ജനനസമയത്തെ വ്യാഴസ്ഥിതിയേയും ഋതുവിനേയുമാണ് പറയുന്നത്

ലഗ്നത്രികോണേഷു ഗുരുസ്ത്രിഭാഗൈർ-
വ്വികല്പ്യ വർഷാണി വയോനുമാനാൽ
ഗ്രീഷ്മോർക്കലഗ്നേ കഥിതാസ്തു ശേഷൈ-
രന്യായനർത്താവൃതുരർക്ക ചാരാൽ.

സാരം :-

പൃച്ഛാകാലോദയലഗ്നം പ്രഥമദ്രേക്കാണത്തിലാണെങ്കിൽ ജനന സമയത്തെ വ്യാഴസ്ഥിതി ആ - പൃച്ഛാകാല - ലഗ്നരാശിയിലും, ലഗ്നം ദ്വിതീയദ്രേക്കാണത്തിലാണെങ്കിൽ വ്യാഴസ്ഥിതി ലഗ്നാൽ അഞ്ചാം ഭാവത്തിലും, ലഗ്നം അന്ത്യദ്രേക്കാണത്തിലാണെങ്കിൽ വ്യാഴസ്ഥിതി ലഗ്നാൽ ഒമ്പതാംഭാവത്തിലും ആയിരുന്നുവെന്നു പറയണം.

വ്യാഴത്തിന്റെ ഒരു പരിവർത്തനകാലത്തിനു - എന്നുവെച്ചാൽ 12 രാശികളിൽ സഞ്ചരിയ്ക്കുവാൻ എന്നു സാരം - പ്രായേണ പന്ത്രണ്ടു സംവത്സരമാണല്ലോ വരിക. ജനനാദി പൃച്ഛവരെയുള്ള കാലഘട്ടത്തിനുള്ളിൽ വ്യാഴത്തിന്റെ എത്ര പരിവർത്തനം കഴിഞ്ഞുവെന്നതിനെ, എന്നുവെച്ചാൽ പൃച്ഛാസമയത്തു പൃഷ്ടാവിനു എത്ര വയസ്സുപ്രായമായി എന്നതിനെ പ്രഷ്ടാവിന്റെ ദേഹസ്ഥിതി കണ്ടു മനസ്സിലാക്കുകയും വേണം. ഇനി ഈ വയോനിർണ്ണയത്തിങ്കൽ ഒരു പക്ഷാന്തരം കൂടി പറയാം. പൃച്ഛലഗ്നസ്ഥിതനായ ഗ്രഹത്തിന്റെ നിസർഗ്ഗകാലം കൊണ്ടും വ്യാഴത്തിന്റെ പരിവർത്തനത്തെ ചിന്തിയ്ക്കാം. ആ ലഗ്നത്തിൽ ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ അവരിൽ അധികബലവാനെക്കൊണ്ടും ലഗ്നത്തിൽ ഒരു ഗ്രഹവുമില്ലെങ്കിൽ ലഗ്നാധിപതിയെക്കൊണ്ടുമാണ് ഇത് നിശ്ചയിക്കേണ്ടത് എങ്ങനെയെന്നാൽ, ആ ഗ്രഹം ചന്ദ്രനാണെങ്കിൽ പൃച്ഛാസമയത്ത് വ്യാഴത്തിന്റെ  ഒന്നാം പരിവർത്തന - പൃച്ഛകനു 12 വയസ്സിനുള്ളിലും - വും കുജനായാൽ രണ്ടാം പരിവർത്തന - 12 ഉം 24 ഉം വയസ്സുകൾക്കിടയിൽ - വും ബുധനായാൽ മൂന്നാം പരിവർത്തന - 24 ഉം 36 ഉം വയസ്സിനിടയിൽ - വും ശുക്രനായാൽ നാലാംപരിവർത്തനവും വ്യാഴമായാൽ അഞ്ചാം പരിവർത്തനവും സൂര്യനായാൽ ആറാം പരിവർത്തനവും ശനിയായാൽ ഏഴാം പരിവർത്തനവുമാണെന്നും വിചാരിയ്ക്കാം. " പൂർവ്വാദ്യം പരിവർത്തനം ഖലു നിസർഗ്ഗായുഃ ക്രമേണാസ്യ ച ചന്ദ്രാദ്യുൽഗമതോ ബഹുഷ്വിഹ ബലാന്നോ ചേത് സ ലഗ്നാധിപാത് " എന്നു പ്രമാണവുമുണ്ട്.

