വീര്യാന്വിതവക്രവീക്ഷിതേ
ക്ഷീണേന്ദൌ നിധനസ്ഥിതേƒർക്കജേ
ഗുഹ്യോദ്ഭവരോഗപീഡയാ
മൃത്യുഃ സ്യാൽ ക്രിമിശസ്ത്രദാഹജഃ
ലഗ്നാൽ എട്ടാം ഭാവത്തിൽ ശനി നിൽക്കുക, ബലഹീനനായ ചന്ദ്രനു (ചന്ദ്രന്റെ സ്ഥിതി ഇന്ന രാശിയിലോ ഇന്ന ഭാവത്തിലോ ആവണമെന്നൊന്നും ഇല്ല) അതിബലവാനായ ചൊവ്വയുടെ ദൃഷ്ടി ഉണ്ടാവുകയും ചെയ്ക. ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ചവൻ മൂലക്കുരു ഭഗന്ദരം മുതലായ ഗുഹ്യരോഗങ്ങളുണ്ടായി അതു പഴുത്തിട്ടോ, രോഗശാന്ത്യർത്ഥം ശസ്ത്രക്രിയ ചെയ്തതിൽ അപകടം പിണഞ്ഞിട്ടോ, തിയ്യുകൊണ്ടോ മറ്റോ പൊള്ളിച്ചതിൽ അപകടം വന്നിട്ടോ, ആണ് മരിയ്ക്കുക എന്നു പറയേണ്ടതാകുന്നു.