ഗ്രഹങ്ങള്‍ക്കുള്ള ബ്രാഹ്മണാദി വര്‍ണ്ണങ്ങളുടേയും, സത്വാദി ഗുണങ്ങളുടേയും ആധിപത്യത്തെ പറയുന്നു

വിപ്രാദിതശ്ശുക്രഗുരു കുജാര്‍ക്കൗ
ശശീ ബുധശ്ചേത്യസിതോന്ത്യജാനാം
ചന്ദാര്‍ക്കജീവാ ജ്ഞസുതൗ കുജാര്‍ക്കീ
യഥാക്രമം സത്ത്വരജസ്തമാംസി

സാരം :-

ശുക്രനും വ്യാഴവും ബ്രാഹ്മണജാതിയുടേയും, ചൊവ്വയും ആദിത്യനും ക്ഷത്രീയരുടേയും, ചന്ദ്രന്‍ വൈശ്യരുടേയും, ബുധന്‍ ശൂദ്രരുടേയും, ശനി സങ്കരജാതികളുടേയും അധിപന്മാരാകുന്നു. അവയില്‍ തന്നെ ഉത്തമബ്രാഹ്മണരുടെ അധിപന്‍ വ്യാഴവും, അധമന്മാരുടെ അധിപന്‍ ശുക്രനും, എടപ്രഭുക്കന്മാര്‍ സാമന്തന്മാര്‍ ഇവരുടെ അധിപന്‍ ചൊവ്വയും ശുദ്ധക്ഷത്രിയന്മാര്‍ മഹാരാജാവ് ചക്രവര്‍ത്തി എന്നിവരുടെ ആധിപത്യം ആദിത്യനുമാകുന്നു. ബുധന് വൈശ്യന്മാരുടേയും ശനിയ്ക്ക് ശൂദ്രന്‍ അനുലോമപ്രതിലോമജാതികള്‍ ഇവരുടേയും ആധിപത്യമാണുള്ളതെന്നു ഒരു പക്ഷാന്തരമുണ്ട്.

വൈശ്യൗ ബുധചന്ദ്രമസൗ ശനൈശ്ചരഃ ശൂദ്രസങ്കരകൃത്

എന്ന് പ്രമാണമുണ്ട്.

ജാതകത്തിലെ ഒമ്പതാംഭാവാധിപനെക്കൊണ്ടും അവിടെ നില്‍ക്കുന്ന ഗ്രഹത്തിനെക്കൊണ്ടും അവിടേയ്ക്ക് നോക്കുന്ന ഗ്രഹത്തിനെക്കൊണ്ടും ഗുരുനാഥന്‍റെ ജാതിയേയും, ഇപ്രകാരംതന്നെ ഏഴാംഭാവംകൊണ്ട് ഭാര്യയുടേയും ജാതിയെപ്പറയേണ്ടതാണ്. പ്രശ്നത്തിലാണെങ്കില്‍ ചോരവിഷയമാകുമ്പോള്‍ ആറാം ഭാവാധിപനെക്കൊണ്ട് തസ്ക്കരന്‍റെയും ഭോജനപ്രശ്നത്തിങ്കല്‍ അഞ്ചാം ഭാവാധിപനെക്കൊണ്ട് ഭോജന ദാതാവിന്‍റെയും, ഒമ്പതാം ഭാവാധിപന്‍ അവിടെ നില്‍ക്കുന്നഗ്രഹം അവിടേയ്ക്ക് നോക്കുന്നഗ്രഹം ഇവരെക്കൊണ്ട് ഒരുമിച്ചിരുന്നു ഭക്ഷിച്ചവരുടേയും ജാതിയെ വിചാരിക്കണം. ജാതിയെ വിചാരിക്കേണ്ടിവരുന്നേടത്തൊക്കെയും മേല്‍പറഞ്ഞ പ്രകാരത്തിലാണ് വേണ്ടതെന്നും താല്പര്യം.

ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം, എന്നീ ഗ്രഹങ്ങള്‍ സത്വഗുണത്തിന്‍റെയും ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ രജോഗുണത്തിന്‍റെയും കുജന്‍, ശനി എന്നീ ഗ്രഹങ്ങള്‍ തമോഗുണത്തിന്‍റെയും അധിപന്മാരാകുന്നു.

ജാതകപ്രശ്നാദികളില്‍ ലഗ്നാധിപനേക്കൊണ്ട് ജാതന്‍, പൃച്ഛകന്‍ എന്നിവരുടേയും പഞ്ചമാധിപനെക്കൊണ്ട് പുത്രന്മാരുടേയും സപ്തമാധിപനെക്കൊണ്ട് ഭാര്യയുടേയും സാത്വികാദിഗുണപ്രകൃതിയെ പറയാവുന്നതാണ്. ഇങ്ങിനെ ശേഷം ഭാവാധിപന്മാരെക്കൊണ്ട് മറ്റുള്ളവരുടെ ഗുണങ്ങളേയും പറയാവുന്നതാണ്. 

രോഗത്തിന്‍റെ കാരണം ദൃഷ്ടിബാധയാണെന്ന് പറയണം

ചരരാശിഗതേ ലഗ്നേ ധരാസുതയുതേ മദേ
 ലഗ്നേ സഹിതപാപേ ച ദേവതാദര്‍ശനാദ്രുജാ

സാരം :-

ചരരാശി, ലഗ്നം വരിക ഏഴാം ഭാവത്തില്‍ ചൊവ്വ നില്‍ക്കുക ഇങ്ങിനെ വന്നാലും ലഗ്നത്തില്‍ പാപഗ്രഹം വരിക ഏഴാം ഭാവത്തില്‍ ചൊവ്വ വരിക ഇങ്ങിനെ വന്നാലും രോഗത്തിന്‍റെ കാരണം ബാധാദര്‍ശനമാണെന്ന് പറയണം. ബാധകളുടെ ദൃഷ്ടിക്ക് വിഷയമാകുക നിമിത്തം അവരുടെ ആവേശമുണ്ടായാലും തന്നിമിത്തം രോഗം ആരംഭിച്ചു എന്ന് പറയണം.

ഗ്രഹങ്ങള്‍ക്കുള്ള പുരുഷ - സ്ത്രീ - നപുംസകങ്ങളുടേയും പഞ്ചഭൂതങ്ങളുടേയും ആധിപത്യത്തെ പറയുന്നു

ബുധസൂര്യസുതൗ നപുംസകാഖ്യൗ
ശശിശുക്രൗ യുവതീ നരാസ്തു ശേഷാഃ
ശിഖിഭൂഖപയോമരുദ്ഗണാനാം
വശിനോ ഭൂമിസുതാദയഃ ക്രമേണ.

സാരം :-

ബുധനും ശനിയും നപുംസകങ്ങളുടേയും, ചന്ദ്രശുക്രന്മാര്‍ സ്ത്രീകളുടേയും, സൂര്യന്‍, കുജന്‍, വ്യാഴം ഇവര്‍ പുരുഷന്മാരുടേയും കാരകന്മാരാകുന്നു. ഇവരില്‍ തന്നെ ബുധന് സ്ത്രീനപുംസകങ്ങളുടേയും ശനിയ്ക്ക് പുംനപുംസകങ്ങളുടേയും, ചന്ദ്രന്‍ വിബലനാണെങ്കില്‍ മാതാവിന്‍റെയും, ബലവാനാണെങ്കില്‍ പുത്രിയുടേയും, ശുക്രന്‍ ഭാര്യയുടേയും, ആദിത്യന് പിതാവിന്‍റെയും, ചൊവ്വയ്ക്ക്‌ സഹോദരന്‍മാരുടേയും, വ്യാഴത്തിന് പുരുഷസന്താനങ്ങളുടേയും ആധിപത്യമാണുള്ളതെന്ന ഒരു വിഭാഗവും കൂടിയുണ്ട്. സ്ത്രീപുരുഷവിഭാഗങ്ങളൊക്കയും ഈ പറഞ്ഞ ആധിപത്യം കൊണ്ടാണ് വിചാരിക്കേണ്ടത്.

ശിഖിഗണങ്ങളുടെ അധിപന്‍ ചൊവ്വയും,

 ഭൂഗണങ്ങളുടെ അധിപന്‍ ബുധനും, 

ആകാശഗണങ്ങളുടെ അധിപന്‍ വ്യാഴവും, 

പയോഗണങ്ങളുടെ അധിപന്‍ ശുക്രനും, 

വായുഗണങ്ങളുടെ അധിപന്‍ ശനിയുമാകുന്നു.

അഗ്നി, നേത്രം, രൂപം, പാദങ്ങള്‍, വ്യാനന്‍ എന്ന വായ, മനോമയകോശം, വിശപ്പ്‌, ദാഹം, മൊഹാലസ്യം, ഉറക്കം, തേജസ്സ് ഇതൊക്കെയും ശിഖിഗണങ്ങളാകുന്നു.

ഭൂമി, ഗന്ധം, ഘ്രാണേന്ദ്രിയം, ഉപസ്ഥം, പ്രാണവായു, അന്നമയകോശം, മാംസം, അസ്ഥി, ഞെരമ്പുകള്‍, രോമങ്ങള്‍ എന്നിയവയെല്ലാം ഭൂഗണങ്ങളില്‍ പെട്ടവയാകുന്നു.

ആകാശഗണങ്ങള്‍ എന്നുവെച്ചാല്‍ ആകാശം, ശബ്ദം, ശ്രോത്രേന്ദ്രിയം, സമാനന്‍, ആനന്ദമയകോശം, രാഗം, ദ്വേഷം, മോഹം, ഭയം, ജര എന്നിവയെല്ലാമാണ്.

ജലം, രസം, രസനേന്ദ്രിയം, വായു, അപാനന്‍, പ്രാണമയകോശം, വിയര്‍പ്പ്, രക്തം, മൂത്രം, ശുക്ലം, ഉമിനീര്‍ എന്നിവയെല്ലാം പയോഗണങ്ങളാകുന്നു.

വായു, സ്പര്‍ശനേന്ദ്രിയം, ത്വക്ക്, കയ്യുകള്‍, ഉദാനന്‍, ജ്ഞാനമയകോശം, ശരീരചലനം എന്നിവയൊക്കെയും വായുഗണങ്ങളുമാകുന്നു.

ഇതിനുപുറമേ സൂര്യന് അഗ്നിയുടേയും, ചന്ദ്രന് ജലത്തിന്‍റെയും ആധിപത്യമുണ്ടെന്ന് അറിയുക. രാശികള്‍ക്ക് അതാതിന്‍റെ അധിപനുള്ള ഭൂതമാണുള്ളതെന്നും ധരിയ്ക്കണം.

ക്ഷിത്യംബുപവനപാവകവിയന്തി ഭൂതാനി പഞ്ച കഥിതാനി
ബുധഭൃഗുശനിഭൌമാനാം ജീവസ്യൈഷാം ഗ്രഹാണാം ച.

ഗ്രഹങ്ങള്‍ക്ക്‌ ഭൂതാധിപത്യം പറഞ്ഞതുകൊണ്ടുതന്നെ അവരുടെ ശുഷ്കദ്രവാദി സ്വഭാവങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. 

സൂര്യന്‍, കുജന്‍, ശനി എന്നീ ഗ്രഹങ്ങള്‍ ശുഷ്കഗ്രഹങ്ങളും, 

ചന്ദ്രന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ജല ഗ്രഹങ്ങളും, 

ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ജലരാശിയില്‍ നില്‍ക്കുകയോ ജലഗ്രഹത്തോട് കൂടുകയോ ചെയ്‌താല്‍ ജലമയന്മാരും, സ്ഥലരാശികളുടേയും ശുഷ്കഗ്രഹങ്ങളുടേയും സമ്പര്‍ക്കമുണ്ടായാല്‍ ശുഷ്കസംഗ്രഹങ്ങളുമാകുന്നതാണ്. 

ശുഷ്കാ രവികുജസൌരാ
ഭൃഗുചന്ദ്രമസൌ ജലാത്മകൌ ജ്ഞേയൌ
ആശ്രയഗൌ ഗുരുസൌമ്യൌ

എന്ന് പ്രമാണമുണ്ട്. 

ദൃഷ്ടിബാധ കണ്ടുപിടിക്കുന്നത് എങ്ങനെ?

ബാധകാധിപതിര്‍ല്ലഗ്നം ലഗ്നേശം വാ യദീക്ഷതേ
ത്രിദശാദീക്ഷണേനാപി ബാധാ സ്യാദ് ദൃഷ്ടിസംഭവാ

സാരം :-

ബാധകാധിപതി ലഗ്നരാശിയെയോ ലഗ്നാധിപനെയോ നോക്കുന്നു എങ്കില്‍ ദൃഷ്ടിബാധയുണ്ടെന്നും പറയണം. ഇവിടെ ഗ്രഹങ്ങളുടെ പൂര്‍ണ്ണദൃഷ്ടിതന്നെ വേണമേന്നില്ല. മൂന്നിലും പത്തിലും എല്ലാ ഗ്രഹങ്ങള്‍ക്കും കാല്‍ദൃഷ്ടിയും അഞ്ചിലും ഒന്‍പതിലും അരദൃഷ്ടിയും നാലിലും എട്ടിലും മുക്കാല്‍ദൃഷ്ടിയും ഉണ്ട്. ഇങ്ങിനെയുള്ള അല്‍പദൃഷ്ടിബന്ധമുണ്ടായാലും മതി. പൂര്‍ണ്ണദൃഷ്ടിയുണ്ടെങ്കില്‍ ദൃഷ്ടിബാധായോഗം പ്രബലമായിത്തന്നെ പറയണം.

***********************************

ബാധകസ്ഥാനഗേƒസ്തേശേ തദ്യയാധിപയോര്‍മിഥഃ
യോഗേ ദൃഷ്‌ടൌ ച വക്തവ്യാ ബാധാദൃഷ്ടിസമുദ്ഭവാ


സാരം :-

ഏഴാം ഭാവാധിപന്‍ ബാധാരാശിയില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ ബാധകാധിപനും ഏഴാം ഭാവാധിപനും തമ്മില്‍ നോക്കുകയോ ചെയ്‌താല്‍ ദൃഷ്ടിബാധയെ പറയാം. ഇവിടെ ലഗ്നാധിപന്‍ ബാധകാധിപനേയും ബാധകാധിപന്‍ ലഗ്നാധിപനേയും ദൃഷ്ടിചെയ്യുന്നു എങ്കില്‍ മാത്രമേ ദൃഷ്ടിബാധ പറയാവൂ. 

മഹാബാധാരാശികള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?

കുഭശ്ചരാണാമളിചാപസിംഹ
സ്ത്രീണാമളിര്‍ഗോവൃഷഭസ്യ നക്രഃ
കുംഭസ്യ കര്‍ക്കി മിഥുനസ്യ ധന്വീ
മീനസ്യ ചാപം ഖലു ബാധകം സ്യാല്‍

സാരം :-

മേടം മുതലായ ചരരാശികളില്‍ ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) കുംഭം ബാധാരാശിയാണ്. 

വൃശ്ചികം, ധനു, ചിങ്ങം, കന്നി എന്നീ രാശികളില്‍ ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) വൃശ്ചികം ബാധാരാശിയാണ്. 

ഇടവം രാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) മകരം ബാധാരാശിയാണ്. 

കുംഭം രാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) കര്‍ക്കിടകം ബാധാരാശിയാണ്. 

മിഥുനം രാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) ധനുരാശി ബാധകസ്ഥാനമാണ്. 

മീനംരാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) ബാധകസ്ഥാനം ധനുരാശിതന്നെയാണ്.


