ഗൌരീ സുധൌതാർദ്രദുകൂലഗുപ്താ
സമുച്ഛ്റിതാ കുംഭകടച്ശുഹസ്താ
ദേവാലയം സ്ത്രീ പ്രയതാ പ്രവൃത്താ
വദന്തി കന്യാന്തഗതസ്ത്രിഭാഗഃ
സാരം :-
ധാരാളം ഉയരമുള്ളവളും കുളിച്ചു ശുദ്ധമായി ഒരു കുടവും കടച്ഛു എന്ന ഒരു ലോഹപാത്രവും കയ്യുകളിലും, അലക്കി വെളുവെളുപ്പിച്ചതും നനഞ്ഞതുമായ ഒരു ഉൽകൃഷ്ടവസ്ത്രം അരയിലും ധരിച്ചു അമ്പലത്തിലേയ്ക്കു പോകുന്നവളും തിരളാത്തവളുമായ ഒരു കന്യകയുടെ സ്വരൂപമാണു കന്യാന്ത്യദ്രേക്കാണസ്വരൂപമെന്നാറിയണം.
ഇവിടെയുള്ള " ഗൌരീ" ശബ്ദത്തിനു വെളുത്ത നിറമെന്നു ചിലരും ചുകന്ന വർണ്ണമെന്നു മറ്റു ചിലരും മഞ്ഞ വർണ്ണമെന്നു വേറെ ചിലരും വ്യാഖ്യാനിച്ചു കാണ്മാനുണ്ട്. "ഗൌരോരുണേസിതേപീതേ" എന്നുള്ളതിനാൽ ഇതിനൊന്നും അനുപത്തിയുമില്ല, പക്ഷേ ഈ "ഗൌരീ" ശബ്ദം ദേഹവർണ്ണത്തിങ്കലേയ്ക്കു ഉപയോഗിയ്ക്കുന്ന പക്ഷം വെളുപ്പ് മഞ്ഞ ചുകപ്പ് ഇവ മൂന്നും ചേർന്ന ഒരു നിറം കല്പിയ്ക്കുകയായിരിയ്ക്കും ഉചിതമെന്നു തോന്നുന്നുണ്ട്. "കടച്ഛു" എന്നതിനു "കടച്ഛൂദ്ദർവ്വീ പ്രസിദ്ധാ, ഗൃഹോപയോഗികം ലോഹഭാണ്ഡം" എന്നു ഭട്ടോല്പലവ്യാഖ്യാനത്തിലുള്ളതിനാൽ ചട്ടുകം എന്നാണ് ഇതിനു താല്പര്യം എന്നു വിചാരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഇതു സ്ത്രീദ്രേക്കാണവുമാണ്.