മാസത്തിന്റെ പക്ഷാന്തരം, ജനിച്ച കൂറ് എന്നിവയെ പറയുന്നു

കേചിച്ഛശാംകാദ്ധ്യുഷിതാന്നവാംശാൽ
ശുക്ലാന്തസംജ്ഞം കഥയന്തി മാസം
ലഗ്നത്രികോണോത്തമവീര്യയുക്തം
ഭം പ്രോച്യതേംഗാലഭനാദിഭിർവ്വാ.

സാരം :-

ചില ആചാര്യന്മാർ പ്രശ്നകാലചന്ദ്രന്റെ നവാംശകത്തെ അനുസരിച്ചു ജനനകാലത്തേയ്ക്കുള്ള ചാന്ദ്രമാസത്തെ പറയുന്നു. ഒന്നുകൂടി സ്പഷ്ടമാക്കാം. പ്രശ്നകാലത്തേയ്ക്കു തൽക്കാലിച്ചുണ്ടാക്കിയ ചന്ദ്രസ്ഫുടത്തെ ഒമ്പതിൽ പെരുക്കിയാൽ ചന്ദ്രന്റെ നവാംശകസ്ഫുടം കിട്ടും. " ചിത്രാദിതാരകാദ്വന്ദ്വം " എന്ന പ്രമാണവചനപ്രകാരം നോക്കുമ്പോൾ ആ നവാംശകസ്ഫുടത്തിൽ കാണുന്ന നക്ഷത്രം പൌർണ്ണമാസിയോടു കൂടിയാൽ ആ ചാന്ദ്രമാസത്തിന് എന്താണോ നാമം * ആ ചാന്ദ്രമാസത്തിലാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയാമെന്നാണ് ചില ആചാര്യന്മാരുടെ അഭിപ്രായമെന്നു സാരം.

പ്രശ്നലഗ്നം, അതിന്റെ അഞ്ച്, ഒമ്പത്, എന്നീ ഭാവങ്ങളിൽ ബലം അധികമുള്ള രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയണം. അഥവാ, പൃച്ഛാസമയത്തു പ്രഷ്ടാവ് തൊടുന്ന അവയവം ഒന്നാമദ്ധ്യായത്തിലെ നാലാം ശ്ലോകപ്രകാരം നോക്കുമ്പോൾ ഏതു രാശിയുടേതാണോ (മുഖമാണു സ്പർശിചതെങ്കിൽ ഇടവം രാശിയെന്നു സാരം) ആ രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ജനനമെന്നും പറയാം. മേൽപറഞ്ഞ സ്പൃഷ്ടാംഗരാശി ഇന്നതെന്നു സന്ദേഹം വരിക അല്ലെങ്കിൽ സ്പർശനം തന്നെ ഇല്ലാതിരിയ്ക്കുക. ഇങ്ങിനെ വന്നാൽ പ്രഷ്ടാവ് നിൽക്കുന്ന രാശി, പ്രഷ്ടാവ് ചോദിച്ചതിൽ ഒന്നാമത്തെ അക്ഷരത്തിന്റെ രാശി ഇവയിൽ ബലം അധികമുള്ളതാണ് കൂറെന്നു പറയാമെന്നും ഇവിടേയും ഈ " ആദി " ശബ്ദംകൊണ്ടു ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ട്.

"അഥാധിഷ്ഠിതഃ ഭൂചക്രസ്ഥിതരാശിരസ്യവചനപ്രാഗർണ്ണ സംബന്ധി വാ " എന്നും വചനമുണ്ട്.

---------------------------------------------------------------------------------------

* പൌർണ്ണമാസിയോടു ചിത്രയോ ചോതിയോ കൂടുന്ന ചാന്ദ്രമാസത്തിനു ചൈത്രമെന്നും വിശാഖമോ അനിഴമോ കൂടുന്നതിനു വൈശാഖമെന്നും തൃക്കേട്ടയോ മൂലമോ കൂടുന്നതിനു ജ്യേഷ്ഠ എന്നും പൂരാടമോ ഉത്രാടമോ കൂടുന്നതിനു ആഷാഢമെന്നും തിരുവോണമോ അവിട്ടമോ കൂടുന്നതിനു ശ്രാവണമെന്നും ചതയമോ പൂരോരുട്ടാതിയോ ഉത്രട്ടാതിയോ കൂടുന്നതിനു പ്രോഷ്ഠപദമെന്നും രേവതിയോ അശ്വതിയോ ഭരണിയോ കൂടുന്നതിനു ആശ്വിനമെന്നും കാർത്തികയോ രോഹിണിയോ കൂടുന്നതിനു കാർത്തികമെന്നും മകീര്യമോ തിരുവാതിരയോ കൂടുന്നതിനു മാർഗ്ഗശീർഷമെന്നും പുണർതമോ പൂയമോ കൂടുന്നതിനു മാഘമെന്നും പൂരമോ ഉത്രമോ അത്തമോ പൌർണ്ണമാസിയോടു കൂടുന്ന ചാന്ദ്രമാസത്തിനു ഫാൽഗുനമെന്നും പേരാകുന്നു. " ചിത്രാദിതാരകാദ്വന്ദ്വം യദാ പൂർണ്ണേന്ദുസംയുതം, തദാ ചൈത്രാദയോ മാസാ, സ്ത്രീഭിഃ ഷഷ്ഠാന്ത്യസപ്തമാഃ എന്നു വചനവുമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.