യാവദ്ഗതശ്ശീതകരോ വിലഗ്നാൽ
ചന്ദ്രാദ്വദേത്താവതി ജന്മരാശിം
മീനോദയേ മീനയുഗം പ്രദിഷ്ടം
ഭക്ഷ്യാഹൃതാകാരരുതൈശ്ച ചിന്ത്യം.
സാരം :-
പ്രശ്നകാലോദയലഗ്നത്തിൽ നിന്നു എത്രാമത്തെ രാശിയിലാണോ പ്രശ്നകാലചന്ദ്രൻ നില്ക്കുന്നത്, ആ ചന്ദ്രാധിഷ്ഠിതരാശിയിൽ നിന്നു അത്രാംരാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാം. ഇതുതന്നെ മറ്റൊരുവിധത്തിൽ പറയുകയാണെങ്കിൽ, പ്രശ്നകാലത്തേയ്ക്കു ലഗ്നചന്ദ്രന്മാരുടെസ്ഫുടമുണ്ടാക്കി ചന്ദ്രസ്ഫുടത്തെ രണ്ടേടത്തു വെച്ചു ഒന്നിൽനിന്നു ലഗ്നസ്ഫുടത്തെ വാങ്ങുക, ശേഷത്തെ മറ്റേ ചന്ദ്രസ്ഫുടത്തിൽ കൂട്ടിയാൽ വരുന്ന രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് ജനനമെന്നു സാരം.
പ്രശ്നകാലലഗ്നം മീനം രാശിയാണെങ്കിൽ പ്രഷ്ടാവിന്റെ ജനനം മീനക്കൂറിലാണെന്നും പറയണം.
മേഷാദി രാശികളുടെ ഭക്ഷണസാധനങ്ങളെ കാണുക, മേഷാദി രാശിസ്വരൂപദ്യോതകങ്ങളായ ആട് കാള ദമ്പതിമാർ ഇത്യാദികളേയോ അവയുടെ ചിത്രങ്ങളേയോ ആനക്കൊമ്പ് മരം മുതലായവകൊണ്ടുണ്ടാക്കിയ അവയുടെ പ്രതിമകളെയോ കാണുക, കൊണ്ടുവരിക, അവയെ സ്മരിപ്പിയ്ക്കുന്ന മറ്റു വല്ല സംഭവങ്ങളുണ്ടാവുക അവയുടെ ശബ്ദം കേൾക്കുക അവയുടെ ശബ്ദത്തോടു സാമ്യമുള്ള മറ്റുവല്ല ശബ്ദവും കേൾക്കുക, ആട്ടിൻ തോല് ഗദ വീണ ഇത്യാദികളായി രാശിദ്യോതകമായ വല്ല സാധനങ്ങളും വല്ലവരും കൊണ്ടുവരിക, ഇത്യാദികളിൽ, എന്തെങ്കിലും പ്രശ്നസമയത്തു യാദൃച്ഛികമായുണ്ടായാൽ ആ നിമിത്തം ഏതൊരു രാശിയെ സൂചിപ്പിക്കുന്നതാണോ ആ രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും ചിന്തിക്കാം.
മേൽപറഞ്ഞതിനെ ഒന്നുകൂടി വിവരിയ്ക്കാം.
എരുക്കില കള്ളിയില തുടങ്ങിയ ആടിന്റെ ഭക്ഷണസാധനങ്ങൾ ആട്, ആട്ടിൻ ശബ്ദം, ആടിനെ സൂചിപ്പിക്കുന്ന മറ്റു അജാദിപദങ്ങൾ, ആനക്കൊമ്പ്, മരം, ലോഹം ഇവകൊണ്ടും മറ്റുമുണ്ടാക്കിയതോ ചിത്രമെഴുതിയതോ ആയ ആടിൻ പ്രതിമ, ആട്ടിൻരോമം കൊണ്ടുണ്ടാക്കിയ കരിമ്പടം മുതലായവ, ഇതൊക്കെ മേടക്കൂറിനെ സൂചിപ്പിക്കുന്നതുകളാകുന്നു.
കാള, പശു ഇവയുടെ തോലുകൾ, ശബ്ദങ്ങൾ, അവയുടെ സ്വരൂപങ്ങൾ, പാല് തൈര് നെയ്യ് മുതലായ ഗവ്യപദാർത്ഥങ്ങൾ, കരി നുകം തുടങ്ങിയവ, പശുവിന്റേയും കാളയുടേയും ഭക്ഷണസാധനങ്ങളായ പുല്ല് വൈക്കോൽ മുതലായവ, പശു കാള ഇവയെ പറയുന്ന മറ്റു ശബ്ദങ്ങൾ - ഇതൊക്കെ ഇടവക്കൂറിനെ സൂചിപ്പിക്കുന്നു.
