ജന്മാദിശേല്ലഗ്നഗേ വീര്യഗേ വാ
ഛായാംഗുലഘ്നേƒർക്കശുദ്ധേƒവശിഷ്ടം
ആസീനസുപ്തോത്ഥിതോത്തിഷ്ഠതാം ഭം
ജായാസുഖാജ്ഞോദയസ്ഥം പ്രദിഷ്ടം.
സാരം :-
പ്രശ്നസമയത്ത് പ്രശ്നലഗ്നത്തിൽ ഒരു ഗ്രഹം നില്ക്കുന്നുണ്ടെങ്കിൽ അതിന്റെ ഒന്നിൽ അധികം പേർ ലഗ്നത്തിലുണ്ടെങ്കിൽ അവരിൽ അധികബലവാന്റെ, സ്ഫുടത്തെ പ്രശ്നസമയത്തേയ്ക്കു താല്കാലിച്ചുണ്ടാക്കി അതിനെ, പ്രശ്നകാലത്തെ ദ്വാദശാംഗുലശങ്കുഛായാം - ഗുലംകൊണ്ടു പെരുക്കി ഇലിയെ അറുപതിലും തിയ്യതിയെ മുപ്പതിലും കയറ്റി രാശിയെ പന്ത്രണ്ടിൽ ഹരിച്ചുകളയുക. ശിഷ്ടം കാണുന്ന രാശി ഉദിയ്ക്കുമ്പോഴാണ് (ഈ കിട്ടിയതു പ്രഷ്ടാവിന്റെ ജനനസമയത്തെ ലഗ്നസ്ഫുടമാണെന്നു സാരം) പ്രഷ്ടാവിന്റെ ജനനമെന്നു പറയാവുന്നതാണ്.
പ്രഷ്ടാവ് ഇരുന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ ഏഴാംരാശിയും, കിടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ നാലാംരാശിയും, നിന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ പത്താംരാശിയും, നടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നരാശിയുമാണ് പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം.