ഗ്രഹങ്ങളുടെ ആശ്രയരാശി ഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

ബലവതിരാശൌ തദധിപതൌ ച
സ്വബലയുതസ്സ്യാദ്യദി തുഹിനാംശുഃ
കഥിതഫലാനാമവികലദാതാ
ശശിവദതോƒന്ന്യേത്വനുപരിചിന്ത്യാഃ

സാരം :-

ചന്ദ്രൻ നിൽക്കുന്ന രാശിയും, ചന്ദ്രൻ നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹവും, ചന്ദ്രനും ബലവാന്മാരായിരുന്നാൽ ചന്ദ്രാശ്രയ രാശിഫലങ്ങൾ (കൂറുഫലങ്ങൾ) പരിപൂർണ്ണമായി അനുഭവിക്കുന്നതായിരിക്കും.

ചന്ദ്രൻ നിൽക്കുന്ന രാശിക്കും, ചന്ദ്രൻ നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹത്തിനും ചന്ദ്രനും ബലം ഇല്ല എങ്കിൽ ഫലങ്ങൾ ന്യൂനങ്ങളായി വരുന്നതാണ്. (വളരെ കുറച്ചു ഫലങ്ങൾ മാത്രമേ അനുഭവത്തിൽ വരുകയുള്ളു.)

രാശിരാശ്യാധിപചന്ദ്രന്മാരുടെ ബലാബലങ്ങൾക്കനുസരിച്ച് ചന്ദ്രാശ്രയരാശിഫലങ്ങൾ (കൂറുഫലങ്ങൾ) പറഞ്ഞുകൊള്ളണം.

******************************

സൂര്യൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി മുതലായ ഗ്രഹങ്ങളുടെ ആശ്രയരാശിഫലങ്ങൾക്കും മേൽപ്പറഞ്ഞ പ്രകാരം തന്നെ ഫലങ്ങളുടെ ന്യൂനതാപരിപൂർണ്ണതകളെ ചിന്തിച്ചുകൊൾകയും വേണം. എല്ലായിടത്തും തന്നെ രാശിമദ്ധ്യത്തിൽ നിൽക്കുന്ന ഗ്രഹം ആശ്രയരാശിഫലത്തെയും ലഗ്നാധിഭാവമദ്ധ്യത്തിൽ നിൽക്കുന്ന ഗ്രഹം ഭാവഫലത്തേയും പൂർണ്ണമായി ചെയ്യുകയും ചെയ്യും. 

മീനം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ജലപരധനഭോക്താ ദാരവാസോനുരക്തഃ
സമരുചിരശരീരസ്തുംഗനാസോ ബൃഹല്ക്കഃ
അഭിഭവതിസപത്ന്യാം സ്ത്രീജിതശ്ചാരുദൃഷ്ടിർ-
ദ്യുതിനിധിധനഭോഗീ പണ്ഡിതശ്ചാന്ത്യരാശൌ

സാരം :-

മീനം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (മീനക്കൂറിൽ ജനിക്കുന്നവൻ) ജലോല്പന്നങ്ങളായ ദ്രവ്യങ്ങളുടെ ക്രയവിക്രയാദികൾകൊണ്ട് ലഭിക്കുന്ന ധനംകൊണ്ട് ജീവിക്കുന്നവനായും കളത്രത്തോടുകൂടെ (ഭാര്യയോടുകൂടെ) വസിക്കുന്നവനായും ഭാര്യയിൽ അനുരാഗമുള്ളവനായും സർവ്വാവയവപരിപൂർണ്ണവും സുന്ദരവും ആയ ശരീരത്തോടുകൂടിയവനായും ഉയർന്ന മുക്കും വലിയ തലയും ഉള്ളവനായും ശത്രുക്കളെ തോല്പിക്കുന്നവനായും സ്ത്രീകൾക്കധീനനായും നല്ല കണ്ണുകളോടുകൂടിയവനായും കാന്തിയും നിധിദ്രവ്യവും സമ്പത്തും ഭോഗവും പാണ്ഡിത്യവും ഉള്ളവനായും ഭവിക്കും. 

കുംഭം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

കരഭഗളസ്സിരാലുഖരലോമശദീർഘതനുഃ
പൃഥുചരണോരുപൃഷ്ഠജഘനാസ്യകടിർബധിരഃ
പരവനിതാർത്ഥപാപനിരതഃ ക്ഷയവൃദ്ധിയുതഃ
പ്രിയകുസുമാനുലേപനസുഹൃൽ ഘടജോƒധ്വസഹഃ

സാരം :-

കുംഭം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (കുംഭക്കൂറിൽ ജനിക്കുന്നവൻ) ഒട്ടകത്തെപ്പോലെ നീണ്ടിരിക്കുന്ന കഴുത്തും പൊന്തിയിരിക്കുന്ന ചെറുഞരമ്പുകളും പരുഷങ്ങളായ രോമങ്ങളും നീണ്ട ശരീരവും തടിച്ചിരിക്കുന്ന കാൽകളും തുടയും പൃഷ്ഠവും നിതംബസ്ഥാനവും മുഖവും അരക്കെട്ടും ഉള്ളവനായും ചെവികേൾക്കാത്തവനായും പരസ്ത്രീയേയും പരദ്രവ്യത്തേയും ആഗ്രഹിക്കുന്നവനായും പാപകർമ്മങ്ങളിൽ തല്പരനായും വർദ്ധനയും ക്ഷയവും ഇടയ്ക്കിടെ ഉണ്ടായിരിക്കുന്നവനായും പുഷ്പങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും ബന്ധുക്കളിലും താല്പര്യമുള്ളവനായും സഞ്ചാരക്ളേശത്തെ സഹിക്കുന്നവനായും ഭവിക്കും. 

മകരം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

നിത്യം ലാളയതി സ്വദാരതനയാൻ
ധർമ്മദ്ധ്വജോƒധഃ കൃശഃ
സ്വക്ഷഃ ക്ഷാമകടിർഗൃഹീതവചന-
സ്സൗഭാഗ്യയുക്തോƒലസഃ
ശീതാലുർമ്മനുജോƒടനശ്ചമകരേ
സത്വാധികഃ കാവ്യകൃ-
ല്ലുബ്ധോƒഗമ്യജരാംഗനാസു നിരത-
സ്സന്ത്യക്തലജ്ജോƒഘൃണഃ

സാരം :-

മകരം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (മകരക്കൂറിൽ ജനിക്കുന്നവൻ) തന്റെ ഭാര്യയേയും പുത്രന്മാരേയും ലാളിച്ചുകൊണ്ടിരിക്കുന്നവനായും ധാർമ്മികനാണെന്നു നടിക്കുന്നവനായും ചടച്ചിരിക്കുന്ന അധശ്ശരീരത്തോടുകൂടിയവനായും നല്ല കണ്ണുകളും ഒതുങ്ങിയ അരകെട്ടും ഉള്ളവനായും പറയുന്നതിനെ വേഗത്തിൽ ധരിക്കുന്നവനായും സൗഭാഗ്യവും മടിയും ഉള്ളവനായും തണുപ്പിനെ സഹിക്കുവാൻ വയ്യാത്തവനായും സഞ്ചാരിയായും ഏറ്റവും ബലാധിക്യം ഉള്ളവനായും കാവ്യകർത്താവായും പിശുക്കനായും ആഗമ്യകളും വൃദ്ധകളും ആയ സ്ത്രീകളിൽ താല്പര്യമുള്ളവനായും ലജ്ജയില്ലാത്തവനായും നിർദ്ദയനായും ഭവിക്കും.

ധനു രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വ്യാദീർഘാസ്യശിരോധരഃ പിതൃധന-
സ്ത്യാഗീ കവിർവ്വീര്യവാൻ
വക്താ സ്ഥൂലദരശ്രവോധരനസഃ
കർമ്മോദ്യതശ്ശില്പവിൽ
കുബ്ജാംസഃ കുനഖീ സമാംസളഭുജഃ
പ്രാഗത്ഭ്യവാൻ ധർമ്മവിദ്
ബന്ധുദ്വിണ്ണ ബലാൽ സമേതി ച വശം
സാമൈകസാദ്ധ്യോശ്വിജഃ

സാരം :-

ധനു രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (ധനുക്കൂറിൽ ജനിക്കുന്നവൻ) മുഖവും കഴുത്തും ഏറ്റവും നീണ്ടിരിക്കുന്നവനായും പിതൃധനത്തോടുകൂടിയവനായും ത്യാഗിയായും കവിയായും ബലവാനായും വാക്പതിയായും പല്ലുകളും കാതുകളും ചുണ്ടുകളും മൂക്കും തടിച്ചിരിക്കുന്നവനായും എല്ലാ കാര്യത്തിലും ഉത്സാഹമുള്ളവനായും ശില്പവിദ്യയെ അറിയുന്നവനായും കഴുത്ത് കൂനിയോ ഇടുങ്ങിയോ ഇരിക്കുന്നവനായും കുത്സിതങ്ങളായ നഖങ്ങളും തടിച്ചിരിക്കുന്ന കൈകളും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും ധർമ്മജ്ഞാനവും ബന്ധുക്കളെ ദ്വേഷിക്കുന്നവനായും ബലാൽക്കാരേണ വശീകരിക്കപ്പെടുവാൻ കഴിയാത്തവനായും നല്ല വാക്കുകൊണ്ട് എല്ലാവർക്കും അധീനനായിരിക്കുന്നവനായും ഭവിക്കും. 

ഇവിടെ മേധ, പ്രജ്ഞ, പ്രതിഭാ എന്നീ പദങ്ങളെല്ലാം ബുദ്ധ്യാർത്ഥങ്ങളാണെങ്കിലും അർത്ഥഭേദമുള്ളതാകുന്നു.

അതീതാനുസ്മൃതിർമ്മേധാ ബുദ്ധിസ്ഥൽക്കാലവേദിനീ,
ശുഭാശുഭവിചാരജ്ഞാ ധീരൈരുദാഹൃതാ
പ്രജ്ഞാം നവനവോന്മേഷശാലിനീം പ്രതിഭാം വിദുഃ ഇതി 

വൃശ്ചികം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

പൃഥുലനയനവക്ഷാ വൃത്തജംഘോരുജാനുർ-
ജ്ജനകഗുരുവിയുക്തഃ ശൈശവേ വ്യാധിതശ്ച
നരപതികുലപൂജ്യഃ പിംഗലഃ ക്രൂരചേഷ്ടോ-
ത്ഡഷകുലിശഖഗാങ്കഃ ഛന്നപാപോƒളിജാതഃ

സാരം :-

വൃശ്ചികം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (വൃശ്ചികക്കൂറിൽ ജനിക്കുന്നവൻ) വിശാലമായ കണ്ണുകളും മാറിടവും തടിച്ചുരുണ്ട കണങ്കാലുകളും തുടകളും കാൽമുട്ടുകളും ഉള്ളവനായും മാതാപിതാക്കന്മാരോടും ആചാര്യനോടും അല്ലെങ്കിൽ മറ്റു ഗുരുത്വമുള്ള ജ്യേഷ്ഠാദികളായ കുടുംബാംഗങ്ങളോടും വേർപെട്ടവനായും ബാല്യത്തിൽ രോഗാദികളാൽ പീഡിതനായും രാജവംശത്തിൽ പൂജ്യനായും പിംഗലവർണ്ണമുള്ളവനായും ക്രൂരപ്രവൃത്തികളോടുകൂടിയവനായും മത്സ്യരേഖ, വജ്രരേഖ, പക്ഷിരേഖ എന്നിതുകളാൽ അടയാളപ്പെട്ടവനായും പാപകർമ്മങ്ങളെ മറച്ചു വയ്ക്കുന്നവനായും ഭവിക്കും.


