ശുഭഗ്രഹദൃഷ്ടനായ ചൊവ്വായുടെ ദശാകാലം

ശുഭേക്ഷിതധരാസൂനോർദായേ ഭൂമ്യർത്ഥനാശനം
തസ്മിൻ ഗോചരസംയുക്തേ ത്വത്യന്തം ശോഭനം ഫലം.

സാരം :-

ശുഭഗ്രഹദൃഷ്ടനായ ചൊവ്വായുടെ ദശാകാലം ഭൂമിക്കും ധനത്തിനും ഹാനി സംഭവിക്കും. എന്നാൽ ഈ ചൊവ്വാ ഗോചരസ്ഥാനത്തു നിന്നാൽ ഫലം ഏറ്റവും ശോഭനമായിരിക്കുകയും ചെയ്യും.

ശുഭഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം

ശുഭാന്വിതസ്യാപി കുജസ്യ ദായേ
ക്വചിൽ സുഖം ദേഹകൃശത്വമാർത്തിം
വിദ്യാവിനോദം പരദേശവാസം
വിവാദമഭ്യേതി രണേ ജയം ച.

സാരം :-

ശുഭഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം ചിലപ്പോൾ സുഖവും ഒരിക്കൽ രോഗവും ദേഹത്തിനു ചടവും വിദ്യാവിനോദവും അന്യദേശവാസവും യുദ്ധത്തിൽ ജയവും സംഭവിക്കും.

ശരീരത്തിൽ വ്രണമുണ്ടാവുമെന്നു പറയുക

സമനുപതിതാ യസ്മിൻ ഗാത്രേ ത്രയഃ സബുധാ ഗ്രാഹ
ഭവതി നിയമാത്തസ്യാവാപ്തിഃ ശുഭേഷ്വശുഭേഷു വാ
വ്രണകൃദശുഭഃ ഷഷ്ഠേ ലഗ്നാത്തനൗ ഭസമാശ്രിതേ
തിലകമശകൃദ് ദൃഷ്ടസ്സൗമ്യൈര്യുതശ്ച സ ലക്ഷ്മവാൻ

സാരം :-

മുമ്പു രാശികളെക്കൊണ്ട് പലവിധത്തിലും അവയവവിഭാഗം ചെയ്തുവല്ലോ. ആ വിധം നോക്കിയാൽ എതൊരവയവത്തിലാണ് മൂന്നു ശുഭഗ്രഹങ്ങളും ശുഭനായ ബുധനും നിൽക്കുന്നത് ആ അവയവത്തിൽ ശുഭലക്ഷണം അലങ്കാരം മുതലായതുകളും, അതേവിധം മൂന്നു പാപഗ്രഹങ്ങളും പാപനായ ബുധനും കൂടി നിൽക്കുന്ന അവയവത്തിന്മേൽ വ്രണം, കുരു, മുതലായതും ഉണ്ടാവുന്നതാകുന്നു. ശുഭഫലമായാലും അശുഭഫലമായാലും ശരി ഈ നാല് ഗ്രഹങ്ങളിൽ ബലാധിക്യമുള്ള ഗ്രഹത്തിന്റെ ഫലമാണുണ്ടാവുക എന്നും അറിയുക. ജനനാൽ ഉള്ളതോ എന്നും എന്തുകൊണ്ടുണ്ടായി എന്നും മറ്റുമുള്ള സംഗതികൾ മുൻശ്ലോകം കൊണ്ട് പറഞ്ഞപ്രകാരം യുക്തിയ്ക്ക് തക്കവണ്ണം പറയേണ്ടതാണ്. ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും കൂടി നാല് ഗ്രഹങ്ങളാണ് ഒരു അവയവത്തിന്മേൽ നിൽക്കുന്നതെങ്കിൽ ആ സ്ഥാനത്ത് തഴമ്പ് ആണ് ഉണ്ടായിരിക്കുക.

ലഗ്നത്തിന്റെ ആറാം ഭാവത്തിൽ ഏതെങ്കിലും ഒരു പാപഗ്രഹം നിൽക്കുന്നതായാൽ ആ ഗ്രഹം ഒന്നാമദ്ധ്യായത്തിലെ നാലാം ശ്ലോകം കൊണ്ടു ഏതവയവത്തിലാണോ വരുന്നത് അവിടെ വ്രണമുണ്ടാവുമെന്നു പറയുക. ജനിയ്ക്കുമ്പോൾതന്നെ ഉണ്ടായതോ എന്നും, എന്തുകൊണ്ടാണുണ്ടായതെന്നും മറ്റും മുൻപറഞ്ഞപ്രകാരം കണ്ടുകൊള്ളുകയും വേണം. ആ ആറാം ഭാവത്തിലുള്ള പാപഗ്രഹത്തിന് രണ്ടിലധികം ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കിൽ അത് വ്രണത്തെ ഉണ്ടാക്കുന്നതിനു പകരം കാക്കപ്പുള്ളി, അരിമ്പാറ ഇത്യാദികളേയും, അതിന്നു ശുഭഗ്രഹങ്ങളുടെ യോഗമാണുള്ളതെങ്കിൽ നല്ല ലക്ഷണം അലങ്കാരം മുതലായതുകളേയും ആണ് ഉണ്ടാക്കുക എന്നറിയുക. 

വ്രണാദികൾ, ജനിയ്ക്കുമ്പോൾ ഉള്ളതോ പിന്നീട് ഉണ്ടാകുന്നതോ എന്നറിയാൻ

തസ്മിൻ പാപയുതേ വ്രണം ശുഭയുതേ ദൃഷ്‌ടേ ച ലക്ഷ്മാദിശേത്
സ്വർക്ഷാംശേ സ്ഥിരസംയുതേ ച സഹജഃ സ്യാ ദന്യഥാഗന്തുകഃ
മന്ദേƒശ്മാനിലജോƒഗ്നിശസ്ത്രവിഷജോ ഭൗമേ, ബുധേ ഭൂഭവഃ
സൂര്യേ കാഷ്ഠചതുഷ്പദേന, ഹിമഗൗ ശൃംഗ്യബ്ജജോƒന്യൈശഃ ശുഭം.

സാരം :-

പൂർവ്വശ്ലോകംകൊണ്ട് പറഞ്ഞവിധം അവയവവിഭാഗം ചെയ്തു അവയിൽ പാപഗ്രഹയോഗമുള്ള അവയവങ്ങളിൽ ഒക്കയും വ്രണം, കുരു, ചൊറി, ചിരങ്ങ്, മുതലായ ഉപദ്രവങ്ങളെപ്പറയുക. ഈ പാപഗ്രഹങ്ങിൽ ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉള്ളവരെക്കൊണ്ട് തഴമ്പ് മുതലായ ഏതെങ്കിലും അടയാളമുണ്ടെന്നേ പറയേണ്ടതുള്ളു. ഇവിടെ പാപഗ്രഹം നിന്ന അവയവത്തിൽ വ്രണമുണ്ടാവുമെന്നും അതിനു തന്നെ ശുഭഗ്രഹയോഗദൃഷ്ടികളുണ്ടായാൽ വ്രണമില്ല, മറ്റു വല്ല അടയാളമേ ഉണ്ടാവുകയുള്ളു എന്നും പറഞ്ഞ് അപവാദന്യായം എല്ല്ലാ സ്ഥലത്തും സ്വീകരിക്കാമെന്നറിക. എങ്ങനെയെന്നാൽ ദോഷവാന്മാരായിപ്പറഞ്ഞ ഗ്രഹങ്ങൾക്ക്‌ ശുഭഗ്രഹങ്ങളുടെ ബന്ധമുണ്ടായാൽ ദോഷത്തിന്നു കുറവുവരുമെന്നു സാരം. 

മേൽപ്പറഞ്ഞ വ്രണാദികൾ, ജനിയ്ക്കുമ്പോൾ ഉള്ളതോ പിന്നീട് ഉണ്ടാകുന്നതോ എന്നറിയാൻ താഴെ പറയുന്നു.

പാപഗ്രഹങ്ങൾ സ്വക്ഷേത്രത്തിലോ സ്വനവാംശകത്തിലോ സ്ഥിരരാശിയിലോ ആണ് നിൽക്കുന്നതെങ്കിൽ, അവരെക്കൊണ്ട് പറയുന്ന വ്രണാദികൾ ജനിയ്ക്കുമ്പോൾ തന്നെ ഉണ്ടായിരുന്നുവെന്നും, അല്ലെങ്കിൽ ജനനാനന്തരം ആ പാപഗ്രഹത്തിന്റെ ദശാപഹാരാദി കാലങ്ങളിൽ ഉണ്ടാവുകയുള്ളുവെന്നും പറയുക.

പാപഗ്രഹങ്ങളിൽ ഓരോരുത്തർക്കുമുള്ള വ്രണഹേതുക്കളെ താഴെ പറയുന്നു.

ശനിയെക്കൊണ്ടാണെങ്കിൽ കല്ല്, വായു എന്നിവകളെക്കൊണ്ടും, ചൊവ്വയെക്കൊണ്ടാണെങ്കിൽ അഗ്നി, ആയുധം, വിഷം എന്നിവകളെക്കൊണ്ടും, പാപഗ്രഹത്തോടുകൂടിയ ബുധനെക്കൊണ്ടാണെങ്കിൽ ഭൂമിയുടെ അഭിഘാതം, ചുമര് ഇടിഞ്ഞുവീഴുക, പർവ്വതം പൊട്ടിത്തെറിയ്ക്കുകഎന്നിവകളെക്കൊണ്ടും, സൂര്യനെക്കൊണ്ടാണെങ്കിൽ മരം, വിറക്, നാല്ക്കാലികൾ എന്നിവകളെക്കൊണ്ടും, പാപനായ ചന്ദ്രനെക്കൊണ്ടാണെങ്കിൽ കൊമ്പുള്ള സത്വങ്ങൾ, ജലചരജന്തുക്കളായ മത്സ്യാദികൾ എന്നിവ മൂലമായും ആണ് വ്രണം മുതലായ  ഉപദ്രവമുണ്ടാവുക എന്ന് പറയണം. ശേഷമുള്ള ഗുരുശുക്രന്മാർ, പാപനല്ലാത്ത ചന്ദ്രൻ, പാപയോഗമില്ലാത്ത ബുധൻ എന്നിവരെക്കൊണ്ട് അവയവസൌഷ്ഠവം അലങ്കാരം മുതലായ നല്ല ലക്ഷണങ്ങളേയും പറയേണ്ടതാണ്.

പാപഗ്രഹദൃഷ്ടിയോടുകൂടി നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ആരസ്യ പാപഗ്രഹവീക്ഷിതസ്യ
ദശാപ്രവേശേ ബഹുദുഃഖകഷ്ടം
ജനൈഃ പരിത്യക്തകളത്രമിത്രോ
ദേശാന്തരസ്ഥഃ  ക്ഷിതിപാലകോപാൽ

സാരം :-

പാപഗ്രഹദൃഷ്ടിയോടുകൂടി നിൽക്കുന്ന ചൊവ്വായുടെ ദശാകാലം വലുതായ ദുഃഖവും കഷ്ടതകളും അനുഭവിക്കുകയും ഭാര്യാപുത്രാദികളുടെ വേർപാടും രാജകോപംനിമിത്തം അന്യദേശഗമനവും സംഭവിക്കുകയും ചെയ്യും.

പാപഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം

പാപാന്വിതസ്യാവനിജസ്യ പാകേ
പാപാനി കർമ്മാണി കരോതി നിത്യം
ദേവദ്വിജാനാമപി ബാന്ധവാനാം
സഹോദരാണാം ച കുമാർഗ്ഗവൃത്ത്യാ.

സാരം :-

പാപഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം പാപകർമ്മങ്ങൾ ചെയ്യുകയും ദേവന്മാർ, ബ്രാഹ്മണർ, ബന്ധുക്കൾ, സഹോദരന്മാർ എന്നിവരുടെ വിരോധവും കുത്സിതവൃത്തിയും ഫലമാകുന്നു.

ചുഴി, കാക്കപ്പുള്ളി, അരിമ്പാറ, അവയവവിഭാഗങ്ങളുടെ രോഗാദ്യുപദ്രവങ്ങൾ

കംദൃക്ച്ഛോത്രനസാകപോലഹനവോ വക്ത്രഞ്ച ഹോരാദയ-
സ്തേ കണ്ഠാംസകബാഹുപാർശ്വഹൃദയക്രോഡാനി നാഭിസ്തഥാ
വസ്തിഃശിശ്നഗുദേ, തതശ്ച വൃഷണാ വൂരൂ തതോ ജാനുനീ
ജംഘേംƒഘ്രീത്യുഭയത്ര വാമമുദിതൈർദ്രേക്കാണഭാഗൈ സ്ത്രിധാ.

സാരം :-

1). ഏതു രാശിയുടേയും ആദ്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ കഴുത്തിനു മേൽഭാഗത്ത് പന്ത്രണ്ടു രാശിയേയും കല്പിക്കേണ്ടതാണ്. രാശിയുടെ രണ്ടാംദ്രേക്കാണത്തിലാണ് ജനനമെങ്കിൽ കഴുത്തിനു ചോടെ (താഴെ) അരയ്ക്കു മീതേയുള്ള (മുകളിലുള്ള) മദ്ധ്യശരീരത്തിലും, മൂന്നാം ദ്രേക്കാണത്തിലാണെങ്കിൽ അരയ്ക്കു ചുവട്ടിലുള്ള (താഴെയുള്ള) അധഃകായത്തിലും പന്ത്രണ്ടു രാശികളെ കല്പിയ്ക്കണം.

ലഗ്നത്തിൽ ഉദിച്ച ഭാഗം തുടങ്ങി ഏഴാംഭാവത്തിൽ ഉദിച്ച  ഭാഗത്തോളം വരുന്ന രാശികളെ ശരീരത്തിന്റെ വലത്തും ശേഷം ദൃശ്യാർദ്ധസ്ഥങ്ങളായ ആറു രാശികളെ ഇടത്തും കല്പിയ്ക്കണം. ഇതിനെ കുറച്ചുകൂടി വ്യക്തമാക്കാം. ലഗ്നം പ്രഥമദ്രേക്കാണത്തിലാണെങ്കിൽ ലഗ്നത്തിൽ ഉദിച്ച ഭാഗം ശിരസ്സിന്റെ ഇടത്തും ഉദിയ്ക്കുവാനുള്ളതു  ശിരസ്സിന്റെ വലത്തും കല്പിയ്ക്കുക; ഇങ്ങിനെ രണ്ടും പന്ത്രണ്ടും ഭാവങ്ങൾ വലത്തും ഇടത്തും കണ്ണുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങൾ രണ്ടു ചെവികളിലും, നാലും പത്തും ഭാവങ്ങൾ നാസികയുടെ വലത്തും  ഇടത്തും ഭാഗങ്ങളിലും, അഞ്ചും ഒമ്പതും ഭാവങ്ങൾ രണ്ടു കവിൾത്തടങ്ങളിലും, ആറും എട്ടും ഭാവങ്ങൾ ഹനു (കവിൾത്തടത്തിന്റെ പിന്നും കീഴുമായ ഭാഗങ്ങളാണ് ഹനുക്കൾ) ക്കളിലും, ഏഴാം ഭാവത്തിന്റെ ഉദിപ്പാനുള്ള ഭാഗം വായയുടെ ഇടത്തും അസ്തമിച്ച ഭാഗം വലത്തും ആണ് കല്പിക്കേണ്ടത്.

മേൽപ്പറഞ്ഞ പ്രകാരംതന്നെ മദ്ധ്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ലഗ്നത്തിലെ ഉദിച്ചഭാഗം കഴുത്തിന്റെ ഇടത്തും ഉദിപ്പാനുള്ള ഭാഗം കഴുത്തിന്റെ വലത്തുഭാഗമായും ക്രമത്താലേ രണ്ടും പന്ത്രണ്ടും ഭാവങ്ങൾ രണ്ടു ചുമലുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങൾ രണ്ടു കയ്യുകളിന്മേലും, നാലും പത്തും ഭാവങ്ങൾ രണ്ടു വാരിപ്പുറങ്ങളിലും അഞ്ചും ഒമ്പതും ഭാവങ്ങൾ ഹൃദയത്തിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും ആറും എട്ടും ഭാവങ്ങൾ വയറിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും ഏഴാം ഭാവത്തിന്റെ അസ്തമിച്ച ഭാഗത്തെ നാഭിയുടെ വലത്തും അസ്തമിപ്പാനുള്ളതിനെ ഇടത്തും കല്പിയ്ക്കുക.

ലഗ്നം തൃതീയദ്രേക്കാണമാണെങ്കിൽ മേൽപ്രകാരം തന്നെ രണ്ടും പന്ത്രണ്ടും ഭാവങ്ങൾ വസ്തി പ്രദേശം (നാഭിയുടേയും ലിംഗത്തിന്റെയും മദ്ധ്യമായ ഭാഗം, മൂന്നും പതിനൊന്നും ഭാവങ്ങൾ ശിശ്നം (ലിംഗം) നാലും പത്തും ഭാവങ്ങൾ ഗുദം (മലദ്വാരം), അഞ്ചും ഒമ്പതും ഭാവങ്ങൾ ഈരണ്ടു വൃഷണങ്ങൾ, ആറും എട്ടും ഭാവങ്ങൾ രണ്ടു തുടകൾ, മുട്ടുകൾ, കണങ്കാലുകൾ, ഏഴാം ഭാവത്തിന്റെ ഉദിപ്പാനുള്ള ഭാഗം വലത്തും അസ്തമിച്ച ഭാഗത്തെ നാഭിയുടെ വലത്തും അസ്തമിപ്പാനുള്ള ഭാഗം ഇടത്തും കാലടികൾ ഇവിടങ്ങളിലും കല്പിയ്ക്കണം.

-----------------------------------------------------------------------------------

2). മേൽപ്പറഞ്ഞ രാശികല്പന മറ്റൊരു വിധത്തിലുംകൂടി ചെയ്യാറുണ്ട്. അതും ഇവിടെ വിവരിക്കാം. ഏതു രാശിയുടേയും പ്രഥമ ദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ആ ദ്രേക്കാണം മാത്രം ശിരസ്സിലും ലഗ്നസപ്തമഭാവങ്ങളുടെ ഉദിയ്ക്കുകയും അസ്തമിയ്ക്കുകയും ചെയ്യുന്ന ഭാഗങ്ങളെക്കൊണ്ട് ഇടത്തും വലത്തും ഭാഗങ്ങളെ കല്പിയ്ക്കുന്നതും മറ്റും മുൻപറഞ്ഞപ്രകാരം തന്നെയാകുന്നു.

