ദഹനജലവിമിശ്രൈർഭസ്മസംക്ലേദശോഷൈർ-
ന്നിധനഭവനസംസ്ഥൈർവ്വ്യാളവഗ്ഗൈർവ്വിഡന്തഃ
ഇതി ശവപരിണാമശ്ചിന്തനീയോ യഥോക്തം
പൃഥുവിരചിതശാസ്ത്രാൽ ഗത്യനൂകാദി ചിന്ത്യം.
ജനനസമയത്ത് ആഗ്നേയന്മാരായ ആദിത്യകുജകേതുക്കൾ (ഈ ഗ്രഹങ്ങൾ മുഴുവനും വേണമെന്നില്ല) എട്ടാം ഭാവത്തിൽ നില്ക്കുകയോ ഇവരുടെ വർഗ്ഗം എട്ടാംഭാവത്തിനുണ്ടാകയോ ചെയ്‌താൽ മരണാനന്തരം അയാളുടെ ദേഹം ഭസ്മമയമാകുന്നതും, ജലമയന്മാരായ ചന്ദ്രശുക്രന്മാർ എട്ടാം ഭാവത്തിൽ നില്ക്കുകയോ ഇവരുടെ വർഗ്ഗം എട്ടാം ഭാവത്തിനുണ്ടാകുകയോ ചെയ്‌താൽ കാറ്റും വെയിലും കൊണ്ടു ശോഷിയ്ക്കുന്നതുമാണ്. എട്ടാംഭാവദ്രേക്കാണം (ഇരുപത്തിരണ്ടാം ദ്രേക്കാണമെന്നു സാരം) സർപ്പധാരിയാവുക, അല്ലെങ്കിൽ ഹിംസ്രങ്ങളായ ഗൃദ്ധ്രാദി പക്ഷികളുടേയോ കരടി മുതലായ മൃഗങ്ങളുടേയോ സ്വരൂപധാരിയാവുക; ഇങ്ങനെ വന്നാൽ മൃതദേഹം പക്ഷിമൃഗാദികൾ ഭക്ഷിച്ചു മലസ്വരൂപമാകുന്നതാണ്.