തുലാം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ദേവബ്രാഹ്മണസാധുപൂജനരതഃ
പ്രാജ്ഞഃ ശുചിഃ സ്ത്രീജിതഃ
പ്രാംശുശ്ചോന്നതനാസികഃ കൃശചലദ്
ഗാത്രോƒടനോƒർത്ഥാന്ന്വിതഃ
ഹീനാംഗഃ ക്രയവിക്രയേഷു കുശലോ
ദേവദ്വിനാമാ സരുഗ്
ബന്ധുനാമുപകാരകൃദ്വിരുഷിത-
സ്ത്യക്തസ്തുതൈസ്സപ്‌തമേ.

സാരം :-

തുലാം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (തുലാക്കൂറിൽ ജനിക്കുന്നവൻ) ദേവന്മാരേയും ബ്രാഹ്മണരേയും സജ്ജനങ്ങളേയും പൂജിക്കുന്നവനായും ബുദ്ധിമാനായും ശുചിത്വമുള്ളവനായും സ്ത്രീജിതനായും ദീർഘദേഹനായും നാസികയ്ക്ക് ഉന്നതത്വവും ശരീരത്തിന് കൃശതയും ദൗർബ്ബല്യവും നടക്കുന്നതിന് ഉത്സാഹവവും ഉള്ളവനായും അർത്ഥവാനായും ശരീരത്തിലെ അംഗങ്ങൾക്കെവിടെയെങ്കിലും അപരിപൂർണ്ണതയും ക്രയവിക്രയങ്ങളിൽ സാമർത്ഥ്യവും ഉള്ളവനായും ദേവപര്യായമായി ഏതെങ്കിലും ഏതെങ്കിലും വേറെ ഒരു ഉപനാമംകൂടി സിദ്ധിക്കുന്നവനായും രോഗിയായും സ്വകുടുംബങ്ങൾക്ക് ഉപകാരത്തെ ചെയ്യുന്നവനായും ബന്ധുക്കളാൽ കോപിച്ചോ നിന്ദിച്ചോ ഉപേക്ഷിക്കപ്പെടുന്നവനായും ഭവിക്കും.

കന്നി രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വ്രീളാമന്ഥരചാരുവീക്ഷണഗതി-
സ് സ്രസ്താംസബാഹൂസ്സുഖീ
ശ്ളക്ഷ്ണസ്സത്യരതഃ കലാസുനിപുണ-
ശ്ശാസ്ത്രാർത്ഥവിദ്ധാർമ്മികഃ
മേധാവീ സുരതപ്രിയഃ പരഗൃഹൈർ
വിത്തൈശ്ച സംയുജ്യതേ 
കന്ന്യായാംപരദേശഗഃ പ്രിയവചാഃ
കന്ന്യാപ്രജേƒല്പാത്മജഃ

സാരം :- 

കന്നി രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (കന്നിക്കൂറിൽ ജനിക്കുന്നവൻ) ലജ്ജകൊണ്ട് അലസങ്ങളായ വീക്ഷണങ്ങളും സഞ്ചാരവും ഉള്ളവനായും ശിഥിലങ്ങളായ ചുമലുകളും കൈകളും സുഖാനുഭവവും മൃദുത്വവും സത്യനിഷ്ഠയും കലാകൗശലവും ശാസ്ത്രാർത്ഥജ്ഞാനവും ധർമ്മിഷ്ഠത്വവും ഏറ്റവും ബുദ്ധിസാമർത്ഥ്യവും സ്ത്രീഭോഗത്തിൽ അത്യാവേശവും ഉള്ളവനായും പരദ്രവ്യങ്ങളും പരഗൃഹങ്ങളും ലഭിക്കുന്നവനായും വിദേശവാസിയായും സ്ത്രീസന്താനങ്ങൾ എറിയും പുത്രന്മാർ കുറഞ്ഞും ഇരിക്കുന്നവനായും ഭവിക്കും.

ചിങ്ങം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

തീക്ഷ്ണസ്ഥൂലഹനർവ്വിശാലവദനഃ
പിംഗേക്ഷണോല്പാത്മജഃ
സ്ത്രീദ്വേഷീ പ്രിയമാംസകാനനനഗഃ
കുപ്യത്യകാര്യേചിരം
ക്ഷുത്തൃഷ്ണോദരദന്തമാനസരുജാ-
സമ്പീഡിതസ്ത്യാഗവാൻ
വിക്രാന്തഃ സ്ഥിരധീസ്സുഗർവ്വിതമനാ-
മാതുർവ്വിധേയോƒർക്കഭേ.

സാരം :-

ചിങ്ങം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (ചിങ്ങക്കൂറിൽ ജനിക്കുന്നവൻ) ക്രൂരനായും വിശാലങ്ങളായ കവിൾത്തടങ്ങളും മുഖവും ഉള്ളവനായും കപിലവർണ്ണമുള്ള കണ്ണുകളോടുകൂടിയവനായും പുത്രന്മാർ കുറവുള്ളവനായും സ്ത്രീകളെ ദ്വേഷിക്കുന്നവനായും മാംസത്തിലും കാട്ടിലും പർവ്വതത്തിലും താൽപര്യമുള്ളവനായും വൃഥാ കോപവും അധികമായ വിശപ്പും ദാഹവും ഉദരരോഗവും ദന്തരോഗവും ഉള്ളവനായും ദാനം ചെയ്യുന്നവനായും പരാക്രമിയായും സ്ഥിരബുദ്ധിയായും ഏറ്റവും അഭിമാനിയായും മാതാവിന് വശംവദനനായും ഭവിക്കും.