ജനനസമയത്തെ വ്യാഴസ്ഥിതിയെക്കുറിച്ചും ചില പക്ഷാന്തരങ്ങളുണ്ട്‌. അവയും വിവരിയ്ക്കാം. പൃച്ഛാലഗ്നത്തിനു ഒന്നാം ദ്രേക്കാണമാണെങ്കിൽ പ്രശ്നകാലോദയലഗ്നത്തിൽ നിന്നും രണ്ടാം ദ്രേക്കാണമാണെങ്കിൽ പ്രശ്നലഗ്നത്തിന്റെ അഞ്ചാം രാശിയിൽനിന്നും മൂന്നാം ദ്രേക്കാണമെങ്കിൽ പൃച്ഛാലഗ്നത്തിന്റെ ഒമ്പതാം രാശിയിൽ നിന്നും എത്രാംരാശിയിലാണോ പൃച്ഛാകാലത്തിങ്കൽ വ്യാഴത്തിന്റെ സ്ഥിതി ആ പൃച്ഛാകാലത്തിലെ വ്യാഴസ്ഥിതരാശിയിൽ നിന്ന് അത്രാംരാശിയിൽ വ്യാഴം നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും വിചാരിയ്ക്കാം. "തല്ക്കാലീനഗുരുർവ്വിലഗ്നസുതധർമ്മോഭ്യോ ദൃഗാണക്രമാത് - തേഭ്യോ യാവതി ഭേതതശ്ചഭവനേ സ്യാദ്വാ ഗുരുസ്താവതി" എന്നു വചനവും കണ്ടിട്ടുണ്ട്. ഇതാണ് ഒരു അഭിപ്രായം. പ്രശ്നകാലോദയലഗ്നത്തിന്റെ ദ്വാദശാംശകരാശിയിൽ വ്യാഴം നിൽക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും ചിന്തിയ്ക്കാവുന്നതാണ്. "ലഗ്നദ്വാദശഭാഗരാശ്യുപഗതോ വാ പ്രഷ്ട്രജന്യാം ഗുരു" എന്നും വചനവുമുണ്ട്. ഇതാണ് മറ്റൊരു അഭിപ്രായം. ഒരു ദ്രേക്കാണത്തിനു പത്തു തിയ്യതികളും അതിനു 600 ഇലികളും അതിനെ 12 ഭാഗമാക്കിയാൽ ഒരു ഭാഗത്തിനു 50 ഇലികളും ആണല്ലോ വരിക. അപ്പോൾ ഒരു ദ്രേക്കാണദ്വാദശാംശകത്തിനു 50 ഇലിയാണെന്നും വന്നു. പ്രശ്നകാലോദയലഗ്നത്തിന്റെ ദ്രേക്കാണത്തിൽ എത്രാമത്തെ ദ്രേക്കാണദ്വാദശാംശകമാണോ ഉദിച്ചിട്ടുള്ളത്‌ പ്രശ്നലഗ്നത്തിൽ നിന്നു അത്രാം രാശിയിൽ വ്യാഴം നിൽക്കുമ്പോഴാണ് ജനനമെന്നും വിചാരിയ്ക്കാം. അഥവാ, പ്രശ്നലഗ്നം ഒന്നാംദ്രേക്കാണത്തിലാണെങ്കിൽ പ്രശ്നലഗ്നത്തിന്റെ നവാംശകരാശിയിലും, രണ്ടാം ദ്രേക്കാണത്തിലാണെങ്കിൽ പ്രശ്നലഗ്നനവാംശകരാശിയുടെ അഞ്ചാംരാശിയിലും, മൂന്നാംദ്രേക്കാണത്തിലാണെങ്കിൽ മേൽപറഞ്ഞ നവാംശകരാശിയുടെ ഒമ്പതാംരാശിയിലും വ്യാഴം നിൽക്കുമ്പോഴാണ് ജനനമെന്നും വിചാരിയ്ക്കാം. "ദ്രേക്കാണദ്വാദശാംശാ " നമ " നമിതകലാസ്തേഷു യാവാൻ വിലഗ്നേപ്രാദ്യത്യുദ്യർദൃഗാണേ കഥയതു ഭവനേ താവതീഡ്യം വിലഗ്നാത് പ്രാഗ് ലഗ്നാംശത്രികോണഷ്വപി ഗുരുരുദിതസ്തത് ക്രമസ്തദ്ദൃഗാണൈഃ" എന്നും വചനം കണ്ടിട്ടുണ്ട്. ഇതാണ് വേറെ ഒരു പക്ഷം.

