പുണർതവും മുളയും


മുളയുടെ അകം പൊള്ളയാണ്. അത് കടുപ്പമില്ലാത്തതാണ്. അത് കാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടും. മുളയിൽ നിന്ന് പ്രത്യേക നാദം പുറപ്പെടാറുണ്ട്. മുളയുടെ ചലനം സംഗീതം ഉണ്ടാക്കുന്നതാണ്. പുണർതം നക്ഷത്രക്കാർ പൊതുവേ 'ഗീതപ്രിയോ നൃത്തവിദ് " ആണ്. മുളയും അതുപോലെത്തന്നെയാണ്.

" ദാന്തസഖീ സുശീലോ
ദുർമേധാ രോഗഭാക് പിപാസുംശ്ച
അല്പേന ചാ സന്തുഷ്ടഃ
പുനർവസൗ ജായതേ മനുജഃ "

പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവൻ ദാനം ചെയ്യുന്നവനായും സുഖിയായും സൗശീല്യമുളളവനായും വിഷാദമുളളവനായും രോഗിയായും പിപാസ ഏറിയിരിക്കുന്നവനായും അല്പം കൊണ്ട് സന്തുഷ്ടനായും വ്രതാനുഷ്ഠാനമുള്ളവനായും ഭവിക്കും എന്നാണ് ഇതിന്റെ അർത്ഥം. ശാന്തികർമ്മം, പുണ്യകർമ്മം, വ്രതങ്ങൾ, കൃഷി, വിദ്യാരംഭം, പ്രതിഷ്ഠ ഇവയൊക്കെ ചേരുന്ന നാളാണ് പുണർതം. ആർക്കും ശല്യമില്ലാത്തതും എന്നാൽ ഏത് സാധാരണക്കാരനും പ്രാപ്യനും ഉപകാരം നൽകുന്നവരുമായ പുണർതം നക്ഷത്രക്കാർ മുളയെപ്പോലെ തന്നെയുള്ളവരാണ്. ശ്രീരാമൻ പുണർതം നക്ഷത്രക്കാരനാണ്. 

പുണർതം നക്ഷത്രക്കാർ ഏവർക്കും പ്രിയങ്കരരായിരിക്കും. നേതൃപാടവം ഉണ്ടാകും. ധാരാളം സുഹൃത്തുക്കളുണ്ടാകും. സ്ഥിരോത്സാഹികളും വിജയതൃഷ്ണയുള്ളവരുമായിരിക്കും.

(ബാംബൂസ ബാംബോസ് (ലിൻ) വൂസ്, ബാംബൂസ അരൻഡി നേസിയ വിൽസ്, ബാംബൂസ സ്പൈനോസ റോക്സ്, കുടുംബം: ഗ്രാമിനേ; ബാംബൂസേസി)

സംസ്കൃതം :- ശംശ, വംശലേഖന, വംശവിദള, വംശാലേഖാ, വേണു.
ഹിന്ദി :- ബൻസ് തബസീർ.
ബംഗാളി :- ബോംശ, ബൻസ്.
തമിഴ്‍ :- മൂൻഗിൽ, മംഗൽ, മൂഗിളുപ്പ്
കന്നഡ :- തവക്ഷീരി
തെലുങ്ക് :- ബോംഗ, മുള്ളവെടുരു.
ഇംഗ്ലീഷ് :- ബാംബൂ.

1000 മീറ്റർ വരെ ഉയരമുള്ള മലകളിലെ നനവുള്ള ഭൂമിയാണ് അനുയോജ്യം. കേരളത്തിലെ അർധഹരിത വനങ്ങളും ഇലപൊഴിക്കുന്ന ഈർപ്പവനങ്ങളും മുളങ്കാടുകൾ കൂടിയാണ്. നനവാർന്ന നിത്യഹരിതവനങ്ങളിൽ മുള ഇല്ല.

മുള ഏതാണ്ട് 12 മീറ്റർ മുതൽ 30 മീറ്റർ വരെ ഉയരത്തിൽ കൂട്ടംകൂട്ടമായി വളരുന്നു. കാണ്ഡം സിലിണ്ടർ രൂപത്തിൽ അനേകം പർവ്വസന്ധികളോട് (മുട്ടുകൾ) കൂടിയതും അകം പൊള്ളയായതും 2040 സെന്റി മീറ്റർ വ്യാസമുള്ളതും മഞ്ഞയും പച്ചയും കലർന്ന നിറത്തോടുകൂടിയതും പൊട്ടിച്ചാൽ നെടുകെ ശബ്ദത്തോടെ അനായാസം പിളരുന്നതുമാണ്. ആയുസ്സിൽ ഒരിക്കലേ പുഷ്‌പിക്കൂ. പൂവ് ചെറുതാണ്. ഇളംപച്ച നിറം. പൂവ് വിടരാറാകുമ്പോൾ ഈർപ്പം വലിച്ചെടുത്ത് വീർക്കും. കായ് നെന്മണി പോലുള്ള കാരിയോപ് സീഡാണ്. മുള പ്രകാശാർത്ഥിയാണ്. ചെറിയ തീയും തുഷാരവും സഹിക്കും. ഒരു പ്രദേശത്തുള്ള എല്ലാ മുളകളും ഒന്നിച്ച് പൂക്കും. വിത്തുവിളഞ്ഞാൽ എല്ലാം കടയോടെ നശിക്കും. മുള പൂക്കുന്നതിന്റെ രണ്ട് വർഷം മുമ്പ് മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കും. ഇക്കാലത്ത് ആണ്ടാൻ (പുതിയ മുള) ഉണ്ടാവുകയില്ല. അതുപോലെ പൂക്കാറായ മുളയിൽ സിലിക്കയുടെ അംശം കുറവും അന്നജത്തിന്റെ അംശം കൂടുതലുമായിരിക്കും.

മുളവിത്തിന് പറയത്തക്ക ജീവനക്ഷമതയില്ല. കാൽസിയം ക്ലോറൈഡ് കലർത്തിയാൽ ഒരു വർഷം വരെ സൂക്ഷിക്കാം. പറിച്ചുനടുന്ന പുതിയ മുളയും തായ്കമ്പോടൊപ്പം പൂത്ത് നശിക്കുമെന്നതും മുളയുടെ പ്രത്യേകതയാണ്. മുളയുടെ അരിയും ആണ്ടാനും കൂമ്പും ഭോജ്യവസ്തുക്കളാണ്. ആണ്ടാനും കൂമ്പും കറിവെക്കാം. പച്ചയ്ക്ക് തിന്നാൽ പാടില്ല. വിഷമുണ്ട്. മുളയരി ചോറുണ്ടാക്കാൻ കൊള്ളാം.

ചില മുളകളുടെ അകത്ത് ഒരു തരം വെളുത്ത സാധനം ഊറി കട്ട പിടിച്ചുണ്ടാകുന്നു. ഇത് മുളനൂറ്, മുളവെണ്ണ എന്നീ പേരുകളിലും അറിയപ്പെടുന്നു. വംഗരോചന (Bamboo Manna) എന്നറിയപ്പെടുന്ന ഇതിന് ക്ഷീരി, തവക്ഷീരി, തുഗ, ശുഗക്ഷീരി, വംശി, ശുഭാ എന്നീ പേരുകളും ഉണ്ട്. ഇതിൽ 90% സിലിസിക് അമ്ലം ഉണ്ട്. ബാക്കി 10% പൊട്ടാഷ്, ചുണ്ണാമ്പ്, അലുമിനിയം ഇരുമ്പ് ഇവയാണ്.

മുളയുടെ തളിരുശാഖ അരച്ചിട്ടാലും ഉണക്കിപ്പൊടിച്ച് വിതറിയാലും വ്രണം ശുദ്ധമാകുകയും എളുപ്പത്തിൽ ഉണങ്ങുകയും ചെയ്യും. കുരുന്നിലയും കുരുന്നുമൊട്ടും വിധിപ്രകാരം കഷായം വെച്ച് കുടിച്ചാൽ ആർത്തവം ക്രമപ്പെടും.

തിരുവാതിരയും കരിമരവും


" ഗർവീ ശഠഃ കൃതഘ്നോ ഹിംസ്ര: പാപ: ചരസ്വഭാക് ചപല
അല്പസുതശ്ചിര ജീവി രാജദ്രവ്യാന്ന്വിതശ്ച രൗദ്രർഷേ "

തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്നവൻ ഗർവിഷ്ഠനായും കടുംപിടുത്തമുള്ളവനും ഉപകാരസ്മരണ കുറഞ്ഞവനായും ഹിംസശീലമുള്ളവനായും എടുത്തുചാട്ടം ഉള്ളവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ദീർഘായുസ്സായും രാജദ്രവ്യം (സർക്കാർ ധനം) അനുഭവിക്കുന്നവനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം.

ഈടും ഉറപ്പും കരി പോലെ കറുത്ത നിറവുമുള്ള തടിയാണ് കരിമരം അഥവാ എബണി. കാഠിന്യവും ഗർവും ഈ വൃക്ഷത്തിന്റെയും നക്ഷത്രത്തിന്റെയും പൊതുസ്വഭാവമായി പറയാം. ഈ നക്ഷത്രം  ഉച്ചാടനാദിഹോമങ്ങൾ, യുദ്ധം, ബന്ധനം, ശത്രുവിനെ പരാജയപ്പെടുത്തുവാനുള്ള ഉദ്യമങ്ങൾ എന്നീ കർമ്മങ്ങൾക്കനുയോജ്യമാണ്. ഈ നക്ഷത്രക്കാരുടെ മൃഗം നായയാണ്. യുദ്ധം, ബന്ധനം, ശത്രുവിനെ പരാജയപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഇവയ്‌ക്കെല്ലാം തിരുവാതിര ചേരുന്ന നാളാണ്. ദുർവാശി, ദുരഭിമാനം, ഉപകാരസ്മരണക്കുറവ്, കുറ്റം പറയുന്ന ശീലം ഇതെല്ലാം കൊണ്ട് അർഹിച്ച കീർത്തി കിട്ടാതെ തിളങ്ങാതെ പോകുന്നവരാണീ നാളുകാർ.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" ശഠഗർവിതഃ കൃതഘ്നോ ഹിംസ്രഃ പാപശ്ച രൗദ്രർക്ഷേ " 

എന്ന് തിരുവാതിരയെപ്പറ്റി പറയുന്നു.

ഭഗവാൻ ശിവൻ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ജനിച്ചതെന്നാണ് പറയുന്നത്.

എവിടെയായാലും ഏത് സദസ്സിലും തന്റെ സാന്നിധ്യം അറിയിക്കുകയും സ്ഥാനം പിടിച്ച് വാങ്ങുകയും ചെയ്യുന്ന പ്രകൃതക്കാരാണ് തിരുവാതിരക്കാർ. അംഗീകാരം അടിസ്ഥാനസ്വഭാവമായും ദർശിക്കാം. വാക്കിലും പ്രവൃത്തിയിലും ദൃഢതയാർന്ന പെരുമാറ്റം ഇടപഴകിയാൽ അതീവഹൃദ്യമാക്കാനും ഇവർക്കാവും. അടുത്ത് ഇടപെട്ടാൽ മാത്രമേ ഇവരുടെ യഥാർത്ഥ പ്രകൃതം അറിയാൻ സാധിക്കുകയുള്ളൂ. കുടുംബജീവിതം അസ്വാസ്ഥ്യകരമായാലും മനഃശക്തികൊണ്ട് സുഖധാരണാവരണം തീർക്കാനും ഇവർക്ക് സാധിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഇവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കാറില്ല.

(ഡയോസ്പൈറോസ് എബണം - കോയ്നിഗ്, കുടുംബം :- എബണേസി)

ഇംഗ്ലീഷ് :- സിലോൺ എബണിട്രീ
തമിഴ് :- കരിമരം

ഇന്ത്യയിൽ ഡയോസ്പൈറോസ് എബണം, ഡയോസ്പൈറോസ് മെലനോക്സൈലോൺ റോക്സ് എന്നിവയുടെ തടി എബണി എന്നാണറിയുന്നത്. ഇവയിൽ ഡയോസ്പൈറോസ് മെലനോക് സൈലോണിന്റെ ഇലയാണ് ബീഡിയില.

കേരളത്തിലെ അർധഹരിത വനങ്ങളിൽ, അങ്ങിങ്ങു വളരുന്ന, സാന്ദ്രമായ താലപ്പോടുകൂടിയ ഇടത്തരം മരം. പത്രഫലകത്തിൽ ധാരാളം കറുത്ത കുത്തുകളുണ്ട്. വ്യക്തമായ പൂക്കാലമില്ല. ആൺപൂക്കൾ കൂട്ടമായും പെൺപൂക്കൾ ഒറ്റയായി വലുതായും ഉണ്ടാകുന്നു. തൈകൾ തണലിലേ വളരൂ. എന്നാൽ മരങ്ങൾക്ക് ശീർഷോപരി പ്രകാശം നല്ലതാണ്. നല്ല നീർവലിവുള്ള മണ്ണും കറുത്ത പരുത്തിമണ്ണും അലൂവിയൽ മണ്ണും ലോമും നല്ലതാണ്. ജീവിതകാലമത്രയും വളരെ പതുക്കെ വളരുന്ന സസ്യമാണ്. 70 സെന്റിമീറ്റർ വ്യാസമുള്ള തടി കിട്ടാൻ ഏകദേശം 200 വർഷം വേണമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ 300 മീറ്റർ അല്ലെങ്കിൽ  900 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന കരിന്താളി (ഡയോസ്പൈറൻ അസിമിലെസ് ബെഡ്ഡ്) കരിമരവുമായി വളരെ സാദൃശ്യമുള്ള മരമാണ്.

കലർപ്പില്ലാത്ത കടുംകറുപ്പ് നിറമുള്ള എബണിക്കാണ് എന്നും പ്രിയം. ഈടോ ഉറപ്പിലോ ഉപരി ഗുണം നിശ്ചയിക്കപ്പെടുന്നത് ഈ കറുപ്പ് നിറത്തിന്റെ കാഠിന്യം അനുസരിച്ചാണ്. കാതലിന്  ഈട്, ബലം, മിനുസം എന്നീ ഗുണങ്ങളുണ്ട്. വളരെ സാന്ദ്രത, ഭാരം കൂടിയ തടിയാണ്. കൗതുകവസ്തുക്കൾ, സംഗീതോപകരണങ്ങൾ മുതലായവ ഉണ്ടാക്കാൻ ഇതിന്റെ കാതൽ ഉപയോഗിക്കുന്നു.

പൂർവ്വകൗളം, ഉത്തരകൗളം

രഹസ്യസാധനയായ കൗളസമ്പ്രദായത്തിന്റെ സാമാജിക ധർമ്മമാണ് പൂർവ്വകൗളം എന്നത്. ഇത്രയും എഴുതപ്പെട്ടത് പൂർവ്വകൗളത്തെക്കുറിച്ചാണ്. വീടുകളിലും കാവുകളിലും സാമ്പ്രദായികമായി അനുഷ്ഠിച്ചുപോരുന്ന പൂജാക്രമം പൂർവ്വകൗളത്തിന്റേതാണ്. അത് ദക്ഷിണാചാരമോ വാമാചാരമോ ആവാം. ദക്ഷിണാചാരത്തേക്കാൾ ശ്രേഷ്ഠവും രഹസ്യവുമാണ് വാമാചാരം എന്നത്. ഈ വാമാചാരം പരമരഹസ്യവും യോഗികൾക്കുപോലും അഗമ്യവുമാണെന്ന് തന്ത്രശാസ്ത്രത്തിൽ പ്രസ്താവിക്കുന്നു.

ഈ പന്ഥാവ് മധ്യമധർമ്മമാണെങ്കിലും അത്ര സുഗമമാണെന്ന് ആരും വിചാരിക്കേണ്ടതില്ല. വാളിന്റെ മുനയിലൂടെ സഞ്ചരിക്കുന്നതുപോലെയും വ്യാഘ്രത്തിന്റെ ചെവിപിടിക്കുന്നതുപോലെയും നാഗങ്ങളെ ആഭരണമാക്കുന്നതുപോലെയും അത്യന്തം വിഷമകരമായ ഒരു മാർഗ്ഗമാണിത്. ശരിയായ മനോനിയന്ത്രണം ഇല്ലാത്തവർ വഴിപിഴച്ചുപോവാൻ വളരെയേറെ സാധ്യതയുണ്ട്. അതിനാൽ സാധകൻ മനോനിയന്ത്രണം നേടിയെടുത്ത് സമൂഹത്തിന് മാർഗ്ഗദർശിയായി ജീവിക്കുന്നവനായിരിക്കണം.

എന്നാൽ ഉത്തരകൗളം തികച്ചും വ്യക്തിനിഷ്ഠമായ സാധനാക്രമമാണ്. അവിടെ സാമാജിക ധർമ്മത്തിന് വലിയ പ്രസക്തിയൊന്നുമില്ല. കേവലാനുഭൂതിവിലാസത്തിൽ ലയിച്ചുചേർന്ന യോഗീശ്വരന്മാർക്ക് മാത്രം അനുഷ്ഠിക്കാവുന്നതുമാണ്. അതിനാൽ ഉത്തരകൗളം വളരെ രഹസ്യവും സാധാരണക്കാർക്ക് അപ്രാപ്യവുമാണ്. സാമാന്യമായി വീരഭാവം അതിക്രമിച്ചവരും ദിവ്യഭാവത്തിലിരിക്കുന്നവരുമായ യോഗീശ്വരന്മാരുടെ സാധനാജീവിതം കേവലം അനുഭൂതവിഷയകം മാത്രമാണ്. അതിനാൽ മറ്റുള്ളവർക്ക് വാക്കുകൊണ്ട് വിവരിക്കുവാനോ മനസ്സുകൊണ്ട് സങ്കല്പിക്കുവാനോ പറ്റാത്ത അവസ്ഥയാണിത്. കേവല ബ്രഹ്‌മാനുഭൂതിയിൽ ലയിച്ച അത്തരം യോഗീശ്വരന്മാർക്ക് പുണ്യപാപങ്ങളോ ധർമ്മാധർമ്മങ്ങളോ വിധിനിഷേധങ്ങളോ ബാധകമല്ല. അതിനാൽ ഉത്തരകൗളത്തെക്കുറിച്ചും അതിലുപരിയായി അനുത്തരകൗളത്തെക്കുറിച്ചും ഇവിടെ പ്രസ്താവിച്ചിട്ടില്ല. അത് പ്രസ്താവയോഗ്യവുമല്ല. കൗളധർമ്മം എന്നത് ഒരു സാധനാക്രമം മാത്രമാണെന്നും പൂർവ്വകൗളം അതിന്റെ വ്യാവഹാരികതല സ്പർശിയാണെന്നും മാത്രം മനസ്സിലാക്കുക. സാമാജിക ജീവിതം നയിക്കുന്ന സാധകന്മാർക്ക് പൂർവ്വകൗളം മാത്രമേ അനുഷ്ഠിയ്ക്കുവാൻ അധികാരമുള്ളൂ. അത്തരത്തിൽ പൂർവ്വകൗളസാധന ചെയ്ത് ഉത്തരോത്തരം മനോദാർഢ്യം കൈവരിച്ചവർക്കേ ഉത്തരകൗളത്തിലേയ്ക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. കേവല ബ്രഹ്‌മാനുഭൂതി വിഷയകമായ ഈ പദത്തിലേയ്ക്ക് എത്തിച്ചേരാനാഗ്രഹിയ്ക്കുന്ന സാധകന്മാർക്ക് എന്റെ ഈ വിവരണം പ്രചോദനമായിത്തീരണമെന്ന് ഞാനാഗ്രഹിക്കുന്നു. അതിനുവേണ്ടി ജഗദംബികയോട് പ്രാർത്ഥിക്കുന്നു.

ശിവം

ജന്തുബലിയെ ഇങ്ങനെ പ്രോത്സാഹിപ്പിയ്ക്കാൻ പറ്റുമോ?

ഭരണഘടന അനുശാസിയ്ക്കുന്ന വിധത്തിൽ ഭക്ഷ്യയോഗ്യങ്ങളായ ജീവികൾ ഒരിയ്‌ക്കലും പൂർണ്ണായുസ്സോടെ ജീവിക്കുന്നില്ല. അവയെ ഭക്ഷണാർത്ഥികൾ കൊന്നു തിന്നുകതന്നെയാണ്. മാംസ ഭക്ഷണം നിയമപ്രകാരം നിരോധിക്കാത്ത കാലത്തോളം അതുസംഭവിച്ചുകൊണ്ടേയിരിക്കും. എന്നാൽ മാംസാർത്ഥികൾ തികച്ചും പൈശാചികമായ രീതിയിലാണ് ഭക്ഷിക്കുന്നത്. ഭക്ഷണക്കൊതി മൂലം ജന്തുക്കളെ വധിക്കുന്നത് പൈശാചികമാണ്. സദ്യകൾക്കും മറ്റു ആർഭാടത്തിനും വേണ്ടി എത്ര ജന്തുക്കളെയാണ് നിത്യം കൊല്ലുന്നത്. സിംഹം കടുവ തുടങ്ങിയ വന്യജീവികൾ മാംസം ഭക്ഷിക്കുന്നത് വീരഭാവത്തോടെയാണ്. എന്നാൽ നേരിട്ട് വേട്ടയാടാതെ ഇവയുടെ ഉച്ഛിഷ്ടം ഭുജിച്ച് വിശപ്പടക്കുന്ന ജീവികളുണ്ട്. മാംസാർത്ഥികളായ മനുഷ്യൻമാരും ഏതാണ്ട് ഇതുപോലെയാണ്. പൈശാചിക രീതിയിലുള്ള മാംസഭക്ഷണംകൊണ്ട് പൈശാചികഭാവം മനസ്സിലും ഉരുത്തിയുകയാണ്.

അതുകൂടാതെ അന്യമതസ്ഥർ അവരുടേതായ അനുഷ്ഠാനങ്ങളോടെ വധിച്ച ജന്തുവിന്റെ മാംസം ഭക്ഷിക്കുമ്പോൾ നാം അറിയാതെതന്നെ നമ്മുടെ രക്തത്തിൽ അവരുടെ സംസ്കാരം അധിനിവേശിപ്പിക്കുകയാണ് എന്ന കാര്യം കൂടി ഓർത്തിരിക്കേണ്ടതാണ്.