ഗ്രഹങ്ങള്‍ക്കുള്ള വര്‍ണ്ണാധിപത്യത്തേയും, അധിദേവതകളേയും ദിക്കുകളുടെ ആധിപത്യത്തേയും, ശുഭപാപത്വാദിവിഭാഗങ്ങളേയും പറയുന്നു

വര്‍ണ്ണാസ്താമ്രസിതാതിരക്തഹരിതവ്യാപീത ചിത്രാസിതാ
വഹ്ന്യംബ്വഗ്നിജകേശവേന്ദ്രശചികാസ്സൂര്യാദിനാഥാഃ ക്രമാത്
പ്രാഗാദ്യാ രവിശുക്രലോഹിതതമസ്സൗരേന്ദുവിത്സൂരയഃ
ക്ഷീണേന്ദ്വര്‍ക്കമഹീസുതാര്‍ക്കതനയാഃ പാപാ ബുധസ്‌തൈര്യുതഃ

സാരം :-

ആദിത്യന്‍ ചെമ്പ് നിറത്തിന്‍റെയും, ചന്ദ്രന്‍ വെളുപ്പിന്‍റെയും, ചൊവ്വ കടും ചുവപ്പിന്‍റെയും, ബുധന്‍ തത്തയുടെ നിറം പോലെയുള്ള പച്ചനിറത്തിന്‍റെയും, വ്യാഴം മഞ്ഞയുടേയും, ശുക്രന്‍ നാനാവര്‍ണ്ണത്തിന്‍റെയും ശനി കറുപ്പിന്‍റെയും കാരകന്മാരാകുന്നു. ഗ്രഹങ്ങളെക്കൊണ്ട് വല്ല പദാര്‍ത്ഥങ്ങളുടേയും വര്‍ണ്ണങ്ങളെ (നിറം) പറയേണ്ടിവരുമ്പോള്‍ ഈ പറഞ്ഞപ്രകാരമാണ് ചിന്തിയ്ക്കേണ്ടത്.

ആദിത്യന്‍റെ അധിദേവത അഗ്നിയും, ചന്ദ്രന്‍റെ ജലവും, ചൊവ്വയുടെ സുബ്രഹ്മണ്യനും, ബുധന്‍റെ വിഷ്ണുവും, വ്യാഴത്തിന്‍റെ ഇന്ദ്രനും, ശുക്രന്‍റെ ഇന്ദ്രാണിയും (ഇന്ദ്രാണി എന്നതിന് മായാമൂലപ്രകൃതി എന്നാണ് താല്പര്യം. "അന്നപൂര്‍ണ്ണേശ്വരീ ലക്ഷ്മി" എന്ന പ്രമാണവും കണ്ടിട്ടുണ്ട്.) ശനിയുടെ അധിദേവത ബ്രാഹ്മാവുമാകുന്നു. ചാരവശാല്‍ ഗ്രഹപ്പിഴയുള്ള കാലത്ത്, അതിന്‍റെ നിവൃത്തിയ്ക്കായി, അതാത് ഗ്രഹത്തിന് മേല്‍പറഞ്ഞ പ്രകാരമുള്ള ദേവതകളെയാണ് അര്‍ച്ചന നമസ്കാരം മുതലായതുകളേക്കൊണ്ട് പൂജിയ്ക്കേണ്ടത്. ലഗ്നാല്‍ ഒമ്പതാം ഭാവാധിപന്‍റെയോ അല്ലെങ്കില്‍ ബലവും ഇഷ്ടസ്ഥിതിയുമുള്ള മറ്റേതെങ്കിലും ഗ്രഹത്തിന്‍റെയോ അധിദേവതയെ ഇഷ്ടദൈവമാക്കി സേവിയ്ക്കുന്നത് സമ്പല്‍ക്കരവും മറ്റുമാണെന്നും പറയാവുന്നതാണ്.

സൂര്യന്‍ കിഴക്കിന്‍റെയും, ശുക്രന്‍ അഗ്നികോണിന്‍റെയും, ചൊവ്വ തെക്കിന്‍റെയും, രാഹു നിരൃതികോണിന്‍റെയും, ശനി പടിഞ്ഞാറിന്‍റെയും ചന്ദ്രന്‍ വായുകോണിന്‍റെയും, ബുധന്‍ വടക്കിന്‍റെയും, വ്യാഴം ഈശാനകോണിന്‍റെയും അധിപന്മാരാകുന്നു. സുതികാഗൃഹത്തിന്‍റെ ദ്വാരം ലക്ഷണരൂപേണ പറയേണ്ടി വന്നാല്‍ കേന്ദ്രസ്ഥന്മാരായ ഗ്രഹങ്ങളുടെ ദിക്കിലോക്കെയും ദ്വാരമുണ്ടെന്ന് പറയാവുന്നതാണ്. "ദ്വാരം ച തദ്വാസ്തുനി കേന്ദ്രസംസ്ഥേ" എന്നുണ്ട്. ഗ്രഹങ്ങളേക്കൊണ്ട് ദിക്ക് പറയേണ്ടിവരുമ്പോളോക്കെയും ഇതുകൊണ്ട് പറയാവുന്നതുമാണ്.

ക്ഷീണചന്ദ്രന്‍, ആദിത്യന്‍, ചൊവ്വ, ശനി ഇവര്‍ ക്രമത്തില്‍ അധികമധികം പാപന്മാരാകുന്നു. ചന്ദ്രന് ഉള്ളേതിലും ക്ഷീണത കറുത്ത ചതുര്‍ദ്ദശി, വാവ് ഈ ദിവസങ്ങളിലാകുന്നുവെന്നും ധരിയ്ക്കുക. ബുധന്‍ മേല്‍പറഞ്ഞ പാപന്മാരോട് കൂടിയാല്‍ പാപനായിത്തീരും. അപ്പോള്‍ കേവലം ബുധനും ബലവാനായ ചന്ദ്രനും ഗുരുശുക്രന്മാരും ശുഭന്മാരാണെന്നു വന്നു. ഇവിടെ ശുഭന്‍ എന്നതിന് ശുഭഫലസൂചകനെന്നും പാപന്‍ എന്നതിന് പാപഫലസൂചകനെന്നും പറയേണ്ടതാണ്.

ജാതകപ്രശ്നാദികളില്‍ ശുഭഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടായാല്‍ സദാചാരം, സത്വഗുണം, ബലം, നിര്‍മ്മലത, സൗന്ദര്യം, തേജസ്സ്, ഉപകാരസ്മരണ, ബ്രാഹ്മണഭക്തി, നല്ലവസ്ത്രങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും മറ്റും അഭിരുചി ഈവക സല്‍ഗുണങ്ങളും പാപന്മാര്‍ ബലവാന്മാരായാല്‍ അത്യാഗ്രഹം, നിന്ദ്യകര്‍മ്മങ്ങളില്‍ ആസക്തി, സ്വാര്‍ത്ഥപരത, സജ്ജനദ്വേഷം, അറിവില്ലായ്മ, ക്രൂരത്വം, എല്ലായ്പോഴും ഹിംസാരുചി, മലിനവേഷം, ഉപകാരത്തെ മറക്കുക ഈ വക ദുര്‍ഗ്ഗണങ്ങളും ഉണ്ടായിരിയ്ക്കുന്നതാണ്. സകല ഭാവഫലങ്ങളേയും ശുഭന്മാര്‍ പോഷിപ്പിയ്ക്കുകയും പാപന്മാര്‍ നശിപ്പിയ്ക്കുകയും ചെയ്യും.

സൗമ്യഃ ശുഭാനി ഖലു ഭാവഫലാനി കുര്യു-
രന്യാനി ഹന്യുരപരേ വിപരീതമേവ- എന്നുണ്ട്. 

ഗ്രഹങ്ങളുടെ വര്‍ണ്ണത്തെ പറയുന്നു

രക്തശ്യാമോ ഭാസ്കരോ ഗൗര ഇന്ദു-
ര്‍ന്നാത്യുച്ചാംഗോ രക്തഗൗരശ്ച വക്രഃ
ദൂര്‍വ്വാശ്യാമോ ജ്ഞോ ഗുരുര്‍ഗ്ഗൗരഗാത്രഃ
ശ്യാമശ്ശുക്രോ ഭാസ്കരിഃ കൃഷ്ണദേഹഃ


സാരം :-

ബലവാനായ സൂര്യന്‍റെ വര്‍ണ്ണം ചുവപ്പും, ബലഹീനനായ സൂര്യന്‍റെ നിറം കറുപ്പും ആകുന്നു. അതിബലവാനോ ഏറ്റവും വിബലനോ അല്ലാതെ സാമാന്യബലവാനാണെങ്കില്‍ ചുവപ്പും കറുപ്പും കൂടിയ വര്‍ണ്ണവുമായിരിക്കും.

ചന്ദ്രന് വെളുത്ത വര്‍ണ്ണമാണ്. സൂര്യനോട് അകലുംതോറും വെളുപ്പിന്‍റെ ശക്തി അധികമാവുകയും അടുക്കുംതോറും മങ്ങിവരികയും ചെയ്യുന്നതാണ്. 

ചൊവ്വ ബലവാനാണെങ്കില്‍ നിറം ചുവപ്പും, ബലഹീനനെങ്കില്‍ നിറം വെളുപ്പ്‌ ആയവനും, ദേഹത്തിന്‍റെ ഉയരം കുറഞ്ഞിരിയ്ക്കുന്നവനും ആകുന്നു.

ബുധന്‍റെ വര്‍ണ്ണം കറുകനാക്കുപോലെ പച്ചയും.

വ്യാഴത്തിന്‍റെ വര്‍ണ്ണം മഞ്ഞള്‍പോലെയും.

ശുക്രന്‍റെ വര്‍ണ്ണം സ്നിഗ്ദ്ധതയോട് (മിനുപ്പോടു) കൂടിയ കറുപ്പും.

ശനിയുടെ വര്‍ണ്ണം സ്നിഗ്ദ്ധതയില്ലാത്ത കറുപ്പും ആകുന്നു.

ജനനസമയത്തെ ചന്ദ്രനവാംശകാധിപന് മേല്‍പറഞ്ഞ ശ്ലോകപ്രകാരം വരുന്ന വര്‍ണ്ണമായിരിയ്ക്കും ആ ശിശുവിനും ഉണ്ടാവുക. ജാതകപ്രശ്നാദികളില്‍ ഗ്രഹങ്ങളെക്കൊണ്ട് ദേഹനിറം പറയേണ്ടിവരുന്നേടത്തൊക്കെയും ഈ ശ്ലോകം കൊണ്ടാണ് വര്‍ണ്ണം പറയേണ്ടത്. 

വ്യാഴം, ശുക്രന്‍, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ പര്യായ പദങ്ങള്‍


ജീവോംഗിരാസ്സുരഗുരുര്‍വ്വചസാം പതിര്‍ജ്ജ്യോക്
ശുക്രോ ഭൃഗുര്‍ഭൃഗുസുതസ്സിത ആസ്ഫുജിച്ച
രാഹുസ്തമോഗുരസുരശ്ച ശിഖീതി കേതുഃ
പര്യായമന്യമുപലഭ്യ വദേച്ച ലോകാത്

സാരം :-

'ജീവന്‍' 'അംഗിരസ്സ്' 'സുരഗുരു' 'വാക്പതി' 'ജ്യോക്ക്' ഈ അഞ്ചും വ്യാഴത്തിന്‍റെയും, 'ശുക്രന്‍' 'ഭൃഗു' 'ഭൃഗുസുതന്‍' 'സിതന്‍' 'ആസ്ഫുജിത്' ഈ അഞ്ചും ശുക്രന്‍റെയും , 'തമസ്സ്' 'അഗു' 'അസുരന്‍' ഇവ മൂന്നും രാഹുവിന്‍റെയും, 'ശിഖി' എന്ന് കേതുവിന്‍റെയും സംജ്ഞകളാകുന്നു. ഗ്രഹങ്ങള്‍ക്ക്‌ ഏറ്റവും അപ്രസിദ്ധങ്ങളായ സംജ്ഞകളെ മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളു. ബാക്കി പേരുകളെ മറ്റു ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും, ലോകവ്യവഹാരങ്ങളില്‍ നിന്നും മനസ്സിലാക്കുകയും വേണം. 

ബാധാരാശികള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?

ആരൂഢരാശൌ ചര ആയരാശൌ
സ്ഥിര തു ബാധാ നവമേ വിചിന്ത്യാ
തത്രോദയേ കാമഗൃഹേ ത്രയാണാം
കേന്ദ്രേഷു ചൈഷാമിതി കേചിദാഹുഃ


സാരം :-

മേടം, കര്‍ക്കടകം, തുലാം, മകരം എന്നീ ചരരാശികളില്‍ ഏതെങ്കിലും ഒന്ന് ആരൂഢമായി (ലഗ്നമായി) വന്നാല്‍ അതിന്‍റെ പതിനൊന്നാമത്തെ രാശി ബാധകസ്ഥാനമാണ്.

ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിരരാശികളില്‍ ഏതെങ്കിലും ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) അതിന്‍റെ ഒമ്പതാം രാശി ബാധാസ്ഥാനമാണ്.

മിഥുനം, കന്നി, ധനു, മീനം എന്നീ ഉഭയരാശികളില്‍ ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) അതിന്‍റെ ഏഴാമത്തെ രാശി ബാധകസ്ഥാനമാണ് ഇങ്ങിനെ ഒരു പക്ഷമുണ്ട്. ഔബാധകസ്ഥാനങ്ങളുടെ കേന്ദ്രരാശികളും ബാധാസ്ഥാനങ്ങളാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങിനെ ഈ ശ്ലോകം കൊണ്ട് രണ്ടു പക്ഷത്തില്‍ ബാധകസ്ഥാനം പറയാം. 

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളുടെ പര്യായ പദങ്ങള്‍

ഹേലിസ്സൂര്യശ്ചന്ദ്രമാശ്ശീതരശ്മിര്‍
ഹേമാവിത്ജ്ഞോ ബോധനശ്ചേന്ദുപുത്രാഃ
ആരോ വക്രഃ ക്രൂരദൃക് ചാവനേയഃ
കോണോ മന്ദഃ സൂര്യപുത്രോƒസിതശ്ച

സാരം :-

'ഹേലി' എന്ന് സൂര്യന്‍റെയും, 'ചന്ദ്രമസ്സ്' എന്ന് ചന്ദ്രന്‍റെയും, 'ഹേമാ' 'വിത്' 'ജ്ഞന്‍' 'ബോധനന്‍' ഇതു നാലും ബുധന്‍റെയും. 'ആരന്‍' 'വക്രന്‍' 'ക്രൂരദൃക്' ഇവ മൂന്നും ചൊവ്വയുടേയും, 'കോണന്‍' 'മന്ദന്‍' 'അസിതന്‍' ഇതു മൂന്നും ശനിയുടേയും സംജ്ഞകളാകുന്നു. 

ബാധാരാശിയില്‍ ഗ്രഹങ്ങള്‍ നിന്നാല്‍

ബാധകസ്ഥാനഗേ സൂര്യേ ശൈവഭൂതാദിപീഡനം
ചന്ദ്രേ ദുര്‍ഗ്ഗാകൃതം രോഗം ധര്‍മ്മദൈവകൃതംഗദം
ഭൗമേ സ്കന്ദകൃതം വ്യാധിം ഭൈരവാദിനിപീഡനം
സൌമ്യേ ഗന്ധര്‍വയക്ഷാദി വിമാനസ്ഥാനവാസിനാം

ജീവേ ബ്രാഹ്മണശാപഞ്ച ദേവാനാമപി കോപനം
ശുക്രേ യക്ഷികൃതം രോഗം ബ്രാഹ്മരാക്ഷസപീഡനം

മന്ദേതു ഭൂതനാഥാനാം ശൈവാനാം പീഡനം തഥാ
രാഹൌ സര്‍പ്പകൃതം രോഗം കേതൌ ചണ്ഡാലദൈവതം
മാന്ദൌ പ്രേതകൃതം രോഗം പ്രവദേന്മതിമാന്‍ നരഃ

സാരം :-

ആദിത്യന്‍ ബാധാരാശിയില്‍ നിന്നാല്‍ ശിവഭൂതങ്ങളുടേയും മറ്റും കോപമുണ്ടെന്നു പറയണം.