ഇനി ഋതുവിനേയും ഋത്വയനങ്ങൾക്ക് വൈരുദ്ധ്യം വന്നാലത്തെ അയനസ്ഥിതിയേയുമാണ് പറയുന്നത്.

പൃച്ഛാലഗ്നത്തിൽ ഒരു ഗ്രഹം നില്ക്കുന്ന പക്ഷം (ഒന്നിലധികം ഗ്രഹം ലഗ്നത്തിലുണ്ടെങ്കിൽ ബലാധികനെക്കൊണ്ടെന്നും അറിക) അതിന്റേയും, അതില്ലെങ്കിൽ ലഗ്നദ്രേക്കാണാധിപന്റേയും ഋതുവിലാണ് ജനനമെന്നു പറയുക. സൂര്യന്റെ ഋതു ഗ്രീഷ്മമാണ്. മറ്റു ഗ്രഹങ്ങളുടെ ഋതുക്കളെ മുമ്പ് രണ്ടാം അദ്ധ്യായത്തിലെ പന്ത്രണ്ടാംശ്ലോകംകൊണ്ട് പറഞ്ഞിട്ടുണ്ട്. ഇതിനെ കുറച്ചുകൂടി വ്യക്തമാക്കാം. ആ പ്രശ്നലഗ്നസ്ഥനോ ലഗ്നദ്രേക്കാണാധിപനോ ആയ ഗ്രഹം ശനിയായാൽ ശിശിര ഋതുവിലും ശുക്രനായാൽ വസന്തത്തിലും സൂര്യനോ കുജനോ ആയാൽ ഗ്രീഷ്മത്തിലും ചന്ദ്രനായാൽ വർഷത്തിലും ബുധനായാൽ ശരത്തിലും വ്യാഴമായാൽ ഹേമന്തത്തിലുമാണ് പ്രഷ്ടാവിന്റെ ജനനമെന്ന് പറയേണ്ടതാണ്.

മേൽപറഞ്ഞ 6 ഋതുക്കളിൽ ശിശിരം വസന്തം ഗ്രീഷ്മം ഇതുകൾ ഉത്തരായണത്തിലും, ശേഷം ഋതുക്കൾ ദക്ഷിണായനത്തിലുമാണല്ലോ വരിക. മുൻപറഞ്ഞ ലക്ഷണങ്ങൾ പ്രകാരംനോക്കുമ്പോൾ ഋത്വയനങ്ങൾക്കു പരസ്പരവിരോധം നേരിടുന്നപക്ഷം, എന്നുവെച്ചാൽ അയനം ഉത്തരമെന്നും ഋതുവർഷാദി മൂന്നിൽ ഏതെങ്കിലും ഒന്നെന്നും, അഥവാ അയനം ദക്ഷിണമെന്നും ഋതു ശിശിരാദി മൂന്നിൽ ഒന്നെന്നും ലക്ഷണപ്രകാരം കണ്ടാൽ, അയനത്തെ അടുത്തശ്ലോകത്തിൽ പറയുംപ്രകാരം മാറ്റി കല്പിയ്ക്കേണ്ടതുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.