ഗോസിംഹൌ ജുതുമാഷ്ടമൌ ക്രിയതുലേ
കന്യാമൃഗൌ ച ക്രമാൽ
സംവർഗ്ഗ്യാ ദശകാഷ്ടസപ്തവിഷയൈ-
ശ്ശേഷാഃ സ്വസംഖ്യാഗുണാഃ
ജീവാരാസ്ഫുജിദൈന്ദവാഃ പ്രഥമവ-
ച്ഛേഷാഃ ഗ്രഹാസ്സൌമ്യവ-
ദ്രാശീനാം നിയതോ വിധിർഗ്രഹയുതൈഃ
കാര്യാ ച തദ്വർഗ്ഗണാ.
ഇടവം ചിങ്ങം എന്നീ രാശികൾക്കു പത്തും, മിഥുനം, വൃശ്ചികം, എന്നിവകൾക്കു എട്ടും, മേടം തുലാം ഇവർക്കു ഏഴും, കന്നി, മകരം എന്നീ രാശികൾക്കു അഞ്ചും, കർക്കടകത്തിനു നാലും, ധനുവിന് ഒമ്പതും, കുംഭത്തിനു പതിനൊന്നും, മീനത്തിനു പന്ത്രണ്ടും സംഖ്യകൾ ഗുണകാരങ്ങളാകുന്നു.
വ്യാഴം ചൊവ്വ ശുക്രൻ ബുധൻ ഇവർക്കു ക്രമത്തിൽ മുൻപറഞ്ഞപോലെയും, മറ്റു ഗ്രഹങ്ങൾക്കു ബുധന്റേതുപോലെയുമാണ് ഗുണകാരം. എന്നുവെച്ചാൽ, വ്യാഴത്തിനു പത്തും, ചൊവ്വയ്ക്ക് എട്ടും, ശുക്രനു ഏഴും, ബുധൻ സൂര്യൻ ചന്ദ്രൻ ശനി എന്നീ നാലു ഗ്രഹങ്ങൾക്കു അഞ്ചും സംഖ്യകളാണ് ഗുണകാരമെന്നു താല്പര്യം.
മേഷാദിരാശിഗുണകാരങ്ങൾ
മേടം - 7
ഇടവം - 10
മിഥുനം - 8
കർക്കടകം - 4
ചിങ്ങം - 10
കന്നി - 5
തുലാം - 7
വൃശ്ചികം - 8
ധനു - 9
മകരം - 5
കുംഭം - 11
മീനം - 12
സൂര്യാദിഗ്രഹഗുണകാരങ്ങൾ
സൂര്യൻ - 5
ചന്ദ്രൻ - 5
കുജൻ - 8
ബുധൻ - 5
വ്യാഴം - 10
ശുക്രൻ - 7
ശനി - 5
ഇനി മേൽകാണിച്ച ഗുണകാരങ്ങളെക്കൊണ്ടു ഗുണപിണ്ഡം ഉണ്ടാക്കുവാൻ പറയുന്നു. ഗുണപിണ്ഡായനം തന്നെ ' പൃഥ് ഗുണന ' മെന്നും ' ഭൂയോ ഗുണന ' മെന്നും രണ്ടു വിധത്തിലുണ്ട്. അതിൽ ' പൃഥ് ഗുണന ' മാണ് ആദ്യം പറയുന്നത്.
പ്രശ്നസമയത്തെ ഉദയലഗ്നസ്ഫുടം വെച്ചു അതിനെ ആ ലഗ്നരാശിയുടെ ഗുണകാരംകൊണ്ടു പെരുക്കി അറുപതിലും മുപ്പതിലും കയറ്റി ഒരേടത്തു വെയ്ക്കുക. ഈ ലഗ്നത്തിൽ ഗ്രഹങ്ങളുണ്ടെങ്കിൽ ലഗ്നസ്ഫുടത്തെ * ആ - ലഗ്നത്തിലുള്ള ഗ്രഹങ്ങളുടെ - സംഖ്യയോളം വേറെവേറെ വെച്ച് അവ ഓരോന്നിനേയും ഓരോ ഗ്രഹങ്ങളുടെ ഗുണകാരംകൊണ്ടു പെരുക്കി കയറ്റി, അവ ഒക്കെയും മുൻ രാശിഗുണകാരംകൊണ്ടു പെരുക്കി കയറ്റി വെച്ചിരിയ്ക്കുന്ന ലഗ്നസ്ഫുടത്തിൽ കൂട്ടുകയും ചെയ്ക. ലഗ്നത്തിൽ ഗ്രഹമൊന്നും ഇല്ലെങ്കിൽ ഈ ക്രിയവേണ്ടെന്നും അറിയണം. ഇങ്ങനെ ഉണ്ടാക്കിയ സ്ഫുടത്തിന്ന് 'ഗുണപിണ്ഡം' എന്നു പേരാകുന്നു.
