ഗുണപിണ്ഡംകൊണ്ടു ഋതുമാസതിഥിവർഷങ്ങളേയും ദിനരാത്രികളേയും നക്ഷത്രത്തേയും ദിനരാത്രിഗതലഗ്നതന്നവാംശകാദികളേയും വരുത്തേണ്ടും പ്രകാരമാണ് ഇനി പറയുന്നത്

വർഷർത്തുമാസതിഥയോ ദ്യുനിശേ, ഉഡൂനി
വേലോദയർക്ഷനവഭാഗവികല്പനാദ്യാഃ
ഭൂയോ ദശാതിഗുണിതേ സ്വവികല്പഭക്തേ
വർഷാദയോ, നവകദാനവിശോധനാഭ്യാം.

സാരം :-

ഈ ഒമ്പതാം ശ്ലോകംകൊണ്ട് പറഞ്ഞപ്രകാരം ഉണ്ടാക്കിയ ഗുണപിണ്ഡംകൊണ്ടാണു ഋതുമാസാദികളെ ഉണ്ടാക്കേണ്ടത്; എന്നാൽ പ്രശ്നകാലോദയലഗ്നം ഒന്നാം ദ്രേക്കാണത്തിലാണെങ്കിൽ ആ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തുനിന്നു ഒമ്പതു കൂട്ടുകയും ലഗ്നം മൂന്നാം ദ്രേക്കാണത്തിലാണെങ്കിൽ രാശി സ്ഥാനത്തുനിന്നു ഒമ്പതു കലയുകയുംകൂടി വേണമെന്നും അറിയണം. ഇങ്ങനെ ലഗ്നസ്ഫുടത്തെ രാശിഗുണകാരംകൊണ്ടും ലഗ്നത്തിൽ ഗ്രഹമുണ്ടെങ്കിൽ അവരുടെ ഗുണകാരങ്ങൾകൊണ്ടും പെരുക്കിക്കയറ്റിവെച്ചു ലഗ്നസ്ഫുടത്തിലെ ദ്രേക്കാണാനുരോധേന രാശിസ്ഥാനത്തു ഒമ്പതുകൂട്ടുകയോ കുറക്കുകയോ വേണ്ടി വന്നാൽ അതും ചെയ്തുണ്ടാക്കിയ ഗുണപിണ്ഡത്തെ നാലു സ്ഥാനത്തുവെയ്ക്കുക, ഒന്നാമത്തെ ഗുണപിണ്ഡത്തിന്റെ രാശ്യാദികളെ 10 കൊണ്ടും രണ്ടാമത്തേതിനെ എട്ടുകൊണ്ടും മൂന്നാമത്തേതിനെ ഏഴുകൊണ്ടും നാലാമത്തെ ഗുണപിണ്ഡത്തിന്റെ രാശ്യാദികളെ അഞ്ചുകൊണ്ടും പെരുക്കുകയും എല്ലാറ്റിലും അറുപതിലും മുപ്പതിലും കയറ്റുകയും ചെയ്ക.

മുൻപറഞ്ഞപ്രകാരം 10 കൊണ്ടു പെരുക്കിയ ഒന്നാമത്തെ ഗുണപിണ്ഡത്തെ കണ്ടുവെച്ചു അതിന്റെ രാശിസ്ഥാനത്തെ 60 ൽ ഹരിച്ചു കളയുക. ബാക്കി എത്രയുണ്ടോ, പ്രഭവാദി അത്രാം വർഷത്തിലും, ഈ ഒന്നാമത്തേതിനെത്തന്നെ പിന്നേയും കണ്ടുവെച്ചതിന്റെ രാശി സ്ഥാനത്തെ ആറിൽ ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, വസന്താദി സ്ഥാനത്തെ ആറിൽ ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ,  വസന്താദി അത്രാമത്തെ ഋതുവിലും, വീണ്ടും ആ ഒന്നാമത്തേതിനെത്തന്നെ കണ്ടുവെച്ചു മുകളിലെ സ്ഥാനത്തെ 12 കൊണ്ടു ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ ചൈത്രാദി അത്രാംമാസത്തിലും, നാലാമതും അതിനെതന്നെ 30 കൊണ്ടു ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, വെളുത്ത പ്രതിപദം മുതൽക്കും അത്രാം തിഥിയിലുമാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയണം.