കർക്കിടകം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ആവക്രദ്രുതഗസ്സമുന്നതകടിഃ 
സ്ത്രീനിർജ്ജിതസ്സൽസുഹൃദ്
ദൈവജ്ഞഃ പ്രചൂരാലയഃ ക്ഷയധനൈ-
സ്സംയുജ്യതേ ചന്ദ്രവൽ
ഹ്രസ്വഃ പീനഗളസ്സമേതി ച വശം
സാമ്നാ സുഹൃദ്വത്സല-
സ്തോയോദ്യാനരതസ്സ്വവേശ്മസഹിതേ
ജാതശ്ശശാങ്കേ നരഃ.

സാരം :-

കർക്കിടകം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (കർക്കിടകകൂറിൽ ജനിക്കുന്നവൻ) ഒരു പുറം ചരിഞ്ഞ് വേഗത്തിൽ നടക്കുന്നവനായും ഉയർന്നിരിക്കുന്ന കടിപ്രദേശത്തോടുകൂടിയവനായും സ്ത്രീകൾക്ക് അധീനനായും നല്ല ബന്ധുക്കളും ജ്യോതിശാസ്ത്രത്തിൽ ജ്ഞാനവും വളരെ ഗൃഹങ്ങളുടെ കർത്തൃത്വവും (ഗൃഹങ്ങളുടെ ഉടമസ്ഥൻ) ഉള്ളവനായും ചന്ദ്രനെപ്പോലെ ധനാദികൾക്ക് വൃദ്ധിക്ഷയങ്ങളും (ധനം കൂടിയും കുറഞ്ഞുമിരിക്കുക്ക) ദേഹത്തിനു ഹ്രസ്വത്വവും കഴുത്തിന് തടിപ്പും നല്ല വാക്ക് കൊണ്ട് വശപ്പെടുന്ന സ്വഭാവവും ഉള്ളവനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും ജലക്രീഡയിലും ഉദ്യാനക്രീഡയിലും (പൂന്തോട്ടം) താല്പര്യമുള്ളവനായും ഭവിക്കും.

മിഥുനം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സ്ത്രീലോലസ്സുരതോപചാരകുശല
സ്താമ്രേക്ഷണശ്ശാസ്ത്രവി-
ദ്ദൂതഃ കുഞ്ചിതമൂർദ്ധജഃ പടുമതിർ
ഹാസ്യോംഗിതദ്യുതവിൽ
ചാർവ്വംഗഃ പ്രിയവാക് പ്രഭക്ഷണരുചിർ-
ഗ്ഗീതപ്രിയോ നൃത്തവിൽ
ക്ളീബൈര്യാതി രതിം സമുന്നതനസ-
ശ്ചന്ദ്രേ തൃതീയർക്ഷഗേ. 

സാരം :-

മിഥുനം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (മിഥുനക്കൂറിൽ ജനിക്കുന്നവൻ) സ്ത്രീലോലനായും വാത്സ്യായനതന്ത്രം മുതലായ കാമശാസ്ത്രമനുസരിച്ച് പ്രവർത്തിക്കുന്നവനായും കണ്ണുകൾക്ക്‌ താമ്രവർണ്ണവും ശാസ്ത്രങ്ങളിൽ ജ്ഞാനവും ദൂതവൃത്തിയും ചുരുണ്ട തലമുടിയും ബുദ്ധിയ്ക്ക് സാമർത്ഥ്യവും ഉള്ളവനായും ഹാസ്യരസം പരാഭിപ്രായം ചൂതുകളി ഇതുകളെ അറിയുന്നവനായും സുന്ദരശരീരനായും ഇഷ്ടമായി പറയുന്നവനായും (നല്ലരീതിയിൽ സംസാരിക്കുന്നവനായും) വളരെ ഭക്ഷിക്കുന്നവനായും സംഗീതത്തിൽ പ്രിയവും നൃത്തത്തിൽ (ആട്ടം, തുള്ളൽ മുതലായവയിൽ) ജ്ഞാനവും ഉള്ളവനായും സപുംസകത്വമുള്ളവരോടുകൂടെ ക്രീഡീക്കുന്നവനായും ഉയർന്നിരിക്കുന്ന മൂക്കോടുകൂടിയവനായും ഭവിക്കും.

ഇടവം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

കാന്തഃ ഖേലഗതിഃ പൃഥുരുവദനഃ
പൃഷ്ഠാസ്യപാർശ്വേƒങ്കിത-
സ്ത്യാഗീ ക്ളേശസഹഃ പ്രഭുഃ കകുദവാൻ
കന്യാപ്രജഃ ശ്ളേഷ്മളഃ
പൂർവ്വൈർബ്ബന്ധുധനാത്മജൈർവ്വിരഹിത-
സ്സൗഭാഗ്യയുക്തഃ ക്ഷമീ
ദീപ്താഗ്നഃ പ്രമദാപ്രിയഃ സ്ഥിരസുഹൃ-
ന്മദ്ധ്യാന്തസൌഖ്യോ ഗവി.

സാരം :-

ഇടവം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സൗന്ദര്യവും വിലാസത്തോടുകൂടിയ നടപ്പും ഉള്ളവനായും വിശാലങ്ങളായ തുടകളും മുഖവും ഉള്ളവനായും പൃഷ്ഠത്തിലും മുഖത്തും പാർശ്വഭാഗങ്ങളിലും അടയാളത്തോടുകൂടിയവനായും ത്യാഗിയായും സഹനശക്തിയുള്ളവനായും പ്രഭുവായും തടിച്ച കഴുത്തോടുകൂടിയവനായും സ്ത്രീസന്താനം ഏറിയിരിക്കുന്നവനായും കഫപ്രകൃതിയായും പൂർവ്വബന്ധുക്കൾ, പൂർവ്വധനം, പുത്രന്മാർ എന്നിവയോടു വേർപെട്ടവനായും സൗഭാഗ്യവും ക്ഷമയും ഉള്ളവനായും ജഠരാഗ്നി വർദ്ധിച്ചവനായും (വിശപ്പ്‌ ഉള്ളവനായും) സ്ത്രീപ്രിയനായും ഉറപ്പുള്ള ബന്ധുക്കളോടുകൂടിയവനായും ജീവിതകാലത്തിന്റെ മദ്ധ്യത്തിലും അന്ത്യത്തിലും സുഖമനുഭവിക്കുന്നവനായും തീരും.