ഇനി ' ഭൂയോഗുണന ' പ്രകാരം ഗുണപിണ്ഡം ഉണ്ടാക്കേണ്ടും പ്രകാരത്തേയും പറയാം. പൃച്ഛാസമയത്തെ ലഗ്നസ്ഫുടം വെച്ചു ആ ലഗ്നരാശിയുടെ രാശി ഗുണകാരംകൊണ്ടു മുൻ വിചാരിച്ചപോലെത്തന്നെ പെരുക്കിക്കയറ്റി വെയ്ക്കുക. ലഗ്നത്തിൽ ഒരു ഗ്രഹമുണ്ടെങ്കിൽ ആ ഗ്രഹത്തിന്റെ ഗുണകാരം കൊണ്ടു വീണ്ടും മുൻ രാശിഗുണകാരം കൊണ്ടു പെരുക്കിക്കയറ്റി വെച്ചിരിയ്ക്കുന്ന ലഗ്നസ്ഫുടത്തെത്തന്നെ പെരുക്കുക. ലഗ്നത്തിൽ വേറെ ഒരു ഗ്രഹവും കൂടിയുണ്ടെങ്കിൽ അതിന്റെ ഗുണകാരംകൊണ്ടും മുൻരാശിഗുണകാരംകൊണ്ടും ഒരു ഗ്രഹഗുണകാരംകൊണ്ടും പെരുക്കിവെച്ചതിനെത്തന്നെ പെരുക്കുക. മൂന്നാമതു ഒരു ഗ്രഹവും കൂടി ലഗ്നത്തിലുണ്ടെങ്കിൽ ആ ഗ്രഹഗുണകാരംകൊണ്ടും മുൻരാശിഗുണകാരംകൊണ്ടും രണ്ടു ഗ്രഹഗുണകാരംകൊണ്ടും പെരുക്കിവെച്ച ലഗ്നസ്ഫുടത്തെത്തന്നെ പെരുക്കുക. ഇങ്ങനെ ലഗ്നത്തിലുള്ള എല്ലാ ഗ്രഹങ്ങളുടെ ഗുണകാരംകൊണ്ടും പിന്നേയും പിന്നേയും പെരുക്കണം. ഇലി തിയ്യതികളെ അറുപതിലും മുപ്പതിലും കയറ്റുകയും വേണം. ഇതിനു 'ഗുണപിണ്ഡം' എന്നു പേരാണ്.
മേൽകാണിച്ച ഗുണപിണ്ഡാനയനങ്ങളിൽ ഇന്നതു ഗ്രാഹ്യമെന്നുള്ളത് അവരവരുടെ ഗുരുപദേശമനുസരിച്ച് ചെയ്യേണ്ടതാകുന്നു.
-----------------------------------------------------
* ഗുണകാരംകൊണ്ടു ലഗ്നസ്ഫുടത്തെ പെരുക്കിക്കയറ്റി കൂട്ടുകയല്ല വേണ്ടത്, ലഗ്നസ്ഥിതന്മാരായ ഗ്രഹങ്ങളുടെ സ്ഫുടത്തെ പ്രശ്ന സമയത്തേയ്ക്ക് താല്ക്കാലിച്ചുണ്ടാക്കി അവരവരുടെ ഗുണകാരംകൊണ്ടു അവരവരുടെ സ്ഫുടത്തെ പെരുക്കിക്കയറ്റി കൂട്ടുകയാണ് വേണ്ടതെന്നും ഇവിടെ ഒരു അഭിപ്രായമുണ്ട്. പക്ഷേ, അധികം വ്യാഖ്യാതാക്കന്മാരും ഈ അഭിപ്രായത്തെ സ്വീകരിച്ചു കാണ്മാനുമില്ല.