അതിനാൽ ആർഭാടത്തിനുവേണ്ടി മാംസം വിളമ്പുന്നത് നിരോധിക്കാൻ പറ്റുമെങ്കിൽ അതുതന്നെയായിരിക്കും ഉത്തമമായിത്തീരുക. എന്നാൽ പൂജയ്ക്ക് വേണ്ടിയുള്ള ജന്തുബലി വ്യക്തമായ മന്ത്രസംസ്കാരത്തോടെയാണ് നടത്തപ്പെടുന്നത്. വധിക്കപ്പെടുന്ന ജന്തുവിന് സദ്ഗതി ലഭിക്കുന്നതോടൊപ്പം ദേവതാചൈതന്യത്തിന്റെ പുഷ്ടിയും ബലപ്പെടുകയാണ്. അതിനാൽ ഏതുതരം മാംസമാണ് ഭക്ഷ്യയോഗ്യമെന്ന് ആർക്കും തീരുമാനിക്കാമല്ലോ. ഇവിടെ നമുക്ക് മനുസ്മൃതിയെ പ്രമാണമായി സ്വീകരിക്കാം. ദേവയജ്ഞത്തിലും ശ്രാദ്ധത്തിലും വേണ്ടി മാത്രമേ മാംസം ഉപയോഗിക്കുവാൻ പാടുള്ളൂ. അല്ലാത്ത മാംസഭക്ഷണം നിഷിദ്ധമാണ്. ശ്രാദ്ധത്തിനും യജ്ഞത്തിനും ഉപയോഗിച്ച മാംസം ഭക്ഷിച്ചില്ലെങ്കിലും പാപമത്രെ. എന്നാൽ ഒരാൾ ജീവിതത്തിൽ ഒരിക്കൽപോലും മാംസം ഭക്ഷിച്ചില്ലെങ്കിൽ നൂറ് അശ്വമേധം നടത്തിയാലുള്ള പുണ്യം സ്വയമേവ സിദ്ധിക്കുമത്രെ. പൂജയിൽ ജന്തുബലി നടത്തുന്നത് ദേവതയെ പ്രസാദിപ്പിക്കാൻ വേണ്ടിയാണ്. അതിലൂടെ ഈതിബാധകളെ ഇല്ലാതാക്കി സമൂഹത്തിൽ ശാന്തിയും പുഷ്ടിയും ഉണ്ടാക്കുക എന്നതാണ്. ഇതിന്റെ ലക്ഷ്യം. ഇതാണ് നമ്മുടെ പൂർവ്വികന്മാർ ആചരിച്ചുപോന്നതിന്റെ രഹസ്യവും.

"എന്തുചെയ്‌വത് പണ്ടുള്ളോർ എന്നറിഞ്ഞതു ചെയ്യണം ധർമ്മദൈവം പ്രസാദിച്ചേ കിളിർപ്പൂതറവാടുകൾ "

സൂചന :- പലപ്പോഴും എഴുതിയ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പൂജാമണ്ഡലത്തിന് പുറത്തുവെച്ച് മദ്യം മണത്താൽപോലും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അവിഹിതമായ രീതിയിലുള്ള മദ്യപാനവും മാംസഭക്ഷണവും പൈശാചികഭാവം വളർത്തുവാനേ ഉപകരിക്കുകയുള്ളൂ.

പൂജയ്ക്ക് വേണ്ട മദ്യം വഴിപാടായി സ്വീകരിക്കാമോ?

മദ്യം വഴിപാടായി ഒരിക്കലും സ്വീകരിക്കരുത്. പൂജക്ക് ആവശ്യമുള്ളത് ദേവസ്വം നേരിട്ടോ, അവകാശികൾ മുഖേനയോ സമർപ്പിയ്ക്കപ്പെടുകയാണ് വേണ്ടത്.

കോഴിയെ ബലികൊടുക്കുന്നതിന് പ്രത്യേക പ്രാധാന്യം എന്തെങ്കിലുമുണ്ടോ?

ശ്രീഭദ്രകാളീദേവി ദാരികാസുരനെ വധിച്ച് രക്തപാനം നടത്തിയശേഷം ശേഷിച്ച രക്തം ഉരുണ്ടുകൂടി മുട്ടയായി അതിൽനിന്ന് പൂവനും പിടയുമായ കോഴികൾ ഉണ്ടായി എന്ന് ഐതിഹ്യമുണ്ട്. അതിന്റെ പരാക്രമം ഉണ്ടാവാതിരിയ്ക്കാൻ ഈ കോഴിയുടെ വിവിധ അവയവങ്ങളിൽ വിവിധ ദേവന്മാർ ആവേശിച്ച് സ്ഥാനം ഉറപ്പിച്ചു. അതിനാൽ കോഴി മംഗള സ്വരൂപനുമാണ്. ഈ ഐതിഹ്യപ്രകാരം കോഴിയുടെ വംശപരമ്പര മുഴുവനും ദാരികരക്തം വഹിക്കുന്നതാണ്. ദാരികരക്തം ദേവിയ്ക്ക് സമർപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കാം കോഴിയ്ക്ക് പ്രാധാന്യം ലഭിച്ചത്.

ധാരാളം ബലിമൃഗങ്ങളെ കൊണ്ടുവന്നാൽ എന്ത് ചെയ്യും?

കാവിന് ആവശ്യമുള്ള ജന്തുബലി ദേവസ്വം നേരിട്ട് നടത്തണം. അതിൽ ആചാരപ്രകാരമുള്ള അവകാശികളെ മാത്രം പങ്കെടുപ്പിക്കുകയും അവരിൽനിന്നു മാത്രം ബലിദ്രവ്യം സ്വകരിക്കുകയും വേണം. വഴിപാടായി നടത്തെപ്പെടുന്നതിനെ നിരുത്സാഹപ്പെടുത്തണം.

ക്ഷേത്രങ്ങളിൽ ബലിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജന്തുവിനെ വിറ്റുകിട്ടുന്ന കാശ് ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയാണോ?

ഇവിടെ രണ്ടുതരത്തിലുള്ള തെറ്റ് അന്തർഭവിച്ചിരിക്കുന്നു. ഒന്നാമതായി ദേവങ്കലേയ്ക്ക് സമർപ്പിച്ച ദ്രവ്യം അപഹരിച്ച് ദേവനെ വഞ്ചിക്കുന്നു. രണ്ടാമതായി ദേവചൈതന്യത്തിലേക്ക് വിലയം പ്രാപിക്കേണ്ടതായ ജന്തുജീവനെ അതിന് അനുവദിക്കാതെ വീണ്ടും പൈശാചിക ഭാവത്തിലേയ്ക്ക് തള്ളിവിടുന്നു. ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട ജന്തുവിനെ വിറ്റാൽ ആ ജന്തു ദീർഘായുസ്സോടെ ജീവിക്കുന്നില്ല പകരം തീറ്റക്കൊതിയന്മാരായ ചിലർ യാതൊരുവിധ മന്ത്രസംസ്കാരവും കൂടാതെ പൈശാചിക ഭാവത്തിൽ ഇതിനെക്കൊന്ന് ഭക്ഷിക്കുന്നു. ഇത് ഈ ജീവിയുടെ ഉദാത്തമായ ഗതിയെ തടസ്സപ്പെടുത്തുന്നു. അതിനാൽ ദേവനോടും ബലിമൃഗത്തിനോടും നീതിപുലർത്താത്ത അവസ്ഥയാണ് ഇത്. അവയെ വിറ്റുകിട്ടുന്ന ധനം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പാപം ക്ഷേത്രഭരണാധികാരികൾക്കുമുണ്ടാവും.

നരബലിയെ ന്യായീകരിയ്ക്കാൻ പറ്റുമോ?

മനുഷ്യന് മോക്ഷം പ്രാപിക്കുവാൻ വ്യക്തമായ മാർഗ്ഗം ശ്രുതികൾ ഉപദേശിച്ചിട്ടുണ്ട്. അതനുസരിച്ച് സാധനചെയ്യുന്ന വ്യക്തി സ്വന്തം ജീവിതം തന്നെ ദേവതയ്ക്ക് വേണ്ടി ബലിയർപ്പിക്കുകയാണ്. അവിടെ നരബലിയുടെ ആവശ്യമില്ല. തന്നെയുമല്ല ഭക്ഷ്യയോഗ്യമായ ജീവികളെ മാത്രമേ ബലിയർപ്പിക്കുവാൻ പാടുള്ളു. എന്നാൽ മുൻകാലത്ത് രാജാക്കന്മാർ നരബലി നടത്തിയതായി സൂചനയുണ്ട്. അത് രാജാക്കന്മാർക്കുമാത്രം അധികാരപ്പെട്ടതുമാണ്. സാധാരണ ജനങ്ങൾക്ക് ഇവിടെ അധികാരവുമില്ല. രാജാവ് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിയല്ല. ഭരണകൂടവും നീതിന്യായവ്യവസ്ഥയുമാണ്. മുൻകാലങ്ങളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ദേവിക്ക് ബലിയർപ്പിച്ചിരുന്നു. അതിലൂടെ ഈ വധം ദേവതാർപ്പണമായിത്തീരുകയും വധിക്കപ്പെട്ട വ്യക്തിക്ക് ദേവതാസായൂജ്യം ലഭിക്കുവാനുള്ള വഴിതുറന്നുകൊടുക്കുകയുമാണ്.

ക്ഷേത്രത്തിലായാലും കശാപ്പുശാലയിലായാലും മൃഗഹത്യ ഒന്നുതന്നെയല്ലേ?

ഇവിടെ ഭാവനയ്ക്കാണ് പ്രാധാന്യം. ദേവസന്നിധിയിൽ നടത്തുന്ന മൃഗഹത്യ ആ ജീവിയ്ക്ക് ദേവസാന്നിധ്യം ലഭിയ്ക്കാൻ വേണ്ടിയാണ് അല്ലാതെ ഭക്ഷണത്തിന് വേണ്ടി ചെയ്യുന്ന മൃഗഹത്യ പൈശാചികവുമാണ്. ഒരു പട്ടാളക്കാരൻ രാഷ്ട്രരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന നരഹത്യയും കൊള്ളക്കാരൻ ധനാപഹരണത്തിനുവേണ്ടി നടത്തുന്ന നരഹത്യയും ഒരേ രീതിയിൽ കാണാൻ പറ്റുമോ? ജീവികളെ കൊല്ലുന്നതിനേക്കാൾ വലിയ പാപം മാംസത്തിന് വേണ്ടി ആജീവനാന്തം കൂട്ടിലടച്ച് നിർത്തുന്നതാണ് എന്ന കാര്യംകൂടി ഓർമ്മിപ്പിക്കട്ടെ.

ക്ഷേത്രത്തിൽ മൃഗബലി നടത്തുമ്പോൾ ക്ഷേത്രം അശുദ്ധമാവുകയില്ലേ?

അതിന്റെ ഉത്തരവും നേരത്തെ പറഞ്ഞുകഴിഞ്ഞതാണ്. ഗംഗാതീരത്ത് ശവം ദഹിപ്പിച്ചാലും ഗംഗയിലൂടെ ശവം ഒഴുകിയാലും ഗംഗാദേവിയുടെ പവിത്രത നഷ്ടപ്പെടുന്നില്ല. മൃഗചർമ്മംകൊണ്ട് ഉണ്ടാക്കിയ ചെണ്ടയും ജീവിയുടെ പുറംതോടായ ശംഖും കവടിയുമെല്ലാം ക്ഷേത്രസന്നിധിയിൽ ആവാമെങ്കിൽ ക്ഷേത്രത്തിൽ മൃഗബലി ദോഷമില്ല. എന്നാൽ പരിസരശുചിത്വത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് വളരെയേറെ ശ്രദ്ധയുണ്ടായിരുന്നാൽ മതി.

പൂജയ്ക്ക് വേണ്ടിയാണെങ്കിലും മൃഗഹത്യ പാപമല്ലേ ?

ദേവതാർത്ഥമായ മൃഗഹത്യ പാപമല്ലെന്ന് മുൻഅധ്യായങ്ങളിൽ പ്രസ്താവിച്ചതാണ്. ഇവിടെ ദേഹം അനിത്യമാണെന്നും ജീവൻ നിത്യനാണെന്നുള്ള ബോധം ഉണ്ടാവുകയാണ് ചെയ്യുന്നത്. അതാണ് ശ്രീമദ്ഭഗവദ്ഗീതയിൽ ഉടനീളം പ്രസ്താവിക്കുന്നത്. ദേവസന്നിധിയിൽ വെച്ച് ദേഹം ഹനിയ്ക്കപ്പെടുമ്പോൾ ജീവൻ ദേവസന്നിധിയിലേയ്ക്ക് വിലയം പ്രാപിക്കുകയാണ് അതായത് സ്പന്ദനാത്മകമായ ജീവൻ സപ്ന്ദനാത്മകമായ ദേവചൈതന്യത്തിലേക്ക് വിലയം പ്രാപിക്കുന്നു. ദേവപ്രതിഷ്ഠയിൽ അങ്കുരാരോപണം നടത്തുന്നതിന്റെ ഉദ്ദേശ്യവും അതുതന്നെയാണ്. ധാന്യങ്ങൾ മുളപ്പിച്ച് ആ ജീവചൈതന്യത്തെ ദേവങ്കലേക്ക് ലയിപ്പിക്കുകയാണ് ചെയ്യുന്നത്. ദേവപൂജയ്ക്ക് ഉപയോഗിക്കുന്ന നെല്ലും, അരിയും, പുഷ്പങ്ങളും, ഇലകളുമെല്ലാം ജീവൻതുടിക്കുന്നവയാണ്. അതിനുപകരം കൃത്രിമപുഷ്പങ്ങളെക്കൊണ്ട് പൂജനടത്താൻ പറ്റില്ലല്ലോ.

യഥാർത്ഥ ദ്രവ്യം തന്നെ വേണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

ക്ഷേത്രങ്ങൾ കേവലം സങ്കല്പ്പമോ വിശ്വാസമോ അല്ല. അതിനുപുറകിൽ വ്യക്തമായ ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. ജീവചൈതന്യം അവിടെ തുടിക്കുന്നുണ്ട് എന്ന കാര്യം നാം അറിഞ്ഞിരിക്കേണ്ടതാണ്. നിഷ്കളവും നിരൂപവും അനന്തവുമായ ചൈതന്യത്തെ വ്യഷ്‌ടീകരിച്ച് സകളീകരിച്ചുകൊണ്ടാണ് ക്ഷേത്രത്തിൽ ദേവചൈതന്യം പ്രതിഷ്ഠിക്കപ്പെടുന്നത്. അതാണ് പ്രാണപ്രതിഷ്ഠ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ ഒരു വ്യക്തിജീവന്റെ സംവേദനത്വം ക്ഷേത്രചൈതന്യത്തിനുമുണ്ട്. അവിടെ ഹിതാഹിതങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുനുഷ്യന്മാർക്ക് എങ്ങനെയാണോ അതേപോലെ ദേവചൈതന്യത്തിനുമുണ്ട്. അതുകൊണ്ടാണ് പ്രഭാതത്തിൽ പള്ളിയുണർത്തൽ വാകച്ചാർത്ത് സ്നാനം വസ്ത്രാദി അലങ്കാരം നിവേദ്യം തുടങ്ങിയ ഉപചാരങ്ങൾ ആവശ്യമായിവരുന്നത്. പ്രതിഷ്ഠിക്കപ്പെട്ടതു കൊണ്ടുള്ള ദേവന്റെ വിരസത മാറ്റുവാൻ വേണ്ടി വാദ്യഘോഷങ്ങളോടുകൂടെയുള്ള യാത്രകളും നടത്തപ്പെടുന്നു. ദേവൻ കലാരസികനായതിനാൽ വിവിധകലകളും അവതരിപ്പിക്കപ്പെടുന്നു. ദേവന്റെ പ്രീതിമാത്രം കണക്കിലെടുക്കുമ്പോൾ ദേവൻ അഭിലഷിയ്ക്കുന്ന ദ്രവ്യത്തിനു പകരം മറ്റൊന്ന് നൽകുന്നത് യുക്തമാണോ? ചായ ആഗ്രഹിയ്ക്കുന്ന വ്യക്തിയ്ക്ക് ജീരക വെള്ളംകൊണ്ട് തൃപ്തപ്പെടാനാവില്ല. അതിനാൽ ദേവതയ്ക്ക് തൃപ്തി ഏതൊന്നിലാണോ അതുതന്നെ നൽകേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ ദേവതാകോപം ഉണ്ടായേക്കാം. ആ കോപത്തിന്റെ പ്രതിഫലനമായ ദുരിതങ്ങൾ സമൂഹത്തിനും ബാധിച്ചേക്കാം. ജ്യോതിഷികൾ പ്രശ്നവശാൽ ഈ കാര്യം അഭിപ്രായപ്പെട്ടെന്നും വരാം. ശാക്തേയസംവിധാനത്തിൽ കുടിയിരുപ്പ് നടത്തിയ കാവുകളിൽ മദ്യമാംസാദികൾകൊണ്ട് ദേവിയ്ക്കുണ്ടാകുന്ന തൃപ്തി മറ്റൊരു ദ്രവ്യം കൊണ്ടും ഉണ്ടാവുകയില്ല.

ശാക്തേയക്കാവുകളിൽ പഞ്ചമകാരപൂജയാണ് വേണ്ടത് എന്ന് പറഞ്ഞുവല്ലോ. അത് പ്രതിനിധിദ്രവ്യംകൊണ്ട് മതിയോ. യഥാർത്ഥ ദ്രവ്യം തന്നെ വേണ്ടതുണ്ടോ?

പഞ്ചമകാരങ്ങളിൽ പഞ്ചമം ഒഴികെയുള്ളതെല്ലാം യഥാർത്ഥ ദ്രവ്യം തന്നെ വേണം. ഇക്കാര്യം മുൻ അധ്യായങ്ങളിൽ വ്യക്തമാക്കിക്കഴിഞ്ഞതാണ്. വൈദികമായ ദേവപ്രതിഷ്ഠ ചെയ്യുമ്പോൾ സ്വർണ്ണം ഉപയോഗിക്കേണ്ട സ്ഥാനത്ത് അനുകരണ സ്വർണ്ണം മതിയാവില്ലല്ലോ. ചിലപ്പോൾ പവിത്രത്തിനുശേഷം സ്വർണ്ണത്തിന് പകരം ദർഭമതി എന്നും പറഞ്ഞേക്കാം. എന്നാൽ ഷഡാധാരപ്രതിഷ്ഠ ചെയ്യുമ്പോൾ സ്വർണ്ണവും നവരത്നവും സ്ഥാപിക്കേണ്ടതാണ്. ഇതിന്റെയെല്ലാം അനുകരണങ്ങൾ മതിയാവില്ല. ജ്യോതിഷികൾ അഷ്ടമാംഗല്ല്യപ്രശ്നം നടത്തുമ്പോഴും അനുകരണസ്വർണ്ണനാണയം മതിയാവില്ലല്ലോ. ശാക്തേയക്കാവുകളിലും പൂജയ്ക്ക് മദ്യമാംസാദികൾ ഉപയോഗിക്കേണ്ടിടത്ത് അവയുടെ അനുകരണം മതിയാവില്ല.

തന്ത്രസമുച്ചയമനുസരിച്ച് ഓരോമൂർത്തിയിലും ഉപയോഗിക്കേണ്ടതായ നവധാന്യങ്ങൾ വ്യത്യസ്തങ്ങളാണ്. അവ അതേ പ്രകാരംതന്നെ വേണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. വിഷ്ണുവിങ്കൽ ആവശ്യമായ നവധാന്യങ്ങളല്ല ദുർഗ്ഗയിൽ ചെയ്യേണ്ടത്. ഈ നിഷ്കർഷത ദേവചൈതന്യത്തിന്റെ ഭാവമാറ്റത്തിനനുസരിച്ചാണ്. അതേപോലെ ദ്രവ്യകലശം നടക്കുമ്പോൾ അവിടെയും നിർദ്ദിഷ്ട ദ്രവ്യങ്ങൾ തന്നെ വേണം പ്രതിനിധിദ്രവ്യം മതിയാവില്ല. മദ്യമാംസാദികളുടെ കാര്യത്തിൽമാത്രം പ്രതിനിധിദ്രവ്യം മതി എന്ന് പറയുന്നത് യുക്തിരഹിതമല്ലേ.

കാവുകളും ക്ഷേത്രങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?

ക്ഷേത്രങ്ങൾ പൂർണ്ണമാവണമെങ്കിൽ ഷഡാധാരപ്രതിഷ്ഠ ഉണ്ടായിരിക്കണം. കാവുകളിൽ അത് നിർബന്ധമില്ല. വൃക്ഷലതാദികളെ വളർത്തി പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് കാവുകളുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം. അതിനാൽ വൃക്ഷപൂജയും വളരെ പ്രാധാന്യമർഹിക്കുന്നു.

ശാക്തേയ കാവുകളിൽ കൊടിമര പ്രതിഷ്ഠ ആവശ്യമുണ്ടോ?

കുടിയിരിപ്പ് വിധാനത്തിലുള്ള കാവുകളിൽ പടഹാദികളായ ഉത്സവമാണ് നടത്തേണ്ടത്. അങ്കുരാദിയോ, ധ്വജാദിയോ അല്ല. അതിനാൽ ഉത്സവകാലത്ത് കൊടിനാട്ടുന്ന സമ്പ്രദായമായിരുന്നു ഉണ്ടായിരുന്നത്. അതുമാത്രമേ ആവശ്യമുള്ളൂ. കൊടുങ്ങല്ലൂർ, പിഷാരികാവ് തുടങ്ങിയ കാവുകളിൽ ഒന്നും കൊടിമരം ഇല്ലെന്ന കാര്യവും അറിഞ്ഞിരിക്കണം. ചുറ്റമ്പലവും വലിയ ബലിക്കലും ഇല്ലാത്ത കാവുകളിൽ കൊടിമരത്തിന്റെ ആവശ്യമേയില്ല. വർഷത്തിൽ ഒരിക്കൽമാത്രം ആവശ്യമായി വരുന്നതാണ് കൊടിമരം. അതിനുവേണ്ടി വലിയ ചിലവ് ചെയ്ത് കൊടിമരം സ്ഥാപിക്കേണ്ടതില്ല. ഷഡാധാരപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നടത്തുന്ന ബലിക്രമങ്ങളൊക്കെ കൊടിമരത്തിനും ആവശ്യമുണ്ട്. എന്നാൽ ശ്രീകോവിലിൽ കുടിയിരിപ്പ് വിധാനം ഉണ്ടായിരിക്കെ അതിനേക്കാൾ മഹത്വവൽക്കരിച്ചുകൊണ്ട് കൊടിമരപ്രതിഷ്ഠ ചെയ്യുന്നത് യുക്തമല്ല. 