രണ്ടും പന്ത്രണ്ടും ഭാവങ്ങളുടെ പ്രഥമദ്രേക്കാണം വലത്തും ഇടത്തും കണ്ണുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ കർണ്ണങ്ങളിലും, നാലും പത്തും ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ നാസികയുടെ (മൂക്കുകളുടെ) ഇടതുവലതുഭാഗങ്ങളിലും, അഞ്ച്, ഒബത് ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ കവിൾത്തടങ്ങളിലും, ആറു എട്ടു ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ ഇടത്തും വലത്തും ഹനുക്കളിലും, ഏഴാം ഭാവത്തിന്റെ പ്രഥമദ്രേക്കാണങ്ങളെ വായയിലും ആയി കല്പിയ്ക്കണം.

ലഗ്നമദ്ധ്യദ്രേക്കാണം കഴുത്തിലും രണ്ടും പന്ത്രണ്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം ഇടത്തും വലത്തും ചുമലുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം കയ്യുകളിലും, നാലും പത്തും ഭാവങ്ങളുടെ  മദ്ധ്യദ്രേക്കാണങ്ങളെ വാരിപ്രദേശങ്ങളിലും, അഞ്ചും ഒമ്പതും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണങ്ങളെ ഹൃദയത്തിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും, ആറും എട്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണങ്ങളെ വയറിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും ഏഴാം ഭാവത്തിന്റെ മദ്ധ്യദ്രേക്കാണം നാഭിയിലും കല്പിയ്ക്കണം.

ലഗ്നത്തിന്റെ അന്ത്യദ്രേക്കാണങ്ങൾ ശിശ്നഗുദങ്ങളുടെ ഇടത്തും വലത്തും ഭാഗങ്ങൾ, വൃഷണങ്ങൾ, തുടകൾ, മുട്ടുകൾ, കണങ്കാലുകൾ എന്നിവടങ്ങളിലും, ഏഴാം ഭാവത്തിന്റെ അന്ത്യദ്രേക്കാണം രണ്ടു കാലടികളിലും കല്പിയ്ക്കണം.

രാശിയുടെ മദ്ധ്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ലഗ്നമദ്ധ്യദ്രേക്കാണം ശിരസ്സിലും, ലഗ്നാന്ത്യദ്രേക്കാണം കഴുത്തിലും, ലഗ്നാദ്യദ്രേക്കാണം വസ്തിപ്രദേശത്തും, രണ്ടും പന്ത്രണ്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം ക്രമേണ ഇടത്തുവലത്തു കണ്ണുകളിലും, അന്ത്യദ്രേക്കാണം ചുമലുകളിലും, ആദ്യദ്രേക്കാണം ശിശ്നഗുദങ്ങളുടെ വലത്തും ഇടത്തും ഭാഗങ്ങളിലും, മൂന്നും പതിനൊന്നും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം വലത്തും ഇടത്തും ചെവികളിലും, അന്ത്യദ്രേക്കാണം രണ്ടു കയ്യുകളിലും, ആദ്യദ്രേക്കാണം വൃഷണങ്ങളിലും, നാലും പത്തും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം നാസികയിലും, അന്ത്യദ്രേക്കാണം വാരിപ്രദേശങ്ങളിലും, ആദ്യദ്രേക്കാണം തുടകളിലും, അഞ്ചും ഒമ്പതും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം കവിൾത്തടങ്ങളിലും, അന്ത്യദ്രേക്കാണം ഹൃദയത്തിന്റെ വലത്തും ഇടത്തും ഭാഗങ്ങളിലും, ആദ്യദ്രേക്കാണം മുട്ടുകളിലും, രണ്ടും എട്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം രണ്ടു ഹനുക്കളിലും, അന്ത്യദ്രേക്കാണം വയറ്റിന്റെ ഇടത്തുവലത്തു ഭാഗങ്ങളിലും, ആദ്യദ്രേക്കാണം കണങ്കാലുകളിലും, ഏഴാം ഭാവത്തിന്റെ മദ്ധ്യദ്രേക്കാണം വക്ത്രത്തിലും (മുഖം), അന്ത്യദ്രേക്കാണം നാഭിയിലും, ആദ്യദ്രേക്കാണം കാലിന്റെ അടിയിലും കല്പിയ്ക്കുക.

ലഗ്നാന്ത്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ലഗ്നരാശിയുടെ അന്ത്യദ്രേക്കാണം ശിരസ്സിലും, ആദ്യദ്രേക്കാണം കഴുത്തിലും, ലഗ്ന മദ്ധ്യദ്രേക്കാണം വസ്തിപ്രദേശത്തും ഇങ്ങനെ എല്ലാ രാശികളുടെയും അന്ത്യദ്രേക്കാണത്തെ ഊർദ്ധ്വകായത്തിലും, ആദിദ്രേക്കാണത്തെ മദ്ധ്യശരീരത്തിലും, മേൽപ്പറഞ്ഞ ക്രമത്തിൽ കല്പിയ്ക്കുക. എന്നാൽ ലഗ്നാൽ ഏഴാം ഭാവ രാശിയുടെ അന്ത്യദ്രേക്കാണം വക്ത്രത്തിലും (മുഖം), ആദ്യദ്രേക്കാണം നാഭിയിലും, മദ്ധ്യദ്രേക്കാണം കാലടികളിലുമായി വരും.

ഇതിൽ ഒന്നാമത്തെ പക്ഷപ്രകാരമാണെങ്കിൽ പ്രഥമദ്രേക്കാണത്തിൽ ജനിച്ചാൽ ഊർദ്ധ്വശരീരത്തിൽ മാത്രമേ അംഗന്യാസം ചെയ്വാൻ കഴികയുള്ളു. ഇങ്ങനെ ജനനം മദ്ധ്യദ്രേക്കാണത്തിലാണെങ്കിൽ മദ്ധ്യശരീരത്തിലും, അന്ത്യദ്രേക്കാണത്തിലാണെങ്കിൽ ശരീരത്തിന്റെ അധോഭാഗത്തും മാത്രമാണല്ലോ അംഗവിഭാഗം ചെയ്‌വാൻ കഴിയുക. രണ്ടാമതു പറഞ്ഞ  പ്രകാരമാണെങ്കിൽ ആ വക അവ്യാപ്തി ദോഷങ്ങളൊന്നും വരുവാനില്ലായ്കയാൽ രണ്ടാംപക്ഷപ്രകാരമുള്ള അംഗന്യാസം നിർദ്ദിഷ്ടമാണെന്നും അറിയേണ്ടിയിരിക്കുന്നു.*

മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ ഗ്രഹങ്ങൾ നിന്നാൽ പ്രസവിയ്ക്കുമ്പോൾ ഉള്ളതും, അന്തരകാലങ്ങളിൽ സംഭവിയ്ക്കാവുന്നതുമായ ലക്ഷണനിർദ്ദേശോപയോഗത്തെ പറയുന്നു.

***************************************************************

*. മേൽപ്പറഞ്ഞ വിധം അവയവവിഭാഗം ചെയ്യേണ്ടത് ലഗ്നദ്രേക്കാണാധിപൻ പൂർണ്ണബലമുള്ളപ്പോഴാണ്. അതിന്നു ബലമില്ലെങ്കിലും പ്രശ്നവിഷയത്തിലും അവയവവിഭാഗം ചെയ്യേണ്ടത് ഇങ്ങനെയല്ല.

ലഗ്നവും അതിന്റെ അംശകവും ചരരാശിയാണെങ്കിൽ പ്രഥമദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, അവ രണ്ടും സ്ഥിരരാശിയാണെങ്കിൽ മദ്ധ്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, ഉഭയരാശിയാണെങ്കിൽ അന്ത്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയുമാണ് അവയവവിഭാഗം ചെയ്യേണ്ടത്. ലഗ്നരാശിയും തന്നവാംശകവും ഭിന്നങ്ങളായി - ഒന്ന് ചരവും മറ്റേതു സ്ഥിരോഭയങ്ങളിൽ ഒന്നും ആയി - വന്നാൽ ഇപ്രകാരമല്ല അവയവവിഭാഗം ചെയ്യേണ്ടത്.

ലഗ്നം ഊർദ്ധ്വമുഖരാശിയായാൽ പ്രഥമദ്രേക്കാണം പോലെയും, തിര്യങ്മുഖരാശിയായാൽ മദ്ധ്യദ്രേക്കാണം പോലെയും, അധോമുഖരാശിയായാൽ അന്ത്യദ്രേക്കാണം പോലെയും ആണ് വേണ്ടത്. സൂര്യന് ബലമില്ലെങ്കിൽ ഇങ്ങനേയും അല്ല അവയവവിഭാഗം വേണ്ടത്.

ശീർഷോദയം ലഗ്നമായാൽ പ്രഥമദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, പൃഷ്ഠോദയരാശിയായാൽ മദ്ധ്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, ഉഭയോദയരാശിയായാൽ അന്ത്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും ആണ് അവയവവിഭാഗം ചെയ്യേണ്ടത്, ഇങ്ങനെ ആണ്  പല ജ്യോതിഷ ആചാര്യന്മാരുടെയും അഭിപ്രായം.

"ചരോർദ്ധ്വവക്ത്ര ശീർഷോദയാദീനാം ലഗ്നഗത്വതഃ കകണ്ഠവസ്തി പൂർവ്വാംഗഗ്രഹണം ന ദൃഗാണതഃ രാശ്യംശയോശ്ചരാദിത്വ സംവാദേ തു ചരാദിഭിഃ തദഭാവേƒംഗഗ്രഹണം കോദയാദിഭിഃ " എന്നും മറ്റും പ്രമാണങ്ങളും ഉണ്ട്.

പ്രശ്നത്തിൽ അവയവവിഭാഗം ചെയ്യേണ്ടതിന്നു ഇനിയും പക്ഷാന്തരങ്ങളുണ്ടെങ്കിലും വിസ്തരഭയത്താൽ പറയാത്തതാണ്. 

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

വ്യയഗതഭൂസുതദായേ
വ്യയവൃദ്ധ്യർത്ഥക്ഷയൗ നരേന്ദ്രഭയം
സ്ഥാനസുതദാരനാശം
ഭ്രാത്രാണാം പ്രോപാണം സദാഘരതിഃ

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പല പ്രകാരത്തിൽ വ്യയം ഏറിവരികയും ധനഹാനിയും രാജകോപവും സംഭവിക്കുകയും സ്ഥാനത്തിനും സ്ഥിതിക്കും പുത്രനും ഭാര്യയ്ക്കും ഹാനിയുണ്ടാവുകയും സഹോദരന്മാർക്ക് അന്യദേശഗമനവും തന്നിമിത്തം ദുഃഖവും പാപകർമ്മങ്ങൾ ചെയ്യാനിടയാവുകയും ചെയ്യും.

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഭവഗതഭൗമദശായാം
ഭവന്തി രാജ്യാർത്ഥരാജസമ്മാനാഃ
സമരേ ജയപ്രതാപ-
പ്രസിദ്ധിസമ്പൽപരോപകാരരതിഃ

സാരം :-

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം രാജ്യലാഭം, അർത്ഥലാഭം, രാജസമ്മാനം, യുദ്ധത്തിൽ ജയം, പ്രതാപശക്തി, പ്രസിദ്ധി, ഐശ്വര്യം, പരോപകാരശീലം എന്നിവ ഉണ്ടായിരിക്കും.

പത്താം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

മാനസ്ഥിതസ്യാവനിജസ്യ ദായേ
മാനക്രിയാഭംഗം പൈതി ദുഃഖം
ഉദ്യോഗഭംഗം ത്വപകീർത്തിമേതി
വിദ്യാസുതാജ്ഞാധനദാരഹാനിം.

സാരം :-

പത്താം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം മാനത്തിനും ജോലിക്കും എന്നുവേണ്ട സകലകർമ്മങ്ങൾക്കും വിഘാതം നേരിടുകയും ദുഃഖം അനുഭവിക്കുകയും ഉദ്യോഗത്തിന് ഹാനിയും, അലസതയും, അപകീർത്തിയും, വിദ്യ, പുത്രൻ, ആജ്ഞ, ധനം, ഭാര്യ മുതലായവർക്ക് ഹാനിയും സംഭവിക്കുകയും ചെയ്യും.

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

നവമസ്ഥധരാസൂനുദായേ ദുഃഖം പദഭ്രമം
ഗുരൂണാം ച തഥാ കഷ്ടം തപോവിഘ്നം മഹാഭയം.

സാരം :-

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പല പ്രകാരേണ ദുഃഖവും സ്ഥാനഭ്രംശവും സഞ്ചാരവും പിത്രാദിഗുരുജനങ്ങൾക്ക്‌ ദുരിതവും തപസ്സിന് വിഘ്നവും വലുതായിരിക്കുന്ന ഭയവും സംഭവിക്കും.

ശരീരാകൃതി, ദേഹവണ്ണം, ദേഹപ്രകൃതി

ലഗ്നനവാംശപതുല്യതനുഃ സ്യാ-
ദ്വീര്യയുതഗ്രഹതുല്യതനുർവ്വാ
ചന്ദ്രസമേതനവാംശപവർണ്ണഃ
കാദിവിലഗ്നവിഭക്തഭഗാത്രഃ

സാരം :-

രണ്ടാം അദ്ധ്യായത്തിലെ എട്ടാം ശ്ലോകം മുതലായവയെക്കൊണ്ടു പറഞ്ഞിട്ടുള്ള ഗ്രഹസ്വരൂപങ്ങളിൽ വെച്ച്  ലഗ്നാധിപനായ ഗ്രഹത്തിന്റെ ആകൃതിയോടു തുല്യമായിട്ടാണ് ശിശുവിന്റെ ആകൃതിയെപ്പറയേണ്ടത്. ഇതു ലഗ്നാധിപനായ ഗ്രഹത്തിന് ബലമുള്ളപ്പോഴാകുന്നു. ലഗ്നത്തിന്റെ നവാംശകാധിപനായ ഗ്രഹത്തിന് ലഗ്നാധിപനായ ഗ്രഹത്തേക്കാൾ ബലം ഏറുമെങ്കിൽ ആ അംശകാധിപന്റെ ആകൃതിയെ പറയേണ്ടതാകുന്നു. ലഗ്നാധിപൻ അതിന്റെ അംശകാധിപൻ ഇവരിൽ ബലവാനായ ഗ്രഹം നിൽക്കുന്ന രാശിക്ക് പൂർണ്ണബലമുണ്ടെങ്കിൽ ആ രാശ്യധിപനെക്കൊണ്ടാണ് ദേഹപ്രകൃതിയെ പറയേണ്ടതെന്നും ഒരു അഭിപ്രായമുണ്ട്. മേൽപ്പറഞ്ഞ ഗ്രഹങ്ങൾക്കൊന്നും ബലമില്ലെങ്കിൽ ഗ്രഹങ്ങളിൽ വെച്ചു അധികം ബലവാനെക്കൊണ്ടു ദേഹപ്രകൃതിയെ പറയുകയും വേണം. ബലമുള്ളവർ പലഗ്രഹങ്ങളുണ്ടെങ്കിൽ ലഗ്നകേന്ദ്രസ്ഥനും ബലവാനുമായവനേക്കൊണ്ടും, അങ്ങനേയും പലരുമുണ്ടെങ്കിൽ ആ ഗ്രഹങ്ങളുടെ ഒക്കെകൂടിയ സങ്കരമായ ദേഹപ്രകൃതിയേയും പറയണം. കേന്ദ്രരാശികളിൽ ഗ്രഹങ്ങളില്ലെങ്കിൽ പണപരസ്ഥന്മാരെക്കൊണ്ടും അതുലുമില്ലെങ്കിൽ ആപോക്ലിമസ്ഥന്മാരെക്കൊണ്ടും പറയേണ്ടതാണ്.

ജാതകപ്രശ്നാദികളിൽ ദേഹപ്രകൃതിയെ ചിന്തിച്ച ഗ്രഹം ബലവാനും ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ വർഗ്ഗോത്തമാംശകം വക്രം ഇത്യാദികളുള്ളവനും, മറിച്ച് പാപഗ്രഹയോഗദൃഷ്ടിമൌഢ്യാദികളും, നീചസ്ഥിതി, ശത്രുക്ഷേത്രസ്ഥിതി, അശുഭഗ്രഹയോഗം ഇത്യാദികളുമില്ലാത്തവനും ആയിരുന്നാൽ, ദേഹത്തിനു ബലവും ആരോഗ്യാദികളും പ്രായേണ അനുഭവിക്കുമെന്നു പറയണം. വിപരീതമായാൽ വിപരീതഫലവും അനുഭവിക്കുന്നതാകുന്നു. മേൽപ്രകാരം ഏഴാം ഭാവാധിപൻ ഏഴാം ഭാവത്തിന്റെ അംശകാധിപൻ എന്നിവരെക്കൊണ്ട് ഭാര്യയുടേയും, അതുപോലെ മറ്റു ഭാവാംശകാധിപന്മാരെക്കൊണ്ടു അതാതാളുകളുടേയും ദേഹസ്വരൂപാദികളെ ചിന്തിക്കാമെന്നും അറിയുക.

രണ്ടാം അദ്ധ്യായത്തിലെ നാലാം ശ്ലോകംകൊണ്ട് പറഞ്ഞതായ ഈ വർണ്ണങ്ങളിൽ ചന്ദ്രന്റെ നവാംശകാധിപന്നുള്ള വർണ്ണത്തേയും ശിശുവിന് പറയണം.

ലഗ്നഭാവം ചെവിക്കുറ്റിക്കു മുകൾഭാഗമായ ശിരസ്സിലും, രണ്ടാം ഭാവം മുഖത്തും, മൂന്നാം ഭാവം കഴുത്തു മുതൽ മാറു കഴിയുന്നതുവരേയും, നാലാം ഭാവം ഹൃദയത്തിലും, അഞ്ചാം ഭാവം വയറ്റത്തും, ആറാം ഭാവം വസ്ത്രം ഉടുക്കുന്ന സ്ഥലമായ അരക്കെട്ടിലും, ഏഴാം ഭാവം വസ്തിപ്രദേശത്തും, എട്ടാം ഭാവം ഗുഹ്യപ്രദേശത്തും, ഒമ്പതാം ഭാവം രണ്ടു തുടകളിലും, പത്താം ഭാവം രണ്ടു മുട്ടുകളിലും, പതിനൊന്നാം ഭാവം രണ്ടു കണങ്കാലുകളിലും, പന്ത്രണ്ടാം ഭാവം രണ്ടു കാലടികളിലുമായി കല്പിക്കണം.