മേടം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വൃത്താതാമ്രദൃഗുഷ്ണശാകലഘുഭുക് ക്ഷിപ്രപ്രസാദോƒടനഃ
കാമീ ദുർബ്ബലജാനുരസ്ഥിരധനശ്ശൂരോƒംഗനാവല്ലഭഃ
സേവാജ്ഞഃ കുനഖീ വ്രണാങ്കിതശിരാ മാനീ സഹോത്ഥാഗ്രജഃ
ശക്ത്യാ പാണിതലേങ്കിതോƒതിചപലസ്തോയേ ച ഭീരുഃ ക്രിയേ.

സാരം :-

മേടം രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വൃത്തമായും ചുകന്നും ഇരിക്കുന്ന കണ്ണുകളോടുകൂടിയവനായും വേഗത്തിലും ചൂടുള്ളതും ഇലക്കറിസാധനങ്ങളും ഭക്ഷിക്കുന്നവനായും വേഗത്തിൽ സന്തോഷിക്കുന്നവനായും സഞ്ചാരശീലനായും കാമിയായും ദുർബ്ബലങ്ങളായ കാൽമുട്ടുകളോടും സ്ഥിരമില്ലാത്ത ധനത്തോടും കൂടിയവനായും ശൂരനായും സ്ത്രീകളിൽ പ്രിയമുള്ളവനായും പരാരാധനകുശലനായും കുഴിനഖമുള്ളവനായും തലയിൽ വ്രണമോ മുറിവോ നിമിത്തം അടയാളപ്പെട്ടവനായും അഭിമാനിയായും സഹോദരന്മാരിൽവെച്ച് മുമ്പനായും ശക്തിരേഖകൊണ്ട് അടയാളപ്പെട്ട കൈത്തലത്തോടുകൂടിയവനായും ഏറ്റവും ചപലനായും ജലത്തിൽ ഭയമുള്ളവനായും ഭവിക്കും. 

കുംഭം, മീനം രാശികളിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

നീചോ ഘടേ തനയഭാഗ്യപരിച്യുതോƒസ്വ-
സ്തോയോർത്ഥപണ്യവിഭവോ വനിതാദൃതോƒന്ത്യേ
നക്ഷത്രമാനവതനുപ്രതിമേ വിഭാഗേ
ലക്ഷ്മാദിശേത്തുഹിനരശ്മിദിനേശയുക്തേ.

സാരം :-

കുംഭം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (കുംഭമാസത്തിൽ ജനിക്കുന്നവൻ) നീചനായും പുത്രന്മാരും ഭാഗ്യവും ധനവും ഇല്ലാത്തവനായും ഭവിക്കും.

മീനം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (മീനമാസത്തിൽ ജനിക്കുന്നവൻ) ജലോൽപന്നങ്ങളായ ദ്രവ്യങ്ങളെ വിറ്റു ലഭിക്കുന്ന സമ്പത്തുക്കളോടുകൂടിയവനായും സ്ത്രീജനങ്ങളാൽ ആദരിക്കപ്പെടുന്നവനായും ഭവിക്കും


സൂര്യനും ചന്ദ്രനും ഒരുമിച്ച് ഏതെങ്കിലും രാശിയിൽ നിന്നാൽ "കാലാംഗാനിവരാംഗ" മിത്യാദിയായി പറഞ്ഞിരിക്കുന്ന രാശ്യംശത്തിൽ ഏതെങ്കിലും അടയാളമുണ്ടായിരിക്കുമെന്നും പറഞ്ഞുകൊള്ളണം. 

തുലാം, വൃശ്ചികം, ധനു, മകരം രാശികളിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ജാതസ്തൌലിനി ശൌണ്ഡികോƒദ്ധ്വനിരതോ
ഹൈരണ്യകോ നീചകൃൽ
ക്രൂരസാഹസികോ വിഷാർജിതധന-
ശ്ശാസ്ത്രാന്തഗോƒളിസ്ഥിതേ
സൽപൂജ്യോ ധനവാൻ ധനുർദ്ധരഗതേ
തീക്ഷ്‌ണോ ഭിഷക്കാരുകോ
നീചോƒജ്ഞഃകുവണിങ് മൃഗേƒല്പധനവാൻ
ലുബ്ധോƒന്ന്യഭാഗ്യേ രതഃ

സാരം :-

തുലാം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (തുലാമാസത്തിൽ ജനിക്കുന്നവൻ) മദ്യം ഉണ്ടാക്കുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവനായും സത്യവാദിയായും സ്വർണ്ണം ഉണ്ടാക്കുന്നവനോ സ്വർണ്ണവ്യാപാരം ചെയ്യുന്നവനോ ആയും നീചപ്രവൃത്തിയോടുകൂടിയവനായും ഭവിക്കും.

വൃശ്ചികം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (വൃശ്ചികമാസത്തിൽ ജനിക്കുന്നവൻ) ക്രൂരനായും സാഹസകർമ്മത്തെ ചെയ്യുന്നവനായും വിഷവിദ്യകൊണ്ടോ വിഷപ്രയോഗംകൊണ്ടോ വിഷമിച്ചിട്ടോ ധനത്തെ സമ്പാദിക്കുന്നവനായും വ്യാകരണശാസ്ത്രങ്ങളിൽ നിപുണനായും ഭവിക്കും.

ധനു രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (ധനു മാസത്തിൽ ജനിക്കുന്നവൻ) സജ്ജനങ്ങൾക്ക്‌ പൂജനീയനായും ധനവാനായും നിരപേക്ഷനായും വൈദ്യവൃത്തിയിൽ പ്രവർത്തിക്കുന്നവനായും ശില്പകർമ്മങ്ങളെ അറിയുന്നവനായും ഭവിക്കും.