ദണ്ഡൻ, ഘണ്ടാകർണ്ണൻ, ഗുളികൻ തുടങ്ങിയ ദേവന്മാരെ ഉപദേവന്മാരായി ആരാധിച്ച് കാണുന്നുണ്ടല്ലോ?

രുരുജിത് വിധാനമുള്ള ക്ഷേത്രങ്ങളിൽ മാതൃക്കളും ഗണപതിയും വീരഭദ്രനും ഉണ്ടായിരിക്കും. ഈശാനകോണിലായി ക്ഷേത്രപാലനെയും പ്രതിഷ്ഠിച്ചിരിക്കും. എന്നാൽ കുടിയിരിപ്പ് സംവിധാനത്തിലുള്ള കുറുംബക്കാവുകളിൽ ദണ്ഡൻ, ഖണ്ഡൻ, ഘണ്ടാകർണ്ണൻ, വസൂരിമാല എന്നീ മൂർത്തികളെ ആരാധിക്കുന്നു. ഇവരൊക്കെയും ദാരികവധവുമായി ബന്ധപ്പെട്ട മൂർത്തികളാണ്. 

ദാരികനെ വധിച്ചതിൽ ക്രുദ്ധയായ ദാരികപത്നി മനോദരി ശിവനെ ഭജിച്ച് വരംവാങ്ങി ശ്രീഭദ്രകാളിയുടെ ദേഹത്ത് വസൂരിരോഗം വിതച്ചത്രെ. ഭദ്രകാളി മനോദരിയെ വലിച്ചിഴച്ച് കയ്യും കാലും വെട്ടി തന്നെ മണംപിടിച്ച് അനുഗമിക്കാൻവേണ്ടി ആജ്ഞാപിച്ചു. ആ മൂർത്തിയാണ് വസൂരിമാല. ശ്രീഭദ്രകാളിയ്ക്ക് ആരോടെങ്കിലും കോപമുണ്ടെങ്കിൽ വസൂരിമാലയെ പറഞ്ഞയച്ച് രോഗം വിതയ്ക്കുകയാണെന്നാണ് സങ്കൽപം.

 ശ്രീഭദ്രകാളിയുടെ ദേഹത്ത് ബാധിച്ച വസൂരിരോഗം തുടച്ചുമാറ്റിയത് ഘണ്ടാകർണ്ണനാണ്. 

ദണ്ഡപാണിയായി ഭദ്രകാളിയുടെ മുന്നിൽ നടക്കുന്ന ദേവനാണ് ദണ്ഡൻ. 

ശത്രുക്കളെ ഖണ്ഡിക്കുന്നവനാണ് ഖണ്ഡൻ.

ഇത് കൂടാതെ കാവിലെ വാസ്തുവിന്റെ സംരക്ഷകനായി ഗുളികൻ ഉണ്ടായിരിക്കും. ചിലയിടങ്ങളിൽ കുട്ടിച്ചാത്തനെയും ഉപചരിക്കാറുണ്ട്. പൊട്ടൻദൈവം തുടങ്ങിയ സങ്കല്പങ്ങളും ചിലയിടങ്ങളിൽ കണ്ടുവരുന്നുണ്ട്.

ചില ശാക്തേയ കാവുകൾ ഉത്സവം കഴിഞ്ഞ് ഏഴ് ദിവസം നട അടച്ചിടുന്നുണ്ടല്ലോ. അതിന്റെ ആവശ്യമുണ്ടോ?

മഹാക്ഷേത്രങ്ങളിൽ ദേവപ്രതിഷ്ഠ നടത്തിക്കഴിഞ്ഞാൽ മൂന്നു ദിവസം അടച്ചിടും. അതിനുശേഷമേ കലശാഭിഷേകങ്ങൾ നടക്കാറുള്ളൂ. പ്രതിഷ്ഠിക്കപ്പെട്ട ചൈതന്യത്തെ ദേവന്മാർക്ക് പൂജിക്കുവാൻ വേണ്ടിയാണ് എന്നതാണ് സങ്കൽപം. അതേപോലെ കാവുകളിൽ ഉത്സവം കഴിഞ്ഞാൽ ഏഴുദിവസം ദേവിയുടെ പരിവാരങ്ങളായ ഭൂതഗണങ്ങൾക്ക് ദേവിയെ പൂജിക്കണമത്രെ. അതിനുള്ള അവസരമായിട്ടാണ് നട അടച്ചിടുന്നത്. ഇതേപോലെ ചില ദേവീക്ഷേത്രങ്ങളിൽ രാത്രിയായാൽ മനുഷ്യന്മാർ പ്രവേശിക്കാറില്ലായിരുന്നും. ഇതും ഭൂതഗണങ്ങൾക്ക് ആരാധിക്കുവാൻ വേണ്ടി നീക്കിവെച്ചസമയമാണ്. ഇത്തരം വിശ്വാസങ്ങളെ ഗൗരവബുദ്ധ്യാതന്നെ പരിഗണിക്കേണ്ടതാണ്.

പല ദേവീക്ഷേത്രങ്ങളിലും ഉത്സവസംബന്ധമായ പ്രധാന ആചരണങ്ങൾ അർദ്ധരാത്രിയിലാണല്ലോ നടക്കുന്നത്. എന്തുകൊണ്ടാണ്?

കാളരാത്രി എന്നത് ദേവിയുടെ പര്യായപദമാണ്. രാത്രി പന്ത്രണ്ട് മണിമുതൽ മൂന്നുമണിവരെയുള്ള സമയം കാളീയാമമാണ്. കാളീവിധാനത്തിലുള്ള പൂജകൾ ഒക്കെത്തന്നെ ഈ സമയത്ത് ചെയ്യുന്നതായിരിക്കും ഉത്തമം.

ശാക്തേയ കാവുകളിൽ നിത്യപൂജ ആവശ്യമുണ്ടോ?

ഉക്തവാസരവ്യവസ്ഥയനുസരിച്ച് ശാക്തേയ കാവുകളിൽ പണ്ടുമുതലേ നിത്യപൂജ ചെയ്തുപോന്നിട്ടുണ്ടെങ്കിൽ അത് മുടക്കുവാൻ പാടുള്ളതല്ല. രുരുജിത് വിധാനമുള്ള കാവുകളിൽ നിത്യപൂജയുണ്ട്. അതല്ലാതെ ശ്രീകുറുംബയായും മറ്റും ദേവിയെ കുടിയിരുത്തിയ കാവുകളിൽ ഉത്സവവും മാസ സംക്രമപൂജയും നിത്യവിളക്കും മാത്രമേ ആവശ്യമുള്ളൂ. നിത്യപൂജനടത്തുന്നത് വാസ്തവത്തിൽ ദേവതയ്ക്ക് വേണ്ടിയുള്ളതല്ല. ഭക്തന്മാർക്ക് പ്രാർത്ഥിക്കുവാൻ അവസരം ഒരുക്കുവാൻ വേണ്ടിയാണ്. വെറും മാസസംക്രമപൂജമാത്രം നടത്തി വന്ന ശബരിമല ക്ഷേത്രത്തിൽ സംക്രമപൂജയുടെ ദിവസങ്ങൾ വർദ്ധിപ്പിച്ചത് ഭക്തന്മാരുടെ സൗകര്യാർത്ഥം മാത്രമാണ്. ഇതാവട്ടെ ധ്യാനനിഷ്ഠനായ ദേവന് അനിഷ്ടം ആചരിക്കുകയാണ് എന്നും പറയേണ്ടിയിരിക്കുന്നു.

ദേവീക്ഷേത്രത്തിൽ വെളിച്ചപ്പാട് ഉണ്ടാകുന്നുണ്ടല്ലോ. അതിന്റെ തത്വം എന്ത്?

കുണ്ഡലിനീശക്തിയുടെ ജാഗരണംമൂലം ഉണ്ടാകുന്ന കമ്പനംതന്നെയാണ് വെളിച്ചപ്പാട് എന്നുപറയുന്നത്. എന്നാൽ ഒരു യോഗി അനുഭവിക്കുന്നമാതിരി ബ്രഹ്‌മാനുഭൂതിയിലേയ്ക്ക് എത്തിച്ചേരുന്നുമില്ല. ഈ സമ്പ്രദായം ലോകത്തിൽ എല്ലായിടത്തും ഉണ്ടായിരുന്നതായി കാണാം. ഗ്രീക്കുപുരാണം വായിച്ചാൽ പലരാജാക്കന്മാരും അപ്പോളോ ദേവന്റെ ക്ഷേത്രത്തിൽ പോയി പ്രവചനം ശ്രവിച്ചതായി പരാമർശമുണ്ട്. 

കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ട് കണ്ണകിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണെന്ന് പറയുന്നുണ്ടല്ലോ?

കൊടുങ്ങല്ലൂരമ്മ കണ്ണകിയല്ല. ശ്രീപരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ലോകാംബികയാണ്. ചിലപ്പോൾ കണ്ണകീദേവി ശ്രീകുരുംബാ ചൈതന്യത്തിൽ ലയിച്ചുചേർന്നിരിക്കാം.

ഇളങ്കോവടികളുടെ ചിലപ്പതികാരം അനുസരിച്ച് ചേരൻ ചെങ്കുട്ടുവൻ എന്ന രാജാവ് ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന ശിലയിൽ കണ്ണകീവിഗ്രഹം കൊത്തി പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. ഈ പ്രതിഷ്ഠ നടന്നത് രവിപുരം ശിവക്ഷേത്രസന്നിധിയിലാണ്. ഇവിടെ നിന്ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് ചില ആഘോഷവരവുകൾ നടക്കാറുണ്ട്.

രവിപുരം ശിവക്ഷേത്രത്തിനടുത്ത് പ്രതിഷ്ഠിക്കപ്പെട്ട പൗരാണിക കണ്ണകീവിഗ്രഹം കളവുപോയതായും പിന്നീട് അതിന്റെ സ്ഥാനത്ത് പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചതായും ബ്രഹ്മശ്രീ ത്രിവിക്രമൻ അടികൾ, രാധാകൃഷ്ണമേനോൻ, ഗോപാലകൃഷ്ണപണിക്കർ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു.

പൗരാണിക കണ്ണകീവിഗ്രഹം ശിലയാണെങ്കിൽ കൊടുങ്ങല്ലൂർ ശ്രീകുരുംബാഭഗവതിയുടേത് ദാരുവിഗ്രഹവുമാണ്. അതിനാൽ കണ്ണകീചരിതവും ഭരണപ്പാട്ടുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല.

ഭരണിപ്പാട്ട് തുടങ്ങിയ ആചരണങ്ങൾ ശരിയാണോ?

ഭരണിപ്പാട്ട് എന്നത് പഞ്ചമകാരങ്ങളിൽ മൈഥുനത്തിന്റെ സംഗീതാവിഷ്കാരമാണ്. പച്ചമലയാളത്തിൽ അതിനെ പലർക്കും അരോചകമായി തോന്നിയേയ്ക്കാം. അങ്ങനെയെങ്കിൽ മേൽപ്പത്തൂർ എഴുതിയ നാരായണീയത്തിലെ രാസകേളീവർണ്ണനകളും വില്വമംഗലം സ്വാമിയുടെ ശ്രീകൃഷ്ണകർണ്ണാമൃതത്തിലെ ചില ശ്ലോകങ്ങളും ജയദേവകവിയുടെ ഗീതാഗോവിന്ദവും നാം വർജ്ജിക്കേണ്ടിവരും. അവ സംസ്കൃതത്തിലായതിനാൽ പലർക്കും അർത്ഥം മനസ്സിലാക്കുന്നില്ല എന്നുമാത്രം. വർഷത്തിൽ ഒരു ദിവസം മാത്രമേ ഭരണിപ്പാട്ട് പാടാറുള്ളൂ. അതിനാൽ വ്യക്തമായ നിഷ്കർഷയുടെ അടിസ്ഥാനത്തിലാണ് ഈ ആചരണം എന്നുകാണാം. 

താഴ്ന്ന സമുദായക്കാർ കാവുകളിൽ പ്രവേശിക്കുന്നതിനെ കാവുതീണ്ടുക എന്നു പറയുന്നുണ്ടല്ലോ. അത് ശരിയാണോ?

തീണ്ടുക എന്ന വാക്കിന്റെ അർത്ഥം അശുദ്ധമാക്കുക എന്നതല്ല. ആ ഒരു സങ്കല്പം ഋതുമതിയെ തീണ്ടാരിയായവൾ എന്നു പറഞ്ഞതിൽ നിന്ന് വന്നുചേർന്നതാണ്. ഋതുമതി ആ അവസരത്തിൽ അശുദ്ധയായതുകൊണ്ടല്ല തീണ്ടാരിയായവൾ എന്നു പറയുന്നത്. പുഷ്പിണി എന്നു തുടങ്ങിയ പ്രയോഗങ്ങളും ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. തീണ്ടുക എന്ന വാക്ക് ശക്തിപ്രസരണത്തെ കുറിക്കുന്നതാകുന്നു. സ്ത്രീയുടെ ശക്തിപ്രസരണം ഗർഭോൽപാദനത്തിന് സജ്ജമാകുമ്പോഴാണ്. ഇവിടെ ശക്തിപ്രസരണം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതിനിയമം മാത്രമാണ്. അതല്ലാതെ ഭരണതന്ത്രങ്ങളിലും കലാവിദ്യകളിലും വിദ്യാഭ്യാസത്തിലും യുദ്ധതന്ത്രങ്ങളുമെല്ലാമുള്ള പാടവമല്ല. ഇക്കാര്യത്തിൽ പുരുഷനൊപ്പമോ അല്ലെങ്കിൽ അതിലുപരിയോ സാധ്യതകൾ സ്ത്രീക്കും ഉണ്ട്. അത്തരം സാധ്യതകളുടെ മൂർത്തീകരണമായിട്ടാണല്ലോ ദേവിയെ നാം ആരാധിക്കുന്നത്. എന്നാൽ സ്ത്രീത്വത്തിന്റെ പ്രസരണമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. അതാണ് തീണ്ടാരി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. വിഷം തീണ്ടുക എന്നൊരു പ്രയോഗമുണ്ടല്ലോ. വിഷം കൊണ്ട് ആരും അശുദ്ധമാകുന്നില്ല. വിഷം ശരീരത്തിൽ പ്രസരിക്കുകയാണ്. ഇതേപോലെ വിവിധ സമുദായക്കാരുടെ ഭക്തിനിർഭരമായ വരവോടെ കാവിലെ ചൈതന്യം പ്രസരിക്കുന്നതിനെയാണ് കാവുതീണ്ടൽ എന്ന് പറയുന്നത്. ഈ പ്രയോഗം ആരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതല്ല.

അങ്ങനെയെങ്കിൽ എല്ലാ സമുദായക്കാരും പൂജ പഠിക്കേണ്ടതുണ്ടോ?

പൂജ പഠിക്കുവാനുള്ള അവകാശം ഒരു വിഭാഗത്തിനുവേണ്ടി മാത്രം ക്ലപ്തപ്പെടുത്തുന്നത് ജാതീയമായ ഉച്ചനീചമനോഭാവം വളർത്തുവാനേ ഉപകരിക്കുകയുള്ളൂ. മുമ്പുകാലത്ത് എല്ലാ സമുദായക്കാരും അവരവരുടെ പാരമ്പര്യ ഉപദേശപ്രകാരം പൂജ പഠിച്ചിരുന്നു. അവരുടെ കാവുകളിൽ നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഇവർക്കൊക്കെ ശാക്തേയ സംവിധാനത്തിലുള്ള മന്ത്രോപദേശവും ഉണ്ടായിരുന്നു. എല്ലാ സമുദായങ്ങളും പൂജ പഠിക്കുന്നത് സാമൂഹികമായ അസമത്വത്തെ ഇല്ലാതാക്കുകയും ഹിന്ദുധർമ്മത്തിന് ഉണർവ്വ് ഉണ്ടാക്കുകയും ചെയ്യും.

ഹിന്ദുമതത്തിൽ എല്ലാ സമുദായക്കാർക്കും ഇത്തരത്തിൽ ദേവതയുമായി കടപ്പാടുണ്ടായിരിക്കുമോ?

കുലദേവതയെയും കുലഗുരുവിനെയും ആരാധിയ്ക്കാത്ത ഒരു ജാതിസമുദായങ്ങളും ഹിന്ദുമതത്തിലില്ല. എന്നാൽ പല സാഹചര്യങ്ങൾകൊണ്ടും പലരും ഇക്കാര്യം മറന്നുപോകുകയും അതുകൊണ്ടുള്ള ദുരിതങ്ങൾ അനുഭവിക്കുകയും ചിലരൊക്കെ മതപരിവർത്തനത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. അതിനാൽ കുടുംബഭദ്രതക്കും ഹിന്ദുധർമ്മത്തിന്റെ സുസ്ഥിരതക്കും കുലപരദേവതമാരുടെ ഉപാസന നിർബന്ധമാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയും വേണം.

സാമുദായികമായി പൂജ നടത്തുന്ന കാവുകളിൽ അതാത് സമുദായക്കാർ തന്നെ പൂജ ചെയ്യണമെന്ന് പറഞ്ഞുവല്ലോ. ഇത് നാം മറക്കാൻ ശ്രമിക്കുന്ന ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയല്ലേ?

ജാതിവ്യവസ്ഥ തെറ്റല്ല. അത് പൗരാണികമായ തൊഴിൽ സംസ്കാരം അനുസരിച്ചുണ്ടായതാണ്. തൊഴിലിന്റെ മഹത്വമാണ് അവിടെ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഉച്ചനീചഭാവനകളാണ് ദോഷകരമായിത്തീരുന്നത്. എല്ലാ സമുദായങ്ങൾക്കും തുല്ല്യപരിഗണയും തുല്ല്യബഹുമതിയും നൽകുന്ന രീതിയിലാണ് കാവുകളിൽ നടപ്പിലാക്കിയ അവകാശാധികാര സമ്പ്രദായങ്ങൾ. ഈ അവകാശസമ്പ്രദായങ്ങൾ ഉള്ളതുകൊണ്ട് ഓരോ സമുദായക്കാരും അവരുടെ കടുംബത്തിന്റെയും സമുദായത്തിന്റെയും യോഗ്യതയും പാരമ്പര്യവും തിരിച്ചറിയുകയാണ്. അത്തരം ഒരു തിരിച്ചറിവ് നഷ്ട്പ്പെടുന്നതുകൊണ്ടാണ് ചിലരെങ്കിലും ഇതരമതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്. അതിനാൽ കാവുകളിലെ സാമുദായികമായി ആചരിച്ചുവരുന്ന അവകാശാധികാര സമ്പ്രദായങ്ങൾ നിലനിർത്തുകതന്നെ വേണം. ഇത്തരം സമുദായങ്ങൾ പരമ്പരാഗതമായി ദേവതയുമായി കടപ്പെട്ടിരിക്കയാൽ അത്തരമൊരുസംസ്കാരം പുലർത്തുകയും മറ്റു മതങ്ങളിലേക്കോ സംസ്കാരങ്ങളിലേക്കോ കുടിയേറുവാൻ തയ്യാറല്ലാതായിത്തീരുകയുമാണ് ചെയ്യുന്നത്. ഈ സമുദായങ്ങളിൽ പാരമ്പര്യ സംസ്കാരം ദൃഢമാണെങ്കിൽ മാത്രമേ ഹിന്ദുക്കളിൽ ഐക്യദാർഢ്യം ഉണ്ടാവുകയുള്ളൂ.

കുലത്തൊഴിൽ നഷ്ടപ്പെട്ട് പലരും പലവിധ ജോലികൾ തേടിപ്പോകുന്ന ഇക്കാലത്ത് ഇത് സാധ്യമാകുമോ?

കുലത്തൊഴിലിന്റെ മഹത്വം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇതേപ്രകാരം പറയുന്നത്. ഇന്ന് കുലത്തൊഴിൽ മാത്രം ആശ്രയിച്ച് ആർക്കും ജീവിക്കാൻ പറ്റില്ല. പലരും വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിലും ഭാവനക്കും ബുദ്ധിശക്തിക്കും അനുസരിച്ചും പലവിധ ജോലികൾ ചെയ്തുവരുന്നവരാണ്. അങ്ങനെയെങ്കിലും സമുദായാചരണത്തിന്റെ ഭാഗമായി വർഷത്തിൽ ഒരിക്കലെങ്കിലും കുലത്തൊഴിൽ ഒരു ചടങ്ങ് എന്ന നിലയിൽ പുലർത്തിയാൽ അത് സമുദായത്തിന്റെ സുസ്ഥിരതയ്ക്കും സംസ്കൃതിയ്ക്കും ബലമേകുന്നതാണ്.

അപ്പോൾ ബ്രാഹ്മണസമുദായത്തിൽപ്പെട്ട തന്ത്രിമാർ വേണ്ട എന്നാണോ പറയുന്നത്?

ബ്രാഹ്മണസമുദായത്തിൽപ്പെട്ടവർക്ക് ശാക്തേയദീക്ഷ നേടുന്നതിന് വിരോധമൊന്നുമില്ലല്ലോ. കാട്ടുമാടം, കാളകാട്ടില്ലം തുടങ്ങിയ ബ്രാഹ്മണ ഭവനങ്ങളിൽ വ്യക്തമായ ശാക്തേയ സംവിധാനം ഉണ്ടായിരുന്നതായി അറിയുന്നു. അത് എവിടെയോവെച്ച് കൈമോശം വന്നുപോയതാണ്. കങ്കാളധാരിണിയായ ശ്രീഭദ്രകാളിയെ ഉപാസിയ്ക്കുന്നതിനാൽ കാളകാട്ടില്ലത്ത് നമ്പൂതിരിമാർ കങ്കാളബ്രാഹ്മണർ എന്ന പേരിൽ അറിയപ്പെട്ടതായി പറയപ്പെടുന്നതും ഇതേ അർത്ഥത്തിലാണ്. അടിയേരി, പുല്ലഞ്ചേരി, കാളകാട്ടിൽ, കാട്ടുമാടം എന്നീ ബ്രാഹ്മണ ഭവനങ്ങൾക്കാണ് പൂർവ്വികമായി മാന്ത്രികപാരമ്പര്യം ഉണ്ടായിരുന്നത്.

