രണ്ടു പാദങ്ങളും ചേർത്തുവെച്ചു നിന്നാൽ തള്ളവിരലുകളുടെ അഗ്രവും ഉപ്പുകുറ്റിയും മാത്രം കൂട്ടിമുട്ടുകയും ബാക്കിഭാഗം കൂട്ടിമുട്ടാതെയും, എന്നാൽ ഇടയധികമില്ലാതെയും കനം കുറഞ്ഞതും ഞരമ്പുകൾ തെളിയാത്തതുമായ പാദങ്ങൾ അത്യുത്തമമാകുന്നു. ഇവൾ ഐശ്വര്യവതിയും ഗൃഹലക്ഷ്മിയും സുമുഖിയും സന്താനങ്ങളുള്ളവളും സുശീലയുമായിരിക്കും.
ഇപ്രകാരം ചേർത്തു വെയ്ക്കുന്ന പാദങ്ങളുടെ ഇടയ്ക്ക് അകലമുണ്ടായിരുന്നാൽ അവൾ വ്യഭിചാരിണിയും ധനികയുമാകുന്നു.
ഇപ്രകാരം ചേർത്തുവെയ്ക്കുന്ന പാദങ്ങൾക്കിടയ്ക്ക് ഒരിഞ്ചകലവും പുറത്ത് ഞരമ്പുകളുമുണ്ടെങ്കിൽ അവൾ ധനികയും അമിതസന്താനങ്ങളുള്ളവളും സുശീലയുമായിരിക്കും.
തള്ളവിരലുകളുടെ ഭാഗം വില്ലുപോലെ വളഞ്ഞിരുന്നാൽ അവൾ ദരിദ്രയാകുന്നു.
കനം കൂടിയതും നേരെ നില്ക്കുന്നതുമായ പാദങ്ങളുള്ളവൾ വ്യഭിചാരിണിയായിരിക്കും.
വീതികുറഞ്ഞു നീളംകൂടിയ പാദങ്ങളുള്ളവൾ ദരിദ്രയും സുശീലയുമാണ്.
വീതിയും നീളവുമുള്ള പാദങ്ങളോടുകൂടിയവൾ സുഭഗയും സുശീലയും എന്നാൽ ധനനാശം നിമിത്തം ക്ലേശമനുഭവിക്കുന്നവളുമായിരിക്കും.
വീതികൂടി പരന്ന പാദങ്ങളുള്ളവൾ ഈശ്വരഭക്തയും ദരിദ്രയുമായിരിക്കും.
ചെറിയ പാദങ്ങൾ സുഭിക്ഷതയുടേയും വിദ്യാഭ്യാസത്തിന്റേയും ലക്ഷണമാകുന്നു.
വലിയ പാദങ്ങൾ ദാരിദ്ര്യത്തിന്റെ ലക്ഷണമാകുന്നു.
ഉപ്പുകുറ്റിയുടെ ഭാഗം തടിച്ചും വിരലുകളുടെ ഭാഗം കനംകുറഞ്ഞുമിരിക്കുന്ന പാദങ്ങൾ ദുർഭഗയുടെ ലക്ഷണമാണ്.