ചൊവ്വ ബാധാരാശിയില്‍ നിന്നാല്‍ സുബ്രഹ്മണ്യകോപവും, ഭൈരവന്‍ ഘണ്ടാകര്‍ണ്ണന്‍ മുതലായവരുടെ ഉപദ്രവം ഉണ്ടെന്ന് പറയണം.

ബുധന്‍ ബാധാരാശിയില്‍ നിന്നാല്‍ ഗന്ധര്‍വ്വന്‍, യക്ഷന്‍ മുതലായ വിമാന സഞ്ചാരികളായ ദേവന്മാരുടെ ഉപദ്രവമുണ്ടെന്നും പറയണം.

വ്യാഴം ബാധാരാശിയില്‍ നിന്നാല്‍ ബ്രാഹ്മണശാപം ദേവകോപം മുതലായവ ഉണ്ടെന്ന് പറയണം.

ശുക്രന്‍ ബാധാരാശിയില്‍ നിന്നാല്‍ യക്ഷിയുടേയും ബ്രഹ്മരാക്ഷസന്‍റെയും പീഡയുണ്ടെന്നും പറയണം.

ശനി ബാധാരാശിയില്‍ നിന്നാല്‍ ശാസ്താവ് മുതലായ ശിവഭൂതങ്ങളുടേയും കോപമുണ്ടെന്നു പറയണം.

രാഹു ബാധാരാശിയില്‍ നിന്നാല്‍ സര്‍പ്പ ദോഷവും രോഗങ്ങളും ഉണ്ടെന്നു പറയണം.

കേതു ബാധാരാശിയില്‍ നിന്നാല്‍ ചണ്ഡാലദൈവങ്ങളുടെ ബാധകോപമുണ്ടെന്നു പറയണം.

ഗുളികന്‍ ബാധാരാശിയില്‍ നിന്നാല്‍ പ്രേതകോപമുണ്ടെന്നും പറയണം. 

സൂര്യാദിഗ്രഹങ്ങള്‍ക്കുള്ള കാരകത്വത്തെ പറയുന്നു

കാലാത്മാ ദിനകൃന്മനസ്തുഹിനഗുസ്സത്ത്വംകുജോ ജ്ഞോ വചോ
ജീവോ ജ്ഞാനസുഖേ സിതശ്ച മദനോ ദുഃഖം ദിനേശാത്മജഃ
രാജാനൗ രവിശീതഗു ക്ഷിതിസുതോ നേതാ കുമാരോ ബുധഃ
സൂരിര്‍ദ്ദാനവപൂജിതശ്ച സചിവൗ പ്രേഷ്യസ്സഹസ്രാംശുജഃ 

സാരം :-
സൂര്യന്‍, കാലമാകുന്ന പുരുഷന്‍റെ ജീവാത്മാവിന്‍റെ കാരകനാകുന്നു. സൂര്യന്‍ ജീവാത്മാവാകയാല്‍, അതിന്‍റെ ആധാരമായ ദേഹം രാശി ചക്രമാണെന്നും വരുന്നുണ്ട്. 

ചന്ദ്രന്‍ മനസ്സിന്‍റെ കാരകനാണ്‌. മനഃ ശബ്ദം കൊണ്ട് ബുദ്ധി അഹങ്കാരം മുതലായ മറ്റു ചിത്തവൃത്തികളുടെ ആധിപത്യവും ചന്ദ്രനുണ്ടെന്ന് വരുന്നു. 

ജാതകത്തില്‍ സൂര്യചന്ദ്രന്മാര്‍ക്ക് നല്ല ബലവും അന്യോന്യദൃഷ്ടി മുതലായ പരസ്പരസംബന്ധവുമുണ്ടെങ്കില്‍ അവന്‍ ആത്മജ്ഞാനം മുതലായ ഉല്‍കൃഷ്ടമനോഗുണമുള്ളവനാണെന്നും പറയാവുന്നതാണ്. 

സമ്പത്തിലും ആപത്തിലും മനസ്സിന് ക്ഷോഭമില്ലായ്മയാകുന്ന സത്വത്തിന്‍റെ ആധിപത്യം കുജനാകുന്നു. 

ബുധന് വാക്കിന്‍റെ കാരകത്വമാണുള്ളത്. ബുധന് ബലമുണ്ടെങ്കില്‍ അവന്‍ വാദിയ്ക്കുവാന്‍ സമര്‍ത്ഥനും, നല്ല വാഗ്മിയുമായിരിക്കും. 

വ്യാഴം പാരത്രികങ്ങളായ ജ്ഞാനസുഖങ്ങളുടേയും കാരകനാകുന്നു.

ശുക്രന്‍ ഈ ജന്മത്തിലെ അനുഭോഗത്തിനുള്ള ജ്ഞാനം സുഖം കാമവികാരം എന്നിവയുടെ കാരകനാകുന്നു. 

ശനി ദുഃഖത്തിന്‍റെയും കാരകനാകുന്നു. ശനിയ്ക്ക് ബലമുണ്ടെങ്കില്‍ അവന് ദുഃഖമുണ്ടാവില്ലെന്നും ജ്ഞാനിയാവുമെന്നും അറിയേണ്ടതാണ്.

ജാതകപ്രശ്നാദികളില്‍ സൂര്യാദിഗ്രഹങ്ങള്‍ക്ക്‌ നല്ല ബലമുണ്ടായാല്‍ അയാളുടെ ആത്മാവ് മനസ്സ് ഇത്യാദികളും നല്ല ബലമുള്ളതായിരിക്കും.

ആത്മാദയോ ഗഗനഗൈര്‍ബ്ബലിഭിര്‍ബ്ബലവത്തരാഃ
ദുര്‍ബ്ബലൈദ്ദുര്‍ബ്ബലാ ജ്ഞേയാ വിപരീതം ശനേഃ സ്മൃതം.

എന്ന് പ്രമാണവുമുണ്ട്.

സൂര്യന്‍ രാജത്വത്തിന്‍റെയും, ചന്ദ്രന്‍ രാജ്ഞീത്വത്തിന്‍റെയും കാരകന്മാരാകുന്നു. ചൊവ്വയ്ക്ക്‌ സൈന്യാധിപത്യം മുതലായ നേതൃത്വത്തിന്‍റെയും, ബുധന് യുവരാജാവിന്‍റെയും, വ്യാഴത്തിന് കാര്യം നടത്തുന്ന മന്ത്രിയുടേയും, ശുക്രന് നര്‍മ്മസചിവന്‍റെയും കാരകത്വമാണുള്ളത്. വിനോദത്തിനുവേണ്ടി സഹചാരികളും, നേരംപോക്ക് പറയുന്നവരുമായവരേയാണ് നര്‍മ്മസചിവന്‍ എന്ന് പറയുന്നത്. ശനിയ്ക്ക് ദൂതന്‍റെ കാരകത്വമാകുന്നു.

ജാതകത്തില്‍ ഏതു ഗ്രഹമാണോ ബലവാനായിരിക്കുന്നത് അതിന്‍റെ രാജത്വാദി സ്വഭാവമാണ് അവനുണ്ടാവുക. സൂര്യന്‍ ബലവാനാണെങ്കില്‍, രാജാവിനെപ്പോലെ പ്രതാപം ഭരണസാമര്‍ത്ഥ്യം ദാനശീലത്വം മുതലായ രാജഗുണങ്ങളോടുകൂടിയിരിയ്ക്കുമെന്നു പറയണം. മറ്റു ഗ്രഹങ്ങള്‍ക്ക്‌ ഇപ്രകാരം കാണേണ്ടതാകുന്നു. 

ദൈവീക മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ?


ഭാനോ രുദ്രഗണോഗ്രഭൂതഭുജഗാധീശാ വിധോഃ കിന്നരാ
യക്ഷാദ്യാ ഗ്രഹപന്നഗാഃ ക്ഷിതി സുതസ്യോഗ്രാഹി രക്ഷോഗ്രഹാഃ
ഭൂതാ ഭൈരവദേവതാശ്ച ശശിജസ്യാട്ടാലകാഃ കിന്നരാ
വാഗീശസ്യ ശുഭഗ്രഹാശ്ശുഭതരാ നാഗാസ്ത്രിമൂര്‍ത്ത്യാദയഃ

സാരം :-

ആദിത്യനെക്കൊണ്ട് രുദ്രഗണങ്ങളേയും ശക്തിമത്തുകളായ ഭൂതങ്ങളെയും നാഗങ്ങളെയും വിചാരിക്കണം.

ചന്ദ്രനെക്കൊണ്ട് കിന്നരന്മാര്‍ യക്ഷന്മാര്‍ നാഗഗ്രഹങ്ങള്‍ ഇവരെ വിചാരിക്കണം.

ചൊവ്വയെക്കൊണ്ട് രൂക്ഷന്മാരായ രാക്ഷസഗ്രഹങ്ങള്‍ അഗ്നി ഭൈരവന്‍ കാലഭൈരവന്‍ മുതലായ അശുഭഗ്രഹങ്ങളെ വിചാരിക്കണം.

ബുധനെക്കൊണ്ട് അട്ടാലങ്ങളില്‍ സ്ഥിതിചെയ്യുന്ന കിന്നരന്മാരെ പറയണം.

വ്യാഴത്തെക്കൊണ്ട് ശുഭരൂപങ്ങളായ ദേവഗ്രഹങ്ങളേയും ഏറ്റവും ശുഭദന്മാരായ നാഗഗ്രഹങ്ങളേയും ത്രിമൂര്‍ത്ത്യാദികളേയും പറയണം.

*********************************

യക്ഷീമാതൃഭുജംഗമാ ഭൃഗുസുതസ്യാര്‍ക്കാത്മജസ്യ ശുഭാ
ഭസ്മാരുക്ഷ പിശാചകശ്മലമുഖാ നിസ്തേജസംജ്ഞാഗ്രഹാഃ
രാഹോഃ സര്‍പ്പപിശാചപന്നഗഭൃതഃ പ്രേതഗ്രഹാദ്യുത്ഭവാഃ
കേതോസ്തേƒഖിലദേഹിനാം വിദധതേ രോഗാനനിഷ്ടര്‍ക്ഷഗാഃ

സാരം :-

ശുക്രനെക്കൊണ്ട് യക്ഷിമാതൃക്കള്‍ സര്‍പ്പങ്ങള്‍ ഇവരെ വിചാരിക്കണം. 

ശനിയെക്കൊണ്ട് നിസ്തേജന്മാര്‍ ഭസ്മഗന്മാര്‍ പിശാചന്മാര്‍ കശ്മലന്മാര്‍ മുതലായവരെ വിചാരിക്കണം.

രാഹുവിനെക്കൊണ്ട് നാഗഗ്രഹങ്ങള്‍ പിശാചഗ്രഹങ്ങള്‍ സര്‍പ്പങ്ങള്‍ ഇവയെ വിചാരിക്കണം. 

കേതുവിനെക്കൊണ്ട് പ്രേതഗ്രഹങ്ങള്‍ തന്നിമിത്തമുള്ള ബാധകള്‍ ഇവയെ വിചാരിക്കണം. 

ദൈവകോപം ഉണ്ടാകുന്നത് എന്തുകൊണ്ട്?

അവമാനമൃണം വൈരം വിഘ്നോ ഭാഗ്യവിപര്യയഃ
ഈശ്വരാജ്ഞാ ച ലക്ഷ്യന്തേ കാരണം ഗ്രഹപീഡനേ 

സാരം :-
ഗ്രഹങ്ങളേയോ ആ ഗ്രഹങ്ങളുടെ കര്‍ത്താക്കന്മാരായ മറ്റു ദേവന്മാരേയോ നിന്ദിക്കുന്നതും അവര്‍ക്ക് ചെയ്യേണ്ടതായ ബലിപൂജാദികള്‍ ചെയ്യാതെ മുടക്കം വരുത്തുന്നതും വിശേഷിച്ച് അവര്‍ക്ക് ഏതോ കാരണവശാല്‍ തന്‍റെമേല്‍ വിരോധം ഉണ്ടായാലും അവര്‍ക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ മുടക്കം വരുത്തിയാലും ഭാഗ്യദോഷം സംഭവിക്കുമ്പോഴും ദൈവകോപമുണ്ടാകത്തക്ക ഏതെങ്കിലും കാരണങ്ങള്‍ തന്നില്‍നിന്നുണ്ടായാലും ഗ്രഹങ്ങളുടെ ഉപദ്രവം സംഭവിക്കുമെന്നാണ് അഭിജ്ഞന്മാര്‍ പറയുന്നത്. തനിക്ക് അപമാനം വരുമ്പോഴും അധികമായി കടം വന്നുകൂടുമ്പോഴും കര്‍മ്മവിഘ്നം വരുമ്പോഴും ദുഷ്ക്കാലങ്ങളും ഈശ്വരവിരോധമുള്ള പ്രവൃത്തികളെക്കൊണ്ടും തനിക്ക് ഗ്രഹപീഡനം സംഭവിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. ഈ രണ്ടു ന്യായങ്ങളും ഉചിതങ്ങളാണ്. ഭാഗ്യഹാനിയും ദൈവകാരുണ്യക്കുറവും ഉണ്ടാകുമ്പോള്‍ അവമാനാദികളായ ഏതെങ്കിലും ഒന്ന് തങ്ങള്‍ക്കോ ഗ്രഹങ്ങള്‍ക്കോ സംഭവിക്കുന്നതിനിടയായാല്‍ അവരുടെ കോപം ഉണ്ടാകുമെന്നും സാമാന്യേന ഗ്രഹിച്ചുകൊള്ളണം.

മേടം മുതല്‍ക്കുള്ള 12 രാശികളുടേയും നിറത്തെ പറയുന്നു

രക്തഃ ശ്വേതഃ ശുകതനുനിഭഃ പാടലോ ധൂമ്രപാണ്ഡു-
ശ്ചിത്രഃ കൃഷ്ണഃ കനകസദൃശഃ പിംഗലഃ കര്‍ബുരശ്ച
ബഭ്രുഃ സ്വച്ഛഃ പ്രഥമഭവനാദ്യേഷു വര്‍ണ്ണാഃ പ്ലവത്വം
സ്വേശാശാഖ്യം ദിനകരയുതാത് ഭാത് ദ്വിതീയഞ്ച വേസിഃ

സാര :-

മേടം രാശിയുടെ നിറം ചുവപ്പും, ഇടവം രാശിയുടെ നിറം വെളുപ്പും, മിഥുനം രാശിയുടെ നിറം കിളിയെപ്പോലെ പച്ചയും, കര്‍ക്കിടകം രാശിയുടെ നിറം പാതിരിപ്പൂവുപോലെയും, ചിങ്ങം രാശിയുടെ നിറം മങ്ങിയ വെളുപ്പും, കന്നി രാശിയുടെ നിറം നാനാവര്‍ണ്ണവും, തുലാം രാശിയുടെ നിറം കറുപ്പും, വൃശ്ചികം രാശിയുടെ നിറം സ്വര്‍ണ്ണവര്‍ണ്ണവും, ധനു രാശിയുടെ നിറം പിംഗളവര്‍ണ്ണവും, മകരം രാശിയുടെ നിറം മാങ്ങിയ വെളുപ്പും, കുംഭം രാശിയുടെ നിറം കീരിയുടെ വര്‍ണ്ണവും, മീനം രാശിയുടെ നിറം സ്വച്ഛവുമാകുന്നു.