അങ്ങനെ പുറത്തുനിന്നുള്ള സമുദായത്തിൽനിന്ന് ദേവതയെ കുടിയിരുത്തുവാൻ വേണ്ടി ഒരു ആചാര്യനെ നിശ്ചയിക്കുന്നുവെങ്കിൽ അദ്ദേഹത്തിനുള്ള യോഗ്യതയെന്ത്?

സാധാരണഗതിയിൽ മറ്റു സമുദായങ്ങളിൽ നിന്ന് ആചാര്യനെ നിശ്ചയിയ്ക്കുമ്പോൾ അന്യമന്ത്രയജനം എന്ന ദോഷം വരും. അതില്ലാതാക്കണമെങ്കിൽ കൗളതന്ത്രത്തിൽ ദീക്ഷിതനായ ആചാര്യനെക്കൊണ്ടുതന്നെ വേണം ദേവതയുടെ കുടിയിരുത്തൽക്രിയ ചെയ്യിക്കുവാൻ. ആചാര്യൻ ദീക്ഷിതനും ആഗമശാസ്ത്രങ്ങൾ എല്ലാം അറിഞ്ഞിരിയ്ക്കുന്ന ആളും തപസ്വിയുമായിരിക്കണം എന്നാണ് പ്രമാണം. ഇവിടെ വിശേഷിച്ച് കൗളശാസ്ത്രത്തിൽ വളരെ വലിയ അവഗാഹം നേടിയ ആളായിരിക്കണം. വാസ്തവത്തിൽ ദേവപ്രതിഷ്ഠയല്ല, കുടിയിരുത്തൽ മാത്രമാണ് ഇവിടങ്ങളിലെ സംവിധാനം.

ശാക്തേയ കാവുകളിൽ തന്ത്രിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന് പറഞ്ഞുവല്ലോ. അതെങ്ങനെ ക്ഷേത്രങ്ങളിൽ തന്ത്രിയ്ക്ക് പിതൃസ്ഥാനമാണല്ലോ പരികൽപ്പിച്ചിരിക്കുന്നത്?

തന്ത്രസമുച്ചയം തുടങ്ങിയ പ്രമാണങ്ങളനുസരിച്ച് തന്ത്രിക്ക് ക്ഷേത്രത്തിന്റെ പിതൃസ്ഥാനമാണുള്ളത്. എന്നാൽ ശാക്തേയ കാവുകളിലെ സ്ഥിതി അതല്ല. നേരത്തെ സൂചിപ്പിച്ച പ്രകാരം അതാത് സമുദായങ്ങളിൽ ചിരപുരാതനകാലത്ത് ജീവിച്ചിരുന്ന സിദ്ധയോഗീശ്വരന്റെ തപഃസിദ്ധിയുടെ സമർപ്പണമാണ് ശാക്തേയ കാവുകളിലെ ചൈതന്യമായി രൂപപ്പെട്ടത്. അതിനാൽ ശാക്തേയ കാവുകളിലെ സകലവിധ അവകാശാധികാരങ്ങളും അതാത് സമുദായക്കാർക്കുള്ളതാണ്. പാരമ്പര്യ ഉപദേശപ്രകാരം മന്ത്രധ്യാനാദികൾ പരിശീലിച്ച് അവർ തലമുറകളായി അർച്ചനയും ഉത്സവാദികളും നടത്തിപ്പോരുന്നു. ഈ സമുദായങ്ങളുടെ പാരമ്പര്യ ഉപദേശമില്ലാതെ മറ്റു സമുദായങ്ങളിൽനിന്ന് യോഗ്യനായ ഒരു തന്ത്രിയെ സ്വീകരിച്ചാൽ ചിലപ്പോൾ വിരുദ്ധ മന്ത്രങ്ങൾ പ്രയോഗിക്കേണ്ടിവരും. ഇവിടെ അന്യമന്ത്രയജനം എന്ന ദോഷമുണ്ടായിത്തീരും. എന്നാൽ പിൽക്കാലത്ത് ഈ സമുദായങ്ങളിൽപ്പെട്ടവർക്ക് തപോനിഷ്ഠ കുറയുവാനിടവന്നപ്പോൾ രാജകീയനിർദ്ദേശപ്രകാരം ജീർണ്ണോദ്ധാരണ സമയത്ത് ദേവതയെ കുടിയിരുത്തുവാൻ വേണ്ടിമാത്രം പുറത്തുള്ള സമുദായങ്ങളിൽനിന്ന് യോഗ്യരായവരെ നിയോഗിച്ചു എന്നു മാത്രമേയുള്ളൂ.

രുരുജിത് വിധാനമുള്ള ക്ഷേത്രങ്ങളിൽ ചാമുണ്ഡാ മന്ത്രമാണ് മൂലമന്ത്രമെന്ന് ചിലർ പറയുന്നുണ്ടല്ലോ ?

രുരുജിത് വിധാനമുള്ള ക്ഷേത്രങ്ങളിൽ ചാമുണ്ഡിക്കു വലിയ പ്രാധാന്യമുണ്ട്. എന്നാൽ മൂലമന്ത്രം നവാക്ഷരി എന്നറിയപ്പെടുന്ന ചാമുണ്ഡാ മന്ത്രമല്ല. നവാക്ഷരിയായി അറിയിപ്പെടുന്ന ചാമുണ്ഡാ മന്ത്രം ചണ്ഡികാദേവിയുടേതാണ്. ഈ ചണ്ഡികാദേവി മഹിഷാസുരമർദ്ദിനിയും സുംഭനിസുംഭന്മാരെ വധിച്ചവളുമാണ്. സപ്തമാതൃക്കളിലെ ചാമുണ്ഡാദേവിയും നവാക്ഷരിമന്ത്രം കൊണ്ട് ആരാധിക്കപ്പെടുന്ന ചണ്ഡികാദേവിയും ഒന്നല്ല. സപ്തമാതൃക്കളിലെ ചാമുണ്ഡാദേവിയുടെ വാഹനം നത്ത് ആകുന്നു. എന്നാൽ ചണ്ഡികാദേവിയുടെ വാഹനം സിംഹവുമാകുന്നു. സപ്തമാതൃക്കളിലെ ചാമുണ്ഡിയും ദാരികനെ വധിച്ച ശ്രീഭദ്രകാളിയും ഒന്നുതന്നെയെന്ന ഒരു പരാമർശം ഭദ്രോൽപത്തി പ്രകരണത്തിലുണ്ട്. എന്തായിരുന്നാലും കേരളത്തിലെ കാവുകളിലെല്ലാം ആരാധിക്കപ്പെടുന്നത് ദാരികവധവുമായി ബന്ധപ്പെട്ട കാളിയെയാണ്. ഈ കാളിയുടെ വാഹനം വേതാളവുമാകുന്നു. അതിനാൽ സപ്തമാതൃക്കളോട് ചേർന്നുള്ള വേതാളവാഹനയായ കാളിയെയാണ് മാടായിക്കാവിലും കളരിവാതുക്കൾ ക്ഷേത്രത്തിലും ആരാധിക്കപ്പെടുന്നത്. കളരിവാതുക്കലിലെ ശ്രീ. കേശവൻമൂത്തപിടാരരുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഇതേ സംവിധാനം തന്നെയാണ് മാമാനത്തുകാവിലേതെന്ന് അവിടുത്തെ പൂജാരിമാരായ കൃഷ്‌ണൻ മൂസ്സത്, ചന്ദ്രൻമൂസ്സത്, ഉണ്ണികൃഷ്ണമൂസ്സത്, രമേശൻമൂസ്സത് എന്നിവർ പറയുകയുണ്ടായി.

പിടാരകന്മാർ പൂജനടത്തുന്ന ക്ഷേത്രങ്ങളിലെല്ലാംതന്നെ ചണ്ഡകപാലിനിയായാണ് ദേവി അറിയപ്പെടുന്നത്. ഉത്തരാമ്നായത്തിലെ മഹാചണ്ഡയോഗേശ്വരിയുടെ മൂലമന്ത്രം നവാക്ഷരിയാണ്. ആ മന്ത്രമാണ് ഇവിടെയും മൂലമന്ത്രമായി കണക്കാക്കുന്നത്.

ശാക്തേയക്കാവുകളിലെ ആരാധനാമൂർത്തിയേത് ?

ശാക്തേയക്കാവുകളിൽ പരാമ്പര്യ ഉപദേശപ്രകാരമുള്ള മൂലമന്ത്രവും ധ്യാനവും സ്വീകരിച്ചുകൊണ്ട് അതാത് സമുദായങ്ങൾ തന്നെയാണ് പൂജാദി അടിയന്തിരങ്ങൾ നടത്തിവരുന്നത്. ഉദാഹരണമായി കളരിവാതുക്കൽ, മാടായിക്കാവ് തുടങ്ങിയ സങ്കേതങ്ങളിൽ പിടാരകന്മാർ അവരുടെ പാരമ്പര്യ ഉപദേശപ്രകാരമാണ് പൂജാദി അടിയന്തിരങ്ങൾ നടത്തുന്നത്. കൊടുങ്ങല്ലൂർ ശ്രീകുറുംബക്കാവിൽ അടികളും മറ്റ് കടലോരമേഖലകളിലും മറ്റുമുള്ള രുരുജിത് വിധാനമല്ലാത്ത കാവുകളിൽ ബന്ധപ്പെട്ട സമുദായക്കാരും പൂജാദി അടിയന്തിരങ്ങൾ നിർവ്വഹിക്കുന്നു. മാടായിക്കാവിൽ ചണ്ഡകപാലിനി എന്ന പേരിലും കൊടുങ്ങല്ലൂരിൽ ശ്രീകുറുംബ എന്ന പേരിലും അറിയപ്പെടുന്ന ദേവി ദാരികവധവുമായി ബന്ധപ്പെട്ട കാളിയാണ്. പാരമ്പര്യ ഉപദേശപ്രകാരം പൂജയും ഉത്സവങ്ങളും നിർവ്വഹിക്കുന്ന ഇത്തരം സങ്കേതങ്ങളിൽ ക്ഷേത്രാചാര്യന് അതായത് തന്ത്രിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല. മേൽപ്പറഞ്ഞ സമുദായങ്ങളിലൊക്കെത്തന്നെ പൂർവ്വികരായ യോഗിവര്യന്മാർ ജീവിച്ചിരുന്നതായും അവർ നടപ്പിലാക്കിയ ആചാരാനുഷ്ഠാനങ്ങളാണ് പിൻതലമുറക്കാർ പിന്തുടർന്നതെന്നും മനസ്സിലാക്കാം.

ശാക്തേയക്കാവുകളുടെ ആരാധനയ്ക്ക് രഹസ്യസ്വഭാവമുണ്ടോ?

ശാക്തേയക്കാവുകളിൽ  പ്രകടവും രഹസ്യവുമായ ആരാധനകൾ നടക്കുന്നു. സാധാരണരീതിയിൽ അഭിഷേകാദികളായി തുടങ്ങുന്ന പൂജകളും ഉത്സവങ്ങളും മറ്റ് ചടങ്ങുകളും പ്രകടഭാവത്തിന്റെ ആവിഷ്കാരമാണ്. രഹസ്യമായി നടക്കുന്നത് അഥവാ നടക്കേണ്ടത് പഞ്ചമകാര പൂജയാണ്.

രുരുജിത് വിധാനത്തിന്റെ താത്വികവശമെന്ത്?

എല്ലാ ക്ഷേത്രങ്ങളും ഒരു സാധകശരീരത്തിന്റെ പ്രതീകാത്മക ആവിഷ്കാരമാണ്. എന്നാൽ കൊടുങ്ങല്ലൂർ തുടങ്ങിയ ശാക്തേയക്കാവുകൾ ഒരു കൗളസാധകന്റെ ഉപാസ്യഭാവത്തെ പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതാണ്. അതായത് കൗളസാധകൻ സ്വന്തം ശരീരത്തെ ശ്രീചക്രരൂപേണ അനുസന്ധാനം ചെയ്യുന്നു. ശ്രീചക്രത്തിലെ നവയോനികളിൽ അഞ്ചെണ്ണം ശക്ത്യാത്മകങ്ങളും നാലെണ്ണം ശിവാത്മകങ്ങളുമാണ്. എന്നിരുന്നാലും ശ്രീചക്രത്തിൽ ശിവന് പൂജയില്ല. ദേവിയ്ക്ക് മാത്രമേ പൂജയുള്ളൂ. ദേവിയുടെ വിവിധ പരിവാരങ്ങളുടെ കൂട്ടത്തിൽ അഷ്ടമാതൃക്കൾക്ക് പ്രാധാന്യവുമുണ്ട്. സപ്തമാതൃക്കൾ എന്ന് പറഞ്ഞുവരാറുണ്ടെങ്കിലും താന്ത്രികമായ ഉപാസന ഉയരുമ്പോൾ അഷ്ടമാതൃക്കളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. മാതൃദേവതമാർക്ക് പ്രാധാന്യം ഉള്ളതുകൊണ്ടാണ് തെക്കോട്ട് പൂജ നിർവ്വഹിക്കപ്പെടുന്നത്. ശാക്തേയക്കാവുകളിൽ ശിവന് പൂജ നടക്കാറുണ്ടെങ്കിലും വലിയ പ്രാധാന്യമൊന്നും കല്പിക്കാറില്ല. ദേവിക്കാണ് ശരിയായ പൂജ നടക്കുന്നത്. ശിവതത്വം എന്നത് നിർഗ്ഗുണവും നിർവ്വികാരവുമായ പരബ്രഹ്മതത്വം തന്നെ. ദേവീചൈതന്യമാവട്ടെ ഉത്ഥാപിത കുണ്ഡലിനി തന്നെയാണ്. ശ്രീചക്രത്തിന്റെ ഈ താത്വിക സമീപനത്തെ ഉൾക്കൊണ്ടാണ് ശാക്തേയക്കാവുകളിൽ ശിവനും, മാതൃക്കളും, കാളിയുമെല്ലാം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ശാക്തേയക്കാവുകൾ ഏതൊക്കെയാണ്?

മുൻകാലത്ത് എല്ലാ ദേവീക്ഷേത്രങ്ങളും ശാക്തേയക്കാവുകളായിരുന്നു. പിൽക്കാലത്ത് വന്നുചേർന്ന പൗരോഹിത്യശക്തികളുടെ പ്രഭാവം നിമിത്തം പല മാറ്റങ്ങളും വന്നുചേർന്ന് തനതായ ഭാവം കൈവെടിഞ്ഞതാണ്. എങ്കിലും കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ്, കോഴിക്കോട് ശ്രീവളയനാട്കാവ്, കൊയിലാണ്ടി കൊല്ലംശ്രീപിഷാരികാവ്, എടച്ചേരിയിലെ കളിയാംവെള്ളിക്കാവ്, കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ്, ഇരിക്കൂർ ശ്രീമാമാനത്ത്കാവ്, കണ്ണൂരിനടുത്ത് കളരിവാതുക്കൽ, മാടായിക്കാവ്, നീലേശ്വരം മന്നത്ത് കാവ് എന്നിവ തനതായ സ്വഭാവം കൈവിടാതെ കാത്തുസൂക്ഷിക്കപ്പെടുന്നു. കൊട്ടിയൂരിനടുത്ത ചപ്പാരത്ത് ക്ഷേത്രം സപ്തമാതൃപുരം എന്നതിന്റെ അപഭ്രംശനാമാന്തരമാണ്. അവിടെയും ശാക്തേയവിധാനമാണ് വേണ്ടത്. ശാക്തേയക്കാവുകളിലെ വാസ്തുഘടനയും പ്രതിഷ്ഠാവിധാനവും മറ്റു ക്ഷേത്രങ്ങളുടേതിൽനിന്ന് വ്യത്യസ്ഥമാണ്. ശിവനും, സപ്തമാതൃക്കളും, ഭദ്രകാളിയും ചേർന്നതാണിത്. ക്ഷേത്രപാലനും സവിശേഷപ്രാധാന്യമുണ്ട്. ശേഷസമുച്ചയത്തിൽ ഇത് " രുരുജിത് വിധാനം " എന്ന പേരിലറിയപ്പെടുന്നു. ഇവ കൂടാതെ അരയർ, മലയോരനിവാസികൾ, വിശ്വകർമ്മജർ തുടങ്ങിയ വിവിധ സമുദായക്കാർ ശ്രീകുരുംബയായും മറ്റും പൂജിയ്ക്കുന്ന കാവുകളും ശാക്തേയക്കാവുകൾ തന്നെയാണ് ഇവിടെ രുരുജിത് വിധാനം ഇല്ലെന്നുമാത്രം.

ശാക്തേയത്തിൽ സ്ഥിരപ്രതിഷ്ഠ ഇല്ലെന്നും ആവാഹനവും ഉദ്വസനവുമുള്ള സംവിധാനമാണെന്നും പറഞ്ഞുവല്ലോ. അങ്ങിനെയെങ്കിൽ ശാക്തേയക്കാവുകൾ എങ്ങനെയുണ്ടായി?

ഒരേ കേന്ദ്രത്തിൽ വച്ചുതന്നെ ഒരേ അർച്ചനോപാധിയിൽ തലമുറകളായി കുളയോഗികൾ പൂജിച്ചുവന്ന സങ്കേതങ്ങളിൽ തപഃപ്രഭാവം വർദ്ധിക്കുകയും ദേവീചൈതന്യം സ്ഥിരമായിത്തീരുകയും ചെയ്തുകൊണ്ടായിരിക്കാം അവ സ്ഥിരപ്രതിഷ്ഠയുള്ള കാവുകളും ക്ഷേത്രങ്ങളുമായിത്തീർന്നത്. നിർഗ്ഗുണയായിരിക്കുന്ന പരാശക്തിയ്ക്ക് സകളീകൃതവും പ്രകടവുമായ ഭാവം കൈവരിക്കുകയും പുരാതനകാലത്തെ രാജകീയ പ്രതാപത്തിനനുസരിച്ച് സാമൂഹ്യ ബന്ധങ്ങളുണ്ടായിത്തീരുകയും പിന്നീട് സമൂഹമൊട്ടാകെ അവരുടെ പരദേവതയായി ആരാധിക്കുകയും ചെയ്തു. അതിനാൽ വിവിധ സമുദായങ്ങളിൽ അവകാശാധികാര സമ്പ്രദായങ്ങൾ രൂപപ്പെടുകയും ജനപദത്തിന്റെ മുഴുവൻ ചൈതന്യകേന്ദ്രമായി അവരോധിക്കപ്പെടുകയും ചെയ്തു. ഇവിടെ ആദിപരാശക്തിയുടെ സകളകൃതഭാവമായി പലപ്പോഴും അവതാരഭദ്രകാളിയെയാണ് വിവിധകാവുകളിൽ പൂജിയ്ക്കുന്നത്. എങ്കിലും പല ശാക്തേയക്കാവുകളിലും രഹസ്യമായി ശ്രീചക്രപൂജയും നിർവ്വഹിക്കപ്പെട്ടിരുന്നു. ഈ ആരാധനയിലൂടെ രാഷ്ട്രത്തിനും ജനപദത്തിനും ബാധിച്ചേക്കാവുന്ന ഈതിബാധകളെ അകറ്റി പുഷ്ടിയും കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്.

ജ്യോതിഷി വേദാംഗങ്ങളും മറ്റ് ശാസ്ത്രങ്ങളും സാമാന്യമായി അറിഞ്ഞിരിക്കണമെന്നാണല്ലോ. വിശദീകരിക്കാമോ?

വേദ വേദാംഗങ്ങളെക്കുറിച്ചും തന്ത്രശാസ്ത്രത്തെക്കുറിച്ചും സാമാന്യമായി ധാരണയുണ്ടെങ്കിൽ മാത്രമേ ആഗമദൃശാ പ്രസ്താവിക്കേണ്ട കാര്യങ്ങൾ മനസ്സിലാവുകയുള്ളു. അതിന് മറ്റൊരു പ്രശ്നചിന്ത ആവശ്യമായി വരുന്നില്ല.

ഇതേപോലെ ശാക്തേയവിഷയങ്ങളിൽ സാമാന്യമായ ധാരണയും പഞ്ചമകാര സാധനയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ഓരോ സങ്കേതങ്ങളിലും ആരാധിക്കപ്പെടുന്ന മൂർത്തിയുടെ രഹസ്യം മനസ്സിലാക്കി അതിനനുസരിച്ചുള്ള കാര്യങ്ങൾ വിധിക്കുവാൻ സാധിക്കുകയുള്ളു. ശാക്തേയമൂർത്തികളെ തിരിച്ചറിയാനാണ് പലപ്പോഴും പാടുപെടുന്നത്. അതിന് പ്രാദേശികമായ അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ഗവേഷണാത്മകമായ സമീപനം ഇവിടെ ആവശ്യമാണ്.

ഗൃഹത്തിന്റെ പുറത്ത് ശാക്തേയ പൂജാമണ്ഡപം നിർമ്മിക്കുകയാണെങ്കിൽ പ്രത്യേകിച്ച് എന്തെങ്കിലും നിയമങ്ങൾ നോക്കേണ്ടതുണ്ടോ?

ഗൃഹത്തിന്റെ പുറത്ത് മണ്ഡപം നിർമ്മിച്ചാലും പൂജകൻ കീഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് ആരാധന നടത്തുന്ന വിധത്തിലായിരിക്കണം പീഠം സ്ഥാപിക്കേണ്ടത്. ഒരു ശാക്തേയ ആചാര്യനെക്കൊണ്ട് തന്നെവേണം പീഠപ്രതിഷ്ഠ ചെയ്യിക്കുവാൻ. ഒരിയ്ക്കലും ഒരു ക്ഷേത്രത്തിന്റെ മട്ടിൽ ഈ മണ്ഡപം നിർമ്മിക്കരുത്. ക്ഷേത്രത്തിലേതുപോലെ സ്ഥിരപ്രതിഷ്ഠാവിധാനമല്ല ഇവിടെയുള്ളത്. പൂജ ആരംഭിക്കുമ്പോൾ ആവാഹിക്കുന്നു. അവസാനം ഉദ്വസിക്കുന്നു. ക്ഷേത്രങ്ങളിൽ ഉദ്വസനമില്ലല്ലോ. അതേപോലെ പീഠം സ്ഥിരമായി ഒരിടത്ത് വെക്കണമെന്നില്ല. പൂജകഴിഞ്ഞാൽ സുരക്ഷിതമായി പെട്ടിയിലേയ്ക്കോ അലമാരയിലേയ്ക്കോ മാറ്റിവെക്കാം. വാസ്തു ശാസ്ത്രമനുസരിച്ച് പീഠശാലകൾക്ക് ധ്വജയോനി പരികല്പിക്കുന്നതായിരിക്കും ഉത്തമം. 

ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ അഥവാ കാണിക്കവഞ്ചിയില്‍ പണമിടുന്നത് എന്തിനാണെന്നറിയാം?

ആരാധനാലയങ്ങളില്‍, പ്രത്യേകിച്ചു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം നിത്യകാഴ്ചയാണ്. ഇതില്‍ കണക്കില്ലാത്ത പണം നിക്ഷേപിയ്ക്കുന്നവരുമുണ്ട്. ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തെപ്പറ്റി പല അഭിപ്രായങ്ങളുള്ളവരുണ്ട്, ചിലര്‍ പറയും ഇതാവശ്യമെന്ന്. മറ്റു ചിലര്‍ ചോദിയ്ക്കും, ദൈവത്തിനെന്തിനാ പണമെന്ന്.

ചോദ്യം തെറ്റാണെന്നു പറയാനാകില്ല, അല്ലെങ്കില്‍ പണമിട്ടാല്‍ ദൈവം പ്രസാദിയ്ക്കുമെന്ന വിശ്വാസം സത്യമായി വരണം. എന്തൊക്കെ പറഞ്ഞാലും ദൈവത്തെ പണത്താല്‍ പ്രീതിപ്പെടുത്താമെന്ന വിശ്വാസം തെറ്റു തന്നെയാണ്. വാസ്തവം ഇതെങ്കില്‍ ഭണ്ഡാരത്തില്‍ പണമിടുന്നതിനു പുറകില്‍ ചില വിശ്വാസങ്ങള്‍ കാണാതിരിയ്ക്കുമോ, ഇതെക്കുറിച്ചു കൂടുതലറിയൂ,

പുരാണങ്ങളില്‍ പറയുന്ന കഥയുണ്ട്, വിഷ്ണുഭഗവാന്‍ കുബേരന്റെ കയ്യില്‍ നിന്നും പണം വാങ്ങി. ഇതു തിരിച്ചടയ്ക്കാന്‍ വിഷ്ണുവിനെ സഹായിക്കുന്നതിനാണ് ഭണ്ഡാരത്തില്‍ പണമിടുന്നതെന്നത്. അതായത് വിഷ്ണുഭഗവാനെ കടത്തില്‍ നിന്നും മോചിപ്പിയ്ക്കുവാന്‍.

ഭണ്ഡാരത്തില്‍ പണമിടുന്നതിലൂടെ നാം ക്ഷണികമായ ആഗ്രഹങ്ങളില്‍ നിന്നും മോചനം നേടുമെന്ന വിശ്വാസവും നിലവിലുണ്ട്. ഇതോടെ നമ്മിലെ ചീത്ത ഘടകങ്ങള്‍ മാറുമെന്നും.

പണമിട്ടാല്‍ ദൈവം പ്രസാദിയ്ക്കുമെന്ന ചിന്തയോടെ ഭണ്ഡാരത്തില്‍ പണമിടുന്നവരുണ്ട്. ദൈവത്തിനു കൈക്കൂലി നല്‍കുന്ന ചിന്താഗതിയെന്നേ വിശേഷിപ്പിയ്ക്കാനാകൂ.

പല ക്ഷേത്രങ്ങളും പാവങ്ങളെ സഹായിക്കുന്നുണ്ട്. ഈ പുണ്യപ്രവൃത്തിയ്ക്കുള്ള സഹായമെന്ന നിലയ്ക്കും ഇതിനെ കാണാം. ക്ഷേത്രചിലവുകള്‍ക്കുള്ള പണം കണ്ടെത്താനുള്ള വഴിയാണ് ഭണ്ഡാരങ്ങളെന്നതും ഒരു വാസ്തവമാണ്.

മകയിരവും കരിങ്ങാലിയും


ആയുർവേദത്തിൽ ഖദിരാ എന്നാണ് കരിങ്ങാലിക്ക് പേര്. ഉറച്ചത് എന്നാണ് ഖദിരാ എന്ന വാക്കിനർത്ഥം. മകയിരം നക്ഷത്രക്കാരും ഉറച്ച സ്വഭാവഗതിയുള്ളവരായി കാണുന്നു. കരിങ്ങാലിക്കാതൽ കൊണ്ടുള്ള കഷായം കൊഴുപ്പിനെ നശിപ്പിക്കുന്നതായി കാണുന്നുണ്ട്. അധികം കൊഴുപ്പില്ലാത്തതും ഉറച്ച ശരീരമുള്ളവരുമാണ് സാധാരണയായി മകയിരം നക്ഷത്രക്കാർ. തൊലിയിൽ നിന്നെടുക്കുന്ന പേസ്റ്റിന് "കഥഥ് " എന്നാണ് ഹിന്ദിയിൽ പറയുന്നത്. ഇത് വെറ്റിലയിൽ ചേർത്ത് ചവച്ചരയ്ക്കുന്ന രീതി വടക്കേ ഇന്ത്യയിൽ നിലവിലുണ്ട്.

" ചപലോ വിശാലദേഹോ
ബാല്യേ ശോകാന്വിതഃ പ്രമാദീച
ഉത്സാഹീ സത്യപരോ
ഭീരുർധനവാൻ സുഖീ സൗമ്യേ "

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവൻ ചപലതയും പുഷ്ടിയുള്ള ശരീരവും ഉള്ളവനായും ബാല്യത്തിൽ തെറ്റുകൾ ചെയ്യുന്നവനായും ശോകപീഢയുള്ളവനായും കാണുന്നു. ഉത്സാഹവും സത്യവും ഭയവും സമ്പത്തും സുഖവും സൗമ്യതയും ഇവരിൽ കാണാറുണ്ട്. ഇതാണ് ശ്ലോകത്തിന്റെ അർത്ഥം.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ

" ചപലശ്ചതുരോƒഭീ: പടുരുത്സാഹീ ധനീ മൃഗേ ഭോഗീ " 

എന്ന് മകയിരത്തെപ്പറ്റി പറയുന്നു.

കുട്ടിക്കാലത്ത് ബുദ്ധിമുട്ടുള്ളവരായും അല്പം അന്തർമുഖരായും പിന്നീട് സ്വപരിശ്രമത്താൽ സുഖഭോഗങ്ങൾ നേടിയെടുക്കുന്നവരായും മകയിരത്തെ പൊതുവെ കാണുന്നു.

(അക്കേഷ്യ കാറ്റച്യു - അക്കേഷ്യ ചുണ്ട്റ (റോട്ട്ലർ) വൈൽഡ്, കുടുംബം : മൈമോസേസി)

സംസ്കൃതം :- ഖദിര
ഹിന്ദി :- ഖൈർകഥ്ഥ
തെലുങ്ക് :- ചണ്ഡപെട്ടു, ഖദിരമു 
മറാഠി :- ഖൈർ
ഇംഗ്ലീഷ് :- Cutch Tree, Catechu Tree
ബംഗാളി :- ഖയെരമ, ഖയെർഗച്ഛ
തമിഴ് :- കങ്കാലി
കന്നഡ :- കരഗാലി

ഒരു ഇടത്തരം വൃക്ഷം. ചന്ദനം പോലെ ഇതിന്റെ കാതലാണ് പ്രധാനമായി ഔഷധങ്ങൾക്കുപയോഗിക്കാറ്. മുൾമരമായ ഇതിന്റെ ഇലകൾ ചെറുവന്നിയുടേതുപോലെ ചെറുതായിരിക്കും. ഇതിന്റെ കാതലായ ഭാഗം കൊണ്ടുണ്ടാക്കിയ കഷായം വറ്റിച്ചെടുക്കുന്നതാണ് കഥ്ഥ (കാത്ത്). കാതൽ കുഷ്ഠഘ്നങ്ങളിൽ (കുഷ്ഠം, ത്വക് രോഗഹരം) വെച്ച് ശ്രേഷ്ഠമാണ്.

കരിങ്ങാലിക്കാതൽ തീ കത്തിച്ച് ഇറ്റിറ്റുവീഴുന്ന രസം ശേഖരിച്ച് നെയ്യും നെല്ലിക്കനീരും തേനും ചേർത്ത് സേവിക്കുന്നത് കുഷ്ഠരോഗത്തിന് വിശേഷമാണ്.

നീരട്ടിയെണ്ണയിൽ വിധിപ്രകാരം തേനും നെയ്യും കരിങ്ങാലിക്കഷായവും ചേർത്ത് 15 ദിവസം സേവിക്കുകയും മാംസരസം മാത്രം സേവിക്കുകയും ചെയ്‌താൽ വളരെക്കാലം ജീവിക്കാമെന്ന് അഷ്ടാംഗഹൃദയത്തിൽ കാണുന്നു.

പ്രമേഹരോഗികളും അതിസ്ഥൂലശരീരക്കാരും ത്വക്ക് രോഗികളും കരിങ്ങാലിക്കാതലിട്ട് വെള്ളം തിളപ്പിച്ച് പലവട്ടം കുളിക്കുന്നത് നന്ന്.

കഥ്ഥ (കാത്ത്) രുചിയുണ്ടാക്കുന്നതും ദീപനവുമാണ്. ഇത് കഫവാതങ്ങളെ ശമിപ്പിക്കും. ഇത് പാലോടുകൂടി കഴിക്കുന്നത് വിരുദ്ധമാണ്. കാത്ത് അധികമായി കഴിച്ചുണ്ടാകുന്ന അസ്വാസ്ഥ്യത്തിന് പശുവിൻപാൽ പഞ്ചസാര ചേർത്ത് പലവട്ടം നൽകേണ്ടതുമാണ്. കാത്ത്, തിളപ്പിച്ച വെള്ളത്തിൽ അലിയിച്ച് വ്രണങ്ങൾ കഴുകുന്നത് നന്ന്. മുലക്കണ്ണിന്മേലുണ്ടാകുന്ന വ്രണങ്ങൾക്കും ഈ പ്രയോഗം വളരെ ഗുണം ചെയ്യും. പല്ല് വേദനയ്ക്ക് ഖദിരം (കാത്ത്) വായിലിട്ടലിയിക്കുകയോ പല്ലിന്റെ ദ്വാരത്തിൽ വെക്കുകയോ ചെയ്‌താൽ വേദന മാറും. ഇളക്കമുള്ള പല്ലുകൾ ഉറയ്ക്കുകയും ചെയ്യും. കാത്ത് ഉപയോഗിച്ച് വിശേഷപ്പെട്ട ദന്തധാവനചൂർണ്ണം ഉണ്ടാക്കാം. കാത്ത് 120 ഗ്രാം ആലം 60 ഗ്രാം, മീർ 60 ഗ്രാം, കരയാമ്പൂ 30 ഗ്രാം, ചോക്ക്പൊടി 480 ഗ്രാം ഇവ പൊടിച്ച് ചേർത്ത് ദിവസേന ഉപയോഗിക്കുക. ഊനില പഴുപ്പ്, രക്തം വരവ്, ദുർഗ്ഗന്ധം എന്നിവ അകറ്റി പല്ലുകൾ ഉറപ്പുള്ളവയായിത്തീരും.

തങ്ങളുടെ വ്യക്തിപ്രഭാവം കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരാണ് മകീര്യം നക്ഷത്രക്കാർ. ശുഭകാര്യങ്ങളുടെ സമാരംഭത്തിന് ഈ നക്ഷത്രക്കാരുടെ സാന്നിധ്യം വളരെ നല്ലതായി കരുതപ്പെടുന്നു. ആദ്യഘട്ടങ്ങളിലെ പാളിച്ചകൾ അകന്ന് നല്ലൊരു ജീവിതം ഈ നക്ഷത്രക്കാർക്ക് സിദ്ധിക്കുമെന്നും കാണുന്നു.

ഗൃഹാന്തർഭാഗത്തുവെച്ച് പൂജനടത്തിയാൽ ചില അശുദ്ധികൾ ബാധിക്കുകയില്ലേ?

പണ്ടുകാലത്ത് പ്രസവം, ആർത്തവം, മരണം എന്നിവയെല്ലാം നടന്നിരുന്ന അതേ വീട്ടിൽത്തന്നെയാണ് ശാക്തേയപൂജ നിർവ്വഹിച്ചിരുന്നത്. അതുകൊണ്ടുണ്ടാകുന്ന അശുദ്ധിയെക്കുറിച്ച് പൂർവ്വികന്മാർ ബോധവാന്മാരല്ലാത്തതുകൊണ്ടല്ലല്ലോ അങ്ങനെ ആചരിച്ചത്. ഇത്തരത്തിലുള്ള യാതൊരുവിധ അശുദ്ധിയും ശാക്തേയത്തെ ബാധിയ്ക്കുന്നതല്ല. ഗംഗാതീരത്ത് ശവങ്ങൾ ദഹിപ്പിച്ചാലും ഗംഗയിലൂടെ ശവങ്ങൾ ഒഴുകിയാലും ഗംഗയുടെ പരിശുദ്ധി ചോദ്യംചെയ്യപ്പെടുന്നില്ലല്ലോ.

ശാക്തേയപൂജ വീടിനകത്തുനിന്നാണല്ലോ പണ്ട് ചെയ്തുപോന്നിരുന്നത്. ഇപ്പോൾ പലരും പുറത്ത് മണ്ഡപമുണ്ടാക്കി ചെയ്‌തു വരുന്നത് ശരിയാണോ?

ശാക്തേയപൂജ ഗൃഹാന്തർഭാഗത്ത് തന്നെയാണ് ചെയ്യേണ്ടത്. ചിലരുടെ സംശയവും അജ്ഞതയും ചില അസൗകര്യങ്ങളും നിമിത്തമാണ് ഗൃഹത്തിന് പുറത്ത് മണ്ഡപം ഉണ്ടാക്കേണ്ടി വരുന്നത്.

പണ്ടുകാലത്ത് ശാക്തേയപൂജ നടത്തി പിന്നീട് പരിപാലിക്കാത്ത ഭവനങ്ങളിൽ ധാരാളം അനർത്ഥങ്ങൾ കാണുന്നുണ്ടല്ലോ. അതിന് പരിഹാരമെന്ത്?

ശരിയായ വിധത്തിൽ ശാക്തേയപൂജ നടത്തുകതന്നെയാണ് അതിന്റെ പരിഹാരം. അതാവട്ടെ മദ്യ - മാംസാദികളാകുന്ന '  മ  ' കാരങ്ങളെ ഉപയോഗിച്ചുതന്നെ ചെയ്യേണ്ടിയിരിക്കുന്നു. പൂജകന്റെ യോഗ്യതയും പാരമ്പര്യവും പരിശോധിക്കേണ്ടതുണ്ട്. തലമുറകളായി അനുഷ്ഠിച്ചുപോന്ന ശക്ത്യുപാസന തുടരാത്തതിന്റെ ദോഷങ്ങൾ കുടുംബാംഗങ്ങളിൽ എല്ലാം ബാധിച്ചിരിക്കും. ശാക്തേയത്തിന്റെ പുരുജ്ജീവനത്തിലൂടെ മാത്രമേ അതിന് പരിഹാരമാവുകയുള്ളൂ.

ജ്യോതിഷത്തിൽ വെളിപ്പെട്ട ദുരിതങ്ങൾക്ക് ശാക്തേയ സമ്പ്രദായത്തിൽ പരിഹാരമുണ്ടോ?

തന്ത്രമാർഗ്ഗത്തിൽ ലഗ്നവും ഒമ്പത് ഗ്രഹങ്ങളും ദശമഹാവിദ്യകളെക്കൊണ്ട് ചിന്തിക്കാമെന്ന് ചിലർ ഗവേഷണാത്മകമായി ചിന്തിച്ചിട്ടുണ്ട്. അതായത് ഗ്രഹങ്ങളെക്കൊണ്ടുണ്ടാകുന്ന ദോഷങ്ങൾക്ക് ദശമഹാവിദ്യയിൽ പറയപ്പെട്ട ഏതെങ്കിലും വിദ്യയെകൊണ്ട് പരിഹാരം നിർദ്ദേശിക്കാമത്രേ. അതായത് ലഗ്നം ത്രിപുരഭൈരവി, സൂര്യൻ രാജമാതംഗേശ്വരി, ചന്ദ്രൻ ഭൂവനേശ്വരി, ചൊവ്വ ബഗളാമുഖി, ബുധൻ ത്രിപുരസുന്ദരി, വ്യാഴം താരാദേവി, ശുക്രൻ കമലാദേവി, ശനി കാളീദേവി, രാഹു ഛിന്നമസ്ത, കേതു ധൂമാവതി എന്നീ ക്രമത്തിലാണത്രെ ഉപാസന ചെയ്യേണ്ടത്. എന്നാൽ ഇത് ഒരു കാമ്യപ്രയോഗമായി മാറിപ്പോകും, ദശമഹാവിദ്യകളുടെ ഉപാസന യഥാർത്ഥത്തിൽ മോക്ഷസാധനയാണ്. അതിനാൽ ഇത്തരം കണ്ടെത്തലുകളോട് പൂർണ്ണമായി യോജിക്കുന്നില്ല.

എന്നാൽ ദോഷപരിഹാരമായി ഇതേവരെ അനുവർത്തിച്ചു വന്ന രീതി മറ്റൊന്നാണ്. ജ്യോതിഷി ഏതെങ്കിലും ശാക്തേയമാന്ത്രികനെ നിർദ്ദേശിക്കുന്നു. പ്രശ്നച്ചാർത്ത് പരിശോധിച്ച് പ്രത്യംഗര തുടങ്ങിയ ഉഗ്രമൂർത്തികളെയും അശ്വാരൂഢാ തുടങ്ങിയ കാമ്യമൂർത്തികളെയും പ്രീതിപ്പെടുത്തി പരിഹാരം തേടുന്നു. ഇതും മാന്ത്രിക പ്രയോഗം തന്നെയാണ്.

നവഗ്രഹങ്ങളിൽ ഈശ്വരൻ - ശനീശ്വരൻ

നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് ' ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമ്മവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

' ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ, ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല..

എല്ലാവരും ശനീശ്വരനു മുമ്പിൽ സമന്മാരാണ്.

ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര - പൂർവ്വ ജന്മ കർമ്മങ്ങളെല്ലാം ശനീശ്വരന് എന്നും മനഃപാഠമായിരിക്കുമത്രെ.

'ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രെ.

മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല.

ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന് ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.

അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ് ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

ശനിയെ എല്ലാവർക്കും ഭയമാണ്. വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനാണ് ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും ആണ് എന്ന് കരുതിയാൽ മതി.

ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

അതായത് നവഗ്രഹങ്ങളിൽ ഏറ്റവും സാവധാനം സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ. അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണവും

ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ.  അതിന് പിന്നിലുമുണ്ടൊരു കഥ .

ലങ്കാധിപതിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ് ആ കഥ

ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ തന്നെ പ്രസവിക്കണമെന്നും പ്രസവമയത്ത് എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഗ്രഹനില ശരിയാംവണ്ണമായില്ലെങ്കിലോ, ഗ്രഹങ്ങൾ ആ സമയത്ത് അനുസരിച്ചില്ലെങ്കിലോ എന്ന ബലമായ സംശയം രാവണനിൽ ഉടലെടുക്കുകയുണ്ടായി. ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ തന്നെ കൈകാലുകൾ ബന്ധിച്ചു കിടത്തി. അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്.' രാവണന്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറഞ്ഞാൽ മതിയല്ലോ. എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല. തന്റെ ദേഹത്തു രാവണന്റെ തന്നെ ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും കൂട്ടി ഉരുട്ടി തന്റെ തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിന്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവിന്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു.

ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണന്റെ കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ .

ശനീശ്വരൻ തന്നെ ആയുസ്സിന്റെ കാരകനാണ് പിന്നെ ശനിയുടെ പുത്രന്റെ കാര്യം പറയണോ.?

എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു. അതിന് കാരണമായതോ സാക്ഷാൽ ശനിയും. അതിനാലണത്രെ വലിയ വീരപരാക്രമിയായിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണപുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാനിടയായത്.

ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയുടെ കാലിന് വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.

ദേവലോകരാജാവായ ദേവേന്ദ്രനെ ശനി ബാധിച്ച മറ്റൊരു കഥയുമുണ്ട്.

ഒരിക്കൽ ദേവലോകത്ത് എത്തിയ ശനിയോട് ദേവേന്ദ്രൻ കുറച്ച് അഹന്തയോടെ ഇങ്ങനെ പറഞ്ഞു.

"നീ എല്ലാവരെയും പരീക്ഷിക്കുന്ന വലിയ നീതിമാനല്ലേ. എന്നാൽ ദേവന്മാരുടെ രാജാവായ എന്റടുത്ത് നിന്റെ ബാധയൊന്നും ഏൽപ്പിക്കാൻ നീ നോക്കണ്ട, എന്നെ ശനി ബാധിക്കില്ല. എന്റെ ജാതകത്തിൽ അങ്ങിനെയൊരു ദശ നീയായിട്ടു വരുത്തിവക്കുകയും വേണ്ട"

. ഇതെല്ലാം കേട്ട ശനി പറഞ്ഞു.

" രാജാവായാലും കൊള്ളാം, പ്രജയായാലും കൊള്ളാം. അനുഭവിക്കേണ്ടത് അനുഭവിച്ചു തീർക്കുക തന്നെ വേണം, ഞാനായിട്ടു ഒന്നും ചെയ്തില്ലെങ്കിലും വരും ഓരോ ദശ വന്ന പോൽ പോകും. അതെല്ലാം ഓരോരുത്തരുടെ കർമ്മഫലമാണ്

ഉടൻ ദേവേന്ദ്രൻ പ്രതികരിച്ചു.

" ഹേ,ശനീ, 
നീ വലിയ കണിശക്കാരനല്ലെ 
എങ്കിൽ പറയൂ 
എന്റെ ജാതകത്തിൽ ശനിദശ എപ്പോഴാണ്?