മകരം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (മകര മാസത്തിൽ ജനിക്കുന്നവൻ) തന്റെ കുലത്തിൽ യോഗ്യമല്ലാത്തതും നിന്ദ്യവുമായ പ്രവൃത്തിയെ ചെയ്യുന്നവനായും അറിവില്ലാത്തവനായും കുത്സിതദ്രവ്യങ്ങളെ ക്രയവിക്രയം ചെയ്യുന്നവനായും അല്പധനം മാത്രം ഉള്ളവനായും അന്യന്മാരുടെ ഭാഗ്യത്തെക്കൊണ്ട് ജീവിക്കുന്നവനായും ഭവിക്കും. 

മിഥുനം, കർക്കിടകം, ചിങ്ങം, കന്നി രാശികളിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിദ്യാജ്യോതിഷവിത്തവാൻ മിഥുനഗേ
ഭാനൗ കുളീരസ്ഥിതേ
തീക്ഷ്‌ണോƒസ്വഃ പരകാര്യകൃഛ്റമപഥ-
ക്ളേശൈശ്ച സംയുജ്യതേ
സിംഹസ്ഥേ വനശൈലഗോകുലരതിർ-
വ്വീര്യാന്ന്വിതോƒജ്ഞഃ പുമാൻ
കന്യാസ്ഥേലിപിലേഖ്യകാവ്യഗണിത-
ജ്ഞാനാന്ന്വിതഃ സ്ത്രീവപുഃ

സാരം :- 

മിഥുനം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ  (മിഥുന മാസത്തിൽ ജനിക്കുന്നവൻ) വ്യാകരണാദിവിദ്യയും ജ്യോതിഷത്തിൽ അറിവും സമ്പത്തും ഉള്ളവനായും ഭവിക്കും.

കർക്കിടകം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (കർക്കിടക മാസത്തിൽ ജനിക്കുന്നവൻ) തീക്ഷ്‌ണനായും ധനഹീനനായും അന്യന്മാരുടെ കാര്യത്തിൽ താല്പര്യമുള്ളവനായും ഖേദവും സഞ്ചാരവും ക്ളേശവും ഉള്ളവനായും ഭവിക്കും.

ചിങ്ങം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (ചിങ്ങമാസത്തിൽ ജനിക്കുന്നവൻ) വനപർവ്വതങ്ങളിലും ഗോകുലത്തിലും ആസക്തി ഉള്ളവനായും ബലവാനായും മൂർഖനായും ഭവിക്കും.

കന്നി രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (കന്നി മാസത്തിൽ ജനിക്കുന്നവൻ) എഴുത്തിലും ചിത്രനിർമ്മാണത്തിലും കവിതയിലും ഗണിതത്തിലും (കണക്കുശാസ്ത്രത്തിലും) അറിവുള്ളവനായും സ്ത്രീകളുടെ ശരീരംപോലെയിരിക്കുന്ന ശരീരത്തോടുകൂടിയവനായും ഭവിക്കും.

മേടം, ഇടവം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

പ്രഥിതശ്ചതുരോടനോƒല്പവിത്തഃ
ക്രിയഗേ ത്വായുധഭൃദ്വിതുംഗഭാഗേ
ഗവി വസ്ത്രസുഗന്ധപണ്യജീവീ
വനിതാദ്വിൾകശലശ്ചഗേയവാദ്യേ

സാരം :-

സൂര്യൻ മേടം രാശിയിൽ പത്തുതിയതിക്കുമേൽ ഉള്ള ഭാഗങ്ങളിൽ നിൽക്കുന്ന കാലം ജനിക്കുന്നവൻ പ്രസിദ്ധിയും സാമർത്ഥ്യവും ഉള്ളവനായും സഞ്ചാരപ്രിയനായും അല്പധനം മാത്രം ഉള്ളവനായും ആയുധധാരിയായും ഭവിക്കും. പരമോച്ചഭാഗമായ ആദ്യത്തെ പത്തു തിയ്യതിക്കകമാണ് ജനനമെങ്കിൽ ഈ പറഞ്ഞദോഷഫലമുണ്ടായിരിക്കയില്ല. പ്രസിദ്ധനായും സമർത്ഥനായും സ്വഗൃഹത്തിൽ സുഖവാസിയായും ധനപുഷ്ടിയുള്ളവനായും അംഗരക്ഷകന്മാരായ അനേകം ആയുധധാരികളോടുകൂടിയവനായും ഭവിക്കും.

ഇടവമാസത്തിൽ (സൂര്യൻ ഇടവം രാശിയിൽ നിൽക്കുമ്പോൾ) ജനിക്കുന്നവൻ വസ്ത്രങ്ങളേയും സുഗന്ധദ്രവ്യങ്ങളേയും വിറ്റു ലഭിക്കുന്ന ധനം കൊണ്ട് ഉപജീവിക്കുന്നവനായും സ്ത്രീകളെ ദ്വേഷിക്കുന്നവനായും സംഗീതത്തിലും വാദ്യപ്രയോഗത്തിലും സാമർത്ഥ്യമുള്ളവനായും ഭവിക്കും.  

കരണഫലം പറയുമ്പോൾ ശ്രദ്ധിക്കണം

വർദ്ധമാനതിഥൗ ജാതഃ ക്രമേണ പരിവർദ്ധതേ
ക്ഷീയമാണതിഥൗ ജാതഃ ക്ഷീയതേ ധനബാന്ധവൈഃ

കരണേസ്ഥിരസംജ്ഞേƒത്ര സ്ഥിരകർമ്മരതസ്സദാ
പരാഖ്യേ കരണേ ജാതാ ബഹുകാര്യോപജീവിനഃ

സാരം :-

ശുക്ളപക്ഷത്തിലുള്ള കരണങ്ങളിൽ ജനിക്കുന്നവന്റെ ഫലങ്ങൾക്ക് പുഷ്ടി സംഭവിക്കും.

