സ്ത്രീകളുടെ കാലിന്റെ ചെറുവിരൽ, നടുവിരൽ, അണിവിരൽ ഇവയിൽ ഏതെങ്കിലും ഒന്നു തറയിൽ തൊടാതിരുന്നാൽ ആ സ്ത്രീ ദുഃസ്വാതന്ത്ര്യക്കാരിയോ വിധവയോ ആയിത്തീരും. കാലിന്റെ ചൂണ്ടുവിരൽ തള്ളവിരലിനേക്കാൾ നീണ്ടിരിക്കുന്നതും ദുഃസ്വാതന്ത്ര്യത്തിന്റെ ലക്ഷണമാകുന്നു. ചിരിക്കുമ്പോൾ കവിൾത്തടങ്ങളിൽ ചുഴിയുണ്ടാകുന്നത് ദുഃസ്വഭാവക്കാരിയായ സ്ത്രീയുടെ ലക്ഷണമാകുന്നു. പൊടിപറത്തിക്കൊണ്ടു നടക്കുന്നതും ദുഃസ്വഭാവികളാണ്.
കൈകൾ അധികം വണ്ണിച്ചതും രോമമുള്ളതുമാണെങ്കിൽ വിധവയായിത്തീരുന്നതാണ്. തോൾ വളഞ്ഞതും ഘനമുള്ളതുമായിരിക്കുക, പുറകുവശം രോമമുള്ളതും മാംസളവുമായിരിക്കുക, മുട്ടിനുതാഴെ രോമമുണ്ടായിരിക്കുക ഓരോ രോമകൂപത്തിലും മൂന്നു രോമംവീതം ഉണ്ടായിരിക്കുക ഇവയും വിധവകളുടെ ലക്ഷണമാകുന്നു.
ശരീരം മുഴുവൻ രോമമുണ്ടായിരിക്കുക, ചെങ്കനൽ പ്രഭയുള്ള കണ്ണുകളും നീണ്ട ദന്തങ്ങളും മാർദ്ദവമില്ലാത്ത സംസാരവും വലിയ ഉദരവും ഉണ്ടായിരിക്കുക, ഇവയെല്ലാം അധമകളായ സ്ത്രീകളുടെ ലക്ഷണങ്ങളാകുന്നു. മുടി കുറവായിരിക്കുന്നതും സംസാരം പരുഷമായിരിക്കുന്നതും അധമകൾക്കാകുന്നു. വലുതും തടിച്ചുതൂങ്ങിയതുമായ ഉദരമാണുള്ളതെങ്കിൽ ആ സ്ത്രീ വന്ധ്യ (പ്രസവിക്കാത്ത സ്ത്രീ) ആയിരിക്കുന്നതാണ്.
ഒരു പുരുഷന്റെ ഉൽക്കർഷം മുഴുവൻ അവന്റെ ഭാര്യയെ ആശ്രയിച്ചാണിരിക്കുന്നത്. എത്ര ഭാഗ്യവാനാകട്ടെ ദുഃഖിതനാകാനും എത്ര ദീനനാകട്ടെ സുഖിമാനാകാനും അവന്റെ ഭാര്യയുടെ ദുർഗുണസൽഗുണങ്ങൾ യഥാക്രമം പ്രേരകമായിത്തീരുമെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. ശുഭലക്ഷണങ്ങളുള്ള പതിവ്രതയായ സ്ത്രീയുടെ ഭാഗ്യം നിർഭാഗ്യവാനായ ഭർത്താവിനെക്കൂടി ഭാഗ്യവാനാക്കുന്നതാണ്. അതിനാൽ ശുഭലക്ഷണയുക്തകളായ സ്ത്രീകളെ വിവാഹം ചെയ്യേണ്ടതാകുന്നു.
വിവാഹാർത്ഥിയായ പുരുഷൻ സ്ത്രീയെ ആദ്യമായിക്കാണുന്ന അവസരത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയോ, തീണ്ടാർന്നിരിക്കുകയോ, എണ്ണതേച്ചുകൊണ്ടിരിക്കുകയോ, ഉറങ്ങുകയോ, നഗ്നയായോ, അർദ്ധനഗ്നയായോ, മറഞ്ഞിരിക്കുകയോ, കലഹിച്ചുകൊണ്ടിരിക്കുകയോ, വസ്ത്രം മുറിച്ചുകൊണ്ടിരിക്കുകയോ ചെയ്‌താൽ ആ സ്ത്രീയെ വിവാഹം ചെയ്യാൻ പാടില്ലെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു.
പുസ്തകം വായിച്ചുകൊണ്ടിരിക്കുകയോ, ഈശ്വരസ്തോത്രങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുകയോ, ആഭരണങ്ങളണിഞ്ഞു കൊണ്ടിരിക്കുകയോ, ശുഭവസ്ത്രം ധരിക്കുകയോ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ, വെളിച്ചത്തിരിക്കുകയോ, ആനന്ദിച്ചിരിക്കുകയോ ആണെങ്കിൽ ഏറ്റവും ശുഭമാകുന്നു.
സ്ത്രീയെ കാണുമ്പോൾ പുരുഷന്റെ വലതുഭാഗം തുടിക്കുന്നുണ്ടെങ്കിൽ ശുഭവും ഇടതുഭാഗമാണെങ്കിൽ അശുഭവുമാകുന്നു. സ്ത്രീയുടെ ഇടതുഭാഗം തുടിക്കുന്നതു ശുഭവും വലതുഭാഗം തുടിയ്ക്കുന്നത് അശുഭവുമാകുന്നു.