ദേവരാജന്റെ ജാതകം നോക്കി ശനിയുടെ ദശാകാലം കൃത്യമായി ശനി പറഞ്ഞു കൊടുക്കുകയും ചെയ്തു. കാലം കടന്നു പോയി ശനി പറഞ്ഞ സമയം വന്നപ്പോൾ ദേവേന്ദ്രൻ ഒരു കാര്യം ഉറപ്പിച്ചു. എന്തു വന്നാലും ശനിക്ക് പിടികൊടുക്കാൻ അവസരമുണ്ടാക്കരുത്. എന്തെങ്കിലും ഉപായം കണ്ടു പിടിച്ചേ പറ്റു. പിന്നെ ഒട്ടും താമസിച്ചില്ല.

ദേവേന്ദ്രൻ തന്റെ തനതു രൂപം ഉപേക്ഷിച്ച് ഒരു മുഷിക രൂപം സ്വീകരിക്കുകയും ആരെയും അറിയിക്കാതെ രഹസ്യമായി ഒരു കുപ്പയിൽ'ഒളിക്കുകയും ചെയ്തു..

ഈ രൂപത്തിൽ ശനി എന്നെ ബാധിക്കുന്നത് , ഒന്ന് കാണട്ടെ എന്ന അഹംഭാവത്തിൽ കുപ്പത്തൊട്ടിയിൽ ശനി പറഞ്ഞ കാലമത്രയും കഴിഞ്ഞപ്പോൾ പെരുച്ചാഴി വേഷം ഉപേക്ഷിച്ച് ദേവലോകത്ത് ഇന്ദ്രനായി തന്നെ വന്നു ചേർന്നു.

പിന്നീട് ഒരു ദിവസം ശനിയെ കണ്ടപ്പോൾ പുച്ഛത്തോടെയും എന്നാൽ വിജയ ഭാവത്തോടെയും ശനിയെ പറ്റിച്ച കാര്യം ദേവേന്ദ്രൻ ശനിയെ ഓർമ്മിപ്പിച്ചപ്പോൾ .

ശനി ശാന്തഭാവത്തിൽ പറഞ്ഞു..

"സ്വർഗ്ഗ ലോകത്ത് സർവ്വരാലും ആരാധ്യനായി കഴിയേണ്ട അങ്ങ് ശനിദശക്കാലം എവിടെയായിരുന്നുവെന്ന് അങ്ങ് തന്നെ ഓർത്താൽ മതി. അങ്ങയെ ഈ വേഷം കെട്ടിച്ചതും അങ്ങിനെ തോന്നാൻ ഇടയാക്കിയതും ആരായിരിക്കുമെന്നു കൂടി ശരിക്കും ഒന്നു ചിന്തിച്ചോളു. "

അതെ എവിടെ പോയി ഒളിച്ചാലും ആർക്കും ശനി ബാധയെ തടുക്കാനാവില്ല

ആൾ എത്ര സമർത്ഥനായാലും ഏത് അധികാരി ആയാലും ശനി പിടിക്കേണ്ട സമയത്ത് ശനി പിടികൂടുക തന്നെ ചെയ്യും അത് തീർച്ചയാണ്. പിടികിട്ടാപ്പുള്ളികളും പിടിയിലാകും അധികാരികൾ ചിലപ്പോൾ ജയിലിലും ആകും.

അതാണ് ശനി സാക്ഷാൽ ശനീശ്വരൻ.

ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ് , സൂര്യന്റെ മകനാണ്. ശനി രഹസ്യ സ്വഭാവ സവിശേഷതയുള്ള ദേവനാണ്. ശനിയുടെ മുമ്പിൽ ഒന്നും മറച്ചു വയ്ക്കാനാവില്ല തന്നെ.

ശനിപ്പിഴയും ശനിദശയും ഒന്നല്ല, രണ്ടും രണ്ടവസ്ഥയാണ്.

ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ എന്നത് ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്.

അത് 19 കൊല്ലം വരും'

ശനിദോഷപരിഹാരത്തിന് ശനിമന്ത്രം, ശനിഗായത്രി എന്നിവ ജപിക്കാം '

ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.

കാക്കയ്ക്ക് ചോറു കൊടുക്കുക, നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കുക'

ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്

ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.

ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ, കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.

ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെപ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്.

ജ്യോതിഷി സമസ്യകളെ എങ്ങനെ വിലയിരുത്തുന്നു?

പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ മൂന്ന് പ്രമാണങ്ങളെ മുഖ്യമായും ആശ്രയിച്ചിരിക്കണം. ഇതിൽ അനുമാനം എന്നതുകാര്യകാരണ ബന്ധങ്ങളാണ്. അത് അറിഞ്ഞ് ഗൗരവബുദ്ധ്യാ പ്രവർത്തിക്കണം. പ്രത്യക്ഷം കൊണ്ട് സിദ്ധമായ ഒരു വസ്തുവിനെക്കുറിച്ച് പ്രശ്നചിന്ത ആവശ്യമില്ലല്ലോ. ആഗമശാസ്ത്രങ്ങളിൽ പറയപ്പെട്ട വിഷയങ്ങളിലും പ്രശ്നചിന്ത നടത്തേണ്ടതില്ല. പ്രത്യക്ഷംകൊണ്ടും അനുമാനംകൊണ്ടും അറിയാത്തതാണ് ആഗമപ്രമാണം. അവിടെ തർക്കത്തിന്റെ ആവശ്യമില്ല. ആഗമശാസ്ത്രത്തിനാണ് പരമമായ പ്രാമാണ്യം എന്ന് മനസ്സിലാക്കിയിരിക്കണം. ഉദാഹരണമായി ആചാര്യന് പുല സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന കാര്യം പ്രശ്ന ചിന്ത നടത്തേണ്ടതില്ല. ആഗമശാസ്ത്രങ്ങളിൽ അവയെക്കുറിച്ച് വ്യക്തമായ നിർദ്ദേശമുണ്ട്. പ്രതിഷ്ഠ, ഉത്സവം തുടങ്ങിയ ക്രിയകൾക്ക് വേണ്ടി ആചാര്യവരണം നടത്തി പവിത്രവും കൂറയും വാങ്ങിച്ച ശേഷമാണ് ഒരു പുല സംഭവിക്കുകയോ അറിയുകയോ ചെയ്യുന്നതെങ്കിൽ കർമ്മപരിസമാപ്തിവരെ ആചാര്യന് പുല ബാധകമല്ല. യാഗദീക്ഷിതനായ ബ്രാഹ്മണനും ശാക്തേയദീക്ഷിതനും ഇതേ വിധിതന്നെയാണുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ സാമാന്യ ജനങ്ങളുടെ ആചരണവുമായി താരതമ്യം ചെയ്യരുത്. ഇത്തരത്തിൽ ആഗമശാസ്ത്രദൃഷ്ട്യാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾക്ക് പ്രശ്ന ചിന്ത നടത്തുകയല്ല തന്ത്രിയെ സമീപിക്കുകയാണ് വേണ്ടത്. അപ്പോൾ തന്ത്രി ആഗമശാസ്ത്രങ്ങൾ അറിഞ്ഞിരിക്കുന്നവനും ഭയസംശയരഹിതനുമായിരിക്കണം. തന്ത്രിയുടെ ലക്ഷണമെന്തെന്ന് തന്ത്രസമുച്ചയത്തിൽ വളരെ സ്പഷ്ടമായിത്തന്നെ വിവരിച്ചിരിക്കുന്നു.

ശാക്തേയപൂജയിൽ പഞ്ചമകാരങ്ങളുടെ പ്രാധാന്യം തന്ത്രശാസ്ത്രപ്രമാണങ്ങൾകൊണ്ട് സിദ്ധമാകയാൽ അതിന്റെ ആവശ്യകതയെക്കുറിച്ച് പ്രശ്നംവച്ചുനോക്കേണ്ടതില്ല. " ചതുർത്ഥനാഥസ്യതു ദൈവതം " എന്നു തുടങ്ങിയുള്ള ജ്യോതിഷപ്രമാണം കൊണ്ടും ഈ കാര്യം വ്യക്തമാകുന്നു. പ്രത്യക്ഷംകൊണ്ടും ആഗ്യമം കൊണ്ടും അറിയാൻ വയ്യാത്ത സന്ദർഭത്തിലാണ് നിമിത്തം ഗ്രഹനില തുടങ്ങിയ ഉപാധികളിലൂടെ അനുമാനിച്ച് വസ്തുത ദൃഢീകരിക്കുന്നത്. തത്കാലനിമിത്തങ്ങളും പൃച്ഛ - നിർഗ്ഗമാദി വിഷയങ്ങളും പരാമർശിച്ച് അനുമാനത്തിലൂടെ സമർത്ഥിക്കേണ്ടിയിരിക്കുന്നു. ഇവിടെ ജ്യോതിഷിയുടെ തപോബലം വളരെയേറെ ഉപയുക്തമായിരിക്കും. അതാണ് ജ്യോതിഷി സിദ്ധമന്ത്രനായിരിക്കണമെന്ന് പറയുന്നതിന്റെ പൊരുൾ. ദൈവജ്ഞന്റെ മന്ത്രസിദ്ധികൊണ്ട് മനസ്സിലുദിക്കുന്ന ആശയത്തെ സാധൂകരിക്കുകയാണ് ആ അവസരത്തിലെ ഗ്രഹനിലയും തത്കാലനിമിത്തങ്ങളും മറ്റും. അതിനാൽ മന്ത്രസിദ്ധി കൈവരിക്കാതെ നിത്യവൃത്തിക്കുള്ള ധനാർജ്ജന ഉപാധിയാക്കി ഈ ശാസ്ത്രത്തിൽ പ്രവർത്തിച്ചുകൂടാത്തതാകുന്നു.

ദൈവജ്ഞന്റെ (ജ്യോതിഷിയുടെ) ശരിയായ കൃത്യം എന്ത്?

" സത്യവാചഃ " സത്യം മാത്രം പറയുന്നവനായിരിക്കണം. ചിലപ്പോൾ സത്യം അപ്രിയമായിരിക്കും. എന്നിരുന്നാലും മരണകാര്യം ഒഴിച്ചുള്ളതെല്ലാം വ്യംഗ്യമായിട്ടെങ്കിലും അവതരിപ്പിച്ച് ദുർഘടനകളും, ഭാവിയിലെ പ്രയാസങ്ങളും ബോധ്യപ്പെടുത്തി സമൂഹത്തെ സന്മാർഗ്ഗത്തിലേക്ക് നയിക്കേണ്ടതാകുന്നു. ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരിതങ്ങളും പൂർവ്വജന്മകൃത്യമായ കർമ്മത്തിന്റെ പരിണാമമാണെന്ന് ബോധ്യപ്പെടുത്തി ഇത്തരം ദുരിതകർമ്മങ്ങൾ ഈ ജന്മത്തിൽ തുടരാതിരിക്കാനുള്ള ഉപദേശമാണ് ജ്യോതിഷികൾ നൽകേണ്ടത്. പൂർവ്വജന്മകർമ്മങ്ങൾ ശുഭമായിരുന്നാലും അശുഭമായിരുന്നാലും അതിന്റെ ചിത്രീകരണം മാത്രമാണ് ജാതകത്തിലെ ഗ്രഹനില എന്ന് പറയപ്പെടുന്നത്. പൂർവ്വജന്മത്തിൽ ചെയ്തുപോയ അശുഭകർമ്മങ്ങൾ ഈ ജന്മത്തിൽ രോഗമായും ദുരിതമായും അനുഭവിക്കേണ്ടിവരുന്നു. അതിന്റെ പരിഹാരമായി ഔഷധസേവ, ദാനം, ജപഹോമാദികൾ എന്നിവ വിധിക്കേണ്ടതാകുന്നു. അതിനാൽ മറ്റുള്ളവരുടെ പ്രീതി പരിഗണിക്കാതെ സത്യം തുറന്നുപറയാനുള്ള ആർജവം ജ്യോതിഷികൾ കൈവരിക്കേണ്ടതാണ്. ഇതിലൂടെ സമൂഹത്തോടും ഉപാസനാമൂർത്തിയോടും, നവഗ്രഹങ്ങളോടും സർവ്വോപരി ജ്യോതിഷമെന്ന ശാസ്ത്രത്തോടുമുള്ള പ്രതിബദ്ധത പുലർത്തേണ്ടതാകുന്നു.

ജ്യോതിഷികൾ പലപ്പോഴും ദീക്ഷിതശാപം ഉണ്ടെന്ന് പറയാറുണ്ടല്ലോ. അത് സംന്യാസിയുടെ ശാപമാണോ?

ദീക്ഷിതശാപം എന്നത് സംന്യാസിയുടെ ശാപമാവാം. അതല്ലെങ്കിൽ കൗളസമ്പ്രദായത്തിൽ പൂർണ്ണദീക്ഷ നേടിയ അതായത് ആനന്ദനാഥശബ്‌ദാന്തമായ ദീക്ഷാനാമം നേടിയ യോഗിയുടെ ശാപവുമാകാം. ഇവിടെയും ദൈവജ്ഞൻ (ജ്യോതിഷി) തികഞ്ഞ ജാഗ്രതയോടെ സമസ്യകളെ വിലയിരുത്തേണ്ടതാണ്.

ബ്രഹ്മരക്ഷസ്സ് എന്താണ്?

സമ്പ്രദായം നിലനിർത്തുവാൻ വേണ്ടി പുത്രന്മാരില്ലാത്തതുകൊണ്ടും, വിദ്യ ആർക്കും ഉപദേശിച്ചു കൊടുക്കാത്തതുകൊണ്ടും, യോഗഭ്രഷ്ടനായതുകൊണ്ടും, ഊർദ്ധ്വഗതി കൈവരിക്കാൻ കഴിയാത്ത ബ്രാഹ്മണനാണ് രക്ഷസ്സായി മാറുന്നത്

ശാക്തേയത്തോട് ജ്യോതിഷികളുടെ സമീപനം എന്തായിരിക്കണം ?

ജ്യോതിഷം വേദാംഗമായതിനാൽ തികച്ചും വൈദിക മാർഗ്ഗത്തെയാണ് പിന്തുടരുന്നത്. അതിലെ പ്രമാണങ്ങൾ എല്ലാംതന്നെ വൈദിക പക്ഷപാതത്വം നിറഞ്ഞതുമാണ്. ചൊവ്വയെക്കൊണ്ടും, ശുക്രനെക്കൊണ്ടും മറ്റും ചിന്തിച്ച്  ശാക്തേയത്തെയും ശ്രീചക്രത്തെയും കുറിച്ചൊക്കെ പ്രസ്താവന നടത്താറുണ്ടെങ്കിലും ജ്യോതിഷികൾ ശാക്തേയ പ്രമാണങ്ങളായിലേയ്ക്ക് വേണ്ടത്ര ഊഴ്ന്നിറങ്ങിയിട്ടില്ല. എങ്ങനെയെന്നാൽ ഒരു പ്രശ്നത്തിൽ ഒരു ബ്രാഹ്മണശാപം ഉണ്ടെന്ന് കണ്ടാൽ അത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട ആളുടെ ശാപമാണെന്ന് ധരിച്ച് അതിനുള്ള പരിഹാരം നിർദ്ദേശിക്കുന്നു. ഈ ബ്രാഹ്മണ ശാപം എന്നത് ചിലപ്പോൾ ഒരു ശാക്തേയന്റെ ശാപവും ആകാം. ശാക്തേയദീക്ഷിതന്റെ ശാപം ഇവർ വേണ്ടത്ര ഗൗനിക്കാറില്ല. അതിനുള്ള പരിഹാരം നിർദ്ദേശിക്കാറുമില്ല. ബ്രാഹ്മണൻ എന്നത് ഒരു സാമുദായികനാമമാണെന്ന് തന്നെ ജ്യോതിഷികൾ ഇന്നും ധരിച്ചിരിക്കുന്നു.

പഴയ ചാതുർവർണ്ണ്യ വ്യവസ്ഥയെ ജാതിവ്യവസ്ഥയായിട്ടു തന്നെയാണ് വിവക്ഷിക്കുന്നത്. ഉദാഹരണമായി ഗുരു ശുക്രന്മാരെക്കൊണ്ട് ബ്രാഹ്മണരെയും സൂര്യനെക്കൊണ്ടും ചൊവ്വയെക്കൊണ്ടും ക്ഷത്രിയനെയും ചന്ദ്രനെക്കൊണ്ട് വൈശ്യനെയും ബുധനെക്കൊണ്ടും ശനിയെക്കൊണ്ടും ശൂദ്രനെയും രാഹുവിനെക്കൊണ്ട് അന്യമതസ്ഥരെയും കേതുവിനെക്കൊണ്ട് ചണ്ഡാലാദികളെയുമാണ് വിവക്ഷിക്കുന്നത്. ഇവിടെയൊക്കെയും സാമുദായിക പരിവേഷമല്ലാതെ ഗുണകർമ്മവിപാകത്തിലുള്ള ചാതുർവർണ്ണ്യ വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാറില്ല.

ഒരു ശാക്തേയസാധകന്റെ അതായത് കുളയോഗിയുടെ ശാപം എത്രമാത്രം ഗുരുതരമാണെന്ന കാര്യം ജ്യോതിഷികൾ ചിന്തിക്കേണ്ടതുണ്ട്. അതിനാൽ പ്രശ്നനിരൂപണസമയത്ത് തികഞ്ഞ ഉത്തരവാദിത്തത്തോടെ വിലയിരുത്തി പരിഹാരം നിർദ്ദേശിക്കേണ്ടതാണ്.

ഇതേപോലെ ശാക്തേയ വിധിപ്രകാരം പൂജാദി അടിയന്തിരങ്ങൾ നടത്തുന്ന സങ്കേതങ്ങളിൽ ഒരു ബ്രഹ്മരക്ഷസ്സ് ഉണ്ടെങ്കിൽ അതും വൈദികബ്രാഹ്മണൻ രക്ഷസ്സ് ആയതല്ലെന്നും ശാക്തേയ വിഭാഗത്തിൽപ്പെട്ട ആരെങ്കിലും ആയിരിക്കും എന്നും മനസ്സിലാക്കേണ്ടതുണ്ട്. മലബാറിലെ ശാക്തയേക്കാവുകളിൽ പൂജാദി അടിയന്തിരങ്ങൾ നിർവ്വഹിയ്ക്കുന്ന പിടാരകന്മാർ സാമുദായിക ബ്രാഹ്മണരാണ്. അവരുടെ സങ്കേതങ്ങളിൽ ബ്രഹ്മരക്ഷസ്സ് ഉണ്ടെന്ന് പറഞ്ഞാൽ തീർച്ചയായും അവരുടെ സമുദായത്തിപ്പെട്ട ഒരാൾ രക്ഷസ്സ് ആയിത്തീർന്നതായിരിക്കണം. കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവിൽ ഇത്തരത്തിലുള്ള ഒരു ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തിയിട്ടുണ്ട്. ഈ രക്ഷസ്സിന് ശാക്തേയ വിധിപ്രകാരം ഉപചാരം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ഇതിനെക്കുറിച്ച് തിരുവഞ്ചേരിക്കാവിലെ ഈശാനൻ മൂസ്സത്, ഉണ്ണികൃഷ്ണൻ മൂസ്സത്, ഹരിദാസൻ മൂസ്സത് എന്നിവർ പറഞ്ഞത് മറ്റൊരു പ്രകാരത്തിലാണ്. ഏതോ ഒരു ജ്യോതിഷി അവിടെനിന്ന് പ്രശ്നം വച്ചപ്പോൾ അത് ബ്രഹ്മരക്ഷസ്സാണെന്ന് അഭിപ്രായപ്പെട്ട് അതിന്റെ പൂജാദികൾ നമ്പൂതിരിമാർ വന്ന് ചെയ്യണമെന്നും വിധിച്ചത്രെ. എന്നാൽ കാലാകാലങ്ങളായി മൂസ്സത്മാർ ധരിച്ചുവച്ചിരിക്കുന്നത് മറ്റൊന്നാണ്. തമ്പുരാനെ കൂട്ടിയ ഇടം എന്നാണ് ഈ മണ്ഡപത്തിന് പറയപ്പെടുന്നത്. നമ്പൂതിരിമാരെ തിരുമേനി എന്നല്ലാതെ തമ്പുരാൻ എന്ന് പണ്ട് കാലത്ത് വിളിച്ചിരുന്നില്ല. അതിനാൽ രാജവംശത്തിൽ പെട്ട ഏതോ ഒരു ഉപാസകനെ കുടിവെച്ച സ്ഥലമാണ് അതെന്ന് പറയേണ്ടിയിരിക്കുന്നു. തമ്പുരാൻ തമ്പുരാട്ടി എന്നൊക്കെ രാജവംശത്തിലുള്ളവരെയാണ് വിളിച്ചുപോന്നിരുന്നത്.

രോഹിണിയും ഞാവലും


ഞാവൽ ഡിസംബറിൽ പൂക്കുകയും മാംസളമായ ഫലം നൽകുകയും ചെയ്യുന്ന വൃക്ഷമാണ്. ഇതിനെ ഒരുമഹാവൃക്ഷമായിട്ടാണ് കണക്കാക്കുന്നത്. മുൻകാലങ്ങളിൽ സ്വാഭാവികമായി ധാരാളം ഞാവൽ ഉള്ള സ്ഥലത്തെ സ്വർണ്ണനിക്ഷേപങ്ങളുള്ള സ്ഥലമായി കണക്കാക്കിയിരുന്നു. ഈ ഭാരതഭൂമിക്ക് മുമ്പുണ്ടായിരുന്ന പേര് ജംബു (ഞാവൽ) ദ്വീപ് എന്നായിരുന്നു.

രോഹിണി നക്ഷത്രം എന്നത് ചന്ദ്രന്റെ ഏറ്റവും ഉച്ചമായ സ്ഥാനം ആണ്. ഈ നക്ഷത്രക്കാർ അല്പം സ്ത്രൈണസ്വഭാവമുള്ളവരും വളരെ നിഷ്കളങ്കരും സ്നേഹം നിറഞ്ഞവരുമായിരിക്കും.പ്രിയങ്കരമായ സ്വഭാവഗതിയുള്ള രോഹിണി നക്ഷത്രം പോലെത്തന്നെ മഹനീയമാണ് ഞാവൽ വൃക്ഷം.