വീണ, ഗദ, ദമ്പതിമാർ, കിടയ്ക്ക, കട്ടിൽ മുതലായ കിടപ്പുസാമാങ്ങൾ, വെറ്റില അടയ്ക്ക മുതലായ മുറുക്കു സാമാനങ്ങൾ - ഇവയൊക്കെ മിഥുനക്കൂറിനെ സൂചിപ്പിക്കുന്നു.
മണ്ണ്‍, ഞണ്ട്, ഉണങ്ങി ജീർണ്ണിച്ച ഇല, വെള്ളം ഇവയും ഇവയുടെ സ്വരൂപാദികളും കർക്കടകക്കൂറിനെ സൂചിപ്പിക്കുന്നു.
സിംഹം, വ്യാഘ്രം, പന്നി, ആന, മേൽപറഞ്ഞവയുടെവർത്തമാനങ്ങൾ, പ്രതിമാദ്യാകൃതികൾ ഇവയൊക്കെ ചിങ്ങക്കൂറിനെ സൂചിപ്പിക്കുന്നു.
കന്യക, തോണി, മുതലായ ജലതരണസാധനങ്ങൾ, തീക്കൊള്ളി, നെല്ക്കതിർ, ഇത്യാദികളും ഇതുകളുടെ ഒക്കെ വർത്തമാനാദികളും കന്നിക്കൂറിനെ സൂചിപ്പിക്കുന്നു.
കച്ചവടത്തിനുള്ള പദാർത്ഥങ്ങൾ, കച്ചവടക്കാർ, പറ, ഇടങ്ങഴി, മുതലായ അവളവുസാധനങ്ങൾ, തുലാസ്സ് തുടങ്ങിയ തൂക്കുന്ന സാധനങ്ങൾ, കച്ചവടം ചെയ്യൽ, എണ്ണ തൂക്കം അളവ് മുതലായവ ഇത്യാദികളൊക്കെ തുലാക്കൂറിനെ സൂചിപ്പിക്കുന്നു.
പാമ്പ് തേൾ വണ്ട് മുതലായ വിഷജന്തുക്കൾ, വിഷം, വിഷവൈദ്യൻ ഇത്യാദികളും ഇവയുടെ കഥാസ്വരൂപാാദികളും വൃശ്ചികക്കൂറിനേയും സൂചിപ്പിക്കുന്നു.
വില്ല്, അമ്പ്, മറ്റു യുദ്ധാർത്ഥമുള്ള ആയുധങ്ങൾ, വില്ലാളി, കുതിര ഇത്യാദികൾ ധനുക്കൂറിനെ സൂചിപ്പിക്കുന്നു.
മാൻവർഗ്ഗത്തിൽപ്പെട്ട സകലവും, അവയെല്ലാറ്റിന്റേയും തോല് കൊമ്പ് മുതലായവ, മുതല, മാനുകളേയും മറ്റും നായാടുന്ന കാട്ടാളൻ മുതലായവർ ഇതൊക്കെ മകരക്കൂറിനെ സൂചിപ്പിക്കുന്നു.
കുടം, കുടമുണ്ടാക്കുന്നവൻ, വെള്ളപ്പാത്രങ്ങൾ, വെള്ളപ്പാത്രം എടുത്ത മനുഷ്യൻ ഇവയൊക്കെ കുംഭക്കൂറിനെ സൂചിപ്പിക്കുന്നു.
മത്സ്യം, മത്സ്യം പിടിക്കുന്നവർ, മത്സ്യം പിടിക്കുവാനുള്ള ചൂണ്ടൽ, ഒറ്റൽ വല മുതലായവ, വെള്ളം, ഇത്യാദികളും ഇവയുടെ കഥാസ്വരൂപാദികളും, മറ്റും മീനക്കൂറിനേയുമാണ് സൂചിപ്പിക്കുന്നത്.
മേൽപറഞ്ഞതൊക്കെ പ്രശ്നകാലത്തിങ്കൽ യാദൃച്ഛികങ്ങളായി മാത്രമേ ആവക നിമിത്തങ്ങളെക്കൊണ്ടു പറയേണ്ടതുള്ളുവെന്നും മറ്റും മുകളിൽ പറഞ്ഞിട്ടുമുണ്ടല്ലോ.