ജാതകം പ്രശ്നം മുതലായ ദിക്കിലൊക്കെയും ഗ്രഹമുണ്ടെങ്കില്‍ അതിനെക്കൊണ്ടും, ഇല്ലെങ്കില്‍ രാശിയെക്കൊണ്ടുമാണ് വര്‍ണ്ണത്തെ പറയേണ്ടത്. രാശികള്‍ അതാതു രാശ്യധിപന്‍റെ ദിക്കിലേക്ക് ചെരിഞ്ഞിട്ടാണിരിക്കുന്നത്. സൂര്യന്‍ കിഴക്കിന്‍റെ അധിപനാകയാല്‍ ചിങ്ങം രാശി കിഴക്കോട്ട് ചെരിഞ്ഞിരിക്കുമെന്നും, ചൊവ്വ തെക്ക് ദിക്കിന്‍റെ അധിപനാകയാല്‍ മേടവും വൃശ്ചികവും തെക്കോട്ട്‌ ചെരിഞ്ഞിരിക്കുമെന്നും താല്പര്യം. ഇതുപോലെ മറ്റു രാശികളുടെ ചെരിവിനേയും കണ്ടുകൊള്‍ക. ഭൂമിയുടെ നിമ്നോന്നതാദ്യവസ്ഥകളെ ഇതുകൊണ്ടാണ് വിചാരിക്കേണ്ടത്. രാശ്യധിപന് ബലമുണ്ടെങ്കില്‍ മാത്രമേ ഈ വിധിയെ ചിന്തിയ്ക്കേണ്ടതുള്ളുവെന്നും, ബലമില്ലെങ്കില്‍, മറ്റുഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ അവരില്‍ ബലവാന്‍റെ ദിക്കിലേയ്ക്കാണ് ചെരിഞ്ഞിരിക്കുകയെന്നും, രാശ്യധിപന് ബലമോ മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ടികളോ ഇല്ലെങ്കില്‍, ആ രാശികൊണ്ട് വിചാരിക്കുന്ന ദിക്ക് ചെരിവില്ലാതെ സമനിരപ്പിലായിരിയ്ക്കുമെന്നും അറിയേണ്ടതാണ്.

സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിന് "വേസി" എന്ന സംജ്ഞയുണ്ട്. ചകാരം കൊണ്ട് സൂര്യന്‍റെ പന്ത്രണ്ടാം ഭാവത്തിന് "വേസി" എന്ന സംജ്ഞയുണ്ടെന്ന് കൂടി സൂചിപ്പിയ്ക്കുന്നുണ്ട്. 

ദൃഷ്ടിബാധ ബാധിയ്ക്കുന്ന സ്ത്രീകള്‍ ഏവ?

തൈലാഭ്യക്താം പ്രസൂതാമഭിനവസുരതാം മദ്യപാനാനുരക്താം
നഗ്നാമുല്പന്നസത്വാം സ്മരശരവിവശാം മുഹ്യമാനാം വിഹാരൈഃ
രഥ്യാശൃംഗാടകസ്ഥാമൃതുസമയയുതാം പുംശ്ചലീം വാ രുദന്തീ-
മേകാന്താം കാന്തദേഹാം സ്ത്രീയമപി
വിഷമാ ഗുഹ്യകാസ്സം സ്പൃശന്തി - ഇതി


സാരം :-

എണ്ണതേച്ചിരിക്കുന്നവളേയും, പ്രസവിച്ചു കിടക്കുന്നവളേയും, ആദ്യമായി പുരുഷ സംയോഗമുണ്ടായവളേയും, മദ്യം സേവിച്ചവളേയും,  ഗര്‍ഭമുള്ളവളേയും, വസ്ത്രം ധരിക്കാതെ നഗ്നയായിരിക്കുന്നവളേയും, അധികമായി വിഷയാര്‍ത്തിയുള്ളവളേയും, വിഷയാദികളാല്‍ മതിമറന്നവളേയും, നാല്ക്കോല്‍പെരുവഴികളിലും തെരുവുകളിലും സ്വച്ഛന്ദം സഞ്ചരിക്കുന്നവളേയും, തീണ്ടായിരുന്നവളേയും, വ്യഭിചരിക്കുന്നവളേയും, നിലവിളിച്ച് സ്വശക്തി വിട്ടവളേയും, ഒറ്റയായി വ്യഭിചരിക്കുന്നവളേയും, അതിസൗന്ദര്യശാലിനിയേയും ശിവഭൂതഗണങ്ങള്‍ ഉപദ്രവിക്കുന്നു. മേല്‍പറഞ്ഞ സ്ത്രീകളെ ദൃഷ്ടിബാധ ബാധിയ്ക്കുന്നതാണ്. ദൃഷ്ടിബാധ നിമിത്തം ശരീരത്തിനും ബുദ്ധിക്കും പലവിധ വൈകല്യം സംഭവിക്കും.

ലഗ്നം മുതലായ ചില ഭാവങ്ങളുടെ ബലത്തേയും രാശികളുടെ വലുപ്പത്തേയും ഭാവങ്ങളുടെ സംജ്ഞാന്തരങ്ങളേയും പറയുന്നു

ഹോരാ സ്വാമിഗുരുജ്ഞവീക്ഷിതയുതാ
നാന്യൈശ്ച വീര്യോത്കടാ
കേന്ദ്രസ്ഥാ ദ്വിപദാദയോഹ്നി നിശി ച
പ്രാപ്തേ ച സന്ധ്യാദ്വയേ
പൂര്‍വാര്‍ദ്ധേ വിഷയാദയഃ കൃതഗുണാ
മാനം പ്രതീപം തതോ
ദുശ്ചിത്കം സഹജം തപശ്ച നവമം
ത്രാദ്യം ത്രികോണഞ്ച തത്.

സാരം :-

ലഗ്നഭാവത്തിന് ലഗ്നാധിപന്‍, വ്യാഴം, ശുഭനായ ബുധന്‍ ഇവരുടെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയോ പാപന്മാരുടേയും ഭാവാധിപശത്രുവിന്‍റെയും യോഗമോ ദൃഷ്ടിയോ ഇല്ലാതിരിയ്ക്കയും ചെയ്‌താല്‍, ലഗ്നഭാവത്തിന് പൂര്‍ണ്ണബലമുണ്ട്. ഇവിടെ ലഗ്നഭാവത്തെ പറഞ്ഞതുപോലെ മറ്റു ഭാവങ്ങളേയും പറയണം.

മനുഷ്യരാശികള്‍ക്ക് കേന്ദ്രങ്ങളിലും, ചതുഷ്പാദ്രാശികള്‍ക്ക് പണപരത്തിലും, ബഹുപാദങ്ങളായ കര്‍ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികള്‍ക്ക് ആപോക്ലിമത്തിലുമാണ് ബലം പൂര്‍ണ്ണമായിട്ടുള്ളത്. 

പകല്‍ സമയത്ത് മനുഷ്യരാശികള്‍ക്കും, രാത്രിയില്‍ ചതുഷ്പാദ്രാശികള്‍ക്കും, ഉദയാസ്തമനസന്ധ്യകളില്‍ ബഹുപാദ്രാശികള്‍ക്കും ബലത്തിന് പൂര്‍ണ്ണതയുണ്ടാകും. 

അഞ്ചുമുതല്‍ പത്തുകൂടിയ 6 സംഖ്യയെ നാലില്‍ പെരുക്കിയാല്‍ മേടം മുതല്‍ 6 രാശികളുടെ വലുപ്പമായി വരും. 20-24-28-32-36-40 ഇത് മേടം മുതല്‍ ആറ് രാശികളുടെയും വലുപ്പമാകുന്നു. തുലാം മുതല്‍ക്ക്‌ ഈ വലുപ്പത്തെ വിപരീതം ഗണിയ്ക്കയും വേണം. 40-36-32-28-24-20 ഇതു തുലാം തുടങ്ങി മീനം കൂടിയ ആറ് രാശികളുടെ വലുപ്പമാകുന്നു. പ്രസവമുറി, കിടപ്പുമുറി മുതലായതിന്‍റെയും, ഭോജനപ്രശ്നം, സുരതപ്രശ്നം, ചോരപ്രശ്നം ഇത്യാദികളില്‍ ഭക്ഷണമുറി കിടപ്പുമുറി മോഷണം ചെയ്ത സ്ഥലം ഇത്യാദികളുടേയും വലുപ്പം ചെറുപ്പം മുതലായതിനേയും, ബ്രാഹ്മണക്ഷത്രിയാദി ജാതികളുടെ ഉല്‍ക്കര്‍ഷാപകര്‍ഷങ്ങളേയും മറ്റും മേല്‍പറഞ്ഞ രാശിമാനം കൊണ്ട് ചിന്തിക്കാവുന്നതാണ്. ഭോജനപ്രശ്നത്തിലാണെങ്കില്‍ രണ്ടാം ഭാവം കൊണ്ടാണ് ഭോജന പാത്രത്തെ ചിന്തിക്കേണ്ടത്.  അതു കുംഭം മീനം മേടം ഇടവം ഇതുകളിലൊന്നാണെങ്കില്‍ ഭോജനപാത്രം (ഭക്ഷണം കഴിക്കുന്ന പാത്രം) വളരെ ചെറുതായിരുന്നുവെന്നും, ചിങ്ങം കന്നി തുലാം വൃശ്ചികം ഇതുകളില്‍ ഒന്നാണെങ്കില്‍ പാത്രത്തിന് നല്ല വലിപ്പമുണ്ടായിരുന്നുവെന്നും, ശേഷം രാശികളാണെങ്കില്‍ പാത്രം ഇടത്തരത്തിലുള്ളതായിരുന്നുവെന്നും യുക്തിയ്ക്കനുസരിച്ച് വിചാരിക്കണം. ഇപ്രകാരം മറ്റു സംഗതികളിലും കണ്ടുകൊള്‍ക.

മൂന്നാം ഭാവത്തിന് "ദുശ്ചില്‍കം" എന്നും, ഒമ്പതം ഭാവത്തിന് "തപസ്സ്" എന്നും "ത്രിത്രികോണം" എന്നും സംജ്ഞകളുണ്ട്. ഇവിടെ "തല്‍" എന്ന വിശേഷദ്യോതകമായ പദംകൊണ്ട് ആയുസ്സിന്‍റെ കാര്യം തീര്‍ച്ചപ്പെട്ടാല്‍ പിന്നെ പ്രധാനമായി വിചാരിയ്ക്കേണ്ട ഭാവം ഭാഗ്യസ്ഥാനമാണെന്നു സൂചിപ്പിയ്ക്കുന്നുണ്ട്.

"സര്‍വ്വം വിഹായ ചിന്ത്യം ഭാഗ്യര്‍ക്ഷം പ്രാണിനാം വിശേഷേണ" എന്ന് പ്രമാണമുണ്ട്.

ദൃഷ്ടിബാധ ബാധിയ്ക്കുന്ന പുരുഷന്മാര്‍ ഏവ?

ലുബ്ധം ക്രൂരം ഭിയാര്‍ത്തം ഹൃഷിതമതിശഠം പൂര്‍വ്വവൈരാനുബദ്ധം
നഷ്ടദ്രവ്യം വിയുക്തം പ്രതിഹതമശുചിം പ്രാപ്തകാലം സരോഗം
ഹാസാന്ധം കാന്തദേഹം നിധിവിലയകരം കാതരം ഭൂഷിതാംഗം
രാത്രാവേകാകിനഞ്ച സ്മരമഥന ഗണാസ്തം പുംമാംസം ഗ്രസന്തി. 

സാരം :-

ദൃഷ്ടി ബാധകളില്‍പെട്ടത് മിക്കവാറും ശിവഭൂതഗണങ്ങളില്‍പെട്ടവയാണ്. ഈ ശിവഭൂതങ്ങള്‍ ഏതോ വസ്തുവില്‍ അധികമായി ആസക്തിയുള്ളവനേയും ക്രൂരസ്വഭാവിയേയും പേടിച്ചു ദുഃഖിച്ചിരിക്കുന്നവനേയും സന്തോഷം നിമിത്തം മതിമറന്നവനേയും ശാഠ്യക്കാരനേയും ആരുടേയും നേരേ പഴയ വിരോധം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവനേയും പ്രധാനമായി ധനനഷ്ടം അനുഭവിച്ചവനേയും ഇഷ്ടജനങ്ങളോട് വേര്‍പെട്ടവനേയും മത്സരാദികളിലും മറ്റും തോറ്റ് ഇച്ഛാഭംഗപ്പെട്ടവനേയും വൃത്തിഹീനനേയും ദശാപഹാരാദി സംബന്ധത്താല്‍ ബാധാവേശത്തിനുള്ള കാലം അടുത്തിരിക്കുന്നവനേയും രോഗിയേയും അധികമായി ഹസിക്കയാല്‍ മതിമറന്നവനേയും സൗന്ദര്യമുള്ളവനേയും നിധി ദ്രവ്യം കിട്ടിയാല്‍ അതിനെ നശിപ്പിക്കുന്നവനേയും (നിധി വെട്ടിയിളക്കി അതിന്‍റെ സ്ഥാനഭ്രംശം വരുത്തുന്നവനേയും) രാത്രിയില്‍ ഒറ്റയായി സഞ്ചരിക്കുന്നവനേയും മേല്‍പറഞ്ഞ ഭൂതബാധാദികള്‍ പീഡിപ്പിക്കുന്നു.

പണപരം, ആപോക്ലിമം

കേന്ദ്രാത്പരം പണപരം പരതസ്തു സര്‍വ്വ-
മാപോക്ലിമം ഹിബുകമംബു സുഖം ച വേശ്മ
ജാമിത്രമസ്തഭവനം സുതഭം ത്രികോണം
മേഷൂരണം ദശമമത്ര ച കര്‍മ്മ വിദ്യാത്.


സാരം :-


2-5-8-11 എന്നീ ഭാവങ്ങള്‍ക്ക് "പണപരം" എന്നും 3-6-9-12 എന്നീ ഭാവങ്ങള്‍ക്ക് "ആപോക്ലിമം" എന്നും പേരുണ്ട്. 

കേന്ദ്രരാശികള്‍ അതില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവകളെക്കൊണ്ട് ബാല്യകാലത്തിലേയും ഈ ജന്മത്തിലേയും, പണപരം  അതില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവകളെക്കൊണ്ട് യൌവനത്തിലേയും വരുവാന്‍ പോകുന്ന ജന്മത്തിലേയും, അപോക്ലിമം അതിലുള്ള ഗ്രഹങ്ങള്‍ എന്നിവകളെക്കൊണ്ട് വാര്‍ദ്ധക്യത്തിലേയും കഴിഞ്ഞ ജന്മത്തിലേയും ഫലങ്ങളെ വിചാരിക്കണമെന്നും അഭിപ്രായമുണ്ട്.

ഹിബുകം, അംബു, സുഖം, വേശ്മ എന്നിവ നാലാംഭാവത്തിന്‍റെയും, ജാമിത്രം എന്നത് ഏഴാം ഭാവത്തിന്‍റെയും, ത്രികോണം എന്നത് അഞ്ചാം ഭാവത്തിന്‍റെയും, മേഷുരണം എന്നും കര്‍മ്മം എന്നും പത്താംഭാവത്തിന്‍റെയും പേരുകളാകുന്നു.

