ചന്ദ്രജ്ഞജീവാഃ പരിവർത്തനീയാ-
ശ്ശുക്രാരമന്ദൈരയനേ വിലോമേ
ദ്രേക്കാണഭാഗേ പ്രഥമേ തു പൂർവ്വോ
മാസോƒനുപാതാച്ച തിഥിർവികല്പ്യഃ
സാരം :-
മുൻശ്ലോകത്തിൽ പറഞ്ഞപ്രകാരം അയനത്തോടു ഋതുവിനു ചേർച്ചയില്ലാതെ വന്നാൽ, വർഷവസന്തങ്ങളും ശരത്ഗ്രീഷ്മങ്ങളും ഹേമന്തശിശിരങ്ങളും അന്യോന്യം മാറ്റി കല്പിയ്ക്കേണ്ടതാണ് കുറച്ചുകൂടി സ്പഷ്ടമാക്കാം. ഉത്തരായനത്തിൽ ഋതുവർഷമാണെന്നു കണ്ടാൽ അതിനുപകരം വസന്തത്തേയും, ശരത്തെന്നു കണ്ടാൽ ഗ്രീഷ്മത്തേയും, ഹേമന്തമെന്നു കണ്ടാൽ ശിശിരത്തേയും, നേരെ മറിച്ച് ദക്ഷിണായനത്തിൽ വസന്തമെന്നു കണ്ടാൽ പകരം വർഷത്തേയും, ഗ്രീഷ്മമെന്നു കണ്ടാൽ ശരത്തിനേയും, ശിശിരമെന്നു കണ്ടാൽ ഹേമന്തത്തേയും കല്പിയ്ക്കണമെന്നു സാരം.
ഒരു ദ്രേക്കാണത്തിനു പത്തു തിയ്യതിയും ഒരു ഋതുവിനു രണ്ടുമാസവുമാണല്ലോ. പ്രശ്നലഗ്നം, വർത്തമാനദ്രേക്കാണത്തിൽ ആദ്യത്തെ അഞ്ചു തിയ്യതിയ്ക്കുള്ളിലാണെങ്കിൽ മുൻ തീർച്ചപ്പെടുത്തിയ ഋതുവിലെ ആദ്യമാസത്തിലും ലഗ്നം വർത്തമാനദ്രേക്കാണത്തിലെ രണ്ടാമത്തെ അഞ്ചു തിയ്യതികളിലാണെങ്കിൽ ഋതുവിലെ രണ്ടാംമാസത്തിലുമാണ് ജനനമെന്നു പറയുക. ഇങ്ങിനെ മാസം നിശ്ചയിച്ചാൽ അനന്തരം വർത്തമാനദ്രേക്കാണത്തിൽ ചെന്ന തിയ്യതി ഇലി ഇവകൊണ്ടു ത്രൈരാശികം ചെയ്തു ജന്മസമയത്തെ തിഥിയേയും തീർച്ചയാക്കുകയും വേണം. എങ്ങനെയെന്നാൽ, ലഗ്നസ്ഫുടംവെച്ചു രാശി കളഞ്ഞു തിയ്യതിയെ അഞ്ചിൽ ഹരിച്ചുകളയുക. ബാക്കി തിയ്യതിയെ 60 ൽ പെരുക്കി ഇലിയും അതിൽകൂട്ടി അതിനെ 10 ൽ ഹരിയ്ക്കുക. കിട്ടിയ ഫലം ജന്മസമയത്തെ വർത്തമാനചന്ദ്രമാസത്തിൽ വെളുത്ത പ്രതിപദം മുതൽ തികഞ്ഞ തിഥി സംഖ്യയാകുന്നു. ബാക്കിയെ ആറിൽ പെരുക്കിയാൽ വർത്തമാനതിഥിയിൽ ചെന്ന നാഴികയും കിട്ടും. ഈ തിഥിയും, മുൻപറഞ്ഞപ്രകാരം സൂര്യസ്ഥിതിയും വരുന്നതു ഏതു രാശിയിൽ ചന്ദ്രൻ നിന്നാലാണോ അതാണ് പ്രഷ്ടാവ് ജനിച്ച കൂറെന്നും ഇവിടെ അർത്ഥസിദ്ധമായിട്ടുണ്ടെന്നറിക.