കൃഷ്ണപക്ഷത്തിൽ കരണങ്ങളിൽ ജനിക്കുന്നവന്റെ  ധനം, ബന്ധു മുതലായ ഫലങ്ങൾക്ക് ഹാനിയും സംഭവിക്കും. 

പുള്ള്, നാൽക്കാലി, പാമ്പ്, പുഴു എന്നീ നാല്‌ സ്ഥിരകരണങ്ങളിൽ ജനിക്കുന്നവൻ സ്ഥിരകർമ്മങ്ങളിൽ താൽപര്യമുള്ളവനായിരിക്കും.

സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി എന്നീ ഏഴു ചരകരണങ്ങളിൽ ജനിക്കുന്നവൻ പല കാര്യങ്ങൾകൊണ്ട് ഉപജീവിക്കുന്നവരായിരിക്കുകയും ചെയ്യും. 

വൈധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ

തോയോദ്യാനരതഃ കാന്തഃ കനകാഭരണണൈര്യുതഃ
സത്യവാൻ ധനവാംസ്ത്യാഗീ വൈധൃതൗ വികടേക്ഷണഃ

സാരം :-

വൈധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ ജലക്രീഡയിലും ഉദ്യാനക്രീഡയിലും താൽപര്യവും സൗന്ദര്യവും ഉള്ളവനായും സ്വർണ്ണാഭരണങ്ങളെ അണിയുന്നവനായും സത്യവാനായും ധനവാനായും വികടമായ ദൃഷ്ടിയോടുകൂടിയവനായും ഭവിക്കും.

മാഹേന്ദ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ

പരോപകാരീ സർവ്വജ്ഞോ ഭവിഷ്യജ്ജ്ഞാശ്ച ബുദ്ധിമാൻ
വാതാത്മാ ക്ഷിപ്രകോപീ ച ശ്രീമാഹൈന്ദ്രേ തു വീര്യവാൻ.

സാരം :-

മാഹേന്ദ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ അന്യന്മാർക്ക് ഉപകാരത്തെ ചെയ്യുന്നവനായും സർവജ്ഞനായും വരാനിരിക്കുന്ന കാര്യങ്ങളെ അറിയുന്നവനായും ബുദ്ധിമാനായും വാതപ്രകൃതിയായും വേഗത്തിൽ കോപമുണ്ടാകുന്നവനായും ശ്രീമാനായും വീര്യവാനായും ഭവിക്കും.

ബ്രാഹ്മ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ബ്രഹ്മജ്ഞഃ പണ്ഡിതോ മാനീ ഗുപ്തകാര്യോ വിവേകവാൻ
ബ്രാഹ്മയോഗോത്ഭവഃ ശ്ളേഷ്മീ ത്യാഗഭോഗധനാന്വിതഃ

സാരം :-

ബ്രാഹ്മ നിത്യയോഗത്തിൽ ജനിക്കുന്നവൻ ബ്രഹ്മജ്ഞാനിയായും പണ്ഡിതനായും അഭിമാനിയായും കാര്യങ്ങളെ വെളിപ്പെടുത്താത്തവനായും വിവേകം (തിരിച്ചറിവ്) ഉള്ളവനായും കഫപ്രകൃതിയായും ത്യാഗവും ഭോഗവും ധനവും ഉള്ളവനായും ഭവിക്കും.

ശുഭ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ

മാനീ വിദ്വാൻ ധനീ മൂർഖശ്ചപലോ ഘാതകശ്ശഠഃ
ശുഭ്രയോഗസമുദ്ഭൂതോ വാതശ്ളേഷ്മയുതോ വിഭുഃ

സാരം :-

ശുഭ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ അഭിമാനവും വിദ്വത്തവും ധനവും ഉള്ളവനായും മൂർഖനായും ചപലനായും അന്യന്മാരെ ഉപദ്രവിക്കുന്നവനായും ദുസ്സ്വഭാവിയായും വാതകഫപ്രകൃതിയായും പ്രഭുത്വമുള്ളവനായും ഭവിക്കും 

ശുഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശുഭാത്മാ രാജസേവീ ച സ്ത്രീരത്നാർത്ഥാംബരാന്വിതഃ
സുഭഗോ ഭേഗഭാഗ് വിദ്വാൻ ശുഭയോഗേ സുപൂജിതഃ

സാരം :- 

ശുഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ ശുഭാത്മാവായും രാജസേവയുള്ളവനായും നല്ല ഭാര്യയും രത്നങ്ങളും സമ്പത്തും വസ്ത്രങ്ങളും ഉള്ളവനായും സുഭഗനായും സുഖവും ഭോഗവും വിദ്വത്ത്വവും ഉള്ളവനായും ഏറ്റവും പൂജിതനായും ഭവിക്കും.

സാദ്ധ്യ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ധാർമ്മികഃ പിശുനോ വിദ്വാൻ പ്രിയവാദ്യോ ധനീ സുഖീ
പരസ്ത്രീനിരതഃ കാമീരോമശസ്സാദ്ധ്യയോഗജഃ

സാരം :-

സാദ്ധ്യ നിത്യയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും ധർമ്മിഷ്ഠനായും ഏഷണിക്കാരനായും വിദ്വാനായും വാദ്യങ്ങളിൽ പ്രിയമുള്ളവനായും ധനവാനായും സുഖമനുഭവിക്കുന്നവനായും പരസ്ത്രീസക്തനായും കാമിയായും ശരീരത്തിൽ രോമാധിക്യമുള്ളവനായും ഭവിക്കും.