ജാതകപ്രശ്നാദികളിൽ, ലഗ്നാദി ഏതേതു ഭാവങ്ങളിലേക്കാണോ ഭാവാധിപന്റെയോ ശുഭഗ്രഹങ്ങളുടെയോ യോഗദൃഷ്ട്യാദികളുള്ളത് അതാതു ഭാവങ്ങളെക്കൊണ്ടു ചിന്തിക്കേണ്ടതായ ശരീരഅവയവങ്ങൾക്ക് പുഷ്ടി സുഖം മുതലായവയും, പാപഗ്രഹങ്ങൾ ഭാവാധിപശത്രുക്കൾ ഷഷ്ഠാഷ്ടമവ്യയാധിപന്മാർ എന്നിങ്ങനെയുള്ളവരുടെ യോഗദൃഷ്ട്യാദികളുള്ള ഭാവങ്ങളുടെ അവയവങ്ങൾക്ക് രോഗോപദ്രവാദികളും പറയാവുന്നതാണ്. 

അതാതു അവയവത്വേന കല്പിച്ചിട്ടുള്ള ഭാവരാശികൾക്ക് ഒന്നാം അദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകംകൊണ്ട് ദീർഘത്വമുണ്ടായിരുന്നാൽ അതാതവയവങ്ങൾ ദീർഘങ്ങളും, ഹ്രസ്വത്വമുണ്ടായിരുന്നാൽ ഹ്രസ്വങ്ങളുമായിരിക്കുന്നതാണ്. ചിങ്ങം, കന്നി, തുലാം. വൃശ്ചികം എന്നീ രാശികളിലൊന്ന്‌ ലഗ്നഭാവമായാൽ ശിരസ്സിന്നു ദീർഘമുണ്ടാവുമെന്നും, കുംഭം, മീനം, മേടം, ഇടവം, എന്നീ രാശികളിലൊന്ന്‌ ലഗ്നഭാവമായാൽ ശിരസ്സിനു നീളം കുറയുമെന്നും പറയാവുന്നതാണ്. 

എട്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

മരണപദസ്ഥോ ഭൗമഃ
കരോതി ദുഃഖം മഹാഭയം ദായേ
സ്ഫോടകമന്നവിരോധം 
സ്ഥാനഭ്രംശം മൃതിം പ്രവാസം വാ.

സാരം :-

എട്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം വലുതായ ദുഃഖവും ഭയവും സ്വജനാരിഷ്ടയും വ്രണം മസൂരി മുതലായ മഹാവ്യാധികളും ഭുക്തരോധവും (അരുചിയും) സ്ഥാനഭ്രംശവും വിദേശവാസവും അല്ലെങ്കിൽ മരണവും സംഭവിക്കുന്നതായിരിക്കും.

ഏഴാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

കളത്രയുക്തസ്യ കുജസ്യ ദായേ
കളത്രനാശം ഗുദമൂത്രദോഷം
അഗോചരസ്ഥസ്യ ച താദൃശം സ്യാൽ
തദന്യഥാ ചേദ്‌ ബലമന്യഥൈവ.

സാരം :-

ഏഴാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ഭാര്യയ്ക്ക് നാശമോ രോഗദ്യരിഷ്ടയോ സംഭവിക്കുകയും ഗുഹ്യരോഗവും മൂത്രദോഷവും ഉണ്ടാവുകയും ചെയ്യും. 

ചൊവ്വാ ചാരവശാൽ ഗോചരമല്ലാത്ത സ്ഥാനങ്ങളിൽ നിന്നാലും ഫലം മേൽപ്പറഞ്ഞ പ്രകാരം തന്നെയാണ് സംഭവിക്കുക അല്ലെങ്കിൽ ഫലത്തിനും വ്യത്യാസം സംഭവിക്കുന്നതാണ്.

മൂന്നാം ഭാവത്തിൽ / നാലാം ഭാവത്തിൽ / അഞ്ചാം ഭാവത്തിൽ / ആറാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഭ്രാതൃസ്ഥാനഗതസ്തു സൗഖ്യഫലദോ
ഭൂനന്ദനോƒരാതിഹാ
ധൈര്യം വിത്തസുതാർത്ഥദാരസഹജൈ-
സ്സംഗം നൃപാൽ പൂജ്യതാം
പുത്രസ്ഥാനഗതസ്യ പുത്രമരണം
ബുദ്ധിഭ്രമം ജാഡ്യതാം
ശത്രുക്ഷേത്രഗതസ്യ ഭൂമിസഹജൈർ-
ദുഃഖം മഹാരോഗഭാക്

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സുഖപ്രാപ്തിയും കാര്യഗുണവും  ശത്രുക്കൾക്ക് ഹാനിയും ധൈര്യവും ധനം പുത്രൻ ഭാര്യ സഹോദരൻ മറ്റു കാര്യങ്ങൾ ഇത്യാദി ഗുണപ്രാപ്തിയും രാജാക്കന്മാരിൽ നിന്ന് ബഹുമതിയും ലഭിക്കും.

നാലാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സ്ഥാനഭ്രംശം, ബന്ധുവിരോധം, ചോരാഗ്നിപീഡ, രാജകോപം, വിദേശവാസം എന്നിവ സംഭവിക്കും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പുത്രമരണം, ബുദ്ധിഭ്രമം, ജളത്വം. യശസ്സ്. നേത്രരോഗം, ശ്രവണരോഗം, ധനനഷ്ടം, കലഹം എന്നിവ സംഭവിക്കും. 

ആറാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ഭൂമി നിമിത്തവും സഹോദരൻ (സഹോദരി) നിമിത്തവും ദുഃഖവും മുറിവും വ്രണവും ശത്രുഭയവും മഹത്തായ രോഗവും സംഭവിക്കുന്നതാണ്.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ധനഗതഭൂസുതദായേ
ധനപുഷ്ടിം കലഹമപ്യുപൈതി നരഃ
സ്വകലാഢ്യത്വം ലഭതേ
നൃപഹൃതവിത്തം മുഖാക്ഷിരോഗം ച.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ധനപുഷ്ടിയും വിവാദവും കലഹവും കുലമുഖ്യതയും ഗൃഹാദിപത്യവും ലഭിക്കകയും രാജാവുനിമിത്തം ധനഹാനിയും നേത്രരോഗവും മുഖം, ദന്തം, ചുണ്ട്, വായ്‌,  നാക്ക് മുതലായ ശരീര അംഗങ്ങളിൽ രോഗങ്ങളും ഫലമാകുന്നു.

ലഗ്നം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

കേന്ദ്രഗതഭൗമദായേ
ചോരവിഷാഭ്യാമുപൈതി ബഹുദുഃഖം
കലഹം ബന്ധുവിരോധം
ലഭതേ ദേശാന്തരഭ്രമണം.

സാരം :-

ലഗ്നം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം കള്ളന്മാരിൽനിന്നും വിഷത്തിൽനിന്നും വലിയ ദുഃഖങ്ങളും കലഹവും ബന്ധുക്കളുമായി വിരോധവും അന്യദേശ സഞ്ചാരവും സംഭവിക്കും.

ഉച്ചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഉച്ചാംശസംയുക്തധരാജദായേ
മനോഭിലാഷം വിജയം സുഖം ച
പ്രചണ്ഡദാസീഗമനം നൃപസ്യ
പ്രധാനതാം യാതി സുഗന്ധമാല്യം.

സാരം :-

ഏതു രാശിയിൽ സ്ഥിതനാണെങ്കിലും ഉച്ചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം വിചാരിക്കുന്ന കാര്യങ്ങൾക്ക് സാദ്ധ്യവും വിവാദികളിൽ വിജയവും ദേഹമനസ്സുകൾക്ക് സുഖവും പ്രൗഢകളായ ദാസികളോടുകൂടിയുള്ള സംഭോഗവും രാജാവിന്റെ സാചിവ്യവും സൗരഭ്യമുള്ള മാല മുതലായ വിശേഷ ദ്രവ്യങ്ങളുടെ ലാഭവും ഫലമാകുന്നു.


നീചരാശിയിൽനിന്നു നീചരാശ്യംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

നീചാംശഭൌമദായേ
നീചയുതേƒത്യന്തകർമ്മവൈകല്യം
ധനഹാനിഭൂപദണ്ഡഃ
ശിശ്നോദരമാത്രതൽപരഃ കൃഛ്റാൽ.

സാരം :-

നീചരാശിയിൽനിന്നു നീചരാശ്യംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സകലകാര്യങ്ങൾക്കും ഹാനിയും ധനനാശവും രാജകൃതമായ ദണ്ഡവും (ശിക്ഷയും) പ്രയാസപ്പെട്ടു ഭക്ഷണവും ശയനവും (ഉറക്കവും സ്ത്രീഭോഗവും) മാത്രം സാധിക്കുകയും മറ്റൊരു കാര്യവും സാധിക്കാതിരിക്കയും ചെയ്യും.

നീചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

നീചാംശസംസ്ഥിതദശാ
ഭൗമസ്യ സദാടനം മനോദുഃഖം
ഫലസന്നികർഷനാശം
ശ്രേഷ്ഠം ത്യക്ത്വാധമം തഥാ ഭജതേ.

സാരം :-

ഏതു രാശിയിലെങ്കിലും നീചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം എപ്പോഴും സഞ്ചാരവും മനോദുഃഖവും കാര്യങ്ങൾ അടുത്തുവരുമെങ്കിലും അതുകൾക്ക് ഉടനെ നാശവും സംഭവിക്കുകയും ശ്രേഷ്ഠമായതിനെ ഉപേക്ഷിച്ച് നിന്ദ്യമായതിനെ സ്വീകരിക്കുകയും ചെയ്യും.

മീനലഗ്നത്തിൽ ജനിക്കുന്നവൻ

തേജോയശോവിഭധാന്യബലാർത്ഥവിദ്യാ-
സൗന്ദര്യവാൻ പ്രിയസുഹൃദ് ബഹുതോയപായീ
സ്വക്ഷസ്സ്വദാരദയിതോ ജലജാത്ഥഭോക്താ
സ്യാന്മീനലഗ്നജനിതസ്സുകൃതീ കൃതജ്ഞഃ

സാരം :-

മീനലഗ്നത്തിൽ ജനിക്കുന്നവൻ തേജസ്സ്, യശസ്സ്, സമ്പത്ത്, ധനധാന്യങ്ങൾ, ബലം, വിദ്യ, സൗന്ദര്യം എന്നിവകളോടുകൂടിയവനായും ഇഷ്ടബന്ധുക്കളോടുകൂടിയവനായും വളരെ വെള്ളം കുടിക്കുന്നവനായും നല്ല കണ്ണുകളുള്ളവനായും സ്വദാരരതനായും (പരസ്ത്രീസക്തനല്ലാത്തവനെന്നുമർത്ഥമുണ്ട്) ജലോൽപന്നങ്ങളായ ദ്രവ്യങ്ങളെ ലഭിക്കുന്നവനായും പുണ്യങ്ങളെ ചെയ്യുന്നവനായും കൃതജ്ഞനായും ഭവിക്കും.

കുംഭലഗ്നത്തിൽ ജനിക്കുന്നവൻ

ലുബ്ധോƒന്യസ്ത്രീരതോസ്വോ വധരുചിരടനഃ
ഛന്നപാപോ ഘടാംഗഃ

ക്രോധീ ദുഃഖീ സുഗന്ധപ്രിയമതിരഘൃണഃ
കുംഭലഗ്നോത്ഭവശ്ച.

സാരം :-

കുംഭലഗ്നത്തിൽ ജനിക്കുന്നവൻ പിശുക്ക്, പരസ്ത്രീസക്തി, ദാരിദ്ര്യം, ഹിംസാശീലം, വൃഥാസഞ്ചാരം, ദുഃഖം, കോപം, എന്നിവകളോടുകൂടിയവനായും പാപപ്രവൃത്തികളെ മറച്ചുവയ്ക്കുന്നവനായും കുടംപോലെയിരിക്കുന്ന ശരീരത്തോടുകൂടിയവനായും സുഗന്ധദ്രവ്യങ്ങളിൽ പ്രിയമുള്ളവനായും നിർദ്ദയനും നിർല്ലജ്ജനും ആയും ഭവിക്കും.

വർഗ്ഗോത്തമാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

വർഗ്ഗോത്തമഗതഭൂസുത-
ദശാഗമേ സകലലോകവിഖ്യാതഃ
തൽപ്രോക്തഫലം ദ്വിഗുണം
ലഭതേ സംഗ്രാമവിശ്രുതോ ബലവാൻ.

സാരം :-

ഏതു രാശിയിലെങ്കിലും വർഗ്ഗോത്തമാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സകലലോകത്തിലും പ്രസിദ്ധനായിരിക്കും. യുദ്ധത്തിൽ ഏറ്റവും സാമർത്ഥ്യവും സൈന്യബലവും സ്വശക്തിയും ലഭിക്കും. വിശേഷിച്ച് അതാതു രാശിഫലങ്ങൾ ഇരട്ടിയായി അനുഭവിക്കുന്നതുമാകുന്നു.

മീനം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഝഷഗതഭൗമദശായാം
രോഗീ വിഗതാത്മജോ വ്യയാർത്തശ്ച
ഋണവാൻ വിദേശവാസീ
വിചർച്ചികാദ്യൈർവ്രണൈശ്ച പരിതപ്തഃ

സാരം :-

മീനം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം രോഗവും പുത്രനാശവും അധികമായ ചെലവും തന്നിമിത്തം കടവും അന്യദേശഗമനവും സംഭവിക്കുകയും ചൊറി ചിരങ്ങ് വ്രണം മുതലായ രോഗങ്ങൾകൊണ്ട് ഉപദ്രവമുണ്ടാവുകയും ചെയ്യും.

മകരലഗ്നത്തിൽ ജനിക്കുന്നവൻ

ദീനോക്തിസ്സാത്വികോധഃ കൃശതനുരലസോ-
ഗമ്യവൃദ്ധാംഗനേഷ്ടഃ
കഷ്ടോ ധർമ്മദ്ധ്വജീ വാ ശഠമതിരനിലാർത്തോ-
തിഭാഗ്യശ്ച നക്രേ.

സാരം :-

മകരലഗ്നത്തിൽ ജനിക്കുന്നവൻ ദീനവാക്കായും സാത്വികനായും കൃശമായ ശരീരാധഃ പ്രദേശത്തോടുകൂടിയവനായും മടിയനായും ഉപജീവനാർത്ഥം ജടാവല്ക്കലാദികളെ ധരിക്കുന്നവനായും ശഠപ്രകൃതിയായും വാതപീഡിതനായും ഭാഗ്യവാനായും ഭവിക്കും.

ധനുലഗ്നത്തിൽ ജനിക്കുന്നവൻ

ശ്രീവിദ്യാവിഭവോരുകീർത്തിസഹിതോ
വ്യാദീർഘകണ്ഠാനനഃ

കുബ്ജാംഗോ നൃപവല്ലഭോ ജിതരിപു-
സ്സാമൈകസാദ്ധ്യോ ബലീ

പ്രാജ്ഞഃ കർമ്മപടുഃ പൃഥുശ്രവണനാ
സോതിപ്രഗത്ഭഃ പിതൃ-

ദ്രവ്യാഢ്യഃ പ്രഥിതോപ്രമേയഗുണയുക്
സ്യാത്തൌക്ഷികാംഗോത്ഭവഃ

സാരം :-

ധനുലഗ്നത്തിൽ ജനിക്കുന്നവൻ ശ്രീയും വിദ്യയും സമ്പത്തും യശസ്സും ഉള്ളവനായും കഴുത്തും മുഖവും നീണ്ടിരിക്കുന്നവനായും ദേഹത്തിന് കൂനുള്ളവനായും രാജപ്രിയനായും ശത്രുക്കളെ ജയിക്കുന്നവനായും സമോപായംകൊണ്ട് വശപ്പെടുന്നവനായും ബലവാനായും വിദ്വാനായും കർമ്മങ്ങളിൽ സാമർത്ഥ്യമുള്ളവനായും വലിയ ചെവികളും മൂക്കും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും പിതൃസ്വത്ത് ലഭിക്കുന്നവനായും പ്രസിദ്ധനായും അനേകം ഗുണങ്ങളുള്ളവനായും ഭവിക്കും.

കുംഭം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഘടഗതഭൌമദശായാ-
മാചാരവിവർജ്ജിതോƒതിമാനീ ച
ദാരിദ്ര്യദുഃഖതപ്തഃ
കുമാർഗ്ഗചാരീ വിനഷ്ടതനയശ്ച.

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ആചാരാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കുകയും ദാരിദ്ര്യദുഃഖവും ദുർമാർഗ്ഗഗതിയും പുത്രനാശവും ഏറ്റവും അഭിമാനവും ഉണ്ടായിരിക്കും..

മകരം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഭൌമസ്യോച്ചദശായാം
വാഹനസുഖരാജ്യഭോഗസമ്പന്നഃ
അനിവാരിതരണേവേഗഃ
പ്രധാനജനബന്ധുമാൻ ഭവതി

ഉച്ചാദതിഗതദായേ
മകരേ ഭൌമസ്യ യത്നതോƒർത്ഥാപ്തിഃ
വ്യാളമൃഗോരഗശസ്ത്രൈഃ
പീഡാം ലഭതേƒല്പസന്തുഷ്ടിഃ

സാരം :-

മകരം രാശിയിൽ (ഉച്ചത്തിൽ) നിൽക്കുന്ന ചൊവ്വായുടെ ദശാകാലം വാഹനവും സുഖവും രാജ്യപ്രാപ്തിയും ഭോഗവും സമ്പത്തും വർദ്ധിക്കുകയും അപ്രതിഹതമായ യുദ്ധവേഗവും പ്രധാനജനാശ്രയവും ബന്ധുക്കളും ലഭിക്കുകയും ചെയ്യും. 

ഉച്ചം കഴിഞ്ഞ് മകരം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പ്രത്നേന അർത്ഥലാഭവും സർപ്പം ആന മാൻ ആയുധം പശ്വാദികൾ എന്നിവയിൽ നിന്ന് ഉപദ്രവവും അല്പസന്തോഷവും ഉണ്ടായിരിക്കും.