കണ്ടകം, കേന്ദ്രം, ചതുഷ്ടയം

കണ്ടകകേന്ദ്രചതുഷ്ടയസംജ്ഞാ-
സ്സപ്തമലഗ്നചതുര്‍ത്ഥഖഭാനാം
തേഷു യഥാഭിഹിതേഷു ബലാഢ്യാഃ
കീടനരാംബു ചരാഃ  പശവശ്ച.

സാര :-

ലഗ്നം 4-7-10 ഈ നാല് ഭാവങ്ങള്‍ക്കുംകൂടി കണ്ടകം, കേന്ദ്രം, ചതുഷ്ടയം ഇങ്ങനെ മൂന്നു പേരുകളുണ്ട്.

ലഗ്നം, ഏഴ് എന്നീ ഭാവങ്ങള്‍ക്ക് "കണ്ടകമെന്നും", നാല്, പത്ത് എന്നീ ഭാവങ്ങള്‍ക്ക് "കേന്ദ്രം" എന്നും, എല്ലാറ്റിന്നും കൂടി ചതുഷ്ടയം എന്നുമാണ് പേരുള്ളതെന്ന് ഒരു പക്ഷക്കാരുമുണ്ട്. ഏഴില്‍ കീടരാശിയായ വൃശ്ചികത്തിനും, പത്തില്‍ ചതുഷ്പാദ്രാശികള്‍ക്കും പൂര്‍ണ്ണബലമുണ്ട്. പൂര്‍ണ്ണബലമുള്ള ഭാവങ്ങളുടെ ഏഴാം ഭാവങ്ങളില്‍ അതാതിന് ഒട്ടും ബലവുമില്ല. രാശികളുടെ മനുഷ്യചതുഷ്പാദാദി വിഭാഗങ്ങളൊക്കെയും "മത്സ്യൗ ഘടീ" എന്ന അഞ്ചാം ശ്ലോകത്തില്‍ പറഞ്ഞിട്ടുമുണ്ടല്ലോ. നഷ്ടമുഷ്ടിചിന്താദിപ്രശ്നങ്ങളില്‍ ബലമുള്ള ഗൃഹം കേന്ദ്രത്തിലെങ്കില്‍ ബലമുള്ള രാശികൊണ്ടാണ്‌ വിചാരിക്കേണ്ടത്. പത്താം ഭാവം ചതുഷ്പാദ്രാശിയാണെങ്കില്‍ നാല്കാലിയെ സംബന്ധിച്ചാണ് പ്രശ്നമെന്നും, ലഗ്നഭാവം മനുഷ്യരാശിയാണെങ്കില്‍ പ്രശ്നം മനുഷ്യസംബന്ധിയാണെന്നും മറ്റും പറയണമെന്നര്‍ത്ഥം. സാമാന്യ ഗുണദോഷപ്രശ്നങ്ങളിലാണെങ്കില്‍, ഏഴാം ഭാവം നരരാശിയായി വരികയും പാപബന്ധമുണ്ടാവുകയും ചെയ്‌താല്‍ ഭാര്യാരിഷ്ടവും, പത്താം  ഭാവം ജലരാശിവരികയും അവിടെ പാപയോഗദൃഷ്ടികളുണ്ടാവുകയും ചെയ്‌താല്‍, ആന കുതിര, പശു മുതലായ നാല്‍ക്കാലി നാശവും പറയേണ്ടതാണ്.  മറ്റു ഭാവങ്ങള്‍ക്കും ഇപ്രകാരം കണ്ടുകൊള്‍ക.

ദൃഷ്ടിബാധ

അഥ ദൃഷ്ടിഭവാ ബാധാ കഥ്യന്തേ തത്ര യേ നരാഃ
നാര്യോƒഥവാ ഗ്രഹൈര്‍ബാദ്ധ്യാശ്ശാസ്ത്രോക്താന്‍ കീര്‍ത്തയാമിതാന്‍.


സാരം :-

ദൃഷ്ടിബാധ സംഭവിക്കുന്നത് ഇന്നവിധമുള്ള പുരുഷന്മാര്‍ക്കും ഇന്നവിധമുള്ള സ്ത്രീകള്‍ക്കുമാണെന്ന് ശാസ്ത്ര പ്രസിദ്ധമാണ്. അങ്ങിനെയുള്ള പുരുഷന്മാരും സ്ത്രീകളും ഗ്രഹങ്ങളുടെ (ബാധകളുടെ) ദൃഷ്ടിയില്‍പെട്ടോ അല്ലെങ്കില്‍ ബാധകള്‍ ആ സ്ത്രീപുരുഷന്മാരുടെ ദൃഷ്ടിയില്‍പെട്ടു ഭയപ്പെട്ടോ ദൃഷ്ടിബാധയുടെ പീഡസംഭവിക്കുന്നതാണ്. 

ലഗ്നാദിഭാവങ്ങളുടെ തന്നെ സംജ്ഞാന്തരങ്ങളെയാണ് ഇനി പറയുന്നത്

കല്യസ്വവിക്രമഗൃഹപ്രതിഭാക്ഷതാനി
ചിത്തോത്ഥരന്ധ്രഗുരുമാനഭവവ്യയാനി
ലഗ്നാച്ചതുര്‍ത്ഥനിധനേ ചതുരശ്രസംജ്ഞേ
ദ്യൂനഞ്ച സപ്തമഗൃഹം ദശമര്‍ക്ഷമാജ്ഞാഃ

സാരം :-

ലഗ്നഭാവം കൊണ്ട് രോഗമില്ലായ്മ (അതിന്‍റെ അനുഭോക്താവായ ആത്മാവിനെ എന്ന് താല്പര്യം) ദേഹസൗഷ്ഠവം ഇതുകളേയും, രണ്ടാം ഭാവംകൊണ്ട് തനിയ്ക്ക് ഉപജീവനത്തിന്നുള്ള ധനം പൂര്‍വ്വാര്‍ജ്ജിതധനം ഇതുകളേയും, മൂന്നാം ഭാവം കൊണ്ട് പരാക്രമത്തേയും, നാലാം ഭാവം കൊണ്ട്  തനിയ്ക്ക് താമസിക്കേണ്ട ഗൃഹത്തേയും, അഞ്ചാം ഭാവം കൊണ്ട് ബുദ്ധിയുടെ ഉന്മേഷത്തേയും, ആറാം ഭാവം കൊണ്ട് വ്രണത്തേയും, ഏഴാം ഭാവം കൊണ്ട് കാമവികാരത്തേയും, എട്ടാം ഭാവം കൊണ്ട് ആപത്തിനേയും, ഒമ്പതാം ഭാവം കൊണ്ട് പിതാവ്, ഗുരുനാഥന്‍ എന്നിവരേയും, പത്താം ഭാവം കൊണ്ട് അഭിമാനത്തേയും, പതിനൊന്നാം ഭാവം കൊണ്ട് ലാഭത്തേയും (വരുമാനത്തേയും) പന്ത്രണ്ടാം ഭാവം കൊണ്ട് ധനനാശത്തേയുമാണ് വിചാരിക്കേണ്ടത്.

ഇതിനുപുറമേ ജാതകം പ്രശ്നം മുതലായ വിഷയങ്ങളില്‍ എന്തൊക്കെയാണോ വിചാരിക്കേണ്ടിവരുന്നത് അത് മുഴുവനും ലഗ്നാദി ദ്വാദശഭാവങ്ങളെകൊണ്ടുതന്നെ വിചാരിക്കണം. അധിപന്‍റെയോ അധിപബന്ധുക്കളുടേയോ ഗുരുബുധശുക്രന്മാരുടേയോ യോഗദൃഷ്ടി ഷഡ്വര്‍ഗ്ഗാദിബന്ധങ്ങളും, അധിപന് ബലവും ഏതേതുഭാവങ്ങള്‍ക്കാണോ ഉള്ളത് ആ ഭാവങ്ങള്‍ക്ക് അഭിവൃദ്ധിയും, ഭാവത്തിനും ഭാവാധിപനും ബലഹീനതയും, അധിപശത്രുക്കളുടേയോ പാപന്മാരുടേയോ ഷഷ്ഠാഷ്ടമദ്വാദശാധിപന്മാരുടേയോ (6, 8, 12 എന്നീ ഭാവങ്ങളുടെ അധിപന്മാരുടേയോ ) ദൃഷ്ടി മുതലായ ബന്ധവുമുള്ള ഭാവങ്ങള്‍ക്ക് നാശവും പറയണം. 

ഏത് ഭാവമാണോ വിചാരിക്കുന്നത് ആ ഭാവത്തിനും ഭാവാധിപനും, ആ ഭാവഫലത്തിന്‍റെ കാരകനും  ബലമുണ്ടെങ്കില്‍ ആ ഭാവഫലം ഉണ്ടാകുമെന്നും, അവര്‍ ഇഷ്ടസ്ഥന്മാരായാല്‍ ഫലങ്ങളെ അനുഭവിയ്ക്കുമെന്നും വിചാരിയ്ക്കണം. ഈ പറഞ്ഞതുകൊണ്ട് ബലം നിമിത്തം ഫലം ഉണ്ടാവുകയും, ഇഷ്ടസ്ഥിതികൊണ്ട് അനുഭവിയ്ക്കയുമാണെന്ന് സ്പഷ്ടമായല്ലോ. ഇങ്ങനെ യുക്തിക്കനുസരണമായി എല്ലാ ഭാവങ്ങളേയും വിചാരിക്കേണ്ടതുമാണ്. 

ഷഷ്ഠാഷ്ടമദ്വാദശാധിപന്മാര്‍ക്ക് ബലമുണ്ടായാല്‍ ഫലം വിപരീതവുമാണ്. ഷഷ്ഠാധിപന് (ആറാം ഭാവാധിപന്) ബലമോ ഷഷ്ഠത്തിലേയ്ക്ക് (ആറാം ഭാവത്തിലേയ്ക്ക്) ശുഭയോഗദൃഷ്ടികളോഉണ്ടായാല്‍ ശത്രുജയം, ശത്രുനാശം മുതലായതുകളും രോഗമില്ലായ്മയും, അഷ്ടമത്തിലേയ്ക്ക് (എട്ടാം ഭാവത്തിലേയ്ക്ക്) ശുഭയോഗദൃഷ്ട്യാദികളും അധിപന് ബലവുമുണ്ടായാല്‍ ദീര്‍ഘായുസ്സ്, ആപല്‍ക്ഷയം ഇത്യാദികളും, വ്യയസ്ഥാനത്തിന് (പന്ത്രണ്ടാം ഭാവത്തിന്)  മേല്‍പറഞ്ഞവയുണ്ടെങ്കില്‍ നല്ല കാര്യങ്ങളില്‍ വ്യയം ചെയ്യുവാന്‍ ഇടവരികയും, പാപം നശിയ്ക്കയും മറ്റും ചെയ്യുമെന്ന് വിചാരിക്കണം.

ഏതൊരു ഗ്രഹത്തെക്കൊണ്ടാണോ ഭാവങ്ങളുടെ പുഷ്ടി, നാശം മുതലായ ഫലങ്ങളെ വിചാരിക്കുന്നത് അതിന്‍റെ ദശാപഹാരച്ഛിദ്രചാരാദികാലങ്ങളിലും, ആ ഗ്രഹത്തിന്‍റെ നക്ഷത്രം, ആഴ്ച, ഋതു, മൌഡ്യാരംഭാവസാനാദികാലങ്ങള്‍ ഈ അവസരത്തിലുമാണ് അതാതു ഭാവഫലമുണ്ടാവുന്നതും. ഷഷ്ഠാഷ്ടമദ്വാദശാധിപന്മാര്‍ നില്‍ക്കുന്നതും നോക്കുന്നതുമായ ഭാവങ്ങളൊക്കെയും നശിയ്ക്കുമെന്നും, ലഗ്നം, 9, 11 എന്നീ ഇഷ്ടഭാവങ്ങളുടെ അധിപന്മാര്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്യുന്ന ഭാവങ്ങള്‍ അനുഭവിയ്ക്കയും ചെയ്യുമെന്നും അറിയേണ്ടതാണ്.

ലഗ്നത്തില്‍ നിന്ന് നാലും എട്ടും ഭാവങ്ങള്‍ക്ക് " ചതുരശ്രം" എന്നും, ഏഴാം ഭാവത്തിനു " ദ്യൂനം" എന്നും, പത്താം ഭാവത്തിന് "ആജ്ഞ" എന്നും പേരുണ്ട്. ഇവിടെ ആജ്ഞാശബ്ദംകൊണ്ട് കല്പനാശക്തിയേയും സര്‍വ്വലോക ബഹുമാന്യതയേയും, പത്താം ഭാവം കൊണ്ടാണ് വിചാരിക്കേണ്ടതെന്ന് സൂചിപ്പിയ്കുന്നതുമുണ്ട്.

*************************************************************
ഇതിനു പുറമേ ഭാവങ്ങള്‍ ബാഹ്യങ്ങളെന്നും ആഭ്യന്തരങ്ങളെന്നും രണ്ടു വിധത്തിലുണ്ട്. ബാഹ്യങ്ങളെന്നാല്‍ തനിയ്ക്ക് ബാഹ്യമായി ബന്ധപ്പെട്ടവയും, ആഭ്യന്തരങ്ങളെന്നാല്‍ ആന്തരമായി ബന്ധപ്പെട്ടവയുമാകുന്നു. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. "തനു" എന്നുവെച്ചാല്‍ ദേഹമാണെന്നും, അതിന്‍റെ ഉല്പത്തി കേവലം ബാഹ്യമായ മാതാപിതാക്കന്മാരുടെ രക്തശുക്ലങ്ങളെക്കൊണ്ടാണെന്നും സ്പഷ്ടമാണല്ലോ. " കല്യസ്വ" മെന്നുവെച്ചാല്‍ നീരോഗാദ്യവസ്ഥകൊണ്ടുള്ള സ്വസ്ഥതയാണെന്നും ഇതു ആഭ്യന്തരമാണെന്നും ആ സുഖാദികളുടെ അനുഭോക്താവ് ജീവാത്മാവാണെന്നും പ്രസിദ്ധമാണ്. അങ്ങിനെതന്നെ " കുടുംബം" എന്നുവെച്ചാല്‍ ഭാര്യ മുതലായ ബാഹ്യന്മാരായ ഭരണീയജനങ്ങളും "സ്വം" എന്നാല്‍ തന്‍റെ ശരീര സന്ധാരണത്തിനുള്ള ധനവുമാണെന്നും വിചാരിച്ചാലറിയാം. ശേഷം ഭാവങ്ങളേയും ഇപ്രകാരം ഊഹിയ്ക്കേണ്ടതാണ്. ഈ കാരണം കൊണ്ടാണ് പതിനഞ്ചാം ശ്ലോകംകൊണ്ട് പറഞ്ഞ തന്വാദിഭാവങ്ങള്‍ ബാഹ്യങ്ങളാണെന്നും, പതിനാറാം ശ്ലോകംകൊണ്ട് പറഞ്ഞ കല്യാദിഭാവങ്ങള്‍ ആഭ്യന്തരങ്ങളെന്നും പറഞ്ഞത്.

ബാഹ്യാഭ്യന്തരാഭേദാദ് ദ്വിവിധാ ഭാവാഃ സമീരിതാ ഹ്യേതേ
ബാഹ്യാഃ ഖലു തന്വാദ്യാ ജ്ഞേയാഃ പുനരാന്തരാസ്തു കല്യാദ്യാഃ.