"നേത്രാതുരഃ കുലീനഃ
പ്രിയവാക് പാർശ്വ്യോങ്കിതോ വിശുദ്ധമതിഃ
മാതുരനിഷ്ടസ്സുഭഗോ
രോഹിണ്യാം ജായതേ ധനീ വിദ്വാൻ "

രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവൻ നേത്രരോഗം വരാൻ സാധ്യതയുള്ളവനായും കുലശ്രേഷ്ഠനായും ഇഷ്ടമായി സംസാരിക്കുന്നവനായും പാർശ്വഭാഗത്തിൽ അടയാളമുള്ളവനായും ശുദ്ധമനസ്സായും സുന്ദരനായും ധനവാനായും വിദ്വാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. എല്ലാ നല്ല മുഹൂർത്തങ്ങൾക്കും രോഹിണിയെ ഉപയോഗിയ്ക്കാവുന്നതാണ്. ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമാണ് രോഹിണി.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" രോഹിണ്യാം സത്യശുചീ പ്രിയം വദ സ്ഥിരമതി : സുരൂപശ്ച " 

എന്ന് രോഹിണിയെപ്പറ്റി പറഞ്ഞിരിക്കുന്നു.

(സിസീജിയം കുമിനി (ലിൻ) സ്കീൽസ്, യൂജീനിയ ജംബോലാന. ലാംക്, സിസിജിയം ജാംബൊലോനം, ഡി.സി., മിർട്ടസ് മിനി. ലിൻ., കുടുംബം: മിർട്ടേസി).

സംസ്കൃതം :- ജാംബു, മഹാഫലം, ഫലേന്ദ്ര, സുരഭീപത്ര, നീലഫലം, മഹാസ്‌കന്ദ, നന്ദീ, രാജജംബു, കാലജാമ.
ഹിന്ദി :- ജാമുൻ, ജാംഭൽ
ഗുജറാത്തി :- ജാംബൂ
തമിഴ് :- ഞാവൽ
കന്നഡ :- നേരലി
തെലുങ്ക് :- നാഡു, നാരേലു, നസേഡു
മറാഠി :- ജാംഫൽ
ഇംഗ്ലീഷ് :- Jamun, Black Plum, Indian Cherry, Jaman Plum.

തണൽ ഇഷ്ടമുള്ള നിത്യഹരിതമരം, കോപ്പിസ് ചെയ്യും, ശൈത്യവും വരൾച്ചയും സഹിക്കുകയില്ല. ഞാവലിന്റെ ഉപയോഗം, ഞാവൽ വെച്ചുപിടിപ്പിക്കുന്ന വിധം മുതലായവ ബൃഹത്സംഹിതയിൽ പരാമർശിച്ചിട്ടുണ്ട്. കാട്ടാറുകളുടെ തീരവും അലൂവിയൽ മണ്ണുമാണ് കൂടുതലിഷ്ടം.

കാട്ടിൽ പക്ഷികളും മൃഗങ്ങളും വഴി സ്വാഭാവിക പുനരുത്ഭവം നടക്കാറുണ്ട്. തടിക്ക് ഈടും ഉറപ്പും കുറവാണ്. വിറകിന് കൊള്ളാം. വെള്ളത്തിൽ കേടുകൂടാതെ ദീർഘകാലം കിടക്കും. തൊലി, വിത്ത്, ഇല എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. തൊലി ബന്ധനൗഷധമായി ഉപയോഗിക്കാം. കുട്ടികൾക്ക് ഉണ്ടാകുന്ന വയറിളക്കത്തിന് പച്ചത്തൊലി ഇടിച്ചുപിഴിഞ്ഞ നീര്  ആട്ടിൻ പാലിൽ ചേർത്ത് കൊടുക്കാം. ഫലങ്ങൾക്ക് ഇരുണ്ട നീലലോഹിതവർണം. മധുരവും ചവർപ്പും കലർന്ന രസമാണ്. തിന്നാം. വിത്തിൽ ജാംബൊലിൻ എന്ന ഗ്ലുക്കോസൈഡും അലൂജിക്ക് എന്ന അമ്ലവസ്തുവും മഞ്ഞ നിറത്തിലുള്ള സുഗന്ധതൈലവും അടങ്ങിയിരിക്കുന്നു. ഫലത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഖനിജദ്രവ്യം, വിറ്റാമിൻ എ, ബി. സി. ഗൈനിക്കമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. ഞാവൽതൊലിയിൽ ബീറ്റാസിറ്റോസ്റ്റിറോൾ, ബെറ്റൂലിനിക് അമ്ലം, ടാനിൻ, ഹൈലിക് അമ്ലം ഇവ ഉണ്ട്.

ഞാവൽ തൊലി, 16 ഇരട്ടി വെള്ളത്തിൽ കഷായംവെച്ച് എട്ടിലൊന്ന് ആക്കി വറ്റിച്ച്, ഈ കഷായം 25 മില്ലി ലിറ്റർ വീതം അല്പം തേൻ ചേർത്ത് രാവിലെയും വൈകീട്ടും കുടിക്കാമെങ്കിൽ അതിസാരം, പ്രവാഹിക (കഫവും രക്തവും കൂടി കലർന്ന് പല പ്രാവശ്യം അല്പാല്പമായി മലം പോകുന്ന അസുഖം) ഇവ ശമിക്കും. ഞാവൽ കുരു ഉണക്കി പൊടിച്ച പൊടി 1 ഗ്രാം മുതൽ 3 ഗ്രാം വരെ ദിവസം 3 നേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും എന്നും കരുതപ്പെടുന്നു. ശരീരം തീ പൊള്ളിയാൽ ഞാവലിന്റെ ഇല സ്വരസവും കൽക്കവുമാക്കി വിധി പ്രകാരം കടുകെണ്ണയിൽ കാച്ചി തൊലിപ്പുറത്തിട്ടാൽ ശമിക്കും. വെന്തുപോയ തൊലി വീണ്ടും ഉണ്ടാകും

അന്യരുടെ ചിന്തകളിൽ ഏറെ സ്വാധീനമുളളവരാണ് രോഹിണിക്കാർ നിഷ്ക്കളങ്കത കൊണ്ടും സാന്ത്വനസ്വഭാവം കൊണ്ടും ഇവർ എല്ലാവർക്കും ഏറെ പ്രിയരായിരിക്കും, പൊതുവേ മധുരഭാഷികളായിരിക്കും. സ്നേഹം, വാത്സല്യം, ദയ, പരോപകാരപ്രവണത, മുഖശ്രീ ഇതൊക്കെ ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.

ജ്യോതിഷിയുടെ യോഗ്യത എന്ത്?

ഉത്ഥായോഷസി...... എന്ന് തുടങ്ങുന്ന ദൈവജ്ഞകൃത്യം പരിശോധിച്ചാൽ കൃത്വാമന്ത്രജപാഖിലം എന്ന് പറഞ്ഞതുകൊണ്ട് ഗായത്രീമന്ത്രമോ മറ്റ് താന്ത്രികമന്ത്രങ്ങളോ ജ്യോതിഷി ജപിച്ചിരിക്കണമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജ്യോതിഷി തികഞ്ഞ മന്ത്രോപാസകനായിരിക്കണമെന്ന് സാരം.

" മന്ത്രം യഥാവിധി ഗുരോസുദിനേ ഗൃഹീത്വാ "

എന്ന് തുടങ്ങുന്ന ശ്ലോകത്തിലും മന്ത്രം ഗുരുവിൽ നിന്ന് ഉപദേശമായി സ്വീകരിച്ച് ജപഹോമാദികൾ ചെയ്യണമെന്ന്  നിർദ്ദേശിച്ചിരിക്കുന്നു. അതിനാൽ ജ്യോതിഷിക്ക് ഉപാസനാബലം ഉണ്ടായിരിക്കണം. ഇത്തരത്തിൽ മന്ത്രോപാസന അനുഷ്ഠിയ്ക്കണമെന്നും, വിനയിയും വേദാധ്യയനം ചെയ്യുന്നവനും, പഞ്ചസിദ്ധാന്തകോവിദനും, ഗ്രഹഗണനപടുവും ഒക്കെ ആയിരിക്കണം ദൈവജ്ഞൻ (ജ്യോതിഷി) എന്ന് കൃത്യമായി പറയപ്പെട്ടിരിക്കുന്നു. ഇവിടെ വേദാദ്ധ്യയനം എന്ന് പറയുന്നത് വേദാംഗങ്ങളായ പുരാണങ്ങൾക്കും ഉപലക്ഷണമത്രെ. ജ്യോതിഷി കേവലം ജ്യോതിഷഗ്രന്ഥങ്ങൾ മാത്രം അവലംബിച്ചാൽ മതിയാവില്ല. വേദാംഗങ്ങളായ മറ്റു ശാസ്ത്രങ്ങളും സാമാന്യമായി അറിഞ്ഞിരിക്കണം.

വിനയി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ദുഷ്‌തർക്കങ്ങളിൽ ഇടപെടരുത് എന്നതാണ്. മറ്റുള്ളവരുടെ വാദഗതികളുടെ സാധുത പരിശോധിച്ച് നിർമത്സരബുദ്ധ്യാ വിശകലനം ചെയ്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതാണ്. അതല്ലാതെ ഞാൻ പ്രസ്താവിച്ചത് മാത്രം ശരിയെന്ന് ദുഃശാഠ്യം ഒരിയ്ക്കലും ജ്യോതിഷിക്ക് പാടില്ലാത്തതാകുന്നു. സ്വച്ഛാന്തരാത്മാ ഭവേത് എന്ന വചനം കൊണ്ട് ജ്യോതിഷി തികഞ്ഞ മനഃശുദ്ധിയുള്ള ആളായിരിക്കണമെന്ന് അറിയേണ്ടിയിരിക്കുന്നു. സിദ്ധമദ്രോജാനാതി ജാതകം എന്ന വചനംകൊണ്ട് ജ്യോതിഷിയുടെ മന്ത്രോപാസനയുടെ പ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നു. ബ്രാഹ്മണേതര സമുദായത്തിൽപ്പെട്ട ജ്യോതിഷിമാരെല്ലാംതന്നെ മുൻകാലങ്ങളിൽ കൗളമാർഗ്ഗാവലംബികളായിരുന്നുവെന്ന കാര്യം സംശായാതീതമാണ്

കാർത്തിക നക്ഷത്രവും അത്തിമരവും


" ഭ്രാതൃവിഹീനോ ഹ്യേകോ
ബഹുഭൂൽ ബഹു ഭാര്യവാൻ വപുഷ്‌മാംശ്ച
തേജസ്വീ ശഠവചന
പരോപകര സുകീർത്തീ രനലർക്ഷേ "

കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവൻ സഹോദരന്മാർ കുറഞ്ഞവനായും ഏകാകിയായും വളരെ ഭക്ഷിക്കുന്നവനായും വളരെ സ്ത്രീകളുമായി ബന്ധം ഉള്ളവനായും നല്ല ശരീരവും തേജസ്സും ഉള്ളവനായും കീർത്തിമാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം.

ത്വക് സൗന്ദര്യത്തിന് പ്രധാനമായി ഉപയോഗിക്കുന്ന നാല്പാമരങ്ങളിൽ ഒന്നാണ് അത്തി. കാർത്തികയെ അഗ്നിനക്ഷത്രമായിട്ടാണ് കണക്കാക്കുന്നത്. ഏറ്റവും ചൂട് കൂടുതലുള്ള തെക്ക് വശമാണ് അത്തിക്ക് വാസ്തു പ്രകാരം നൽകിയിട്ടുള്ള സ്ഥാനം. പവിത്രമായ വൃക്ഷമാണ് അത്തി. യാഗങ്ങളിൽ ഇത് ഉപയോഗിക്കുന്നു. തന്നെ വിമർശിക്കുന്നവരോട് ശത്രുതയോടെ പെരുമാറുന്നവരാണ് കാർത്തികക്കാർ. നിർബന്ധബുദ്ധിയും കോപവും കൂടുതലുള്ളവരാണിവർ. കാർത്തിക കീർത്തി നേടും എന്നൊരു ചൊല്ലുണ്ട്.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" ബഹുഭുക്പരദാരരത സ്തേജസ്വീ കൃത്തികാസു വിഖ്യാതഃ " 

എന്ന് കാർത്തികയെപ്പറ്റി പറയുന്നു.

(ഫൈക്കസ് റെസിമോസലിൻ, ഫൈക്കസ് ഗ്ലോമറേറ്റ, റോക്സ് )

കുടുംബം :- അർട്ടിക്കേസി മൊറേസി

സംസ്കൃതം :- ഹേമദുഗ്ധ, ഉദുംബരം, ജന്തുഫല, സേവ്യ, കൃമിഫല
ഹിന്ദി :- ഗുലാർ, ഉമർ
ഗുജറാത്തി :- ഉംബാരോ 
മറാഠി :- ഉംബാര
തമിഴ് :- അത്തിമരം
ഇംഗ്ലീഷ് :- Cluster Fig, Country  Fig, Gular Fig
കന്നഡ :- അത്തി 
തെലുങ്ക് :- അത്തി, ബ്രഹ്മവേദി
ബംഗാളി :- ഡ്യുമർ, ജാഗ്യദൂമർ.

ഒരു അർദ്ധഹരിത മരം. കേരളത്തിലെ നനവാർന്ന നിത്യഹരിത വനങ്ങളിലും ഇലപൊഴിയുന്ന ഈർപ്പവനങ്ങളിലുമുണ്ട്. പുഷ്പമഞ്ജരികൾ നീണ്ട കുലകളായി കാണുന്നു. പുഷ്പത്തിന് മൂന്നോ നാലോ ഖണ്ഡങ്ങളുണ്ട്. പാകമാകുമ്പോൾ ഫലങ്ങൾ ചുവപ്പ് നിറമുള്ളതായിത്തീരുന്നു. മൃദുരോമം കൊണ്ടുള്ള ഒരു ബാഹ്യാവരണവും ഉണ്ടായിരിക്കും. ഫലത്തിന് മണമുണ്ട്. മധുരമുള്ള നീരുള്ളതുകൊണ്ട് തിന്നാം. പക്ഷേ മിക്ക പഴത്തിലും പുഴു കാണും. അതുകൊണ്ട് പൊളിച്ചുനോക്കിയേ തിന്നാവു.

അത്തി കായ്ക്കുവേണ്ടിയും നട്ടുവളർത്താറുണ്ട്. തടിക്ക് ഈടും ബലവും തീരെ കുറവാണ്. വെള്ളത്തിൽ കുറേക്കാലം ഈടുനിൽക്കും. തൊലി, കായ്, വേര് എന്നിവ ഔഷധങ്ങളാണ്.

അത്തിത്തൊലിയിട്ട് തിളപ്പിച്ച വെള്ളം ചെങ്കണ്ണും ഉഷ്ണപുണ്ണും കഴുകാൻ നല്ലതാണ്. തൊലിയുടെ ശീതക്കഷായം അത്യാർത്തവത്തിന് കൊടുക്കാം. മരക്കറ നല്ലെണ്ണ ചേർത്ത് അർബുദവ്രണത്തിൽ പുരട്ടാം. കായ് ചതച്ച് പിഴിഞ്ഞ് നീര്  തേൻ ചേർത്ത് സേവിക്കുന്നത് രക്തപിത്തഹരമാണ്. വേര് പാണ്ട് ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നു. ഗർഭസ്ഥശിശുവിന്റ വളർച്ചയ്ക്കും മുലപ്പാൽ വർദ്ധനക്കും സഹായകരമാണ്.

അത്തി ലാക്കുപ്രാണികൾക്ക് ഇഷ്ടപ്പെട്ട ആതിഥേയമരമാണ്. കാപ്പിച്ചെടിക്ക് പറ്റിയ തണൽ വൃക്ഷമാണ്.

വീടിന്റെ തെക്കുഭാഗത്ത് അത്തി ശുഭലക്ഷണമാണത്രെ. വടക്കുഭാഗത്തുള്ള അത്തി വീട്ടുകാർക്ക് ഉദരരോഗമുണ്ടാക്കുമെന്നും വിശ്വാസം.

അത്തി, ഇത്തി എന്നിവയുടെ തൊലി ചതച്ച് നീരെടുത്ത് പാലോ വെള്ളമോ ചേർത്താൽ പുണ്യാഹമായി. യജ്ഞത്തിനും പുണ്യാഹത്തിനും ശുദ്ധിവരുത്തുന്നതിനും ഉപയോഗിക്കുന്നതു കൊണ്ടാണ് അത്തിക്ക് യജ്ഞിഹ, ശ്രീമന, വിപ്ര, സേവ്യ പവിത്രക, എന്നിങ്ങനെ പേര് വന്നത്.

ജ്വലിക്കുന്ന വ്യക്തിത്വത്തിനുടമകളാണ് കാർത്തികക്കാർ. ഏവരും ഇഷ്ടപ്പെടുന്ന പ്രകൃതം. ഊർജ്വസ്വലരും പരോപകാരപ്രിയരുമാകും. ഗുണകരവും ശുഭകരവുമായ ജീവിതശൈലിയും ഇവരുടെ പ്രത്യേകതകളാണ്.

ജ്യോതിഷത്തിന് അധികാരി ആരാണ്?

" അധ്യേതവ്യം ബ്രാഹ്മണൈരേവ " എന്നിങ്ങനെ ഹോരാശാസ്ത്രത്തിൽ പറഞ്ഞിരിക്കയാൽ ശരിയായ ബ്രാഹ്മണന് മാത്രമേ ജ്യോതിഷത്തിന് അധികാരമുള്ളൂ. അപ്പോൾ ബ്രാഹ്മണൻ ആരാണെന്ന് മറ്റൊരു നിർവ്വചനം കൂടി നൽകേണ്ടി വരും. മ്ലേച്ഛന്മാരും യവനന്മാരും ജ്യോതിഷത്തിന് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. അവരെയും ഋഷിമാരെപ്പോലെ പൂജിക്കണം. എന്നിങ്ങനെ മറ്റൊരു പ്രമാണത്തിൽ പറയുന്നു. പിന്നെ എങ്ങനെയാണ് ബ്രാഹ്മണന് മാത്രമേ അധികാരമുള്ളൂ എന്ന് പ്രസ്താവിച്ചത്.

കേരളത്തെ സംബന്ധിച്ചത്തോളം അധികവും ബ്രാഹ്മണ ഇതര സമുദായക്കാരാണ് ജ്യോതിഷത്തിൽ പ്രഗത്ഭന്മാരായിത്തീർന്നത്. ഇവിടെയാണ് ബ്രാഹ്മണ ശബ്ദത്തിന് സാമുദായിക പരിവേഷമല്ല താത്വിക സമീപനമാണ് വേണ്ടത് എന്ന് പറയേണ്ടിവരുന്നത്. ബ്രഹ്മ അധീതേ ഇതി ബ്രാഹ്മണഃ എന്നതാണ് ബ്രാഹ്മണ ശബ്ദത്തിന്റെ വ്യുൽപ്പത്തി. ബ്രഹ്മ എന്ന വാക്കിന് പരബ്രഹ്മമെന്നും. വേദമെന്നും അർത്ഥമുണ്ട്. പരബ്രഹ്മത്തെ അറിയുവാനുള്ള പ്രമാണം വേദമാണല്ലോ. അതിനാൽ വേദം പഠിച്ച് ബ്രഹ്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നവൻ തന്നെയാണ് ബ്രാഹ്മണൻ. വിത് ധാതുവിൽ നിന്ന് നിഷ്‌പതിച്ച വേദശബ്ദംകൊണ്ട് കേവലം വൈദികമന്ത്രങ്ങൾ മാത്രമല്ല ബ്രഹ്മത്തെ അറിയുവാനുള്ള ഏത് ശാസ്ത്രവും സിദ്ധമാകുന്നു.

പലപ്പോഴും വൈദിക വൃത്തി കൈവരിച്ചവരെമാത്രം ബ്രാഹ്മണരെന്ന് കരുതി. അങ്ങനെയാണ് സമുദായ ബ്രാഹ്മണൻ ഉണ്ടായിത്തീർന്നത്. എന്നാൽ കൗളസമ്പ്രദായം ബ്രഹ്‌മാനുഭൂതിയിലേക്കുള്ള ഗുരുപദിഷ്ടമായ മാർഗ്ഗമാണ്. അതിനാൽ കൗളസമ്പ്രദായത്തിൽ ചരിക്കുന്നവരും ബ്രാഹ്മണരാണെന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. കേരളത്തിൽ ജ്യോതിഷികളിൽ പലരും കൗളമാർഗ്ഗാവലംബികളായിരുന്നു. ബാലാവിംശതിയെ വ്യാഖ്യാനിച്ച കൈക്കുളങ്ങരെ രാമവാര്യർ ബ്രാഹ്മണസമുദായത്തിൽപ്പെട്ട ആളല്ല. താന്ത്രികദീക്ഷ നേടിയ ആളായിരുന്നു. ഹോരാശാസ്ത്രത്തിന് സമഗ്രമായ വ്യാഖ്യാനം നൽകിയത് ഇദ്ദേഹമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മറ്റു സമുദായങ്ങളിൽപ്പെട്ട ജ്യോതിഷകളിൽ പലരും പണ്ടുകാലത്ത് വൈദികവൃത്തിയിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരായിരുന്നു. അവരുടെ തറവാടുകളിൽ ഇന്നും ശാക്തേയപൂജ ആചരിച്ചുവരുന്നു എന്നത് അവർക്ക് പാരമ്പര്യമായി കൗളധർമ്മത്തോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ഇന്നത്തെ ജ്യോതിഷികളുടെ പൂർവ്വപിതാമഹന്മാർ പലരും കുളയോഗികളായിത്തീർന്നവരായിരുന്നു. ഇത്തരക്കാർ കൗളധർമ്മത്തെ വെടിഞ്ഞ് മറ്റ് മാർഗ്ഗങ്ങൾ തേടിപ്പോകുന്നത് സ്വന്തം പൈതൃകത്തോട് കാണിക്കുന്ന അനാദരവാണ്.