വൃശ്ചികലഗ്നത്തിൽ ജനിക്കുന്നവൻ

മൂർഖോ വൃശ്ചികലഗ്നജോതിചപലോ
മാനീ ധനീ സജ്ജന-
ദ്വേഷീ ക്രൂരവിശാലദൃങ്നൃപഹിതഃ
പ്രച്ഛന്നപാപഃ ഖലഃ
രോഗീ ബാല്യവിധൌ വിയുക്തജനകോ
വൃത്തോരുജംഘാന്വിതഃ
പാഥോജാങ്കിതപാണിപാദപി തഥാ
സ്യാൽ ക്രൂരകർമ്മോഗ്രധീഃ

സാരം :-

വൃശ്ചികലഗ്നത്തിൽ ജനിക്കുന്നവൻ മൂർഖനായും ഏറ്റവും ചാപല്യമുള്ളവനായും മാനവും ധനവും സജ്ജനങ്ങളോടു വിരോധവും ഉള്ളവനായും വിശാലവും ക്രൂരവും ആയ കണ്ണുകളോടുകൂടിയവനായും ബാല്യത്തിൽ രോഗപീഡിതനായും പിതാവിനോട് വേർപെട്ടവനായും ദുസ്സ്വഭാവിയായും തുടയും കണങ്കാലും തടിച്ചിരിക്കുന്നവനായും പാണിപാദങ്ങളിൽ പത്മ (താമര) രേഖാചിഹ്നത്തോടുകൂടിയവനായും ക്രൂരകർമ്മത്തെ ചെയ്യുന്നവനായും തീക്ഷ്ണബുദ്ധിയും (കഠിനചിത്തനായും) ഭവിക്കും.

തുലാലഗ്നത്തിൽ ജനിക്കുന്നവൻ

ദേവബ്രാഹ്മണസജ്ജനാർച്ചനരതോ
വിദ്വാൻ വിവാദീ ചല-
ച്ചിത്തഃ സ്ത്രീജനകാമകേളിചതുര-
സ്സ്വക്ഷോ മഹീക്ഷിൽപ്രിയഃ
സഞ്ചാര്യല്പസുതോ ദ്വിനാമസഹിതോ 
ദക്ഷഃ ക്രയേ വിക്രയേ
ഭീരുശ്ശാന്തമതിഃകൃശോഛ്റിതതനുർ-
ജ്ജൂകാംഗജാതോ ഭവേൽ.

സാരം :-

തുലാലഗ്നത്തിൽ ജനിക്കുന്നവൻ ദേവന്മാരെയും സജ്ജനങ്ങളെയും ബ്രാഹ്മണരേയും പൂജിക്കുവാൻ താൽപര്യമുള്ളവനായും വിദ്വാനായും വ്യവഹാരപ്രിയനായും മനസ്സ് ഇളകിക്കൊണ്ടിരിക്കുന്നവനായും സ്ത്രീകളിലും കാമകേളിയിലും സാമർത്ഥ്യമുള്ളവനായും ഭംഗിയുള്ള കണ്ണുകളോടുകൂടിയവനായും രാജപ്രിയനായും സഞ്ചാരിയായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും രണ്ടുപേരുകളുള്ളവനായും ക്രയവിക്രയങ്ങളിൽ നിപുണനായും ഭയചഞ്ചലനായും സമാധാനശീലമുള്ളവനായും ചടച്ചുനീണ്ട ശരീരത്തോടുകൂടിയവനായും ഭവിക്കും.

ധനു രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ചാപഗതഭൗമദായേ
ദ്വിജദേവനൃപാലപോഷണം ലഭതേ
ദുസ്സാദ്ധ്യകർമ്മകർത്താ
കലഹനിവൃത്തിഃ പ്രിയോƒതിമാന്യശ്ച.

സാരം :-

ധനു രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ബ്രാഹ്മണരുടേയും ദേവന്മാരുടേയും രാജാക്കന്മാരുടേയും ആനുകൂല്യം ലഭിക്കുകയും സാധിക്കുവാൻ പ്രയാസമുള്ള കാര്യങ്ങളെ ചെയ്കയും കലഹം, വിവാദം എന്നിവയ്ക്ക് ശമനം ലഭിക്കുകയും എല്ലാവർക്കും ആനുകൂല്യവും സന്തോഷവും ലഭിക്കുകയും ഏറ്റവും മാന്യമായി ഭവിക്കുകയും ചെയ്യും.

വൃശ്ചികം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

അളിഗതഭൗമദശായാം
ഭവതി ജനസ്സകലലോകവന്ദ്യശ്ച
കൃഷിധനധാന്യവാപ്തി-
സ്സുഹൃൽപ്രിയോ ഗരളവഹ്നിസന്തപ്തഃ

സാരം :-

വൃശ്ചികം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം എല്ലാ ജനങ്ങളുടേയും സൽക്കാരം ലഭിക്കുകയും കൃഷിഗുണവും ധനധാന്യലാഭവും ബന്ധുഗുണവും വിഷം, അഗ്നി എന്നിവയിൽ നിന്ന് ഉപദ്രവവും ഫലമാകുന്നു.

കന്നി ലഗ്നത്തിൽ ജനിക്കുന്നവൻ

കന്യാലഗ്നസമുത്ഭവഃ ഖലു വധൂ-
ലോലഃക്രിയാകോവിദോ
വിസ്രസ്താംസഭുജഃ പരാലയധനോ
വ്രീളാലസാക്ഷസ്സുധീഃ
ശ്രീമാൻ ബന്ധുരതഃ പ്രിയോക്തിചതുര-
ശ്ശാസ്ത്രാർത്ഥവേത്താ ബഹു-
സ്ത്രീസന്താനയുതശ്ച സാത്വികമതി-
സ്സൗഖ്യാന്ന്വിതോƒല്പാത്മജഃ

സാരം :-

കന്നി ലഗ്നത്തിൽ ജനിക്കുന്നവൻ ഏറ്റവും സ്ത്രീസക്തനായും കർമ്മങ്ങളിൽ സാമർത്ഥ്യമുള്ളവനായും ചുമലും കൈകളും താണിരിക്കുന്നവനായും പരദ്രവ്യവും പരഭവനവും ലഭിക്കുന്നവനായും ലജ്ജകൊണ്ട് അലസങ്ങളായ കണ്ണുകളോടുകൂടിയവനായും വിദ്വാനായും ശ്രീമാനായും ബന്ധുക്കളിൽ താൽപ്പര്യമുള്ളവനായും ഇഷ്ടമായ വാക്കുകളെ പറയുവാൻ സമർത്ഥനായും ശാസ്ത്രാർത്ഥങ്ങളെ അറിയുന്നവനായും സ്ത്രീപ്രജകൾ ഏറിയും പുരുഷസന്താനങ്ങൾ കുറഞ്ഞും ഇരിക്കുന്നവനായും സാത്വിക സ്വഭാവിയായും ഭവിക്കും.

ചിങ്ങലഗ്നത്തിൽ ജനിക്കുന്നവൻ

പിംഗാക്ഷോƒല്പസുതോ ജിതാരിരഭിമാ-
ന്യുർവ്വീശവംശാശ്രിത-
ശ്ശൂരസ്സുസ്ഥിരധീർവ്വിശാലവദനോ
ഹിംസ്രശ്ച മാംസപ്രിയഃ
ശൈലാരണ്യചരഃ ക്ഷുധാപി ച തൃഷാ
ക്രാന്തോവ്യഥാകോപന-
സ്ത്യാഗീ മാതൃവശംവദശ്ചപുരുഷോ
ഹര്യക്ഷലഗ്നോത്ഭവഃ

സാരം :-

ചിങ്ങലഗ്നത്തിൽ ജനിക്കുന്നവൻ കണ്ണുകൾക്ക്‌ പിംഗലവർണ്ണമുണ്ടായിരിക്കുകയും പുത്രന്മാർ കുറഞ്ഞിരിക്കുകയും ശത്രുക്കളെ ജയിക്കുകയും ചെയ്യുന്നവനായും അഭിമാനിയായും രാജവംശത്തെ ആശ്രയിക്കുന്നവനായും ശൂരനായും ഏറ്റവും സ്ഥിരചിത്തനായും വിസ്താരമേറിയ മുഖം, ഹിംസാശീലം, മാംസത്തിൽ പ്രിയം എന്നിവകളോടു കൂടിയവനായും വനപർവ്വതങ്ങളിൽ സഞ്ചരിക്കുന്നവനായും വിശപ്പും ദാഹവും അധികമുള്ളവനായും വെറുതെ കോപിക്കുന്നവനായും ത്യാഗിയും മാതാവിന്റെ ഇഷ്ടത്തെ അനുവർത്തിക്കുന്നവനായും ഭവിക്കും.

തുലാം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

തൗലിനി ഭൗമദശായാ-
മരുചിരുജാസ്ത്രീകൃതാർത്ഥപരിഹീണഃ
പരിജനകലഹോദ്യുക്തോ
ഗജാശ്വഹീനോƒംഗഹീനോ വാ.

സാരം :-

തുലാം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം അരുചി നിമിത്തം രോഗോപദ്രവവും സ്ത്രീനിമിത്തം അർത്ഥനാശവും പരിജനങ്ങളുമായി കലഹവും ആന, കുതിര മുതലായ വാഹനങ്ങൾക്ക് ഹാനിയും അംഗവൈകല്യവും ഭവിക്കും.

കന്നി രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

കന്ന്യാശ്രിതകുജദായേ
പ്രാപ്യ സ്ഥാനം സുഖം ധനം ലഭതേ
യജ്ഞക്രിയാസു നിപുണം
വിഷമാക്ഷം ഭൂമിദാരപുത്രാപ്തിം.

സാരം :-

കന്നി രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പ്രാപ്യസ്ഥാനവും സുഖവും ധനവും ലഭിക്കുകയും യാഗാദിപുണ്യകർമ്മങ്ങളിൽ നൈപുണ്യവും ഒരു കണ്ണിന് വൈകല്യവും ഭൂമിലാഭവും വിവാഹവും പുത്രപ്രാപ്തിയും സംഭവിക്കും.

കർക്കടകലഗ്നത്തിൽ ജനിക്കുന്നവൻ

ഹ്രസ്വഃ  പീനഗളോർത്ഥവാൻ പരഗൃഹ-
പ്രീതസ്സുഹൃത്ഭിര്യുതോ
മേധാവീ വനിതാജിതോ ജലരതിഃ
സ്ഥൂലാംഗകോ ധർമ്മവാൻ
മൃഷ്ടാന്നാംബരഭൂഷണഃ പൃഥുകടി-
സ്വൽപാത്മജശ്ശീഘ്രഗഃ
കിഞ്ചിദ്വക്രതയനാരോ ലളിതവാഗ്
ജാതഃ കുളീരോദയേ.

സാരം :-

കർക്കടകലഗ്നത്തിൽ ജനിക്കുന്നവൻ ഹ്രസ്വകായനായും തടിച്ച കണ്ഠപ്രദേശത്തോടുകൂടിയവനായും ധനവാനായും അന്യഗൃഹവും അന്യധനവും ലഭിക്കുന്നവനായും ബന്ധുക്കളോടുകൂടിയവനായും ധാരണാബുദ്ധിയോടുകൂടിയവനായും സ്ത്രീജിതനായും ജലക്രീഡയിൽ തൽപരനായും തടിച്ച ശരീരത്തോടുകൂടിയവനായും ധർമ്മിഷ്ഠനായും മൃഷ്ടാന്നഭോജനവും നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ഉള്ളവനായും തടിച്ചിരിക്കുന്ന കടിപ്രദേശത്തോടുകൂടിയവനായും അല്പപുത്രന്മാർ മാത്രം ഉള്ളവനായും ഒരു പുറം ചരിഞ്ഞുവളവോടുകൂടി വേഗത്തിൽ നടക്കുന്നവനായും ഭവിക്കും.

മിഥുനലഗ്നത്തിൽ ജനിക്കുന്നവൻ

സ്ത്രീസക്തോസിതലോചനോന്ന്യഹൃദയാ-
ഭിജ്ഞസ്സുബന്ധുസ്സുഖീ
തത്വജ്ഞോ ഗുണവാൻ പ്രകുഞ്ചിതകച-
ശ്ചോത്തുംഗനാസസ്സുധീഃ
ശ്രീമാൻ കാരുണികോ മനോഹരതനുർ
നൃത്തേ ച ഗീതേ രതോ
യോഗീ സജ്ജനസമ്മതഃഖലു ഭവേ-
ദ്യുഗ്മോദയോത്ഥഃ പുമാൻ,

സാരം :-

മിഥുനലഗ്നത്തിൽ ജനിക്കുന്നവൻ സ്ത്രീസക്തി, ശ്യാമവർണ്ണമുള്ള കണ്ണുകൾ, പരേംഗിതജ്ഞാനം, ബന്ധുഗുണം, സുഖം, സാരഗ്രാഹിത്വം എന്നിവകളോടുകൂടിയവനായും ഗുണവാനായും ചുരുണ്ടിരിക്കുന്ന തലമുടികളോടും ഉയർന്നിരിക്കുന്ന നാസികയോടുംകൂടിയവനായും വിദ്വാനായും ശ്രീമാനായും ദയാലുവായും സൗന്ദര്യമുള്ള ശരീരത്തോടുകൂടിയവനായും നൃത്തഗീതങ്ങളിൽ തൽപരനായും യോഗാഭ്യാസമുള്ളവനായും സജ്ജനസമ്മതനായും ഭവിക്കും.

ചിങ്ങം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

സിംഹഗതസ്യദശായാം
കുജസ്യ ജനനായകം മഹോത്സാഹം
സുതദാരവിത്തഹീനം
ശാസ്ത്രാഗ്നിപീഡിതം ജനയേൽ.

സാരം :-

ചിങ്ങം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ജനാധിപത്യം ലഭിക്കുകയും ഏറ്റവും ഉത്സാഹവും ഭാര്യാപുത്രാദികൾക്ക് ഹാനിയും ധനനാശവും ആയുധം, അഗ്നി എന്നിവയിൽ നിന്ന് ഉപദ്രവവും ഉണ്ടായിരിക്കുകയും ചെയ്യും.

കർക്കടകം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഭൗമദശായാം ശശിഭേ
സമീരപിത്താഗ്നിപീഡിതോƒനർത്ഥഃ
ദാരസുതബന്ധുഹീനോ
വികലാംഗോ ഭവതി ലോകവിക്ലിഷ്ടഃ.

നീചദൂർദ്ധ്വദശായാം
ഭൗമസ്യ ഗുണാതിരേകവിഖ്യാതഃ
ബലവാൻ പ്രധാനവൈരീ
ഗുഹ്യരുഗാർത്തോ ഗവാദിസമ്പന്നഃ

സാരം :-

കർക്കടകം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം വാതപിത്തങ്ങളിൽ നിന്നും അഗ്നിയിൽ നിന്നും ഉപദ്രവവും അർത്ഥനാശവും ഭാര്യ, പുത്രൻ, ബന്ധു എന്നിവർക്ക് ഹാനിയും അംഗവൈകല്യവും ജനങ്ങളിൽ നിന്ന് ക്ലേശാനുഭവവും അനുഭവിക്കും.

കർക്കടകം രാശിയിലെ പരമനീചം കഴിഞ്ഞ് ഒടുവിലത്തെ രണ്ടു തിയതിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം തന്റെ ഗുണാധിക്യംകൊണ്ട് പ്രസിദ്ധനാകയും ബലവാനാകയും പ്രധാനജനങ്ങളോടു വിരോധം ജനിക്കുകയും അർശസ്സ്, ഭഗന്ദരം മുതലായ ഗുഹ്യരോഗങ്ങളെക്കൊണ്ട് പീഡയും പശുവൃഷഭാദിസമ്പത്ത് അനുഭവിക്കുകയും ചെയ്യും.

ഇടവലഗ്നത്തിൽ ജനിക്കുന്നവൻ

ത്യാഗീ ക്ലേശസഹഃ ക്ഷമീ പൃഥുലവ-
ക്ത്രോരുസ്ഥലഃ കർഷകോ
ഗോമാൻ ദേവഗുരുദ്വിജാർച്ചനപരോ
മദ്ധ്യാന്ത്യസൌഖ്യാന്വിതഃ
വിദ്വാൻ ശാസ്ത്രവിവാദകൃൽ സുരുചിരഃ
പൃഷ്ഠസ്യ പാർശ്വേƒങ്കിതഃ
സ്ത്രീസന്താനയുതസ്തഥാല്പ തനയാ-
സ്സ്യദ്ഗോവൃഷാംഗോത്ഭവഃ

സാരം :-

ഇടവലഗ്നത്തിൽ ജനിക്കുന്നവൻ ത്യാഗം, ദുഃഖങ്ങളെ സഹിക്കുവാനുള്ള ശക്തി, ക്ഷമ എന്നിവകളോടുകൂടിയവനാകയും വിസ്താരമേറിയ മുഖം, വിശാലമായ ഊരുപ്രദേശം എന്നീ ലക്ഷണങ്ങളുള്ളവനാകയും കൃഷിയും പശുവൃഷഭങ്ങളും ഉള്ളവനാകയും ദേവന്മാരെയും ഗുരുക്കന്മാരേയും ബ്രാഹ്മണരേയും പൂജിക്കുന്നവനാകയും ജീവിതകാലത്തിന്റെ മദ്ധ്യത്തിലും അന്ത്യത്തിലും സുഖം അനുഭവിക്കുന്നവനാകയും വിദ്വാനാകയും ശാസ്ത്രീയവാദത്തിൽ തൽപരനാകയും സുന്ദരനാകയും പിന്നിൽ ഒരു ഭാഗത്തായി അടയാളത്തോടുകൂടിയവനാകയും സ്ത്രീപ്രജകൾ ഏറിയും പുരുഷസന്താനങ്ങൾ കുറഞ്ഞും ഇരിക്കുന്നവനാകയും ഫലം.

മേടലഗ്നത്തിൽ ജനിക്കുന്നവൻ

ബന്ധുദ്വേഷ്യടനഃ കൃശഃ പ്രതിഘവാൻ
മാനീ വിവാദപ്രിയഃ

ശൂരോ ദുർബ്ബലജാനുരസ്ഥിരധനഃ
കാമീ വധൂവല്ലഭഃ

വൃത്താതാമ്രവിലോചനോƒനൃതപരോ
ഭീരുർജലേ ക്ഷിപ്രഭുക്

ക്രൂരോ വിക്ഷതവിഗ്രഹഃ ക്രിയതനൌ
ജാതഃ പുമാൻ സർവദാ.

