അസ്തേ രവൌ സരുധിരേ നിധനേƒർക്കപുത്രേ
ക്ഷീണേ രസാതലഗതേ ഹിമഗൌ ഖഗാന്തഃ
ലഗ്നാത്മജാഷ്ടമതപസ്സ്വിനഭൌമമന്ദ-
ചന്ദ്രൈസ്തു ശൈലശിഖരാശനികുഡ്യപാതൈഃ
- ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യനും, ചൊവ്വയും ഒരുമിച്ചു നില്ക്കുക, എട്ടാം ഭാവത്തിൽ ശനിയും, നാലാം ഭാവത്തിൽ ബലഹീനനായ ചന്ദ്രനും നില്ക്കുക, ഈ യോഗസമയത്ത് ജനിച്ചവനെ പക്ഷികൾ കൊത്തികൊല്ലുന്നതാകുന്നു. ദേഹമാംസത്തെ പക്ഷികൾ കൊത്തിത്തിന്നുക നിമിത്തമായിട്ടാണ് അവന്റെ മരണമെന്നു സാരം.
- ലഗ്നത്തിൽ സൂര്യനും അഞ്ചാം ഭാവത്തിൽ ചൊവ്വയും എട്ടാം ഭാവത്തിൽ ശനിയും ലഗ്നാൽ ഒമ്പതാംഭാവത്തിൽ ചന്ദ്രനും നില്ക്കുന്ന സമയത്താണ് ജനിച്ചതെങ്കിൽ, അയാൾ പർവ്വതത്തിന്റെ കൊടുമുടി ഇടിഞ്ഞുവീണിട്ടോ ഇടിത്തീയ്യ് ഏറ്റിട്ടോ ചുമർ ഇടിഞ്ഞുവീണിട്ടോ ആണ് മരിയ്ക്കുക എന്നാണ് പറയേണ്ടത്.
ഇങ്ങനെ ഈ അദ്ധ്യായത്തിലെ രണ്ടുമുതൽ പത്തുകൂടിയ ഒമ്പതു ശ്ലോകങ്ങളെക്കൊണ്ടു ഒട്ടാകെ 26 ദുർമ്മരണയോഗങ്ങളേയാണല്ലോ പറയുന്നത്. ഈ ഇരുപത്താറിൽ ഏതെങ്കിലും ഒരു യോഗം ജാതകത്തിൽ ഉണ്ടെങ്കിൽ, അതുകൊണ്ടാണ് മരണകാരണചിന്ത ചെയ്യേണ്ടത്. ഈ യോഗങ്ങളൊന്നും ഇല്ലെങ്കിൽ ഈ അദ്ധ്യായത്തിലെ ഒന്നാം ശ്ലോകംകൊണ്ടു പറഞ്ഞപ്രകാരം ചിന്തിയ്ക്കുക.