ഈ കാരണത്താൽ അധ്യേതവ്യം ബ്രാഹ്മണൈരേവ എന്ന വാക്യംകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം സാമുദായിക ബ്രാഹ്മണരെ മാത്രമല്ല. കൗളമാർഗ്ഗാവലംബികളെക്കൂടി ഉദ്ദേശിച്ചാണെന്നുവരുന്നു. കൂടാതെ ഇന്ന് ബ്രാഹ്മണ സമുദായത്തിൽപ്പെടാത്ത പലരും വൈദികവൃത്തി സ്വീകരിച്ചുവരുന്നുണ്ട് എന്നത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

കർക്കിടക ഔഷധകഞ്ഞി

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു.

ഔഷധക്കഞ്ഞി ചേരുവകൾ
=====================
നവരയരി അല്ലെങ്കിൽ പൊടിയരി - ആവശ്യത്തിന്. 
ജീരകം~ 5 ഗ്രാം.
ഉലുവ~ 5 ഗ്രാം.
കുരുമുളക്~ 2 ഗ്രാം.
ചുക്ക്~ 3 ഗ്രാം.
(എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക

ചെറൂള.
പൂവാംകുറുന്നില.
കീഴാർനെല്ലി.
ആനയടിയൻ.
തഴുതാമ.
മുയൽച്ചെവിയൻ.
തുളസിയില.
തകര.
നിലംപരണ്ട.
മുക്കുറ്റി
വള്ളി ഉഴിഞ്ഞ.
നിക്തകം കൊല്ലി.
തൊട്ടാവാടി.
കുറുന്തോട്ടി.
ചെറുകടലാടി.
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക.

പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

ഞെരിഞ്ഞിൽ.
രാമച്ചം.
വെളുത്ത ചന്ദനം.
ഓരിലവേര്.
മൂവിലവേര്.
ചെറുവഴുതിന വേര്.
ചെറു തിപ്പലി.
കാട്ടുതിപ്പലി വേര്
ചുക്ക്
മുത്തങ്ങ.
ഇരുവേലി.
ചവർക്കാരം.
ഇന്തുപ്പ്.
വിഴാലരി.
ചെറുപുന്നയരി.
കാർകോകിലരി.
കുരുമുളക്.
തിപ്പലി.
കുടകപ്പാലയരി.
കൊത്തമ്പാലയരി.
ഏലക്കായ.
ജീരകം.
കരിംജീരകം.
പെരുംജീരകം.
ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക.

പർപ്പടകപ്പുല്ല്.
തഴുതാമയില.
കാട്ടുപടവലത്തിൻ ഇല.
മുക്കുറ്റി.
വെറ്റില.
പനികൂർക്കയില.
കൃഷ്ണതുളസിയില.
5 എണ്ണം ഇവ പൊടിക്കുക.
10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി.
ഞവരയരി.
കാരെള്ള് (5ഗ്രാം).
ഇവയും ചേർത്ത് വേവിച്ചു ,
പനംകൽക്കണ്ടും ചേർത്ത്.
നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു, അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.

ഭരണി നക്ഷത്രവും നെല്ലിക്കയും


നക്ഷത്രഫലം

"ശാന്താത്മാ ചലചിത്ത -
സ്ത്രീലോല സ്സത്യവാക് സുഖീ മാനീ
ധീരോ മിത്രസഹായോ
ദീർഘായുസ്സല്പപുത്രവാൻ യാമ്യേ "

ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവൻ ശാന്തബുദ്ധിയായും ചാപല്യം ഉള്ള സ്വഭാവക്കാരനായും സ്ത്രീകളിൽ താല്പര്യമുള്ളവനായും സത്യവാക്കായും സുഖവും മാനവും ധീരതയും ബന്ധുസഹായവും ദീർഘായുസ്സും ഉള്ളവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം.

നെല്ലിക്ക ധാത്രിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ധാത്രിക്ക് അമ്മയെന്നാണർത്ഥം. അമ്മയെപ്പോലെ ഐശ്വര്യമുള്ളത്, നമുക്കെല്ലാം ആശ്രയിക്കാവുന്നത്, എന്നെല്ലാം നെല്ലിക്കയെ പറ്റിയും ഭരണി നക്ഷത്രക്കാരെപ്പറ്റിയും പൊതുവായി പറയാം. ഏത് കാര്യത്തിന്റെയും നെഗട്ടീവ്‌ വശമാണ് ആദ്യം ഭരണിക്കാർ ചിന്തിക്കുക. അല്പം അപവാദം കേൾക്കാനും സാധ്യതയുളളവരുമാണ്. രോഗം പൊതുവേ കുറവായിരിക്കും. തൃഫല എന്ന യോഗത്തിൽ നെല്ലിക്കയും താന്നിയും കടുക്കയുമാണുള്ളത്. ഇതിലെ ഒന്നാം സ്ഥാനം നെല്ലിക്കയ്ക്കാണ്. ശ്രീപാർവ്വതീദേവിയുടെയും ശ്രീലക്ഷ്മീദേവിയുടെയും പ്രാർത്ഥനാ സമയത്തുതീർന്നുവീണ സന്തോഷാശ്രുക്കളിൽ നിന്നാണ് നെല്ലിക്കയുടെ ജനനം എന്ന് പുരാണം പറയുന്നു. ഏറ്റവും മഹത്വമുള്ള ഏകാദശി നാളിലാണ് നെല്ലിക്കയുണ്ടായത്. തുളസിയും കൂവളവും പോലെ വിശുദ്ധമായതാണ് നെല്ലിക്ക.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" കൃതനിശ്ചയ സ്സസത്യോരുഗ്‌ദക്ഷസുഖയുതശ്ച ഭരണീഷു " 

എന്ന് ഭരണി നക്ഷത്രക്കാരെപ്പറ്റി പറയുന്നു.

പൊതുസ്വഭാവം നിരീക്ഷിച്ചാൽ പ്രതികൂലകാലാവസ്ഥയോട് മല്ലിട്ടും അതിജീവിക്കും. തീയിൽ കുരുത്ത പ്രകൃതമാണ്. ഭരണിക്കാരെ ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും ക്രമേണ ഇഷ്ടപ്പെടാതിക്കില്ല. സ്വന്തം അഭിപ്രായത്തിൽ കടുപ്പമേറിയ വിശ്വാസം പുലർത്തുന്നവരാകും. ഒറ്റപ്പെട്ട് ജീവിക്കുമ്പോഴും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിയ്ക്കുന്നതും ഗുണകരമായ അഭിപ്രായം മാറ്റാതെയും നിലനിൽക്കുന്നവരുമാകും. ഒരു ലക്ഷ്യത്തിനു വേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഭരണി നക്ഷത്രക്കാർ മനസ്സിന് കാഠിന്യമുള്ളവരാണ്.

(എംബ്ലിക്ക ഓഫിസിനാലിസ്, ഫിലാന്തസ് എംബ്ലിക്ക ലിൻ. ഗയ്ർട്ടൻ (യൂഫോർബിയേസി)

സംസ്കൃതം :- വയസ്ഥ, ധാത്രിക, അമൃതാ, അമലകി, വൃഷ്യാ, ശിവം, അമൃതഫല
ഹിന്ദി :- ആമ്ലാ
ഗുജറാത്തി :- ആംല
തമിഴ് :- നെല്ലിക്കായ്
ഇംഗ്ലീഷ് :- Indian Gooseberry
കന്നഡ :- നെല്ലി
മലയാളം :- നെല്ലി
തെലുങ്ക് :- നെല്ലി, ആമലകമു
മറാഠി :- ആംല
ബംഗാളി :- ആമ്ലകി
കുടുംബം :- യൂഫോർബിയേസി

പ്രകാശാർത്ഥിയാണ് നെല്ലി. ഡിസംബറിൽ ഇല പൊഴിക്കും. നല്ല കോപ്പിസറാണ്. വരൾച്ചയും ലഘുവായ ശൈത്യവും സഹിക്കും. ആൺപെൺ പുഷ്പങ്ങൾ ഒരേ വൃക്ഷത്തിൽ തന്നെ ഉണ്ടാകും. പെൺ പൂക്കൾ ആൺ പൂക്കളേക്കാൾ എണ്ണത്തിൽ കുറവാണ്. തടിക്ക് ചുവപ്പ് നിറം. കടുപ്പവും ബലവുമുണ്ട്. എന്നാൽ വേഗം പൊട്ടിച്ചീന്തും. വെള്ളത്തിൽ കൂടുതൽകാലം കിടക്കും. തടിക്ക് കലങ്ങിയ വെള്ളം തെളിയിക്കാൻ കഴിയും. അതുകൊണ്ട് കിണറിന്റെ നെല്ലിപ്പലകക്ക് ഉപയോഗിച്ചിരുന്നു. ഫലത്തിൽ നെല്ലിക്കയിൽ വളരെയധികം പെക്റ്റിൻ, വിറ്റാമിൻ സി,  ' ബി ' കോംപ്ലക്സ്, കാത്സ്യം, ഇരുമ്പിന്റെ അംശം എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ഗൈനിക്കമ്ലം, ടാനിക് അമ്ലം, റെസിൻ, പഞ്ചസാര, അന്നജം, പ്രോട്ടീൻ, ആൽബുമിൻ, സെല്ലുലോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. തായ്ത്തടിയുടെ തൊലിയിൽ 19 ശതമാനവും ചെറു ശാഖകളുടെ തൊലിയിൽ 21 ശതമാനവും വിളഞ്ഞ കായിൽ 28 ശതമാനവും ഇലയിൽ 22 ശതമാനവും ടാനിനുണ്ട്. ടാനിനിലുള്ള ടാനിക് അമ്ലവും എല്ലിലിക് അമ്ലവും ഗ്ലൂക്കോസും വിറ്റാമിന്റെ ഓക്സീകരണം തടയുന്നു. അതുകൊണ്ട് കായ ഉണക്കിയാലും ഉപ്പിലിട്ടാലും വിറ്റാമിൻ നഷ്ടപ്പെടുന്നില്ല. കായ് ' മൂത്തവരുടെ വാക്കുകൾ പോലെ ആദ്യം ചവർക്കും പിന്നെ മധുരിക്കും ' .

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിച്ചാൽ ജരാനര ബാധിക്കാത്ത ശതായുസ്സുകളാകും. നെല്ലിക്ക കഷായം സമം തൈര് ചേർത്ത് ധാര കോരിയാൽ ബുദ്ധിഭ്രമത്തിന് നല്ലതാണ്. പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീര് നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിനുണ്ടാകുന്ന മിക്ക അസുഖത്തിനും നല്ലതാണ്. നെല്ലിക്കാപ്പൊടി 3 ഗ്രാം വീതം 10 ഗ്രാം നെയ്യിൽപതിവായി കഴിച്ചാൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശമിക്കും. മൂത്രതടസ്സമുണ്ടാകുമ്പോൾ നെല്ലിക്ക അരച്ച് അടിവയറ്റിൽ പൂശുക. നെല്ലിക്ക ധാതുപുഷ്ടികരവും ശുക്ലവർദ്ധനീയവുമാണ്. അമ്ലപിത്തം (Hyper Acidity), രക്തദുഷ്ടി, രക്തപിത്തം, ജ്വരം, പ്രമേഹം, അതിസ്ഥൗല്യ, മുടികൊഴിച്ചിൽ ഇവ ശമിപ്പിക്കുന്നു. പച്ചനെല്ലിക്കനീരിൽ തേൻ ചേർത്ത് സേവിച്ചാൽ പാണ്ടുരോഗം കുറയും. ദീർഘായുസ്സിനും ആരോഗ്യത്തിനും സേവിക്കേണ്ട ആമലക രസായനവും ച്യവനപ്രാശരസായനവും നെല്ലിക്ക ചേർത്താണ് ഉണ്ടാക്കുന്നത്.

ജ്യോതിഷം ഒരു ശാസ്ത്രമാണോ?

തീർച്ചയായും ജ്യോതിഷം ഒരു വലിയ ശാസ്ത്രമാണ്. ഗ്രഹ സംക്രമണങ്ങളും, ഞാറ്റുവേലകളും, ഗ്രഹണങ്ങളും, വാവുകളും, വേലിയേറ്റ സമയവും എല്ലാം വളരെ കൃത്യമായി മുൻകൂട്ടി ഗണിച്ചെടുക്കുന്നു. അത് നമുക്ക് അനുഭവത്തിൽ വരുന്നു എന്നത് തന്നെയാണ് ജ്യോതിഷം ശാസ്ത്രമാണെന്നതിന് മുഖ്യമായ നിദാനം.

അക്ഷാംശ രേഖാംശങ്ങളെക്കുറിച്ച് ഇന്നത്തെ രീതിയിലുള്ള ധാരണ ഇല്ലാതിരുന്ന കാലത്തുപോലും പ്രാദേശിക സമയവും സൂര്യോദയവും, ഗുളികോദയവും, ഗ്രഹനക്ഷത്രാദി രാശി സ്ഥിതിയും കൃത്യമായി ഗണിച്ചെടുത്തിരുന്നുവല്ലോ. ഈ ശാസ്ത്രം വേദപുരുഷന്റെ ചക്ഷുരിന്ദ്രിയമായി കണക്കാക്കപ്പെടുന്നു. ശരീരത്തിൽ കണ്ണിന് എത്രമാത്രം പ്രാധാന്യമുണ്ടോ അത്രയും പ്രാധാന്യം വേദത്തിൽ ജ്യോതിഷത്തിനുണ്ട്.

പുരാണമെന്നാൽ എന്ത്, അതുകൊണ്ട് എങ്ങനെ തത്വവിചാരമുണ്ടാവും?

പുരാ അപി നവം എന്നതാണ് പുരാണ ശബ്ദത്തിന്റെ അർത്ഥം. അതായത് പഴയതാണെങ്കിലും പുതിയത്. കാലാന്തരാതിശായിയായ മഹത്വം ഉൾക്കൊള്ളുന്ന പുരാണം അഞ്ച് ലക്ഷണം ഉൾക്കൊള്ളുന്നതാണ്. അവയാകട്ടെ സർഗ്ഗം, പ്രതിസർഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നിവയാകുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അനാദിയായ കാലഘടനാചക്രവുമായി ജന്മജന്മാന്തരങ്ങളുടെ കർമ്മബന്ധങ്ങളെ അനാവരണം ചെയ്യുന്നതുമാണ്. നാം ഇന്ന് വായിക്കുന്ന മറ്റ്‌ എല്ലാ കഥകളും ഒരു ജന്മത്തിന്റേതുമാത്രമാണ്. അതിൽ അനുഭവിക്കേണ്ടിവരുന്ന സുഖദുഃഖങ്ങളെയും ഭാഗ്യദൗർഭാഗ്യങ്ങളെയും കുറിച്ചാകുന്നു. എന്നാൽ പുരാണങ്ങൾ അങ്ങനെയല്ല. പൂർവ്വജന്മദുഷ്കൃതങ്ങളെ മറ്റൊരു ജന്മത്തിൽ ദുരിതമായി അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങളായാണ് ഇതിൽ വർണ്ണിച്ചിരിക്കുന്നത്. അതായത് പൂർവ്വജന്മകർമ്മഫലം സുകൃതമായിരുന്നാലും ദുഷ്‌കൃതമായിരുന്നാലും വരും ജന്മങ്ങളിൽ അനുഭവിക്കേണ്ടിവരും എന്നുള്ള സൂചനയാണിത്. ത്രേതായുഗത്തിൽ ശ്രീരാമൻ ബാലിയെ ഒളിയമ്പ് എയ്തുകൊന്നതിന്റെ കർമ്മഫലമായിട്ടാണത്രെ ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ വേടന്റെ അമ്പ് ഏറ്റ് മരിക്കാനിടയായത്. ഇങ്ങനെ നോക്കുമ്പോൾ കർമ്മബന്ധങ്ങളെ വിച്ഛേദിയ്ക്കാൻ ഈശ്വരാവതാരങ്ങൾക്കുപോലും സാധിക്കുന്നില്ല എന്നുവരുന്നു. ഈ ബോധം ഉള്ളിലൊതുക്കി സദ് വിചാരങ്ങളെ അനുസന്ധാനം ചെയ്ത് സത്കർമ്മങ്ങളെ അനുഷ്ഠിച്ച് ജീവിക്കുവാനുള്ള പ്രേരണയാണ് പുരാണങ്ങൾ നൽകുന്നത്. അതിനാൽ ഒരു സാധകൻ തന്റെ ജപപൂജാദി സാധനയോടൊപ്പം തത്വവിചാരം വർദ്ധിപ്പിച്ചെടുക്കുവാനുള്ള സ്വാദ്ധ്യായക്രമം കൂടി ആചരിക്കേണ്ടതുണ്ട്.

കർമ്മബീജം ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്?

പരമമായ ജ്ഞാനം ലഭിച്ചില്ലെങ്കിൽ മാത്രമേ കർമ്മബീജം നശിക്കുകയുള്ളൂ. ജ്ഞാനാഗ്നി സർവ്വകർമ്മാണി ഭസ്‌മാൽ കുരുതേ എന്നിങ്ങനെ ശ്രീമദ്ഭഗവദ്ഗീതയിൽ പ്രമാണമുണ്ട്. ജ്ഞാനമാകട്ടെ തപസ്സിലൂടെയും സ്വാധ്യായത്തിലൂടെയും നേടിയെടുക്കേണ്ടതാണ്. കലിയുഗത്തിൽ തപസ്സ് എന്നു പറഞ്ഞാൽ നാമജപവും മന്ത്രജപവും തന്നെയാകുന്നു. കേവലഭക്തിയുള്ളവൻ നാമജപത്തിലൂടെയും, ഗുരുപദേശം അനുസരിച്ച് ചരിക്കുന്ന വീരസാധകൻ മന്ത്രജപത്തിലൂടെയും തന്നെയാണ് ജ്ഞാനം നേടിയെടുക്കേണ്ടത്. സ്വാധ്യായം എന്നാൽ വേദപഠനം തന്നെയാകുന്നു. വേദമോ വേദാംഗങ്ങളോ വേദതത്വം ഉൾക്കൊള്ളുന്ന മറ്റ് ഗ്രന്ഥങ്ങളോ ദിവസേന വായിച്ചിരിക്കേണ്ടതാണ്. അതിലൂടെ മാത്രമേ ജ്ഞാനം ഉദിക്കുവാനുള്ള ചിത്തസംസ്കാരം കൈവരിക്കുകയുള്ളൂ.

നിർമ്മലമായ ജലാശയത്തിൽ സൂര്യമണ്ഡലം പ്രതിബിംബിയ്ക്കുന്നതുപോലെ സ്വാദ്ധ്യായംകൊണ്ട് മനോനൈർമല്യം സംഭവിച്ചാൽ അവിടെ ജ്ഞാനദീപം പ്രത്യക്ഷപ്പെടുന്നു. അതിനുവേണ്ടി നിരന്തരമായി തത്വവിചാരംതന്നെ നടത്തേണ്ടിയിരിക്കുന്നു. സദ് വിചാരം ഉണ്ടായിക്കഴിഞ്ഞാൽ ജന്മാന്തരസംബന്ധിയായ കർമപാശങ്ങളെക്കുറിച്ച് ബോധമുദിക്കുകയും അതിൽനിന്നുള്ള മോചനം ആഗ്രഹിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഘടനാപരമായ ഒരു വേദോപാംഗമാണ് പുരാണം എന്നത്. പുരാണപാരായണം ചിത്തശുദ്ധിയ്ക്ക് സഹായകരമായിത്തീരുന്നു.

പുനർജ്ജന്മം ഉണ്ടാവാനുള്ള കാരണം എന്ത്?

പ്രാരബ്ധം, സഞ്ചിതം, ആഗാമി എന്നീ മൂന്ന് തരത്തിലുള്ള കർമ്മങ്ങളാണ് പുനർജ്ജന്മത്തിന് കാരണമായി വർത്തിക്കുന്നത്. ആത്മാവ്‍ നിത്യനും, ശുദ്ധനും, നിരാമയനും, ചിന്മയനും ഒക്കെയാണെങ്കിലും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുമായി ബന്ധപ്പെട്ട് അവയിൽ അഭിമാനിച്ച് അഹംബോധവാനായ ജീവനായി മാറുന്നു. സ്ഥൂലശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ ജാഗ്രദവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. ഈ ജീവൻ വിശ്വൻ എന്ന പേരിൽ അറിയപ്പെടുന്നു. സൂക്ഷ്മശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ സ്വപ്നാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ഇവിടെ, തൈജസൻ എന്ന പേരിൽ അറിയപ്പെടുന്നു. കാരണശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ സുഷുപ്‌താവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. ഇവിടെ പ്രാജ്ഞൻ എന്ന അവസ്ഥയിൽ അറിയപ്പെടുന്നു.

ജീവനെ ബാധിച്ച കർമ്മബന്ധങ്ങൾ സ്ഥൂല, സൂഷ്മ, കാരണ ദേഹങ്ങൾ അനുസരിച്ച് കാർമ്മികമലം, ആണവമലം, മായികമലം എന്നീ പേരുകളിൽ അറിയപ്പെടുന്നു. പ്രതീകാത്മകമായി ഈ മലങ്ങളെ ഇല്ലായ്മചെയ്യുന്ന പ്രക്രിയയാണ് തത്വശോധനം എന്നത്. അതായത് ആത്മതത്വം, വിദ്യാതത്വം, ശിവതത്വം എന്നിവ. ആത്മതത്വശോധനയിലൂടെ സ്ഥൂലശരീരത്തിലടങ്ങിയ കാർമ്മികമലങ്ങളെ ഇല്ലായ്മചെയ്യുന്നു. വിദ്യാതത്വശോധനയിലൂടെ സൂക്ഷ്മശരീരത്തിലടങ്ങിയ ആണവമലങ്ങളെ ശോധനചെയ്യുന്നു. ശിവതത്വശോധനയിലൂടെ കാരണശരീരത്തിലടങ്ങിയ മായികമലങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഇത്തരത്തിൽ സ്ഥൂല സൂക്ഷ്മ കാരണശരീരത്തിലടങ്ങിയതും ജന്മ ജന്മാർജ്ജിതമായതുമായ കർമ്മബന്ധങ്ങളെ നിർമൂലനം ചെയ്തെങ്കിൽ മാത്രമേ യോഗി പരിശുദ്ധനായി മാറുകയുള്ളൂ. അതിലൂടെ മാത്രമേ ക്രമമുക്തി അതായത് ഹിരണ്യഗർഭതത്വത്തിലേക്കുള്ള സായൂജ്യം ലഭിക്കുകയുള്ളു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.