സാരം :-

മേഷാദികളായ രാശികളിൽ ജനിച്ചാലുള്ള ഫലങ്ങളെ പറയുന്നു. ക്ഷേത്രഫലവും ലഗ്നഫലവും പ്രത്യകമായിട്ടാണ് മറ്റു ചില ജ്യോതിഷ ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്. ചന്ദ്രാശയരാശിഫലവും ലഗ്നഫലവും ഏറെക്കുറെ ഒന്നായിട്ടുതന്നെയും വിചാരിക്കാവുന്നതാണ്.

മേടലഗ്നത്തിൽ ജനിക്കുന്നവൻ ബന്ധുക്കളെ ദ്വേഷിക്കുന്നവനായും സഞ്ചാരപ്രിയനായും കൃശമായ ശരീരത്തോടുകൂടിയവനായും കോപവും അഭിമാനവും വ്യവഹാരത്തിൽ പ്രിയവും ശൂരതയും ഉള്ളവനായും ബലഹീനങ്ങളായ കാൽമുട്ടുകളോടുകൂടിയവനായും എന്നും നിലനിൽക്കാത്ത ധനസ്ഥിതിയോടുകൂടിയവനായും കാമിയായും സ്ത്രീപ്രിയനായും വൃത്താകൃതിയും താമ്രവർണ്ണവും ഉള്ള കണ്ണുകളുള്ളവനായും അസത്യത്തിൽ തൽപ്പരനായും വെള്ളത്തിൽ ഭയമുള്ളവനായും വേഗത്തിൽ ഭക്ഷിക്കുന്നവനായും ക്രൂരനായും മുറിവോ വ്രണമോ ഉള്ള ശരീരത്തോടുകൂടിയവനായും ഭവിക്കും.

മിഥുനം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

മിഥുനഗതഭൗമദായേ
വിദേശവാസീ കലാവിധിജ്ഞശ്ച
സ്വജനായാസവിരോധീ
ബഹുവ്യായാർത്തോƒനിലാഗ്നിസന്തപ്തഃ

സാരം :-

മിഥുനം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം അന്യദേശങ്ങളിൽ താമസവും നൃത്തഗീതവാദ്യാദികളായ കലാവിദ്യകളിൽനിന്ന് ഗുണപ്രാപ്തിയും സ്വജനങ്ങൾക്ക് ദുഃഖവും വിരോധവും പലവിധത്തിലുള്ള ചെലവുനിമിത്തം പീഡയും വായുവിൽ (കാറ്റിൽ) നിന്നും അഗ്നിയിൽ നിന്നും ഉപദ്രവവും സംഭവിക്കും.

ഇടവം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

വൃഷഭേ ക്ഷിതിജദശായാം
ലഭതേ സ്ത്രീനാശശോകസപ്തഃ
വാഗ്വ്യസനം പരവനിതാ-
ധനനിരതിം നൈവ ദേവഗുരുഭക്തിഃ

സാരം :-

ഇടവം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ഭാര്യാനാശത്തിൽ ഏറ്റവും പീഡിതനാകയും വാക്കുനിമിത്തം വ്യസനം അനുഭവിക്കുകയും പരസ്ത്രീകളെയും പരദ്രവ്യത്തെയും ആഗ്രഹിക്കുകയും ദേവബ്രാഹ്മണഗുരുജനങ്ങളിൽ ഭക്തിയില്ലാത്തവനായിരിക്കുകയും ചെയ്യും.

ശനിക്ഷേത്രത്തിൽ ജനിക്കുന്നവൻ

പ്രേഷ്യഃ കപിലദൃക് ചോരഃ സ്ഥൂലദന്തശ്ശഠാത്മകഃ
ദുഷ്ടകർമ്മ ഭവേജ്ജാതഃ ക്ഷേത്രേ രവിവിഭുവസ്സദാ.

സാരം :-

ശനിക്ഷേത്രത്തിൽ ജനിക്കുന്നവൻ ഭൃത്യപ്രവൃത്തി ചെയ്യുന്നവനായും കപിലവർണ്ണമുള്ള കണ്ണുകളോടുകൂടിയവനായും ചോരപ്രവൃത്തിയിൽ താൽപര്യമുള്ളവനായും ശഠപ്രകൃതിയായും വലിയ പല്ലുകളോടുകൂടിയവനായും ദുഷ്കർമ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

ശുക്രക്ഷേത്രത്തിൽ ജനിക്കുന്നവൻ

ശുദ്ധാന്മാ സുഖഭോഗീ ച ദിവ്യസ്ത്രീനിർമ്മലാംബരഃ
അഭിമാനീ പുമാൻ ജാതശ്ശുക്രക്ഷേത്രേ ശുഭാകൃതിഃ

സാരം :-

ശുക്രക്ഷേത്രത്തിൽ ജനിക്കുന്നവൻ ശുദ്ധാത്മാവായും സുഖഭോഗിയായും നല്ല സ്ത്രീകളും വിശേഷവസ്ത്രങ്ങളുമുള്ളവനായും അഭിമാനിയായും മനോഹരമായ ശരീരത്തോടുകൂടിയവനായും ഭവിക്കും.

വ്യാഴക്ഷേത്രത്തിൽ ജനിക്കുന്നവൻ

ദേവബ്രാഹ്മണഭക്തശ്ച സുകർമ്മാ പ്രഭുസമ്മതഃ
ഗുണവാൻ ഹേമലാഭാഢ്യോ  ഗുരുക്ഷേത്രോത്ഭവഃ പുമാൻ

സാരം :-

വ്യാഴക്ഷേത്രത്തിൽ ജനിക്കുന്നവൻ ദേവന്മാരിലും ബ്രാഹ്മണരിലും ഭക്തിയുള്ളവനായും സൽക്കർമ്മങ്ങളെ ചെയ്യുന്നവനായും സദാചാരനിഷ്ഠനായും പ്രഭുസമ്മതനായും ഗുണവാനായും സ്വർണ്ണലാഭമുള്ളവനായും ഭവിക്കും.

ബുധക്ഷേത്രത്തിൽ ജനിക്കുന്നവൻ

ഗുണീ ബഹുമതിഃ ഖ്യാതഃ സത്യവാൻ ജ്ഞാനവാൻ ധനീ
ശില്പീ ലോകപ്രിയസ്സൗമ്യക്ഷേത്രജസ്സംഭവേന്നരഃ

സാരം :-

ബുധക്ഷേത്രത്തിൽ ജനിക്കുന്നവൻ ഗുണവാനായും ഏറ്റവും ബുദ്ധിയും പ്രസിദ്ധിയും ഉള്ളവനായും സത്യവാനായും ധനവാനായും അറിവുള്ളവനായും ശില്പകലകളിൽ നിപുണനായും ലോകപ്രിയനായും ഭവിക്കും.

ചൊവ്വാക്ഷേത്രത്തിൽ ജനിക്കുന്നവൻ

ദ്വേഷ്യഃ പ്രേഷ്യസ്സദാ ക്രൂരഃ കലഹീ വ്യസനപ്രിയഃ
ഉത്സാഹീ സാഹസീ ജാതഃ കുജക്ഷേത്രേ ഭവേന്നരഃ

സാരം :-

ചൊവ്വാക്ഷേത്രത്തിൽ ജനിക്കുന്നവൻ ദ്വേഷാർഹനായും ഭൃത്യപ്രവൃത്തി ചെയ്യുന്നവനായും ക്രൂരസ്വഭാവവും കലഹവും ഉള്ളവനായും വ്യസനത്തിൽ പ്രിയമുള്ളവനായും ഉത്സാഹിയായും സാഹസികനായും ഭവിക്കും.

ചന്ദ്രക്ഷേത്രത്തിൽ ജനിക്കുന്നവൻ

പ്രസന്നാനനനേത്രശ്ച സുസൗഖ്യോ ജ്ഞാനസംയുതഃ
സ്ത്രീപ്രിയശ്ച ഭവേദ് ഭോഗീ ചന്ദ്രക്ഷേത്രസമുത്ഭവഃ

സാരം :-

ചന്ദ്രക്ഷേത്രത്തിൽ ജനിക്കുന്നവൻ പ്രസന്നമുഖനായും പ്രസന്നങ്ങളായ കണ്ണുകളോടുകൂടിയവനായും ഏറ്റവും സുഖമുള്ളവനായും ജ്ഞാനിയായും സ്ത്രീകളിൽ പ്രിയവും ഭോഗവും ഉള്ളവനായും ഭവിക്കും.

മേടം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ക്രിയഗതഭൗമദശായാം
പ്രവർത്തതേ ഖ്യാതിമാൻ മഹോത്സാഹീ
പിത്താഗ്നിചോരബാധ-
ബഹ്വായാസേന സപ്തഃ

മൂലത്രികോണ സ്ഥിതഭൗമദായേ
മൃഷ്ടാന്നപാനംബരഭൂഷണാർത്ഥാൻ
പുരാണധർമ്മശ്രുതിപുത്രദാര-
പ്രാപ്തിം കൃഷിം ഭ്രാതൃസുഖം സമേതി.

സാരം :-

മേടം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പ്രസിദ്ധിയും വലുതായ ഉത്സാഹവും ഉണ്ടായിരിക്കുകയും പിത്തം, അഗ്നി, കള്ളന്മാർ, ഇത്യാദികളിൽ നിന്ന് ഉപദ്രവവും വലിയ ശ്രമങ്ങളെക്കൊണ്ടുള്ള ക്ലേശവും അനുഭവിക്കുന്നതാണ്.

മേടം രാശിയിൽ ആദ്യത്തെ പന്ത്രണ്ട് തിയതിക്കകമുള്ള മൂലത്രികോണങ്ങളിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സുഖമായ ഭക്ഷണവും വിദേശവസ്ത്രങ്ങളും ആഭരണങ്ങളും ധനവും ലഭിക്കുകയും പുരാണശ്രവണത്തിലും ധർമ്മകാര്യങ്ങൾ കേൾക്കുന്നതിലും താൽപര്യവും പുത്രലാഭവും ഭാര്യാലബ്ധിയും (ഭാര്യാസുഖവും) കൃഷിഗുണവും സഹോദരസുഖവും ഭൂമിലാഭം, വാഹനലാഭം, ഗൃഹാധിപത്യം, കീർത്തി മുതലായ മറ്റുഗുണഫലങ്ങളും സിദ്ധിക്കുകയും ചെയ്യും.

അധോമുഖരാശികൾ, ഊർദ്ധ്വമുഖരാശികൾ - ദശാഫലം

സൂര്യസ്യ പൂർവ്വഷൾക്കസ്ഥാഃ യേ ഗ്രഹാസ്ത അധോമുഖാഃ
അപരസ്ഥാശ്ച യേ ഭാനോരുർദ്ധ്വാസ്യാസ്തേ സുഖപ്രദാഃ

വക്രിണശ്ചാവരോഹീസ്യാ ദാരോഹത്യനുവക്രതഃ
വക്രസ്യോച്ചഫലം ന സ്യാദ്ദശാ തസ്യ തു മദ്ധ്യമാ

വക്രാനുവക്രമാലോച്യ ദശാഫലമുദീരയേൽ
താരാണാമേവ സർവ്വേഷാം ജ്ഞാത്വൈവം ഫലമാദിശേൽ.

സാരം :-

സൂര്യൻ നിൽക്കുന്ന രാശിയുടെ പൂർവ്വപദത്തിലുള്ള ആറു രാശികളെ അധോമുഖരാശികൾ എന്ന് പറയുന്നു.

സൂര്യൻ നിൽക്കുന്ന രാശിയുടെ അപരഭാഗത്തിലുള്ള ആറു രാശികളെ ഊർദ്ധ്വമുഖരാശികളെന്നു പറയുന്നു.

അധോമുഖരാശികൾ അനിഷ്ടഫലങ്ങൾ നൽകുന്നു.

ഊർദ്ധ്വമുഖരാശികൾ ശുഭഫലങ്ങൾ നൽകുന്നു.

വക്രിയായ ഗ്രഹത്തിന്റെ ദശ അവരോഹിണിയും അനുവക്രമുള്ള ഗ്രഹത്തിന്റെ ദശ ആരോഹിണിയുമാകുന്നു. "വക്രം ഗതസ്യഖേടസ്യ ഭവോദുച്ചഫലം" എന്ന് പ്രമാണമുണ്ടെങ്കിലും ഈ അഭിപ്രായം സർവ്വസമ്മതമല്ല. "വക്രസമേതഃ ഖേടോ ഭ്രമയതി ച കുലാലചക്രവൽ പുരുഷം" എന്നുള്ള പ്രമാണാന്തരവും ഇവിടെ സ്മരണീയമാകുന്നു. വക്രഗതിയിലുള്ള ഗ്രഹത്തിന് ഉച്ചഫലമില്ലെന്നും ദശ മദ്ധ്യമഫലയാണെന്നുമുള്ള അഭിപ്രായമാണ് എവിടെ സ്വീകാര്യമായിരിക്കുന്നത്.

കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി (താരാഗ്രഹങ്ങൾ) എന്നീ ഗ്രഹങ്ങളുടെ വക്രാനുവക്രാദികൾ വിചാരിച്ചുതന്നെ ദശാഫലത്തെ കല്പിച്ചുകൊള്ളേണ്ടതാകുന്നു. ഇവയുടെ ലക്ഷണം മുതലായതിനെ ഹോരാശാസ്ത്രത്തിൽ നിന്ന് അറിഞ്ഞുകൊള്ളേണ്ടണ്ടതാകുന്നു. കുജാദികളായ താരാഗ്രഹങ്ങളുടെ ബലാബലങ്ങളെ ഇപ്രകാരം നിരൂപിച്ചുതന്നെ പറഞ്ഞുകൊടുക്കുകയും വേണം. 

സൂര്യക്ഷേത്രത്തിൽ ജനിക്കുന്നവൻ

ശ്രീമാൻ മനോഹരാംഗശ്ച പിതൃഭക്തഃ കുലാഗ്രണീഃ
ഉഷ്ണരോഗീ ഭാവേജ്ജാതഃ സൂര്യക്ഷേത്രോത്ഭവഃ പുമാൻ.

സാരം :-

സൂര്യക്ഷേത്രത്തിൽ ജനിക്കുന്നവൻ ശ്രീമാനായും സൗന്ദര്യമുള്ള ശരീരത്തോടുകൂടിയവനായും പിതൃഭക്തനായും കുലശ്രേഷ്ഠനായും ഉഷ്ണരോഗത്താൽ പീഡിതനായും ഭവിക്കും.

ശനിദ്വാദശാംശകത്തിൽ ജനിക്കുന്നവൻ

നീചഃ പുരുഷരോമാ ച ദീർഘഗാത്രോƒബലോƒശുചിഃ
ദീനഃ പ്രേഷ്യോ ഭവേജ്ജാതസ്സൂര്യജദ്വാദശാംശകേ.

സാരം :-

ശനിദ്വാദശാംശകത്തിൽ ജനിക്കുന്നവൻ സ്വകുലത്തിന് ഉചിതമല്ലാത്ത പ്രവൃത്തികളെ ചെയ്യുന്നവനായും രോമങ്ങൾക്ക് പാരുഷ്യവും ശരീരത്തിന് നീളവും ബലഹീനതയും ഉള്ളവനായും അശുചിയും ദാരിദ്രവും ദുഃഖവും അനുഭവിക്കുന്നവനായും ഭൃത്യപ്രവൃത്തി ചെയ്യുന്നവനായും ഭവിക്കും.

ശുക്രദ്വാദശാംശകത്തിൽ ജനിക്കുന്നവൻ

സുനേത്രസ്സുജനാചാരസ്സുപ്രസന്നശ്ശുചിർദ്ധനീ
കാമീ വിവാദീ സ്യാജ്ജാതോ ഭാർഗ്ഗവദ്വാദശാംശകേ.

സാരം :-

ശുക്രദ്വാദശാംശകത്തിൽ ജനിക്കുന്നവൻ നല്ല കണ്ണുകളോടുകൂടിയവനായും സദാചാരനിഷ്ഠനായും ഏറ്റവും പ്രസന്നനായും ശുചിത്വവും ധനവും ഉള്ളവനായും കാമിയായും വ്യവഹാരിയായും ഭവിക്കും.

ഗുരുദ്വാദശാംശകത്തിൽ ജനിക്കുന്നവൻ

ശുദ്ധാത്മാ ഭൃത്യസംയുക്തഃ കുലശ്രേഷ്ഠ പ്രഭുസ്സുഖീ
വിദ്വാൻ സുധാർമ്മികോ ജാതസ്സുരേഡ്യദ്വാദശാംശകേ.

സാരം :-

ഗുരുദ്വാദശാംശകത്തിൽ ജനിക്കുന്നവൻ ശുദ്ധാത്മാവായും ഭൃത്യന്മാരോടുകൂടിയവനായും സ്വജനങ്ങളാൽ പൂജിക്കപ്പെടുന്നവനായും ഏറ്റവും ധനവാനോ പ്രഭുവോ ആയും സുഖമനുഭാവിക്കുന്നവനായും വിദ്വാനായും ഏറ്റവും ധർമ്മിഷ്ഠനായും ഭവിക്കും.

ബുധദ്വാദശാംശകത്തിൽ ജനിക്കുന്നവൻ

അനോപമഗുണോപേതഃഖ്യാതോ ദ്യൂതപ്രിയസ്സുവാക്
സുഖഭോജീ ഭവേജ്ജാതശ്ചന്ദ്രജദ്വാദശാംശകേ.

സാരം :-

ബുധദ്വാദശാംശകത്തിൽ ജനിക്കുന്നവൻ അനന്യസാധാരണ ഗുണങ്ങളോടുകൂടിയവനായും പ്രസിദ്ധനായും ചൂതുകളികളിൽ താൽപര്യമുള്ളവനായും വാഗ്മിയായും സുഖഭോജിയായും ഭവിക്കും.

ചൊവ്വായുടെ അവരോഹിണിയായ ദശാകാലം

ധരാസുതസ്യാപ്യവരോഹകാലേ
സ്ഥാനാർത്ഥനാശം കലികോപദുഃഖം
വിദേശവാസം സ്വജനൈർവ്വിരോധം
ചോരാഗ്നിഭൂപൈർഭയമേതി കഷ്ടം.

സാരം :-

ചൊവ്വായുടെ അവരോഹിണിയായ ദശാകാലം സ്ഥാനനാശം, ധനനാശം, കാര്യഹാനി, വ്യർത്ഥമായ കോപം, ദുഃഖം, അന്യദേശവാസം, സ്വജനങ്ങളോടു വിരോധം എന്നിവ സംഭവിക്കുകയും കള്ളന്മാർ, അഗ്നി, രാജാവ് ഇത്യാദികളിൽ നിന്ന് ഭയവും മറ്റു കഷ്ടങ്ങളും ഉണ്ടാവുകയും ചെയ്യും.