എന്ന് പ്രമാണവും കണ്ടിട്ടുണ്ട്. 

പ്രേതകോപം മൂലമുള്ള ദോഷങ്ങളും അവയുടെ പരിഹാരങ്ങളും

കോപഃ പ്രേതസ്യകുര്യാത്തനയവിഹനനഞ്ചാമയാദീനനര്‍ത്ഥാന്‍
തല്‍പ്രീത്യൈ പാര്‍വ്വണാദ്യം പിതൃഗണമനഃ സം പ്രീണനംശ്രാദ്ധകര്‍മ്മം
കുര്യാച്ച ക്ഷേത്രപിണ്ഡം തിലഹവനമപി ബ്രാഹ്മണാനാഞ്ച ഭുക്തി
പ്രീതാഃ പ്രേതാസ്ത്വമീഭിര്‍വ്വിദധതി സകലാഃസമ്പദസ്സന്തതിഞ്ച - ഇതി 

സാരം :-


പ്രേതകോപം നിമിത്തം സന്താനനാശം രോഗദുരിതം മുതലായ അനര്‍ത്ഥങ്ങള്‍ കഠിനമായി സംഭവിക്കും. അതിനാല്‍പാര്‍വ്വണശ്രാദ്ധം അഷ്ടകശ്രാദ്ധം മുതലായ ശ്രാദ്ധകര്‍മ്മം നടത്തിയും ക്ഷേത്രപിണ്ഡം ഏകാദശപിണ്ഡം മുതലായ പിണ്ഡകര്‍മ്മങ്ങള്‍ ചെയ്തും തിലഹവനം മുതലായ ഹോമങ്ങള്‍ നടത്തിയും ഉത്തമന്മാരായ ബ്രാഹ്മണര്‍ക്ക് ഭക്ഷണം ദക്ഷിണ മുതലായതുകള്‍ ചെയ്തും ആ പ്രേതങ്ങളെ പ്രീതിപ്പെടുത്തിക്കൊള്ളണം. പ്രേതങ്ങള്‍ സന്തോഷിച്ചാല്‍ എല്ലാവിധത്തിലും സമ്പത്തും സന്താനലാഭവും സംഭവിക്കും. ഇതിനാല്‍ പ്രേതപ്രീതി നിശ്ചയമായും സമ്പാദിക്കേണ്ടതാണെന്ന് കാണുന്നു. 

പ്രേതബാധാകോപമുണ്ടെന്നു കണ്ടാല്‍ തല്‍ശാന്തിക്കായി വേണ്ടതെല്ലാം പ്രവര്‍ത്തിക്കണം

പ്രേതബാധാമിതി ജ്ഞാത്വാ കാര്യാവശ്യം പ്രതിക്രിയാ
ആപന്നോ യദി തല്‍പ്രീതൗ സംപച്ചാത്രാഭിയുക്തവാക്


സാരം :-

പ്രേതബാധാകോപമുണ്ടെന്നു കണ്ടാല്‍ തല്‍ശാന്തിക്കായി വേണ്ടതെല്ലാം പ്രവര്‍ത്തിക്കണം. പക്ഷേ പ്രേതബാധയില്ലെങ്കിലും പ്രേതങ്ങളെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യാദി സമ്പത്തുണ്ടാകും.

പ്രേതങ്ങളുടെ ജാതി / പ്രേതങ്ങളുടെ എണ്ണം

പ്രേതസ്യ ജാതിജിജ്ഞാസാ ജായതേ യദി കുത്രചില്‍
മാന്ദ്യധിഷ്ഠിതരാശീശജാതിം തത്ര വിനിര്‍ദ്ദിശേല്‍

സാരം :-

ഗൃഹസംബന്ധികളല്ലാത്ത മറ്റു പ്രേതങ്ങളുടെ കോപമുണ്ടെന്നുവന്നാല്‍ ആ പ്രേതം ഏതു ജാതിയില്‍ പെട്ടതാണെന്ന് അറിയേണ്ട ആവശ്യം പക്ഷേ ചിലപ്പോള്‍ നേരിടുമല്ലോ. അങ്ങിനെ വരുമ്പോള്‍ ഗുളികന്‍ നില്‍ക്കുന്ന രാശി നാഥന്‍റെ - ജാതി " വിപ്രാദിതഃശുക്രഗുരു" എന്ന് വചനമനുസരിച്ച് ഏതാണോ ആ ജാതിയില്‍പെട്ടതാണ് പ്രേതമെന്നു പറഞ്ഞുകൊള്ളണം. ഇവിടെ ശനിവരാതെ ബാധാരൂപത്തിലുള്ള പ്രേതങ്ങള്‍ എത്രയാണെന്ന് അറിയാവുന്നതിന് "പ്രേതസംഖ്യാവിചാരേതു മാന്ദ്യംശൈഃക്വാപിതല്ലവൈ" എന്ന വചനമനുസരിച്ച് ഗുളികന്‍റെ അംശകംകൊണ്ടും പക്ഷേ ഗുളികസ്ഫുടത്തിലുള്ള ഭാഗങ്ങളെക്കൊണ്ടും വിചാരിച്ചുകൊള്ളണം. 

ലഗ്നാദിഭാവങ്ങളുടെ പേരുകളേയും ഉപചയങ്ങളേയും പറയുന്നു

ഹോരാദയസ്തനുകുടുംബ സഹോത്ഥബന്ധു-
പുത്രാരിപത്നിമരണാനി ശുഭാസ്പദായാഃ
രിഃഫാഖ്യമിത്യുപചയാന്യരികര്‍മ്മലാഭ-
ദുശ്ചിത്കസംജ്ഞിതഗൃഹാണി നനിത്യമേകേ.


സാരം :-

ജാതകപ്രശ്നാദികളില്‍ ലഗ്നംകൊണ്ട് ദേഹത്തേയും, രണ്ടാം ഭാവം കൊണ്ട് (ആഹാരാദികളെ കൊടുത്ത് സംരക്ഷിയ്ക്കപ്പെടേണ്ടവരായ) ഭരണീയജനങ്ങളേയും, മൂന്നാം ഭാവംകൊണ്ട് സഹോദരന്മാരേയും നാലാം ഭാവം കൊണ്ട് അമ്മ, അമ്മാവന്‍, മരുമകന്‍ എന്നിവരേയും, അഞ്ചാം ഭാവംകൊണ്ട് സന്താനങ്ങളേയും, ആറാം ഭാവംകൊണ്ട് ശത്രുക്കള്‍ ആഗന്തുരോഗങ്ങള്‍ ഇതുകളേയും, ഏഴാം ഭാവംകൊണ്ട് ഭാര്യയേയും എട്ടാം ഭാവംകൊണ്ട് മരണം, ദ്രവ്യനാശം, പരിഭവം, നൈസര്‍ഗ്ഗികരോഗം, ആപത്ത്, ഇത്യാദികളേയും, ഒമ്പതാം ഭാവംകൊണ്ട് (സര്‍വ്വോല്‍കര്‍ഷപൂര്‍ത്തിയേയും) ധര്‍മ്മാദികളേയും പത്താം ഭാവം കൊണ്ട് ആശ്രയത്തേയും പതിനൊന്നാം ഭാവകൊണ്ട് സര്‍വ്വാഭീഷ്ടസിദ്ധിയേയും. പന്ത്രണ്ടാം ഭാവം കൊണ്ട് ദുഷ്കൃതസ്ഥാനഭ്രംശദ്രവ്യനാശാദികളേയുമാണ്‌ വിചാരിക്കേണ്ടത്.

3-6-10-11 ഈ ഭാവങ്ങള്‍ക്ക് "ഉപചയം" എന്ന് പേരുണ്ട്. ശേഷം ഭാവങ്ങള്‍ക്ക് "അപചയം എന്ന് പറയുന്നു. ഈ ഉപചയങ്ങള്‍ക്ക് അത്ര നിത്യത്വമില്ലെന്നാണ് ചില ആചാര്യന്മാരുടെ പക്ഷം. ഉപചയങ്ങളിലേയ്ക്ക് പാപന്മാരുടേയും, അതാതു രാശ്യധിപന്‍റെ ശത്രുക്കളുടേയും, ദൃഷ്ടി ഇല്ലെങ്കില്‍ മാത്രമേ ഉപചയങ്ങള്‍ അവയുടെ ശുഭഫലത്തെ ചെയ്യുകയുള്ളുവെന്നാണ് ഇതു നിത്യമല്ലെന്ന് പറയുന്നവരുടെ പക്ഷം.

പ്രേതത്തിന്‍റെ വയസ്സ് (പ്രായം) കണ്ടുപിടിക്കുന്നത് എങ്ങനെ?

പ്രേതസ്യ ബാലതാ വാച്യാ മന്ദൌ രാശ്യാദി സംസ്ഥിതേ
രാശ്യന്തസ്ഥേ ജരന്നേവ മദ്ധ്യസ്ഥേ വയ ഊഹ്യതാം.


സാരം :-


ഗുളികന്‍ നില്‍ക്കുന്നത് രാശിയുടെ ആദ്യഭാഗത്തിലാണെങ്കില്‍ (രാശി തുടങ്ങി മൂന്നു തിയ്യതി പൂര്‍ത്തിയായിട്ടില്ലെങ്കില്‍) കോപിച്ചിരിക്കുന്നത് ബാല പ്രേതമാണെന്ന് പറയണം.

ഗുളികന്‍ നില്‍ക്കുന്നത് രാശിയുടെ അന്ത്യഭാഗത്തില്‍ നില്‍ക്കുകയാണെങ്കില്‍ പ്രേതം അതിവൃദ്ധനായി മൃതിഭവിച്ചതാണെന്നും പറയണം.

ഗുളികന്‍ നില്‍ക്കുന്നത് രാശിയുടെ മദ്ധ്യഭാഗത്ത് നില്‍ക്കുകയാണെങ്കില്‍ പ്രായത്തെ ഊഹിച്ചറിഞ്ഞുകൊള്ളണം.

ഗുളിക സ്ഫുടത്തില്‍ ഒരു തിയ്യതി ചെന്നിട്ടുണ്ടെങ്കില്‍ മൂന്നു വയസ്സ് പ്രായമുണ്ടെന്നും രണ്ടു തിയ്യതി ചെന്നിട്ടുണ്ടെങ്കില്‍ ആറ് വയസ്സ് പ്രായമുണ്ടെന്നും ഇങ്ങനെ ക്രമേണ ഗുളിക സ്ഫുടം കൊണ്ട് പ്രേതത്തിന്‍റെ പ്രായത്തെ നിശ്ചയിക്കണം. ഗുളിക സ്ഫുടത്തില്‍ ഒരു തിയ്യതി ചെന്നാല്‍ പ്രേതം നാല് വയസ്സില്‍ മൃതിഭവിച്ചതാണെന്നും രണ്ടു തിയ്യതി ചെന്നാല്‍ എട്ടു വയസ്സില്‍ മൃതി ഭവിച്ചതാണെന്നും പറയേണ്ടതാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. ഇതു ആദ്യം പറഞ്ഞത് തൊണ്ണൂറുവയസ്സ് പരമായുസ്സാക്കിയും രണ്ടാമത് പറഞ്ഞത് നൂറ്റിഇരുപത് വയസ്സ് പരമായുസ്സാക്കിയുമാണ്. ഇവിടെ ഗുരുപദേശമാര്‍ഗ്ഗത്തെത്തന്നെ അനുസരിച്ചുകൊള്ളുക. 


**************************

ചന്ദ്രാദ്യാലയതദ്യുക്‌തേ മാന്ദാവേകാദികം വയഃ
പ്രേതസ്യൈകേ സ്വബാല്യാദി വശദുഡുപതേര്‍വയഃ


സാരം :-

ഗുളികന്‍ ചന്ദ്രന്‍ മുതലായവരുടെ ക്ഷേത്രത്തില്‍ നിന്നാല്‍  ചന്ദ്രാദികളുടെ നിസര്‍ഗ്ഗദശാവത്സരങ്ങളെക്കൊണ്ട് പ്രായത്തെ നിശ്ചയിക്കണം. നിസര്‍ഗ്ഗദശയില്‍ "ഏകം ദ്വൌ നവവിംശതി" എന്ന വചനപ്രകാരം ചന്ദ്രന് ഒരു വയസ്സും ചൊവ്വയ്ക്ക്‌ രണ്ടുവയസ്സും ബുധന് ഒന്‍പത് വയസ്സും ശുക്രന് ഇരുപത് വയസ്സും. വ്യാഴത്തിനു പതിനെട്ട് വയസ്സും ആദിത്യന് ഇരുപത് വയസ്സും ശനിക്കു അന്‍പത് വയസ്സുമാണ് പറഞ്ഞിട്ടുള്ളത്. ഉച്ചം വക്രം മുതലായവയെക്കൊണ്ട് ഈ സംഖ്യയെ യഥാക്രമം വര്‍ദ്ധിപ്പിക്കുകയും നീചസ്ഥിതി മുതലായവയെക്കൊണ്ട് അപ്രകാരം കുറയ്ക്കുകയും ചെയ്യാം. ചന്ദ്രന്‍റെ ബാല്യവാര്‍ദ്ധക്യാവസ്ഥയെ അനുസരിച്ചാണ് പ്രേതത്തിന്‍റെ പ്രായം മുന്‍പേ വയസ്സിനെ ഊഹിച്ച വിധം ഊഹിച്ചുകൊള്ളണം. 

സഹോദരന്‍, അമ്മ, അമ്മാവന്‍ മുതലായ പ്രേതങ്ങള്‍, ഗൃഹസംബന്ധിയായ പ്രേതങ്ങള്‍, അന്യപ്രേതങ്ങള്‍ / മരണം സംഭവിച്ച സമയം

മന്ദേ ഭ്രാത്രാദിഭാവസ്ഥിതി തദധിപതല്‍ കാരകേക്ഷാന്വയാദ്യൈഃ
പ്രേതാസ്സ്യുഃ സോദരാദ്യാഃ സ്ഥിരഭവനഗതേ മന്ദജേ പ്രേത ഏഷഃ
മൃത്യുഃ പ്രാപ്തസ്ത്വിദനീം യദി സ ചരഗതഃ പ്രാക്തനസ്സോഥ മാന്ദൗ
വേശ്മസ്ഥേ തല്‍പതീക്ഷാന്വയവതി
ഗൃഹസംബന്ധവാന്‍ നാന്യഥാ ചേല്‍.

സാരം :-

ഗുളികന്‍ മൂന്നാംഭാവത്തില്‍ നില്‍ക്കുകയോ മൂന്നാം ഭാവാധിപന്‍റെയോ ചൊവ്വയുടെയോ യോഗമോ ദൃഷ്ടിയോ വരികയോ ചെയ്‌താല്‍ പ്രേതം സഹോദരനാണെന്നും അറിയണം. ഇതുപോലെ ഗുളികന്‍ നാലാം ഭാവത്തില്‍ വരികയും നാലാംഭാവാധിപന്‍റെയോ മാതൃ കാരകന്മാരുടെയോ യോഗദൃഷ്ടികല്‍ വരികയും ചെയ്‌താല്‍ പ്രേതം അമ്മ അമ്മാവന്‍ മുതലായവരാണെന്നും ഇങ്ങിനെ തന്നെ ക്രമേണ മറ്റു ഭാവങ്ങളെക്കൊണ്ടും പറയണം. 

ഗുളികന്‍ നില്‍ക്കുന്നതും സ്ഥിരരാശിയിലാണെങ്കില്‍ അടുത്തകാലത്ത് മൃതി ഭവിച്ചതാണെന്നും ചരരാശിയിലാണെങ്കില്‍ മൃതിഭവിചിട്ടധികകാലമായെന്നും പറയണം. ഉഭയരാശികൊണ്ട് മദ്ധ്യകാലത്തെ ഊഹിക്കാമല്ലോ. 