രണ്ടാം സ്ഥാനത്തു ഇരിക്കുന്ന എട്ടിൽ പെരുക്കിയ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ രണ്ടുകൊണ്ടു ഹരിച്ചു കളഞ്ഞ്, ബാക്കി ഒന്നാണെങ്കിൽ പകലും രണ്ടാണു ബാക്കിയെങ്കിൽ രാത്രിയിലുമാണ് ജനനമെന്നും പറയണം.

മൂന്നാം സ്ഥാനത്തു ഇരിയ്ക്കുന്നതും ഏഴിൽ പെരുക്കിയതുമായ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ 27 ൽ ഹരിച്ചുകളഞ്ഞ് ബാക്കി എത്ര സംഖ്യയുണ്ടോ, അശ്വിനാദി അത്രാം നക്ഷത്രത്തിലാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയേണ്ടതും, ഈ നക്ഷത്രാനയനം മുൻശ്ലോകത്തിൽ പറഞ്ഞിട്ടുള്ളതുമാകുന്നു.

നാലാംസ്ഥാനത്തു ഇരിയ്ക്കുന്നതും അഞ്ചിൽ പെരുക്കിയതുമായ ഗുണപിണ്ഡത്തെ കണ്ടുവെച്ചു അതിന്റെ രാശിസ്ഥാനത്തെ, ജനനം പകലാണെങ്കിൽ പകൽ പ്രമാണംകൊണ്ടും ജനനം രാത്രിയാണെങ്കിൽ രാത്രിപ്രമാണംകൊണ്ടും ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, പകലോ രാത്രിയിലോ അത്ര നാഴികയും വിനാഴികയും ചെല്ലുമ്പോഴും, അതിനെത്തന്നെ വീണ്ടും കണ്ടുവെച്ച രാശിസ്ഥാനത്തെ 12 ൽ ഹരിച്ചു കളഞ്ഞു ബാക്കി എത്രയുണ്ടോ, മേടം മുതൽക്കു അത്രാം രാശി ഉദിയ്ക്കുമ്പോഴും, ആ നാലാമത്തേതിനെത്തന്നെ ഒമ്പതിൽ ഹരിച്ചു കളഞ്ഞു ബാക്കി എത്രയുണ്ടോ, ലഗ്നത്തിൽ അത്രാം നവാംശകം ഉദിയ്ക്കുമ്പോഴുമാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയണം. ഈ നാലാമത്തെ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ രണ്ടിൽ ഹരിച്ചു കളഞ്ഞു ബാക്കി ഹോര എന്നും മൂന്നിൽ ഹരിച്ചു കളഞ്ഞു ബാക്കി ദ്രേക്കാണമെന്നും, 12 ൽ ഹരിച്ചു കളഞ്ഞ ബാക്കി ദ്വാദശാംശമെന്നും, 30 ൽ ഹരിച്ചു കളഞ്ഞ ബാക്കി ത്രിംശാംശകമെന്നും മറ്റും ഇവിടെയുള്ള ആദിശബ്ദംകൊണ്ടു ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം.

രാശിഭാഗകലാത്മകമായ ലഗ്നസ്ഫുടത്തെവെച്ചു ക്രിയചെയ്‌വാനാണല്ലോ ഇവിടെ പറഞ്ഞത്. എന്നാൽ ലഗ്നസ്ഫുടത്തിന്റെ രാശിയെ 30 ൽ ഇറക്കി തിയ്യതികളിൽ കൂട്ടി ആ തിയ്യതിയും ഇലിയും വെച്ചും, അല്ലെങ്കിൽ ലഗ്നസ്ഫുടത്തെ ഇറക്കി ഇലിയാക്കി അതുകൊണ്ടും മേൽപറഞ്ഞപ്രകാരമൊക്കെ ക്രിയചെയ്തു വർഷാദികളെ വരുത്താവുന്നതാണെന്നും അറിയേണ്ടതുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.