ചൊവ്വായുടെ ആരോഹിണിയായ ദശാകാലം

ആരോഹിണീ ഭൗമദശാ പ്രപന്നാ
സൗഖ്യം കരോത്യത്ര നരേന്ദ്രപൂജാം-
പ്രധാനതാം ധൈര്യമനോഭിലാഷ-
പ്രാപ്തിം ച ഭാഗ്യോത്തരവാഹനാപ്തിം.

സാരം :-

ചൊവ്വായുടെ ആരോഹിണിയായ ദശാകാലം സുഖവും രാജാവിങ്കൽ നിന്നു സൽക്കാരവും ലഭിക്കുകയും പ്രാധാന്യം സിദ്ധിക്കുകയും മനസ്സിന് ഉറപ്പുണ്ടാവുകയും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ സാധിക്കുകയും ഉത്തരോത്തരം ഭാഗ്യപ്രാപ്തിയും വാഹനലാഭവും സിദ്ധിക്കുകയും ചെയ്യും.

കുജദ്വാദശാംശകത്തിൽ ജനിക്കുന്നവൻ

ലോലഃ ക്രൂരേക്ഷണോ ധൂർത്തോ ബലവാൻ വ്യസനപ്രിയഃ
ചോരശ്ശൂരഃ പുമാൻ ഹിംസ്രോ ഭൂമിജദ്വാദശാംശകേ.

സാരം :-

കുജദ്വാദശാംശകത്തിൽ ജനിക്കുന്നവൻ ചപലതയും നേത്രങ്ങൾക്ക് ക്രൗര്യവും വിടപ്രകൃതിയും വ്യസനങ്ങളിൽ പ്രിയവും ചൗര്യവൃത്തിയും ശൌര്യവും ഹിംസാശീലവും ഉള്ളവനായും ഭവിക്കും. ഇവിടെ വ്യസനങ്ങൾ എന്നത് പരവധൂപ്രസക്തി, മദ്യപാനം, ചൂതുകളി, നായാട്ട്, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അർത്ഥദൂഷണം എന്നീ സപ്തവ്യസനങ്ങളാകുന്നു.

ചന്ദ്രദ്വാദശാംശകത്തിൽ ജനിക്കുന്നവൻ

സുനേത്രസ്സുജനാചാരസ്സുപ്രസന്നസ്സദാശുചിഃ
തപസ്വീ മൃദുവാക്സ്വങ്ഗശ്ശശാങ്കദ്വാദശാംശകേ.

സാരം :-

ചന്ദ്രദ്വാദശാംശകത്തിൽ ജനിക്കുന്നവൻ നല്ല കണ്ണുകളുള്ളവനായും സദാചാരത്തോടും ഏറ്റവും പ്രസന്നതയോടും എപ്പോഴും ശുചിത്വത്തോടുകൂടിയവനായും തപസ്വിയായും ഭംഗിയായും പതുക്കെയും സംസാരിക്കുന്നവനായും സുന്ദരനായും ഭവിക്കും.

സൂര്യദ്വാദശാംശകത്തിൽ ജനിക്കുന്നവൻ

വിദഗ്ദ്ധോ ലോകവിഖ്യാതഃ പ്രഗത്ഭോ രണവല്ലഭഃ
രാജപ്രേഷ്യോ ഭാവദ്രോഗീ ഭാസ്കരദ്വാദശാംശകേ.

സാരം :-

സൂര്യദ്വാദശാംശകത്തിൽ ജനിക്കുന്നവൻ വൈദഗ്ദ്ധ്യവും ലോകപ്രസിദ്ധിയും പ്രതിഭയും (നവനവോന്മേഷത്തോടുകൂടിയ ബുദ്ധിയും) ഉള്ളവനായും യുദ്ധപ്രിയനായും രാജഭൃത്യനായും രോഗിയായും ഭവിക്കും.

ശനിത്രിംശാംശകത്തിൽ ജനിക്കുന്നവൻ

ക്ഷതഗാത്രസ്സദാ രോഗീ നീചകർമ്മരതോƒശുചിഃ
മന്ദബുദ്ധിഃപുമാൻ ജാതശ്ശനിത്രിംശാംശകേ ഭവേൽ.

സാരം :-

ശനിത്രിംശാംശകത്തിൽ ജനിക്കുന്നവൻ ക്ഷതശരീരിയായും എപ്പോഴും രോഗങ്ങളാൽ പീഡിതനായും നീചകർമ്മങ്ങളെ ചെയ്യുന്നവനായും ശുചിത്വമില്ലാത്തവനായും ബുദ്ധിഹീനനായും ഭവിക്കും.

ശുക്രത്രിംശാംശകത്തിൽ ജനിക്കുന്നവൻ

കാമീ സുഖീ വിനോദീ ച കല്യാണഗുണസംയുതഃ
ധനവാൻ ഗുണവാൻ ജാതശ്ശുക്രത്രിംശാംശകേ ഭവേൽ.

സാരം :-

ശുക്രത്രിംശാംശകത്തിൽ ജനിക്കുന്നവൻ കാമശീലവും സുഖവും വിനോദവും ഉള്ളവനായും നല്ല ഗുണങ്ങളോടുകൂടിയവനായും ധനവാനായും ഗുണവാനായും ഭവിക്കും.

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ധരാസുതസ്യാപ്യതിശത്രുരാശിം
ഗതസ്യ ദായേ കലഹം ച ദുഃഖം
നരേന്ദ്രകോപം സ്വജനൈർവ്വിരോധം
ഭൂമ്യർത്ഥദാരാത്മജഭൃത്യപീഡാം.

സാരം :-

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം കലഹവും ദുഃഖവും രാജകോപവും സ്വജനവിരോധവും ഭൂമി, ധനം, ഭാര്യ, പുത്രൻ, ഭൃത്യൻ എന്നിവർക്ക് ഹാനിയും സംഭവിക്കും.

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

മിത്രർക്ഷസംസ്ഥസ്യ കുജസ്യ ദായേ
മിത്രത്വമാപ്നോതി സപത്നസംഘൈഃ
യുദ്ധം വിവാദം കൃഷിനഷ്ടമഗ്നി-
മാന്ദ്യാക്ഷിരോഗം ധനചോരണം ച.

സാരം :-

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ശത്രുക്കളുമായി ഇണങ്ങുകയും യുദ്ധവും വ്യവഹാരവും കൃഷിനാശവും സംഭവിക്കുകയും അഗ്നിമാന്ദ്യം, നേത്രരോഗം, തസ്കരന്മാർ നിമിത്തം ധനഹാനി എന്നിവ ഉണ്ടാകുകയും ചെയ്യും. 

ചൊവ്വാ ബലവാനാണെങ്കിൽ മേൽപ്പറഞ്ഞ ദോഷഫലങ്ങൾ അനുഭവിക്കുന്നതുമല്ല.

ഗുരുത്രിംശാംശകത്തിൽ ജനിക്കുന്നവൻ

സാധുസ്സമ്പൂർണ്ണഗാത്രശ്ചസർവ്വസമ്പൽകലാഗമഃ
ഖ്യാതിയുക്തോ ഭവേജ്ജാതോ ഗുരുത്രിംശാംശകേ പുമാൻ

സാരം :-

ഗുരുത്രിംശാംശകത്തിൽ ജനിക്കുന്നവൻ സജ്ജനമായും നല്ലതും പരിപൂർണ്ണവും ആയ ശരീരത്തോടും എല്ലാ സമ്പത്തുകളോടും കൂടിയവനായും എല്ലാ കലകളിലും വിദഗ്ധനായും പ്രസിദ്ധനായും ഭവിക്കും.

ബുധത്രിംശാംശകത്തിൽ ജനിക്കുന്നവൻ

വിദ്വാൻ വിനയസമ്പന്നസ്സുശീലസ്സുജനപ്രിയഃ
ഗുരുഭക്തിരതശ്ശാന്തസ്സൗമ്യത്രിംശാംശകേ ഭവേൽ.

സാരം :-

ബുധത്രിംശാംശകത്തിൽ ജനിക്കുന്നവൻ വിദ്വാനായും ഏറ്റവും വിനയമുള്ളവനായും സൽസ്വഭാവവും സജ്ജനങ്ങളിൽ സന്തോഷവും ഗുരുജനങ്ങളിൽ ഭക്തിയും ശാന്തതയും ഉള്ളവനയും ഭവിക്കും 

കുജത്രിംശാംശകത്തിൽ ജനിക്കുന്നവൻ

പതിതഃ പാപകർമ്മാ ച തേജസ്വീ രണവല്ലഭഃ
ക്ഷിപ്രകോപീ ഭവേജ്ജാതഃ കുജത്രിംശാംശകേ ഭവേൽ.

സാരം :-

കുജത്രിംശാംശകത്തിൽ ജനിക്കുന്നവൻ കുലഭ്രഷ്ടനായും പാപകർമ്മങ്ങളെ ചെയ്യുന്നവനായും തേജസ്സ്വിയായും യുദ്ധപ്രിയനായും വേഗത്തിൽ കോപിക്കുന്നവനായും ഭവിക്കും.

ശനിനവാംശകത്തിൽ ജനിക്കുന്നവൻ

കഷ്ടോƒനിഷ്ഠുരഃ കോപീ ലുബ്ധോ നീചജനപ്രിയഃ
രോഗീ ദരിദ്രോ ദുർബുദ്ധിഃ പുമാൻ ശനിനവാംശകേ.

സാരം :-

ശനിനവാംശകത്തിൽ ജനിക്കുന്നവൻ ദുഃഖിയായും ക്രൂരനായും കോപവും പിശുക്കും ഉള്ളവനായും നീചജനങ്ങളിൽ സന്തോഷവും ഉള്ളവനായും രോഗങ്ങളും ദാരിദ്രവും ദുർബുദ്ധിയും ഉള്ളവനായും ഭവിക്കും.

ശുക്രനവാംശകത്തിൽ ജനിക്കുന്നവൻ

അതിരോഷോƒതികർമ്മാ ച ദീർഘായുസ്സുഖഭോജനഃ
ലോകപ്രിയോƒംഗനാസക്തോ ദാതാ ശുക്രാംശജഃ പുമാൻ

സാരം :-

ശുക്രനവാംശകത്തിൽ ജനിക്കുന്നവൻ വളരെ കോപമുള്ളവനായും വലിയ കാര്യങ്ങളെ ചെയ്യുന്നവനായും ദീർഘായുസ്സായും സുഖഭോജനത്തിൽ പ്രിയമുള്ളവനായും ജനസമ്മതനായും സ്ത്രീകളിൽ ആസക്തി ഉള്ളവനായും ദാതാവായും ഭവിക്കും.

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

കുജസ്യ ദായേ ത്വതിമിത്രരാശിം
ഗതസ്യ ഭൂപാലകൃതാർത്ഥഭൂമിം
സുഹൃദ്യുതിം യജ്ഞവിവാഹദീക്ഷാം
പ്രാപ്നോതി ദേശാന്തരലബ്ധഭാഗ്യം

സാരം :-

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം രാജാവിൽ നിന്ന് ധനവും ഭൂമിയും ലഭിക്കുകയും ബന്ധുയോഗവും യാഗാദിപുണ്യകർമ്മങ്ങളും വിവാഹവും ദീക്ഷയും അന്യദേശങ്ങളിൽ നിന്ന് ധനലാഭൈശ്വര്യാദി ഭാഗ്യപ്രാപ്തിയും അനുഭവിക്കും.

നീചഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം

നീചഗ്രഹേണാപി സമമ്പിതസ്യ
മാനാവികാരം ക്ഷിതിജസ്യ ദായേ
പ്രേഷ്യത്വമന്നം പരകീയമേതി
സ്ഥാനച്യുതിം സ്ത്രീസുതമിത്രനാശം.

സാരം :-

നീചഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം മനസ്സിൽ പലവികാരങ്ങളുണ്ടാവുകയും അന്യന്മാർക്കുവേണ്ടി വിടുവേല ചെയ്കയും പരാന്നം അനുഭവിക്കുകയും സ്വസ്ഥാനം വിട്ടുപോകയും ബന്ധുക്കൾക്കും ഭാര്യാപുത്രാദികൾക്കും നാശം സംഭവിക്കുകയും ചെയ്യും.

ഗുരുനവാംശകത്തിൽ ജനിക്കുന്നവൻ

കുലനാഥസ്സുകർമ്മാ ച ബഹ്വായോ ഭൂപതിപ്രിയഃ
സുമുഖോ ദേവഭക്തസ്സ്യാജ്ജാതോ ഗുരുനവാംശകേ.

സാരം :-

ഗുരുനവാംശകത്തിൽ (വ്യാഴനവാംശകത്തിൽ) ജനിക്കുന്നവൻ കുലശ്രേഷ്ഠനായും നല്ല കർമ്മങ്ങളെ ചെയ്യുന്നവനായും വളരെ ധനലാഭത്തോടുകൂടിയവനായും രാജാവിന്റെ ഇഷ്ടനായും സുമുഖനായും ദൈവഭക്തനായും ഭവിക്കും.

ബുധനവാംശകത്തിൽ ജനിക്കുന്നവൻ

സർവ്വതഃ സർവ്വകാര്യാപ്തിഃ സദാചാരസ്സുവേഷവാൻ
കുലാഢ്യാഃ കീർത്തിമാൻ വിദ്വാൻ ഭവേൽ ബുധനവാംശജഃ

സാരം :-

ബുധനവാംശകത്തിൽ ജനിക്കുന്നവൻ എല്ലായിടത്തും എല്ലാ കാര്യങ്ങളും സാധിക്കുന്നവനായും സദാചാരമുള്ളവനായും വിദ്വാനായും നല്ലവേഷത്തോടുകൂടിയവനായും കുലമുഖ്യനായും കീർത്തിമാനായും ഭവിക്കും.

കുജനവാംശകത്തിൽ ജനിക്കുന്നവൻ

ക്രൂരദൃക് പൈത്തികഃ കോപീ സാഹസീ ചഞ്ചലാത്മകഃ
ക്ഷതഗാത്രോƒടനോ ലുബ്ധഃ പുമാൻ കുജനവാംശകേ.

സാരം :-

കുജ (ചൊവ്വ) നവാംശകത്തിൽ ജനിക്കുന്നവൻ കണ്ണുകൾക്ക് ക്രൗര്യവും പിത്തരോഗങ്ങളും കോപവും ഉള്ളവനായും സാഹസപ്രവൃത്തികളെ ചെയ്യുന്നവനായും ചഞ്ചലമനസ്സായും ദേഹത്തിൽ മുറിവോ വ്രണമോ സംഭവിക്കുന്നവനായും സഞ്ചാരിയായും പിശുക്കനായും ഭവിക്കും.

ചന്ദ്രനവാംശകത്തിൽ ജനിക്കുന്നവൻ

ശുഭദൃഷ്ടിസ്സുവാക് ശുദ്ധസ്സുബോധസ്സുജനപ്രിയഃ
സുഖീ സുവക്ത്രഃ പശുമാൻ ഭവേച്ചന്ദ്രനവാംശകേ.

സാരം :-

ചന്ദ്രനവാംശകത്തിൽ ജനിക്കുന്നവൻ ഭംഗിയുള്ള കണ്ണുകളോടും ശോഭനമായ വാക്കുകളോടുംകൂടിയവനായും അറിവും സജ്ജനങ്ങളിൽ സന്തോഷവും സുഖവും സുമുഖതയും വളരെ പശുക്കളും ഉള്ളവനായും ഭവിക്കും.

സൂര്യനവാംശകത്തിൽ ജനിക്കുന്നവൻ

അല്പകേശസ്സദാ തീക്ഷ്‌ണഃ പിത്തരോഗീ സ്വതന്ത്രവാൻ
നിത്യോത്സാഹീ ഭവേജ്ജാതഃ പുമാൻ സൂര്യനവാംശകേ.

സാരം :-

സൂര്യനവാംശകത്തിൽ ജനിക്കുന്നവൻ അല്പമായ തലമുടികളോടുകൂടിയവനായും ക്രൂരനായും പിത്തരോഗിയായും സ്വാതന്ത്ര്യമുള്ളവനായും എപ്പോഴും ഉത്സാഹശീലത്തോടുകൂടിയവനായും ഭവിക്കും.

നീചത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

നീചസ്ഥിതസ്യാപി ധരാസുതസ്യ
ദായേ കുവൃത്ത്യാ സ്വജനാദിരക്ഷാം
കുഭോജനം ഗോഗജവാജിനാശം
ബന്ധുക്ഷയം ചോരനൃപാഗ്നിഭീതിം.

സാരം :-

നീചത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പ്രയാസപ്പെട്ടും നിന്ദ്യപ്രവൃത്തി ചെയ്തും കുടുംബം പുലർത്തുകയും നിത്യവൃത്തിയിൽ ക്ലേശിക്കുകയും സുഖഭോജനം ലഭിക്കായ്കയും പശു, കാള, ആന, കുതിര മുതലായവയ്ക്ക് നാശം സംഭവിക്കുകയും ബന്ധുക്ഷയവും കള്ളന്മാരിൽനിന്നും അഗ്നിയിൽ നിന്നും രാജാവിൽ നിന്നും ഭയം നേരിടുകയും ചെയ്യും.

ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തോടു സഹിതനായ ചൊവ്വായുടെ ദശാകാലം

കിഞ്ചിൽ സുഖം ഭോജനപാനവസ്ത്രം
കൃഛ്റേണ വൃത്തിം നൃപപൂജനം ച
ഉച്ചാന്വിതസ്യാപി കുജസ്യ ദായേ
പ്രാപ്നോതി വിത്തം സുതദാരപീഡാം.

സാരം :-

ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തോടു സഹിതനായ ചൊവ്വായുടെ ദശാകാലം അല്പമായ സുഖവും അന്നപാനഗുണവും വസ്ത്രലാഭവും പ്രയാസപ്പെട്ട ഉപജീവനവും രാജപൂജവ്യും ധനവും ലഭിക്കുകയും പുത്രനും ഭാര്യയ്ക്കും ദുഃഖമുണ്ടാവുകയും ചെയ്യും.

ചന്ദ്രഹോരയിൽ ജനിക്കുന്നവൻ

കാന്തപുശ്ശുഭയുക്ത-
ശ്ശുദ്ധാത്മാസുപ്രസന്നവദനശ്ച
നാരീജനകാര്യപരോ
ജാതഃ സ്യാച്ചന്ദ്രഹോരായോം.

