്കണം.

അതിനു മുന്നില്‍ അഞ്ച് തിരിയിട്ട ഒന്നോ മൂന്നോ അഞ്ചോ വിളക്കുകള്‍ ഒരുക്കി കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് കത്തിക്കണം. എന്നിട്ട് ഇതിന്റെ മുന്നില്‍ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, പഴവര്‍ഗ്ഗങ്ങളും ചക്ക, മാങ്ങ , ഒരു പടല പഴം , നാളികേരം തുടങ്ങീയവയും ഏറ്റവും മുകളിലായി മഹാലക്ഷ്മിയുടെ പ്രതീകമായ കൊന്നപ്പൂവും വയ്ക്കണം. ചിലയിടങ്ങളില്‍ കണ്‍മഷി, കുങ്കുമച്ചെപ്പ്, അഷ്ടമംഗല്യം , സ്വര്‍ണ്ണാഭരണങ്ങള്‍, തുടങ്ങീയവയും വയ്ക്കാറുണ്ട്. ഒരു പിടി നാണയം കഴുകി വിളക്കിനടുത്തായി വയ്ക്കാറുണ്ട്.

വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് കണികാണിക്കേണ്ടത്. അതിരാവിലെ എഴുന്നേറ്റ് കൈയും കാലും മുഖവും കഴുകി ആദ്യം കണികാണണം. അതിനു ശേഷം വീട്ടിലെ ഓരോരുത്തരെയായി കണികാണിക്കണം. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണികണ്ട ശേഷം ഗൃഹനാഥന്‍ കുടുംബാങ്ങള്‍ക്ക് കൈനീട്ടം നല്‍കണം.

സമൃദ്ധിയുടെ വിഷുക്കൈനീട്ടം

വിഷുവിന് കാരണവന്മാര്‍ നല്കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്. കുടുംബസ്വത്തിന്‍റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്‍റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

അച്ഛനോ മുത്തശ്ശനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. നാണയമാണ് കൈനീട്ടമായി നല്കുക (ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകള്‍ നല്‍കാറുണ്ട്).

കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും.

ഉച്ചയ്ക്ക് മുന്‍പ് വിഷുഫലം അറിയാം. ജ്യോതിഷി വീട്ടിലെത്തി കുടുംബത്തിന്‍റെ ഭാവി പറയുന്നു. കുടുംബാംഗങ്ങളുടെ ജീവിത കാര്യങ്ങളെക്കുറിച്ചും പ്രവചനങ്ങള്‍ നടത്തുന്നു. ദോഷ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം പാടത്ത് കന്നുപൂട്ടു തുടങ്ങാനുള്ള ദിവസവും ജ്യോതിഷി കുറിച്ചു നല്‍കുന്നു.

വിഷുവിന് കൃഷിപ്പണി തുടങ്ങണമെന്നാണ് സങ്കല്‍പം. അതുകൊണ്ട് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി ആണുങ്ങള്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങും. നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനാണ് " വിഷുച്ചാല്‍ കീറുക " എന്ന് പറയുന്നത്.

കണി കാണേണ്ടതെങ്ങനെ?

കണിയെന്നാല്‍ കാഴ്ച. വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ, പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി.

ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ മൂത്ത സഹോദരിയോ ഒക്കെ. തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കിവച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വച്ച് അതിനടുത്താവും അവര്‍ കിടന്നുറങ്ങുക. കൈയെത്തുന്നിടത്ത് തീപ്പെട്ടിയും ഉണ്ടാകും.

ഉറക്കമുണര്‍ന്നാലുടന്‍ വിളക്കിന്‍റെ തിരി കണ്ടുപിടിച്ച് കണ്ണടച്ച് വിളക്കു കൊളുത്തുന്നു. തീപകരുന്നതിനോടൊപ്പം ദിവ്യമായ കണിയും അവര്‍ കാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു.

കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച.

കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ പിന്നെ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളി കൊണ്ടുചെന്ന് കാണിക്കും. പശുക്കളുള്ള വീട്ടില്‍ അവയേയും കണി ഉരുളി കാണിക്കും. പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്.
മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ മാറുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും. തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി.

വീണ്ടും വിഷുക്കാലമെത്തി:

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ്. ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

വിഷുവിന്‍റെ ചരിത്രം:

ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ 'ചിത്തിര വിഷു' വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ.ഡി. 962 - 1021 ആണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം. എന്നാല്‍ എ.ഡി. 844 - 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ്. 'ശങ്കരനാരയണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്‍റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്.

ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം.

വിഷുവും സൂര്യനും:

ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. 'വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

വിഷു സംക്രാന്തി:

സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.