അത്രാപി ഹോരാപടവോ ദ്വിജേന്ദ്രാഃ
സൂര്യാംശതുല്യാം തിഥിമുദ്ദിശന്തി
രാത്രിദ്യുസംജ്ഞേഷു വിലോമജന്മ
ഭാഗൈശ്ച വേലാഃ ക്രമശോ വികല്പ്യാഃ
സാരം :-
പ്രശ്നസമയത്തേയ്ക്കുണ്ടാക്കിയ സൂര്യൻ വർത്തമാനരാശിയിൽ എത്രാമത്തെ തിയ്യതിയിലാണോ നില്ക്കുന്നത്, മുൻ തീർച്ചപ്പെടുത്തിയ ചാന്ദ്രമാസത്തിൽ ശുക്ലപ്രതിപദം മുതൽ അത്രാമത്തെ തിഥിയിലാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാവുന്നതാണെന്ന് ഹോരാശാസ്ത്രനിപുണന്മാരായ ഋഷീശ്വരന്മാർ പറയുന്നു. ഇവിടേയും തിഥി, മുൻപറഞ്ഞ സൂര്യൻ ഇതുകളെക്കൊണ്ടു പ്രഷ്ടാവിന്റെ ജന്മചന്ദ്രനെ ഒരു പ്രകാരത്തിൽ കൂടി പറയാമെന്നു വന്നിട്ടുണ്ട്.
പ്രശ്നകാലോദയലഗ്നം രാത്രിരാശിയായാൽ പ്രഷ്ടാവിന്റെ ജനനം പകലാണെന്നും, പകൽരാശിയായാൽ ജനനം രാത്രിയിലാണെന്നും പറയേണ്ടതാണ്. ലഗ്നം പകൽരാശിയായാലും രാത്രിരാശിയായാലും ശരി, ലഗ്നത്തിൽ എത്രാമത്തെ തിയ്യതിയും ഇലിയും ആണോ ഉദിയ്ക്കുന്നതു, രാത്രിയിലോ പകലോ അത്ര നാഴികയും വിനാഴികയും ചെല്ലുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും ഇന്ന രാശിയിൽ ഇത്ര നാഴികയും വിനാഴികയും ചെല്ലുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നുകൂടി അർത്ഥസിദ്ധമായിട്ടുണ്ടെന്നും ധരിയ്ക്കേണ്ടതാണ്.