ലഗ്നേന്ദ്വോസ്സപ്തമേശൗ ഭൃഗുരപി ബലിനോ ഗോചരസ്ഥസ്ത്രയശ്ചേ-
ദുദ്വാഹാനാം ത്രയം സ്യാദ്ദ്വയമുദിതമുഭൗ ചൈകമേകസ്തഥാ ചേൽ
അസ്തേശേ ഭാർഗവേ വാ ഗതവതി പരമം തുംഗമസ്തസ്ഥിതാ വാ
നൈകാഃ ഖേടാ യദി സ്യുസ്ത്രയ ഇഹ ബഹവോ ദ്യൂനപാംശൈസ്സമം.
ലഗ്നത്തിന്റേയും ചന്ദ്രന്റേയും ഏഴാംഭാവാധിപന്മാർ, ശുക്രൻ ഈ മൂന്നു ഗ്രഹങ്ങളും ബലവാന്മാരായി ഇഷ്ടഭാവങ്ങളിൽ നിന്നാൽ മൂന്നു വിവാഹത്തിന് ഇടവരും. ഇവരിൽ രണ്ടുപേർ മേൽപ്രകാരം നിന്നാൽ രണ്ടുവിവാഹത്തിനു ഒരാൾ മേൽപ്രകാരം നിന്നാൽ ഒരു വിവാഹത്തിനും ഇടവരുമെന്നു പറയണം.
ഏഴാം ഭാവാധിപതിയോ ശുക്രനോ അത്യുച്ചത്തിൽ വരികയോ ഏഴാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങളിൽ അധികം വരികയോ ചെയ്‌താൽ മൂന്നോ പക്ഷെ അതിലധികമോ വിവാഹത്തിനിടവരും. ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശിയിൽ എത്ര നവാംശകം പൂർത്തിയായിട്ടുണ്ടോ അത്രയും വിവാഹത്തിനിടവരുമെന്നും പറയാം.
ഏഴാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങൾ നിന്നാൽ രണ്ടു വിവാഹം ചെയ്യാൻ ഇടവരുമെന്നു ശാസ്ത്രങ്ങളിൽ കാണുന്നുണ്ട്.