ഗുളികന് നാലാംഭാവസ്ഥിതി നാലാം ഭാവാധിപന്‍റെ യോഗദൃഷ്ട്യാദികള്‍ ഇവയുണ്ടായാല്‍ പ്രേതങ്ങള്‍ ഗൃഹസംബന്ധികളായവരുടെ മരണം നിമിത്തമുള്ളതാണെന്നും നാലാംഭാവാധിപാന്‍റെ യോഗദൃഷ്ട്യാദി സംബന്ധങ്ങളൊന്നുമില്ലെങ്കില്‍ അന്യപ്രേതത്തിന്‍റെ ബാധയാണെന്നും പറയണം.

വര്‍ഗ്ഗോത്തമനവാംശകം, മൂലത്രികോണരാശികള്‍

വര്‍ഗ്ഗോത്തമാശ്ചരഗൃഹാദിഷു പൂര്‍വ്വമധ്യ-
പര്യന്തതഃ സുശുഭദാ നവഭാഗസംജ്ഞാഃ
സിംഹോ വൃഷഃ പ്രഥമഷഷ്ഠഹയാംഗതൗലി-
കുംഭാസ്ത്രികോണഭവനാനി ഭവന്തി സൂര്യാത്.

സാരം :-

ചരരാശികളില്‍ ആദ്യത്തേയും, സ്ഥിരരാശികളില്‍ അഞ്ചാമത്തേയും, ഉഭയരാശികളില്‍ ഒമ്പതാമത്തേയും നവാംശകങ്ങള്‍ക്ക് "വര്‍ഗ്ഗോത്തമനവാംശകങ്ങള്‍" എന്ന് പേരുണ്ട്. ഈ വര്‍ഗ്ഗോത്തമങ്ങള്‍ ശുഭഫലപ്രദങ്ങളുമാകുന്നു. "ശുഭം വര്‍ഗ്ഗോത്തമേ ജന്മ" എന്നുണ്ട്. ലഗ്നാദിഭാവങ്ങളോ സൂര്യാദിഗ്രഹങ്ങളോ വര്‍ഗ്ഗോത്തമത്തില്‍ നിന്നാല്‍ അതിന് ബലം അധികമുണ്ടെന്ന് പറയണം.

1) ചിങ്ങം, 2) ഇടവം 3) മേടം, 4) കന്നി, 5). ധനു, 6) തുലാം, 7) കുംഭം എന്നീ രാശികള്‍ സൂര്യന്‍ മുതല്‍ക്കുള്ള ഏഴു ഗ്രഹങ്ങളുടേയും മൂലത്രികോണങ്ങളാകുന്നു.

സൂര്യന് ചിങ്ങത്തില്‍ ആദ്യം മുതല്‍ 20 തിയ്യതികള്‍ കഴിയുന്നതുവരെ മൂലത്രികോണവും, ശേഷം ഭാഗം സ്വക്ഷേത്രവുമാണ്.

മൂലത്രികോണത്തില്‍ മുക്കാല്‍ബലവും സ്വക്ഷേത്രത്തില്‍ അരബലവുമാണ് ഗ്രഹങ്ങള്‍ക്കുള്ളതെന്നും അറിയുക.

ചന്ദ്രന് ഇടവത്തില്‍ മൂന്നു തിയ്യതികള്‍ കഴിയുന്നതുവരെ ഉച്ചവും, ശേഷം മൂലത്രികോണവുമാണ്. 

ചൊവ്വയ്ക്ക്‌ മേടത്തില്‍ 12 തിയ്യതികള്‍ കഴിയുന്നതുവരെ മൂലത്രികോണവും, ശേഷം സ്വക്ഷേത്രവുമാണ്

ബുധന് കന്നിയില്‍ ആദ്യം മുതല്‍ 15 തിയ്യതികള്‍ കഴിയുന്നതുവരെ ഉച്ചവും, 16 മുതല്‍ 20 കൂടിയ അഞ്ചു തിയ്യതികള്‍ മൂലത്രികോണവും, ഒടുവിലത്തെ 10 തിയ്യതികള്‍ സ്വക്ഷേത്രവുമാണ്.

ശുക്രന് തുലാത്തില്‍ അഞ്ചുതിയ്യതികള്‍ മൂലത്രികോണങ്ങളും ബാക്കി സ്വക്ഷേത്രവുമാണ്.

ശനിക്കു കുംഭത്തില്‍ ആദ്യം മുതല്‍ 20 തിയ്യതികള്‍ മൂലത്രികോണങ്ങളും, ശേഷം സ്വക്ഷേത്രവുമാകുന്നു. 

പാമ്പ് കടിച്ച് , ജലത്തില്‍ വീണ് മരണം / പ്രേതം സ്ത്രീയോ പുരുഷനോ

പ്രാപ്തോ മൃത്യുമസൌ ഭുജംഗദശനാദ്യുക്തേക്ഷിതേ രാഹുണാ 
നദ്യാദൌ പതനേന തോയഭവനേ മാന്ദൌ സപാപാന്വിതേ
സംബന്ധേ ഗുളികസ്യ ചൈവമസതാം പ്രേതാസ്തു ദുര്‍മൃത്യവോ
വിജ്ഞേയാ ഗുളികാംശരാശിവശതോ വാച്യാ ച പുംസ്ത്രീഭിദാ


സാരം :-


ഗുളികന്‍ ബാധാരാശിയിലോ അനിഷ്ടഭാവങ്ങളിലോ രാഹുവിന്‍റെ യോഗദൃഷ്ടികളോടുകൂടി നിന്നാല്‍ പ്രേതം പാമ്പ് കടിച്ചു മരിച്ചതാണെന്ന് പറയണം.

ഗുളികന്‍ പാപനോടുകൂടി അനിഷ്ടരാശിയിലോ ബാധയിലോ നില്‍ക്കുകയും അത് ജലരാശിയായിരിക്കുകയും ചെയ്‌താല്‍ നദി പുഴ മുതലായ ജലാശയത്തില്‍ വീണ് മരിച്ചതാണെന്ന് പറയണം. ഇപ്രകാരം ഗുളികന് പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടായാല്‍ സാമാന്യേന പ്രേതങ്ങള്‍ ദുര്‍മൃതിപ്പെട്ടവയാണെന്നും പറയണം. ഗുളികന്‍റെ സ്ഥിതിയും അംശകവും ഓജരാശിയിലാണെങ്കില്‍ പുരുഷ പ്രേതമാണെന്നും യുഗ്മരാശിയിലാണെങ്കില്‍ സ്ത്രീപ്രേതമാണെന്നും പറയണം. അംശകസ്ഥിതികള്‍ ഓജയുഗ്മങ്ങളിലായി വന്നാല്‍ ബലമനുസരിച്ചു സ്ത്രീപുരുഷ വിഭാഗം ചെയ്തുകൊള്ളണം. ബലം മിക്കവാറും സമാനമാണെങ്കില്‍ സ്ത്രീ പ്രേതത്തേയും പുരുഷപ്രേതത്തെയും പറയണം. 

പ്രേതകോപം, കോപിച്ചിരിക്കുന്ന പ്രേതം അഗ്നി നിമിത്തമോ ആയുധംകൊണ്ടോ ജ്വരവ്രണാദികളായ രോഗങ്ങളെകൊണ്ടോ വിരഹം ഹേതുവായിട്ടു വളരെ ദുഃഖത്തോടോ മരണം സംഭവിച്ചതാണെന്ന് പറയണം.

ബാധാ പ്രേതോത്ഭവാ സ്യാല്‍ സ്ഥിതവതി ഗുളികേ
ബാധകേƒനിഷ്ടഭേ വാ
തത്രാരര്‍ക്ഷാംശസംസ്ഥോ യദികുജസഹിതോ
മാന്ദിരാരേക്ഷിതോ വാ
പ്രേതഃസ്യാദഗ്നിശസ്ത്രപ്രഭൃതികൃതമൃതി-
ര്‍മ്മന്ദസംബന്ധ ഏവം
മാന്ദേശ്ചേല്‍ പ്രേത ഏഷ സ്വവിരഹിതതയാ
ദുഃഖിതസ്സന്‍ പരേതഃ


സാരം :-

ഗുളികന്‍ ബാധാരാശിയിലോ അനിഷ്ടഭാവങ്ങളിലോ നിന്നാല്‍ പ്രേതകോപമുണ്ടെന്നു പറയണം. ഈ ഗുളികന്‍ ചൊവ്വയോടുകൂടുകയോ ചൊവ്വയുടെ ദൃഷ്ടിയില്‍ നില്‍ക്കുകയോ ചെയ്‌താല്‍ കോപിച്ചിരിക്കുന്ന പ്രേതം അഗ്നി നിമിത്തമോ ആയുധംകൊണ്ടോ ചൊവ്വയുടെ കാരകത്വമനുസരിച്ച് ജ്വരവ്രണാദികളായ രോഗങ്ങളെകൊണ്ടോ മൃതി സംഭവിച്ചതാണെന്ന് പറയണം. ഈ ഗുളികന്‍ ശനിയുടെ ക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ഗുളികന് ശനിയുടെ യോഗദൃഷ്ടി വരികയോ ചെയ്‌താല്‍ സ്വജനങ്ങളുടെ വിരഹം ഹേതുവായിട്ടു വളരെ ദുഃഖത്തോടുകൂടി മരിച്ചിരിക്കുന്നു എന്ന് പറയണം. 

പ്രേതം എന്താണ്?

അബ്ദദീക്ഷാദിലോപേന പ്രേതാ യാതാഃ പിശാചതാം
സ്വജനാല്‍ ബാധമാനാസ്തേ ചരന്തീതി ഖലു സ്മൃതിഃ


സാരം :-

ഒരാള്‍ മരിച്ചാല്‍ ദശാഹഃശ്രാദ്ധം മുതലായ ശ്രാദ്ധകര്‍മ്മങ്ങളും മറ്റും അനുഷ്ഠിക്കാതെ പോയാല്‍ അവന്‍റെ ആത്മാവിനു ഗതിവരാതെ പൈശാചികനിലയില്‍ കിടക്കാനിടവരും. ആ പ്രേതങ്ങളുടെ പൈശാചികത്വം നിമിത്തം സ്വജനങ്ങളെതന്നെയും ഉപദ്രവിച്ചുകൊണ്ടിരിക്കും. 

ഗ്രഹങ്ങളുടെ ഉച്ചനീചാദികളെ പറയുന്നു

അജവൃഷഭമൃഗാംഗനാകുളീരാ
ഝഷവണിജൗ ച ദിവാകരാദിതുംഗാഃ
ദശശിഖിമനുയുക്തിഥീന്ദ്രിയാംശൈ-
സ്ത്രിനവകവിംശതിഭിശ്ച തേƒസ്തനീചാഃ

സാരം :-

മേടം രാശി സൂര്യന് ഉച്ചവും, അതില്‍ തന്നെ പത്താമത്തെ തിയ്യതി അത്യുച്ചഭാഗവും തുലാം നീചവും, അതില്‍ പത്താമത്തെ തിയ്യതി അതിനീചവുമാകുന്നു.ഇങ്ങിനെ തന്നെ ഇടവം ചന്ദ്രന് ഉച്ചവും അതില്‍ മൂന്നാമത്തെ തിയ്യതി അത്യുച്ചവും, കുജന് മകരം ഉച്ചവും, അതില്‍ ഇരുപത്തിയെട്ടാമത്തെ (28 മത്തെ)  തിയ്യതി അത്യുച്ചവും, ബുധന് കന്നി ഉച്ചവും, അതില്‍ പതിനഞ്ചാമത്തെ (15 മത്തെ) തിയ്യതി അത്യുച്ചവും, കര്‍ക്കിടകം വ്യാഴത്തിനു ഉച്ചവും അതില്‍ അഞ്ചാമത്തെ തിയ്യതി അത്യുച്ചവും, ശുക്രന് മീനം ഉച്ചവും അതില്‍ ഇരുപത്തിയെഴാമത്തെ (27 മത്തെ) തിയ്യതി അത്യുച്ചവും, ശനിക്കു തുലാം ഉച്ചവും അതില്‍ ഇരുപതാമത്തെ (20 മത്തെ) തിയ്യതി അത്യുച്ചവുമാകുന്നു. അതാതു ഗ്രഹങ്ങള്‍ക്ക്‌ അവരവരുടെ ഉച്ചരാശിയുടെ ഏഴാം രാശി നീചവും, ആ നീചത്തില്‍ അത്യുച്ചമായി പറഞ്ഞ തിയ്യതികള്‍ അതിനീചങ്ങളുമാകുന്നു. 

അച്ഛന്‍, അമ്മ, അമ്മാവന്‍ മുതലായ ഗുരുജനങ്ങള്‍ക്ക് തന്‍റെമേല്‍ സന്തോഷമില്ലെന്ന് പറയണം.

ഷഷ്ഠേശോ നവമേ രിപൗ നവമപഃ സ്യാച്ചേല്‍പിതുര്‍വാ ഗുരോഃ
പൂര്‍വേഷാമഥവാത്മനഃ സ്വവിഷയം വിജ്ഞേയമപ്രീണനം
സൂര്യേ ഷഷ്ഠഗതേ തദീശസഹിതേ വാ വാച്യമേതല്‍ പിതു-
ശ്ചന്ദ്രേണാപി ചതുര്‍ത്ഥഷഷ്ഠപതിതശ്ചൈവം ജനന്യാ വദേല്‍

സാരം :-

ആറാം ഭാവനാഥന്‍ ഒന്‍പതാം ഭാവത്തിലും ഒന്‍പതാംഭാവാധിപന്‍ ആറാം ഭാവത്തിലും വന്നാല്‍ അച്ഛന്‍, അമ്മാവന്‍ മുതലായ ഗുരുജനങ്ങള്‍ക്ക് തന്‍റെമേല്‍ സന്തോഷമില്ലെന്നും പറയണം.

ആറാം ഭാവത്തില്‍ ആദിത്യന്‍റെ സ്ഥിതി വരികയോ ആറാംഭാവാധിപനോട് ആദിത്യന്‍റെ യോഗം വരികയോ ചെയ്‌താല്‍ പിതാവിന് തന്‍റെമേല്‍ അപ്രീതിയാണുള്ളതെന്നു പറയണം.

ചന്ദ്രന്‍ ആറാം ഭാവത്തില്‍ നില്‍ക്കുകയോ ആറാംഭാവാധിപനോട് കൂടുകയോ ചെയ്‌താല്‍ അമ്മയ്ക്ക് തന്‍റെമേല്‍ പ്രീതിയില്ലെന്നു പറയണം.

ഷഷ്ഠാധിപന്‍ നാലിലും നാലാംഭാവാധിപന്‍ ആറിലും വന്നാലും മാതാവിന് തന്‍റെമേല്‍ സന്തോഷമില്ലെന്നു പറയണം. 