സാരം :-

ചന്ദ്രഹോരയിൽ ജനിക്കുന്നവൻ സൗന്ദര്യമേറിയ ശരീരത്തോടുകൂടിയവനായും നന്മയുള്ളവനായും ഏറ്റവും മുഖപ്രസാദത്തോടുകൂടിയവനായും സ്ത്രീജനങ്ങളുടെ കാര്യത്തിൽ താല്പര്യമുള്ളവനായും ഭവിക്കും.

സൂര്യഹോരയിൽ ജനിക്കുന്നവൻ

ശൂരോ മാനീ മതിമാൻ
പാപഗതിശ്ചാഖിലക്രിയാരംഭഃ
കർക്കശദേഹോ ബലവാൻ
ജാതസ്സ്യാൽ സൂര്യഹോരായാം.

സാരം :-

സൂര്യഹോരയിൽ ജനിക്കുന്നവൻ ശൂരനായും അഭിമാനിയായും ബുദ്ധിമാനായും പാപാചാരമുള്ളവനായും എല്ലാ കർമ്മങ്ങളെയും ആരംഭിക്കുന്നവനായും ബലവാനായും കാർക്കശ്യമുള്ള ശരീരത്തോടുകൂടിയവനായും ഭവിക്കും.

പരമോച്ചത്തിൽ / ഉച്ചരാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

അത്യുച്ചഭൂനന്ദനദായകാലേ
ക്ഷേത്രാർത്ഥലാഭം സമരേ ജയം ച
ഔന്നത്യമന്വേതി നരേന്ദ്രപൂജാം
സഹോദരസ്ത്രീസുതസൗഖ്യസിദ്ധിം

ഉച്ചം ഗതസ്യ ഹി ദശാ ധരണീസുതസ്യ
പ്രാപ്നോതി രാജ്യമഥവാ ക്ഷിതിപാച്ച വിത്തം
ഭൂക്ഷേത്രദാരസുതബന്ധുസമാഗമം ച
യാനാധിരോഹണവിശേഷവിദേശയാനം.

സാരം :-

പരമോച്ചത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം കൃഷിയും ഭൂമിയും ധനവും യുദ്ധത്തിൽ ജയവും ഉന്നതിയും സ്ഥാനമാനങ്ങളും രാജസമ്മാനവും ലഭിക്കുകയും സഹോദരൻ, ഭാര്യ, പുത്രൻ, സുഖം ഇത്യാദികൾ അനുഭവിക്കുകയും ചെയ്യും.

ഉച്ചരാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം രാജ്യലാഭമോ രാജാവിങ്കൽനിന്ന് ധനലാഭമോ സിദ്ധിക്കുകയും ഭൂമിയും കൃഷിസ്ഥലങ്ങളും ലഭിക്കുകയും ഭാര്യ, പുത്രൻ, ബന്ധു എന്നിവരുടെ സംയോഗവും വാഹനാരോഹണവും വിദേശഗമനം മുതലായ ഗുണഫലങ്ങൾ ഉണ്ടാകും.

ചൊവ്വായുടെ ദശാകാലം

ഭൌമസ്യാരിവിമർദ്ദഭൂപസചിവ-
ക്ഷിത്യാവികാജൈർദ്ധനം
പ്രദ്വേഷസ്സുതമിത്രദാരസഹജൈർ-
വ്വിദ്വൽഗുരുദ്വേഷിതാ
തൃഷ്ണാസൃഗ്ജ്വരപിത്തഭംഗജനിതാ
രോഗാഃ പരസ്ത്രീഷ്ടതാ
പ്രീതിഃ പാപരതൈരധർമ്മനിരതിഃ
പാരുഷ്യതൈക്ഷ്ണ്യാനി ച.

സാരം :-

ചൊവ്വായുടെ ദശാകാലം ശത്രുക്കളെ ജയിക്കുക, പൌരുഷപരാക്രമാദികൾക്കൊണ്ട് രാജാവിന്റെ സന്തോഷം ലഭിക്കുക, രാജമന്ത്രിയാവുക, അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാരുടെ സഹായമുണ്ടാവുക, സഹോദരസഹായം, കൃഷിഭൂമികൾ, കമ്പിളിത്തരങ്ങൾ, ആടുകൾ, ആട്ടിൽതോൽ, സേനാനായകത്വം, ശൌര്യം, അഗ്നി, യന്ത്രം, ഔഷധം, മുതലായവ നിമിത്തം ധനലാഭമുണ്ടാവുകയും ഭാര്യ, പുത്രൻ, ബന്ധുക്കൾ, സഹോദരന്മാർ, പിതാവ് മുതലായ ഗുരുക്കന്മാർ, വിദ്വാന്മാർ എന്നിവരെ ദ്വേഷിക്കുകയും ദാഹം, ജ്വരം, രക്തകോപം, പിത്തവികാരം, മുറിവ്, ചതവ് ഇത്യാദികളാൽ ശരീരാസ്വാസ്ഥ്യം സംഭവിക്കുകയും പരസ്ത്രീകളിൽ താൽപര്യവും ദുഷ് പ്രവൃത്തികൾ ചെയ്യുന്നവരിൽ സന്തോഷവും അധർമ്മത്തിൽ അധികമായ അഭിനിവേശവും പരുഷമായി സംസാരിക്കയും തീക്ഷ്‌ണസ്വഭാവവും മറ്റും ചൊവ്വാദശയുടെ (കുജദശയുടെ) ഫലങ്ങളാകുന്നു 

ശനിയുടെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ

സൂര്യസുതദ്രേക്കാണേ
ലുബ്ധോ മലിനോƒലസോ വിഭവഹീനഃ
നിഷ്ഠുരഭാഷീ ശോഷീ
ജാതഃ പുരുഷോ ഭവേൽ പ്രേഷ്യഃ

സാരം :-

ശനിയുടെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ പിശുക്കും മലിനതയും ഉള്ളവനായും ദരിദ്രനായും കഠിനമായി പറയുന്നവനായും ചടച്ചിരിക്കുന്ന ശരീരത്തോടുകൂടിയവനായും ദാസ്യംകൊണ്ടുപജീവിക്കുന്നവനായും ഭവിക്കും.

ശുക്രന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ

അസുരഗുരുദ്രേക്കാണേ
സുശരീരഃ ഖ്യാതിമാനശൌര്യയുതഃ
പ്രീതസ്സുഖീ പ്രിയാവാൻ
ജാതോ മനുജോ ഭവേൽ കുലശ്രേഷ്ഠഃ

സാരം :-

ശുക്രന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ നല്ല  ശരീരവും പ്രസിദ്ധിയും അഭിമാനവും ശൌര്യവും സന്തോഷവും സുഖവും നല്ല ഭാര്യയും ഉള്ളവനായും കുലശ്രേഷ്ഠനായും ഭവിക്കും.

വ്യാഴത്തിന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ

ദേവഗുരുദ്രേക്കാണേ
ജാതോ മനുജോ ഭവേൽ സ്വകുലനാഥഃ
സുമതിർദ്വിജബുധഭക്തോ
ബഹുഗുണസിന്ധുസ്സദാ വിഭവലാഭഃ

സാരം :-

വ്യാഴത്തിന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ കുലമുഖ്യനായും ഏറ്റവും ബുദ്ധിമാനായും ദേവബ്രാഹ്മണഭക്തനായും അനേക ഗുണങ്ങൾക്ക് ഇരിപ്പിടമായും എപ്പോഴും ദ്രവ്യലാഭമുള്ളവനായും ഭവിക്കും.

ചൊവ്വയുടെ ദശാഫലങ്ങൾ


 1. ചൊവ്വായുടെ ദശാകാലം 
 2. പരമോച്ചത്തിൽ / ഉച്ചരാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം  
 3. ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തോടു സഹിതനായ ചൊവ്വായുടെ ദശാകാലം 
 4. നീചത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 5. നീചഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം 
 6. അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 7. ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 8. അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 9. ചൊവ്വായുടെ ആരോഹിണിയായ ദശാകാലം 
 10. ചൊവ്വായുടെ അവരോഹിണിയായ ദശാകാലം 
 11. അധോമുഖരാശികൾ, ഊർദ്ധ്വമുഖരാശികൾ - ദശാഫലം 
 12. മേടം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 13. ഇടവം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 14. മിഥുനം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 15. കർക്കടകം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 16. ചിങ്ങം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 17. കന്നി രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 18. തുലാം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 19. വൃശ്ചികം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 20. ധനു രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 21. മകരം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 22. കുംഭം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 23. മീനം രാശിയിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 24. വർഗ്ഗോത്തമാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 25. നീചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 26. നീചരാശിയിൽനിന്നു നീചരാശ്യംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 27. ഉച്ചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 28. ലഗ്നം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 29. രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 30. മൂന്നാം ഭാവത്തിൽ / നാലാം ഭാവത്തിൽ / അഞ്ചാം ഭാവത്തിൽ / ആറാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 31. ഏഴാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 32. എട്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 33. ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 34. പത്താം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 35. പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 36. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 37. പാപഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം 
 38. പാപഗ്രഹദൃഷ്ടിയോടുകൂടി നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 39. ശുഭഗ്രഹസഹിതനായ ചൊവ്വായുടെ ദശാകാലം 
 40. ശുഭഗ്രഹദൃഷ്ടനായ ചൊവ്വായുടെ ദശാകാലം 
 41. ചൊവ്വാദശയുടെ ആദ്യത്തിൽ / മദ്ധ്യത്തിൽ / അന്ത്യത്തിൽ 
 42. ഉച്ചരാശിയിൽ നിന്ന് നീചാംശകം ചെയ്തു നിൽക്കുന്ന / നീചരാശിയിൽ നിന്ന് ഉച്ചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 43. വക്രഗതിയോടുകൂടി നിൽക്കുന്ന ചൊവ്വായുടെ ദശാകാലം 
 44. മൌഢ്യമുള്ള ചൊവ്വായുടെ ദശാകാലം 

ചന്ദ്രദശയിലെ സൂര്യന്റെ അപഹാരകാലം

രാജമാനനമതീവ ശൂരതാ-
രോഗശാന്തിരരിപക്ഷവിച്യുതിഃ
പിത്തവാതരുഗിനേദശാന്തരം
ചാന്ദ്രകം വിശതി ദേഹിനാം ഭവേൽ.

സാരം :-

ചന്ദ്രദശയിലെ സൂര്യന്റെ അപഹാരകാലം രാജസമ്മാനവും ഏറ്റവും ശൂരതയും രോഗനിവൃത്തിയും സുഖവും ശത്രുപക്ഷത്തിനു നാശവും വാതപിത്തജങ്ങളായ രോഗങ്ങൾ സംഭവിക്കുകയും ചെയ്യും.

സൂര്യന്റെ മാരകത്വാദിദോഷനിവൃത്ത്യർത്ഥം ശിവനു ധാരനിവേദ്യം, പൂജ മുതലായതു നടത്തുകയും ശൈവവ്രതങ്ങളനുഷ്ഠിക്കുകയും വേണം.

ചന്ദ്രദശയിലെ ശുക്രന്റെ അപഹാരകാലം

തോയയാനവസുഭൂഷണാംഗനാ-
വിക്രയക്രയകൃഷിക്രിയാദയഃ
പുത്രമിത്രപശുധാന്യസംയുതി-
ശ്ചന്ദ്രദായഹരണോന്മുഖേ ഭൃഗൗ.

സാരം :-

ചന്ദ്രദശയിലെ ശുക്രന്റെ അപഹാരകാലം ജലമാർഗ്ഗത്തിൽക്കൂടെ സഞ്ചരിക്കുക, കിണർ, കുളം, തോട് മുതലായ ജലാശയങ്ങൾ നിർമ്മിക്കുക; വാഹനങ്ങൾ സമ്പാദിക്കുക; ദ്രവ്യങ്ങളും ആഭരണങ്ങളും ലഭിക്കുക; ഭാര്യാലാഭമോ സ്ത്രീസുഖമോ അനുഭവിക്കുക; കച്ചവടം ചെയ്യുക; കൃഷികാര്യങ്ങളിൽ പ്രവർത്തിക്കുക; പുത്രന്മാരും ബന്ധുക്കളും പശുക്കളും ലഭിക്കുക എന്നിവ ഫലങ്ങളാകുന്നു. 

ശുക്രന്റെ മാരകത്വദോഷനിവൃത്ത്യർത്ഥം ശ്രീരുദ്രജപവും വെള്ളികൊണ്ടുണ്ടാക്കിയ ശുക്രപ്രതിമ ദാനം ചെയ്കയും പ്രായശ്ചിത്തം വിധിച്ചുകൊൾകയും വേണം.

ചന്ദ്രദശയിലെ കേതുവിന്റെ അപഹാരകാലം

ചിത്തചഞ്ചലമനർത്ഥവിച്യുതിർ-
മ്മിത്രഭൃത്യഹതിരംബുജം ഭയം
കക്ഷിരുഗ്ധനവിനാശനം ഭവേൽ
കേതുകേ ഹരതി ചാന്ദ്രമബ്ദകം.

സാരം :-

ചന്ദ്രദശയിലെ കേതുവിന്റെ അപഹാരകാലം മനസ്സിന് അസ്ഥിരത്വവും അനർത്ഥങ്ങൾ നിമിത്തം ദുഃഖവും മിത്രങ്ങൾക്കും ഭൃത്യന്മാർക്കും രോഗമരണാദ്യുപദ്രവങ്ങളും ജലത്തിൽ നിന്ന് ഭയവും ഉദരവ്യാധിയും ധനഹാനിയും സംഭവിക്കും. 

കേതുവിനു മാരകസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മഹാരുദ്രജപം ചെയ്തുകൊൾകയും വേണം.

ബുധന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ

ശശിതനയദ്രേക്കാണേ
വാഗ്മീ ശില്പീ ശരീരസുഭഗശ്ച
നയവിനയഖ്യാതിയുതോ
ജാതഃ പുരുഷോ ഭവേത്സ്വവൃന്ദപതിഃ

സാരം :-

ബുധന്റെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ നല്ലവണ്ണം പറയുന്നവനായും ശില്പകലകളിൽ ജ്ഞാനമുള്ളവനായും നല്ല ശരീരത്തോടും സൗഭാഗ്യത്തോടുംകൂടിയവനായും നയവും വിനയവും പ്രസിദ്ധിയും ഉള്ളവനായും സ്വജനശ്രേഷ്ഠനായും ഭവിക്കും.

ചൊവ്വയുടെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ

ഭൂമിസുതദ്രേക്കാണേ
പുരുഷോ ജാതോ ഭവേൽ സദാ കോപീ
പാപരതസ്സാഹസികോ
ബന്ധുദ്വേഷീ സുവേഷമദ്ധ്യകൃശഃ

സാരം :-

ചൊവ്വയുടെ ദ്രേക്കാണത്തിൽ ജനിക്കുന്നവൻ എപ്പോഴും കോപിക്കുന്നവനായും പാപകർമ്മങ്ങളിൽ താൽപര്യമുള്ളവനായും സാഹസികനായും ബന്ധുക്കളെ ദ്വേഷിക്കുന്നവനായും നല്ല വേഷത്തോടും കൃശമായ മദ്ധ്യപ്രദേശത്തോടുംകൂടിയവനായിരിക്കും.

ചന്ദ്രദ്രേക്കാണത്തിൽ ജനിക്കുന്നവൻ

ശീതാംശുദ്രേക്കാണേ
സുഖസുതവിഭവാഭിമാനശൌര്യയുതഃ
നാര്യാശ്രയോ വിജയവാൻ
പുരുഷോ ജാതോ ഭവേൽ സകലനാഥഃ

സാരം :-

ചന്ദ്രദ്രേക്കാണത്തിൽ ജനിക്കുന്നവൻ സുഖം, പുത്രന്മാർ, സമ്പത്ത്, അഭിമാനം, ശൌര്യം എന്നിവളോടുകൂടിയവനായും സ്ത്രീകളെ ആശ്രയിക്കുന്നവനായും വിജയിയായും എല്ലാവരുടേയും നാഥനായും ഭവിക്കും.

ചന്ദ്രദശയിലെ ബുധന്റെ അപഹാരകാലം

സർവ്വദാ ഗജധനാശ്ച ഗോകുല-
പ്രാപ്തിരാഭരണസൗഖ്യസമ്പദഃ
ചിത്തബോധ ഇതി ജായതേ  വിധോ-
രായുഷി പ്രവിശതേ യദാ ബുധഃ

സാരം :-

ചന്ദ്രദശയിലെ ബുധന്റെ അപഹാരകാലം ഇപ്പോഴും ധനലാഭവും, ആന, കുതിര മുതലായ വാഹനങ്ങൾ, പശുവൃഷഭാദികൾ, വിശേഷങ്ങളായ ആഭരണങ്ങൾ എന്നിവയുടെ ലാഭവും സൗഖ്യവും സമ്പത്തുകളും വർദ്ധിക്കുകയും ബുദ്ധിക്കു വികാസം സിദ്ധിക്കയും ചെയ്യും. 

ബുധന്റെ മാരകത്വദോഷനിവൃത്ത്യർത്ഥം വിഷ്ണുസഹസ്രനാമജപവും അജദാനവും പ്രത്യേകം വിധിക്കയും വേണം.

ചന്ദ്രദശയിലെ ശനിയുടെ അപഹാരകാലം

നൈകരോഗകദനം സുഹൃൽസുത-
സ്ത്രീരുജാവ്യസനമാതൃപീഡനം
പ്രാണഹാനിരഥവാ ഭവേച്ഛനൗ
മാരബന്ധുവയസോƒന്തരം ഗതേ.

സാരം :-

ചന്ദ്രദശയിലെ ശനിയുടെ അപഹാരകാലം അനേകതരത്തിലുള്ള രോഗങ്ങളെക്കൊണ്ട് ദുഃഖവും ബന്ധുക്കൾക്കും സന്താനങ്ങൾക്കും ഭാര്യയ്ക്കും മാതാവിനും രോഗദുഃഖാദ്യരിഷ്ടകളും അഥവാ മരണവും സംഭവിക്കുന്നതാണ്. 

ശനിയുടെ മാരകത്വദോഷനിവൃത്ത്യർത്ഥം മൃത്യുഞ്ജയമന്ത്രജപവും (മൃത്യുഞ്ജയഹോമവും) കറുത്ത പശുവിന്റെ ദാനവും പ്രായശ്ചിത്തം ചെയ്യേണ്ടതാണ്.