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സിദ്ധഃ പ്രസിദ്ധഃ ശുദ്ധാത്മാ കീർത്തിധർമ്മപരായണഃ
ത്രിദോഷാത്മാ ധനീ ഭോക്താ സിദ്ധയോഗേ തു പണ്ഡിതഃ

സാരം :-

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ സിദ്ധനായും പ്രസിദ്ധനായും പരിശുദ്ധഹൃദയനായും സദാചാരവും യശസ്സും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവനായും ത്രിദോഷപ്രകൃതി (വാതപിത്തകഫങ്ങൾ തുല്യനായിരിക്കുന്നവൻ) ആയും ധനവും അനുഭവസുഖവും പാണ്ഡിത്യവും ഉള്ളവനായും ഭവിക്കും.

ശിവ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശാന്തസ്സാധുപ്രിയോ ദേവപൂജകോ ധർമ്മവാൻ ധനീ 
ജിതേന്ദ്രിയോ ജിതരിപുഃ ശ്ളേഷ്മളശ്ശിവയോഗജഃ

സാരം :-

ശിവ നിത്യയോഗത്തിൽ ജനിക്കുന്നവൻ ശാന്തശീലനായും സജ്ജനങ്ങളിൽ സന്തോഷമുള്ളവനായും ദേവപൂജയിൽ തൽപരനായും ധർമ്മവും ധനവും ഉള്ളവനായും ഇന്ദ്രിയങ്ങളെയും ശത്രുക്കളെയും ജയിക്കുന്നവനായും കഫപ്രകൃതിയായും ഭവിക്കും.

പരിഘ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സ്വതന്ത്രഃ പരവിദ്വേഷീ ശസ്ത്രവിദ്യാരതശ്ശഠഃ
നിന്ദ്യഃകൃശോƒർത്ഥഹീനശ്ച പരിഘേ  കാര്യവിഘ്നകൃൽ.

സാരം :-

പരിഘ നിത്യയോഗത്തിൽ ജനിക്കുന്നവൻ സ്വതന്ത്രനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും ആയുധാഭ്യാസത്തിൽ താല്പര്യമുള്ളവനായും നിന്ദ്യനായും ചടച്ച ശരീരത്തോടുകൂടിയവനായും നിർദ്ധനനായും കാര്യങ്ങൾക്ക് വിഘ്നത്തെ ചെയ്യുന്നവനായും ഭവിക്കും.

വരീയാൻ നിത്യയോഗത്തിൽ ജനിക്കുന്നവൻ

വീരോ ധീരസ്സദാചാരോ ധനീ മാനീ ച പൈത്തികഃ
ബന്ധുനാമുപകാരീ സ്യാദ്വരീയസി കളത്രവാൻ.

സാരം :-

വരീയാൻ നിത്യയോഗത്തിൽ ജനിക്കുന്നവൻ പരാക്രമിയും ധൈര്യശാലിയും ആയും സദാചാരങ്ങളെ അനുഷ്ഠിക്കുന്നവനായും ധനവാനായും അഭിമാനിയായും പിത്തപ്രകൃതിയായും ബന്ധുക്കൾക്ക് ഉപകാരത്തെ ചെയ്യുന്നവനായും നല്ല ഭാര്യയോടുകൂടിയവനായും ഭവിക്കും.

വ്യതിപാത നിത്യയോഗത്തിൽ ജനിക്കുന്നവൻ

ബഹ്വനർത്ഥോ ജയീ ഭീരുർമ്മൂർഖോ മൂഢമതിഃപ്രഭു
ചോരോƒരിഹാ മഹോത്സാഹസ്തേജസ്വീ വ്യതിപാതജഃ

സാരം :-

വ്യതിപാത നിത്യയോഗത്തിൽ ജനിക്കുന്നവൻ വളരെ അന്വർത്ഥങ്ങളോടുകൂടിയവനായും എല്ലായിടത്തും ജയം ലഭിക്കുന്നവനായും ധൈര്യമില്ലാത്തവനായും മൂർഖനായും അറിവില്ലാത്തവനായും പ്രഭുത്വം ഉള്ളവനായും ചൗര്യത്തെ ചെയ്യുന്നവനായും ശത്രുക്കളെ ജയിക്കുന്നവനായും ഏറ്റവും ഉത്സാഹിയായും തേജസ്വിയായും ഭവിക്കും.

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സങ്കല്പസിദ്ധശുദ്ധാംഗശ്ശീതഭൂനിരതഃ പ്രഭുഃ
ശ്രീബുദ്ധിബലകാമാഢ്യഃ പ്രജാവാൻ സിദ്ധയോഗജഃ

സാരം :-

സിദ്ധ നിത്യയോഗത്തിൽ ജനിക്കുന്നവൻ സങ്കല്പസിദ്ധനായും പരിശുദ്ധശരീരനായും തണുപ്പുള്ള പ്രദേശത്തിലിരിക്കുവാൻ താൽപര്യമുള്ളവനായും ശ്രീയും ബുദ്ധിയും ബലവും കാമശീലവും ഉള്ളവനായും സന്താനങ്ങളോടുകൂടിയവനായും ഭവിക്കും

വജ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ

കൃതജ്ഞോƒനർത്ഥവാൻ കാന്തോ ദോഷജ്ഞോƒതി ഗുണേഷ്വപി
പ്രലാപവചനോƒജയ്യഃപൈത്തികോ വജ്രയോഗജഃ

സാരം :-

വജ്ര നിത്യയോഗത്തിൽ ജനിക്കുന്നവൻ ഉപകാരസ്മരണയുള്ളവനായും വളരെ അനർത്ഥങ്ങളോടുകൂടിയവനായും സുന്ദരനായും വളരെ ഗുണങ്ങളുണ്ടായിരുന്നാലും ദോഷത്തെ മാത്രം അറിയുന്നവനായും വ്യർത്ഥമായി സംസാരിക്കുന്നവനായും ആരാലും ജയിക്കപ്പെടുവാൻ കഴിയാത്തവനായും പിത്തപ്രകൃതിയായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.