സൂര്യദ്രേക്കാണത്തിൽ ജനിക്കുന്നവൻ

തീക്ഷ്‌ണാംശുദ്രേക്കാണേ
തീക്ഷ്‌ണശ്ശൂരഃ പ്രധാനജനസേവീ
പിത്താത്മാ നയനഗദോ
ജാതഃ പുരുഷോ ഭവേൽ കുപിതഃ

സാരം ;-

സൂര്യദ്രേക്കാണത്തിൽ ജനിക്കുന്നവൻ തീക്ഷ്‌ണനായും പ്രധാന ജനങ്ങളെ സേവിക്കുന്നവനായും പിത്താധികനായും കണ്ണിൽ രോഗമുള്ളവനായും വേഗത്തിൽ കോപിക്കുന്നവനായും ഭവിക്കും.

ഷഡ്വർഗ്ഗങ്ങൾ

ദ്രേക്കാണഹോരാനവഭാഗസംജ്ഞാ-
സ്ത്രിംശാംശകദ്വാദശസംജ്ഞകാശ്ച
ക്ഷേത്രം ച യദ്യസ്യ സ തസ്യ വർഗ്ഗോ
ഹോരേതി ലഗ്നം ഭവനസ്യ ചാർദ്ധം.

സാരം :-

ദ്രേക്കാണം, ഹോരാ, നവാംശകം, ത്രിംശാംശകം, ദ്വാദശാംശകം, ക്ഷേത്രം എന്നിവയെല്ലാം ഷഡ്വർഗ്ഗങ്ങളാകുന്നു.

സപ്താംശകത്തെ ബലപിണ്ഡാനയനത്തിൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഹോരാചാര്യൻ അതിനെ ഇവിടെ കാണിച്ചിട്ടില്ല. 

ജന്മനക്ഷത്രത്തിനു പറഞ്ഞിട്ടുള്ള മൃഗവൃക്ഷപക്ഷിദേവതാദികളെയും

ഏതേ നിത്യം വന്ദനീയ ആയുഷ്കാമീ വിശേഷതഃ
ആയുഷ്കാമീ സ്വകം വൃക്ഷം ഛേദയേന്ന കദാചന.

സാരം :-

അവരവരുടെ ജന്മനക്ഷത്രത്തിനു പറഞ്ഞിട്ടുള്ള മൃഗവൃക്ഷപക്ഷിദേവതാദികളെയും നിയമേന വന്ദിക്കേണ്ടതാകുന്നു. എന്നാൽ ആയുഃശ്രീസുഖാദി ശുഭാനുഭവം ഉണ്ടാകും. 

ആയുസ്സിനെ കാമിക്കുന്നവൻ ഒരിക്കലും അവരവരുടെ ജന്മവൃക്ഷത്തെ ഛേദിക്കയോ മൃഗപക്ഷികളെ ഉപദ്രവിക്കുകയോ ചെയ്യരുത്തെന്നാണ് ആചാര്യാഭിപ്രായം.

വാരദേവതകൾ ഏതെല്ലാം?

ഹരോ ദുർഗ്ഗാ ഗുഹോ വിഷ്ണുർ ബ്രഹ്മാ ലക്ഷ്മീർദ്ധനേശ്വരഃ
ഏതേ വാരാധിപാ നിത്യം വന്ദനീയാഃശുഭാപ്തയേ.

സാരം :-

ഞായറാഴ്ച           - ശിവൻ

തിങ്കളാഴ്ച                -  ദുർഗ്ഗ

ചൊവ്വാഴ്ച             - സുബ്രഹ്മണ്യൻ

ബുധനാഴ്ച              - വിഷ്ണു

വ്യാഴാഴ്ച                 - ബ്രഹ്മാവ്‌

വെള്ളിയാഴ്ച         - ലക്ഷ്മി

ശനിയാഴ്ച             - വൈശ്രവണൻ

ചന്ദ്രദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

ദാനധർമ്മനിരതിസ്സഖോദയോ
വസ്ത്രഭൂഷണസുഹൃൽസമാഗമഃ
രാജസൽകൃതിരതീവ ജായതേ
കൈരവപ്രിയവയോഹരേ ഗരൗ.

സാരം :-

ചന്ദ്രദശയിലെ വ്യാഴത്തിന്റെ അപഹാരകാലം ദാനധർമ്മങ്ങളിൽ താൽപര്യവും സുഖാനുഭവവും വസ്ത്രഭൂഷണങ്ങളുടെ ലാഭവും ബന്ധുക്കളുടെ ചേർച്ചയും വലിയ രാജസമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും. വ്യാഴത്തിന്റെ മാരകത്വദോഷനിവൃത്യർത്ഥം ശിവസഹസ്രനാമജപവും സ്വർണ്ണദാനവും ചെയ്കയും വേണം.

ചന്ദ്രദശയിലെ രാഹുവിന്റെ അപഹാരകാലം

തീവ്രദോഷരിപുവൃദ്ധിബന്ധുരുങ്-
മാരുതാശനിഭയാർത്തിരുച്ചകൈഃ
അന്നപാനജനിതജ്വരോത്ഭവ-
ശ്ചന്ദ്രവത്സരവിഹാരകേƒപ്യഹൗ.

സാരം :-

ചന്ദ്രദശയിലെ രാഹുവിന്റെ അപഹാരകാലം കഠിനദോഷങ്ങളും ശത്രുക്കൾക്ക് വർദ്ധനവും ബന്ധുക്കൾക്ക് രോഗപീഡകളും സംഭവിക്കുകയും കാറ്റ്, ഇടി എന്നിവയിൽ നിന്ന് ഉപദ്രവവും അല്ലെങ്കിൽ വാതകോപംകൊണ്ടുള്ള രോഗാദ്യരിഷ്ടയും അന്നപാനദോഷംകൊണ്ട് ജ്വരം മുതലായ ദോഷങ്ങൾ പിടിപെടുകയും ചെയ്യുന്നതാണ്. മാരകത്വാദിദോഷശാന്ത്യർത്ഥം അജദാനം പ്രായശ്ചിത്തമായി ചെയ്യണം.

ഗ്രഹങ്ങളുടെ കാരകത്വം പറയുമ്പോൾ ശ്രദ്ധിക്കണം

സംജ്ഞാദ്ധ്യായേ യസ്യ യദ് ദ്രവ്യമുക്തം
കർമ്മാജിവേ യച്ച തസ്യോപദിഷ്ടം
ഭാവസ്ഥനാലോകയോഗോത്ഭവം ച
തത്തത്സർവ്വം തസ്യ യോജ്യം ദശായാം.

സാരം :-

കാരകദ്രവ്യങ്ങൾ (ഗ്രഹങ്ങളുടെ കാരകത്വവസ്തുക്കൾ), കർമ്മങ്ങൾ, ഹോരയിലെ സംജ്ഞാദ്ധ്യായോക്തങ്ങളായ ഗ്രഹവസ്തുക്കൾ, കർമ്മാജീവോക്തങ്ങളായ ഫലഭേദങ്ങൾ, ഭാവസ്ഥിതിഫലം, രാശിസ്ഥിതിഫലം, ഗ്രഹദൃഷ്ടിഫലം, ഗ്രഹയോഗഫലം, മുതലായ എല്ലാ ഫലങ്ങളും അതാതു ഗ്രഹങ്ങളുടെ ദശകളിലും അപഹാരങ്ങളിലും യോജിപ്പിച്ചു യഥോചിതം ഫലങ്ങളെ നിർണ്ണയിച്ചു പറഞ്ഞുകൊൾകയും വേണം. 

കേതുവിന്റെ കാരകത്വം

ഉല്ക്കാഗ്നിജ്വാലകീലദ്ധ്വജഖനനവധ-
ക്ഷേപസൂച്യാദികർമ്മ-
ക്ഷാരാംഗാരാണ്ഡവർഗ്ഗാ മധുരുധിരപല-
ക്ഷുദ്രപൂർണ്ണപ്രയോഗാഃ
ഖദ്യോതാ യൂകദംശാദ്യഘബലിവിധയോ
മാരണോച്ചാടനാദ്യം
കർമ്മാന്ന്യദ്യുദ്ധശാസ്ത്രാഭ്യസനമൃതിരണാഃ
കേതുതോ മാതൃതാതഃ

സാരം :-

കൊള്ളിമീൻ, തീകൊള്ളി, തീയ്, ജ്വാല, കുറ്റി, ആണി, കൊടി, കൊടിമരം,ഖനനം, ഹിംസ, ക്ഷേപണം, തുന്നൽ, നെയ്ത്ത്, ചാരം, ക്ഷാരദ്രവ്യം, തീക്കനൽ, മുട്ടകൾ, മദ്യം, രക്തം, മാംസം, ക്ഷുദ്രപ്രയോഗങ്ങൾ, ചൂർണ്ണപ്രയോഗങ്ങൾ, ആഭിചാരം, മിന്നാമിനുങ്ങ്, പേൻ, ഈച്ച, കൊതുക്, ആശൗചാദ്യശുദ്ധി, ബലി, കുരുതി, മാരണം, ഉച്ചാടനം, സ്തംഭനം മുതലായ മാന്ത്രികകർമ്മങ്ങൾ, യുദ്ധം, ആയുധം, ആയുധവിദ്യാഭ്യാസം, മരണം, കലഹം, മാതാമഹൻ മുതലായവയെല്ലാം കേതുവിനെക്കൊണ്ട് പറയണം. 

രാഹുവിന്റെ കാരകത്വം

കീലഃ പാശോ ലതാ സൂച്യഹിവിഷവിഷമ-
വ്യാദ്ധ്യനർത്ഥാഹിവാസ-
സ്ഥാനാരണ്യശ്വലൂതാശലലിഘുണസൃഗാ-
ലാദയഃ കീർത്തിദാർഢ്യം
കണ്ഡൂഃ കാകോളപൈതാമഹനദതടിനീ-
ഗർത്തദുർഗ്ഗാതപത്ര-
ഛത്മാഗാധാംബുകുല്യാനയനകരപദാ-
ഘാതകുഷ്ഠാനി രാഹോഃ.

സാരം :-

കുറ്റി, ആണി, വള്ളി, സൂചി, സർപ്പം, സർപ്പവിഷം, വിഷമവ്യാധി, അനർത്ഥം, സർപ്പാലയം, കാവ്, കാട്, പട്ടി, ചിലന്തി, മുള്ളൻ, പുഴു, കുറുക്കൻ, കീർത്തി, ചൊറിചിരങ്ങുകൾ, കാളകൂടാദിവിഷം, പിതാമഹൻ, നദി, നദം, കുഴി, പൊത്ത്, കോട്ട, ദുർഗ്ഗമസ്ഥലം, കുട, കപടം, അഗാധജലം, കൈത്തോട്‌, കരപാദനേത്രവൈകല്യങ്ങൾ, കഷ്ഠാദിത്വഗ്രോഗം മുതലായവയെല്ലാം രാഹുവിനെക്കൊണ്ട് പറയണം. 

ചന്ദ്രദശയിലെ ചൊവ്വയുടെ അപഹാരകാലം

പിത്തവഹ്നിരുധിരോത്ഭവാ രുജഃ
ക്ലേശദുഃഖരിപുചോരപീഡനം
വിത്തമാനവിഹതിർഭവേൽ കുജേ
ശീതദീധിതി ദശാന്തരം ഗതേ.

സാരം :-

ചന്ദ്രദശയിലെ ചൊവ്വയുടെ അപഹാരകാലം പിത്തകോപവും  രക്തകോപവും നിമിത്തം രോഗങ്ങൾ സംഭവിക്കുകയും അഗ്നിഭയമുണ്ടാവുകയും പലപ്രകാരേണ ക്ലേശവും ദുഃഖവും ശത്രുപീഡയും തസ്കരഭയവും ധനത്തിനും മാനത്തിനും ഹാനിയും സംഭവിക്കുകയും ചെയ്യും.

ചൊവ്വയ്ക്ക്‌ (കുജന്) മാരകാധിപത്യമോ മാരകസ്ഥിതിയോ ഉണ്ടെങ്കിൽ സുബ്രഹ്മണ്യമന്ത്രജപവും കുജശാന്തിയും ചെയ്കയും വേണം.

ചന്ദ്രദശയിലെ ചന്ദ്രന്റെ അപഹാരകാലം

സ്ത്രീപ്രജാപ്തിരമലാംശുകാഗമോ
ഭൂസുരോത്തമസമാഗമോ ഭവേൽ
മാതുരിഷ്ടഫലമംഗനാ സുഖം
സ്വാം ദശാം വിശതി ശീതദീധിതൗ.

സാരം :-

ചന്ദ്രദശയിലെ ചന്ദ്രന്റെ അപഹാരകാലം ഭാര്യയും സന്താനവും ഉണ്ടാവുകയും നല്ല വസ്ത്രങ്ങൾ ലഭിക്കുകയും ബ്രാഹ്മണശ്രേഷ്ഠന്മാരുടെ സമാഗമവും മാതാവിന് ഇഷ്ടഫലസിദ്ധിയും സ്ത്രീസുഖാനുഭവവും അനുഭവിക്കും. ചന്ദ്രൻ ബലഹീനനാണെങ്കിൽ മേൽപ്പറഞ്ഞ ഫലങ്ങൾ പൂർണ്ണങ്ങളായിരിക്കയില്ലെന്നും അറിഞ്ഞുകൊൾക.

ചന്ദ്രന് മാരകാധിപത്യമോ പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെയോ എട്ടാം ഭാവാധിപനായ ഗ്രഹത്തിന്റെയോ സംബന്ധമുണ്ടായാൽ വെളുത്ത പശുവിനേയും എരുമയേയും ദാനം ചെയ്കയും ശാന്തിഹോമങ്ങൾ നടത്തുകയും വേണം.

ശനിയുടെ കാരകത്വം

ആയുർദുഃഖാവമാനമയമൃതിഭയദൈ-
ന്യോഷ്ട്രനീചാന്ത്യകർമ്മാ-
ലസ്യാരണ്യശ്മശാനാശുചിഖരാഹിഷാ
വൃദ്ധദാസാന്ത്യകാരാഃ
നിഹ്രീജാലോപലോലുഖലബലികസുമോ-
ച്ഛിഷ്ടകൃഷ്യർത്ഥലോഹ-
പ്രേതാഃ പാതിത്യഹിംസാദ്യഘമൃണതിലതൈ-
ലാദ്രിഭൂതാശ്ച മന്ദൽ.

സാരം :-

ആയുസ്സ്, ദുഃഖം, അവമാനം, രോഗം, മരണം, ഭയം, ദൈന്യം, ഒട്ടകം, നീചജാതി, പ്രേതസംസ്കാരോദയക്രിയാദ്യന്ത്യകർമ്മം, അലസത, കാട്, ശ്മശാനം, അശുദ്ധി, കഴുത, പോത്ത്, വൃദ്ധൻ, വൃദ്ധ, നീചകർമ്മം, ദാസഭൃത്യന്മാർ, കാരാഗൃഹം, ബന്ധനം, നിർല്ലജ്ജത്വം, വല, കല്ല്‌, ഉരൽ, പിതൃപുഷ്പാദിബലിസാധനം, എച്ചിൽ, മലമൂത്രവിസർജ്ജനസ്ഥലം, കൃഷിസാധനങ്ങൾ, കൃഷിയായുധങ്ങൾ, ഇരുമ്പ്, പ്രേതം, ശവം, പതിതത്വം, വധം,പാപം, കടം, എള്ള്, എണ്ണ, പർവ്വതം, ഭൂതങ്ങൾ, പിശാചാദികൾ മുതലായവയെല്ലാം ശനിയെക്കൊണ്ട് പറയണം.  

ശുക്രന്റെ കാരകത്വം

സമ്പദ്യാനാംബരശ്രീനിധിസുഖരമണീ-
രത്നഭൂഷാവിലാസോ-
ഷ്ണീഷാലേഖ്യാർത്ഥകാവ്യാഗമകവചനിചോ-
ളാളിഗീതാളിവേശ്യാഃ
ശയ്യാസംഭോഗതൗര്യത്രികമദനകലാ-
സൌധവല്ലീനികുഞ്ജാ-
രാമാ ദാമ്പത്യലീലാസുരഭി സുമസുരാ-
ഭേദരേതാംസി ശുക്രാൽ.

സാരം :-

സമ്പത്ത്, വാഹനങ്ങൾ, വസ്ത്രം, ശ്രീത്വം, നിധി, സുഖം, സ്ത്രീ (ഭാര്യ), രത്നങ്ങൾ, ആഭരണങ്ങൾ, വിലാസചേഷ്ടകൾ, തലപ്പാവ്, തൊപ്പി, ചിത്രങ്ങൾ, ചിത്രമെഴുത്ത്, ചിത്രനിർമ്മാണസാമഗ്രികൾ, കാവ്യങ്ങൾ, ശാസ്ത്രങ്ങൾ, ചട്ട, ഉത്തരീയാദിവസ്ത്രവിശേഷങ്ങൾ, സഖി, പാട്ടുകൾ, വേശ്യകൾ, കിടക്ക, കട്ടിൽ, തലയണ, പായ്, സംഭോഗം, നൃത്തഗീതവാദ്യമേളങ്ങൾ, കാമകലകൾ, വെങ്കളിമാടം, ശയനഗൃഹം, വള്ളിക്കുടിൽ, ഉദ്യാനം, ദാമ്പത്യബന്ധം, വിവാഹം, പശുക്കൾ, കുതിരകൾ, സുഗന്ധപുഷ്പങ്ങൾ, മദ്യവിശേഷങ്ങൾ, ശുക്ലധാതു മുതലായവയെല്ലാം ശുക്രനെക്കൊണ്ട് പറയണം. 

ചന്ദ്രദശയിലെ അപഹാരഫലങ്ങൾ


 1. ചന്ദ്രദശയിലെ ചന്ദ്രന്റെ അപഹാരകാലം 
 2. ചന്ദ്രദശയിലെ ചൊവ്വയുടെ അപഹാരകാലം 
 3. ചന്ദ്രദശയിലെ രാഹുവിന്റെ അപഹാരകാലം 
 4. ചന്ദ്രദശയിലെ വ്യാഴത്തിന്റെ അപഹാരകാലം 
 5. ചന്ദ്രദശയിലെ ശനിയുടെ അപഹാരകാലം 
 6. ചന്ദ്രദശയിലെ ബുധന്റെ അപഹാരകാലം 
 7. ചന്ദ്രദശയിലെ കേതുവിന്റെ അപഹാരകാലം 
 8. ചന്ദ്രദശയിലെ ശുക്രന്റെ അപഹാരകാലം 
 9. ചന്ദ്രദശയിലെ സൂര്യന്റെ അപഹാരകാലം 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.