ഹോരാധിപന്‍, ദ്രേക്കാണാധിപന്‍

കേചിത്തു ഹോരാം പ്രഥമാം ഭപസ്യ
വാഞ്ചന്തിലാഭാധിപതേര്‍ ദ്വിതീയാം
ദ്രേക്കാണ സംജ്ഞാമപിവര്‍ണ്ണയന്തി
സ്വദ്വാദശൈകാദശരാശിപാനാം


സാരം :-

ഏതു രാശിയിലേയും ആദ്യഹോരാധിപന്‍ അതാതു രാശ്യധിപനും, രണ്ടാം ഹോരാധിപന്‍ അതിന്‍റെ പതിനൊന്നാം രാശ്യധിപനുമാണെന്നാണ് ചില ആചാര്യന്മാരുടെ അഭിപ്രായം. ഇവിടെ രണ്ടു വിധം ഹോരാധിപത്യത്തെ പറഞ്ഞതില്‍ "മാര്‍ത്താണ്ഡേന്ദ്വോരയുജി" എന്നതുകൊണ്ട്‌ പറഞ്ഞത് ജാതകത്തിലും, ഈ ശ്ലോകംകൊണ്ട് പറഞ്ഞത് പ്രശ്നത്തിലുമാണ് വിചാരിക്കേണ്ടതെന്നും ഒരു പക്ഷമുണ്ട്.

"ആദ്യാ തു ജാതകേ പ്രോക്താ, ദ്വിതീയാ പ്രശ്നകര്‍മ്മണി"

എന്ന് വചനവും കണ്ടിട്ടുണ്ട്. രണ്ടാംപക്ഷം പറയുന്നേടത്ത് "കേചില്‍തു" എന്ന് കാണിച്ചതിനാല്‍ എല്ലാടവും ആദ്യത്തെ വിധിതന്നെയാണ് വേണ്ടതെന്നാണ് ആചാര്യമതമെന്നും വിചാരിക്കാം.

അപ്രകാരം തന്നെ ആദ്യത്തെ ദ്രേക്കാണാധിപന്‍ അതാതു രാശ്യധിപനും, രണ്ടാം ദ്രേക്കാണാധിപന്‍ അതിന്‍റെ പന്ത്രണ്ടാം രാശ്യധിപനും, മൂന്നാം ദ്രേക്കാണാധിപന്‍ പതിനൊന്നാം രാശ്യധിപനുമാണെന്നുമാണ് ചില അചാര്യമാരുടെ അഭിപ്രായം. മുമ്പ് രണ്ടുവിധം പറഞ്ഞതിന്നും പുറമേ മറ്റൊരു വിധത്തില്‍ കൂടി ദ്രേക്കാണാധിപത്യമുണ്ട്. എങ്ങിനെയെന്നാല്‍ ഓരോ രാശികളുടെയും ത്രികോണങ്ങളില്‍ ആദ്യ ദ്രേക്കാണാധിപന്‍ ചരരാശിയുടെ അധിപനും, രണ്ടാം ദ്രേക്കാണാധിപന്‍ സ്ഥിരരാശ്യധിപനും, മൂന്നാം ദ്രേക്കാണാധിപന്‍ ആ ത്രികോണങ്ങളിലെ ഉഭയരാശ്യധിപനുമാകുന്നു. 

ദേവശാപമോ, ബ്രാഹ്മണശാപമോ, അച്ഛന്‍, അപ്പൂപ്പന്‍ മുതലായ തന്‍റെ പൂര്‍വ്വന്മാരുടേയോ ഗുരുനാഥന്മാരുടേയോ ശാപമോ

പാപശ്ചേദ്ബാധകസ്ഥഃ സുരഗുരുസഹിതഃ തത്ഗ്രഹേവാദ്വിജാനാം
ദേവാനാം വാസ്തി ശാപോ യദി രവിഭവനേ തദ്യുതോ വാത്ര പാപഃ
പൂര്‍വ്വേഷാം വാ ഗുരുണാം യദി സധരണിജസ്തര്‍ഹിശാപോമഹാന്‍ സ്യാല്‍
പ്രീതിം ദേവദ്വിജാനാം സ്വഗുരുജനമനഃപ്രീണനഞ്ചാത്ര കുര്യാല്‍.

സാരം :-

ഏതോ ഒരു പാപന്‍ വ്യാഴത്തോടുകൂടി നില്‍ക്കുകയോ അല്ലെങ്കില്‍ ബാധാരാശിയായ വ്യാഴത്തിന്‍റെ ക്ഷേത്രത്തില്‍ നില്‍ക്കുകയോ ചെയ്‌താല്‍ ദേവശാപമോ ബ്രാഹ്മണശാപമോ സംഭവിച്ചിട്ടുണ്ടെന്ന് പറയണം.

ഏതോ ഒരു പാപന്‍ ആദിത്യനോടുകൂടി നില്‍ക്കുകയോ ബാധകസ്ഥാനമായ ചിങ്ങം രാശിയില്‍ നില്‍ക്കുകയോ ചെയ്‌താല്‍ അച്ഛന്‍, അപ്പൂപ്പന്‍ മുതലായ തന്‍റെ പൂര്‍വ്വന്മാരുടേയോ ഗുരുനാഥന്മാരുടേയോ ശാപമുണ്ടായിട്ടുണ്ടെന്നു പറയണം. ഈ ശാപത്തെ സൂചിപ്പിച്ച പാപഗ്രഹം ചൊവ്വയാണെങ്കില്‍ ശാപത്തിന് വളരെ ശക്തിയുണ്ടെന്ന് പറയണം.

ദേവന്മാരുടേയും ബ്രാഹ്മണരുടേയും ശാപമുണ്ടെന്നുകണ്ടാല്‍ നിവേദ്യാദികളെക്കൊണ്ടും മൃഷ്ടാന്നദാനാദികളെക്കൊണ്ടും സന്തോഷിപ്പിക്കുകയും പിതൃക്കളുടെയും ഗുരുക്കന്മാരുടെയും ശാപമുണ്ടെന്നു കണ്ടാല്‍ അവരുടെ ഇഷ്ടമനുസരിച്ച് വേണ്ടതെല്ലാം ചെയ്തു അവരുടെ മനഃപ്രസാദം സമ്പാദിക്കണമെന്നും പറയണം. 

ക്രൂരത്വം, സൌമ്യത്വം, ചാരം, സ്ഥിരം, ഉഭയം, രാശികളുടെ ദിക്ക്, ഹോര, ദ്രേക്കാണം, ഓജം, യുഗ്മം

ക്രൂരഃ സൌമ്യഃ പുരുഷവനിതേ, തേ ചരാഗദ്വിദേഹാഃ,
പ്രാഗാദീശാഃ ക്രിയവൃഷനൃയുക്കര്‍ക്കടാഃ സത്രികോണാഃ
മാര്‍ത്താണ്ഡേന്ദ്വോരയുജി, സമഭേ ചന്ദ്രഭാന്വോശ്ച ഹോരേ
ദ്രേക്കാണാഃ സ്യുഃ സ്വഭവനസുതത്രിതൃകോണാധിപാനാം.

സാരം :-

മേടം, മിഥുനം മുതലായ ഓജരാശികളൊക്കെയും ക്രൂരസ്വഭാവങ്ങളും, പുരുഷരാശികളുമാകുന്നു.

ഇടവം, കര്‍ക്കിടകം തുടങ്ങിയ യുഗ്മരാശികള്‍ മുഴുവനും സൌമ്യസ്വഭാവങ്ങളും സ്ത്രീരാശികളുമാണ്.

ഓജരാശികളെക്കൊണ്ട് വിചാരിക്കുന്നവ സകലവും ക്രൂരസ്വഭാവമായിരിക്കും. യുഗ്മരാശികൊണ്ട് വിചാരിക്കുന്നവ സൌമ്യസ്വഭാവവുമായിരിക്കും. പ്രശ്നാദികളില്‍ ചിന്തിക്കുന്നത് വല്ല സത്വത്തേയാണെങ്കില്‍ അതും, പദാര്‍ത്ഥത്തെയാണെങ്കില്‍ അതും അതിക്രൂരമായിരിക്കും. ജാതകത്തില്‍ ഉദയലഗ്നം ചന്ദ്രന്‍ നില്‍ക്കുന്ന രാശി ഇതുകള്‍ ഓജങ്ങളായാല്‍ ആ ശിശു വളരെ ക്രൂരനായിരിക്കും. യുഗ്മരാശികള്‍ക്ക് ഫലം വിപരീതവുമായിരിക്കും. "ക്രൂരഃ സ്യുഃ ക്രൂരഭഞ്ചേല്‍" എന്ന് പ്രമാണവുമുണ്ട്. അപ്രകാരം തന്നെ ഓജരാശികളെക്കൊണ്ട് വിചാരിക്കുന്ന മനുഷ്യാദി സത്വങ്ങളൊക്കെയും പുരുഷനല്ലെങ്കില്‍കൂടി പുരുഷപ്രകൃതിയും, യുഗ്മംകൊണ്ട് വിചാരിക്കുന്നത് മുഴുവനും സ്ത്രീപ്രകൃതിയും ചപല്യാദികളായ സ്ത്രീപ്രകൃതികളോട്കൂടിയുമിരിയ്ക്കുന്നതാണ്. ഗര്‍ഭപ്രശ്നം ചോരപ്രശ്നം ചിന്താപ്രശ്നം മുതലായവയില്‍ ഓജരാശികളെക്കൊണ്ട് പുരുഷനേയും, യുഗ്മരാശികളെക്കൊണ്ട് സ്ത്രീയേയും ആണ് വിചാരിക്കേണ്ടത്.

മേടം, കര്‍ക്കിടകം, തുലാം, മകരം എന്നീ രാശികള്‍ ചരരാശികളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികള്‍ സ്ഥിരരാശികളും, മിഥുനം, കന്നി, ധനു, മീനങ്ങള്‍ ഉഭയരാശികളും (ചരത്തിന്‍റെയും സ്ഥിരത്തിന്‍റെയും സ്വഭാവമുള്ളതും) ആകുന്നു. യാത്രാദി ചരകാര്യങ്ങളില്‍ ചരരാശി നല്ലതാണ്. സ്ഥിരരാശികളക്കൊണ്ട് ചരത്തിന് പറഞ്ഞതിന്‍റെ വിപരീതവും, ഉഭയരാശികളെക്കൊണ്ട് ഫലം മിശ്രവുമായി വിചാരിക്കണം. ഉഭയരാശികള്‍ക്ക് ചരത്തോട് അടുത്ത പകുതിഭാഗം ചരപ്രകൃതിയായും, സ്ഥിരത്തോടടുത്ത പകുതിഭാഗം സ്ഥിരപ്രകൃതിയായുമാണ് വിചാരിക്കേണ്ടതെന്നു ഒരു പക്ഷമുണ്ട്. രോഗപ്രശ്നത്തിങ്കല്‍ ലഗ്നാരൂഢങ്ങള്‍ ചരങ്ങളായാല്‍ രോഗം മാറുമെന്നും, സ്ഥിരങ്ങളായാല്‍ വളരെത്താമസിച്ചു പണിപ്പെട്ടേ മാറുകയുള്ളൂവെന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയാവുന്നതാണ്.

മേടം, ചിങ്ങം, ധനു എന്നീ രാശികള്‍ കിഴക്ക് ദിക്കിലും, ഇടവം, കന്നി, മകരം എന്നീ രാശികള്‍ തെക്ക് ദിക്കിലും, മിഥുനം, തുലാം, കുംഭം എന്നീ രാശികള്‍ പടിഞ്ഞാറും, കര്‍ക്കിടകം, വൃശ്ചികം, മീനം രാശികള്‍ വടക്കും സ്ഥിതി ചെയ്യുന്നവയാണ്.

കിഴക്ക് ദിക്കിനെ മൂന്നു ഭാഗമാക്കിയാല്‍ വടക്ക് ഭാഗത്ത് മേടവും നടുവില്‍ ചിങ്ങവും തെക്ക് ഭാഗത്ത് ധനുവുമായി വിചാരിക്കണമെന്നും പക്ഷാന്തരമുണ്ട്. തെക്ക് മുതലായ ദിക്കുകള്‍ക്കും പക്ഷാന്തരത്തെ ഇപ്രകാരം കണ്ടുകൊള്‍ക. രാശികളെക്കൊണ്ട് മാത്രം ദിക്കുകളെ വിചാരിക്കുന്ന എല്ലാ സന്ദര്‍ഭത്തിലും ഇതുകൊണ്ടാണ് വേണ്ടത്.

ഒരു രാശിയെ രണ്ടു ഭാഗമാക്കിയതില്‍ ഒന്നിനെ (15 തിയ്യതികളെ) ആണ് "ഹോര" എന്ന് പറയുന്നത്.

ഓജരാശികളില്‍ ആദ്യഹോരയുടെ അധിപതി സൂര്യനും, രണ്ടാം ഹോരയുടെ അധിപതി ചന്ദ്രനുമാകുന്നു.

യുഗ്മരാശിയില്‍ ആദ്യത്തെ ഹോരയുടെ അധിപതി ചന്ദ്രനും രണ്ടാമത്തെ ഹോരയുടെ അധിപതി സൂര്യനുമാകുന്നു.

സൂര്യഹോരകള്‍ക്ക് ക്രൂരസ്വഭാവങ്ങളും, ചന്ദ്രഹോരകള്‍ക്ക് സൌമ്യസ്വഭാവങ്ങളുമാകുന്നു.

പാപന്മാര്‍ ഓജരാശിയിലെ സൂര്യഹോരയില്‍ നിന്നാല്‍ അവര്‍ അതിക്രൂരന്മാരും, ശുഭന്മാര്‍ യുഗ്മരാശിയില്‍ ചന്ദ്രഹോരയില്‍ നിന്നാല്‍ അവര്‍ അതിസൌമ്യന്മാരുമായിരിക്കും.

ഒരു രാശിയെ മൂന്നുഭാഗമാക്കിയത്തില്‍ അതിന്നു ഒരംശത്തെ (10 തിയ്യതികളെയാണ്) "ദ്രേക്കാണം" എന്ന് പറയുന്നത്. ഏതു രാശിയിലും ആദ്യത്തെ ദ്രേക്കാണാധിപന്‍ ആ രാശ്യധിപനും, രണ്ടാം ദ്രേക്കാണാധിപന്‍ അതിന്‍റെ അഞ്ചാംരാശ്യധിപനും, മൂന്നാം ദ്രേക്കാണാധിപന്‍ ഒന്‍പതാംരാശ്യധിപനുമാകുന്നു.

ജാതകത്തില്‍ അഷ്ടമദ്രേക്കാണാധിപനെക്കൊണ്ട് മൃതികാരണഭൂതരോഗാദികളേയും (ദ്വാവിംശതിമസ്തു കാരണം ദ്രേക്കാണോ നിധനസ്യ സുരിഭിഃ" എന്ന് പ്രകൃതഗ്രന്ഥത്തില്‍ തന്നെ പറയുന്നുണ്ട്) പറയാവുന്നതാണ്.

ചോരപ്രശ്നാദികളില്‍ ലഗ്നത്തിലെ ദ്രേക്കാണംകൊണ്ട് കള്ളന്‍റെ ദേഹപ്രകൃതി മുതലായതുകളേയും വിചാരിക്കാവുന്നതാണ്. ഓരോ ദ്രേക്കാണത്തിനും വേറെ വേറെ സ്വരൂപം പ്രകൃതഗ്രന്ഥത്തില്‍ തന്നെ പറയുന്നുണ്ട്. 

പിതൃശാപം / മാതൃശാപം

ഭൌമര്‍ക്ഷാംശകയോരശീതകിരണോ ബാധാഗതശ്ചേല്‍ പിതുഃ
ശാപോസ്ത്യേവമുഡുപ്രഭൂര്യദിഭവേച്ഛാപം ജനന്യാ വദേല്‍
പിത്രോശ്ശാപ ഇനോഡുനാഥ ഗൃഹയോശ്ചാനിഷ്ടഗേ സ്യാല്‍ ഖരേ
ശുശ്രൂഷാര്‍ത്ഥ സമര്‍പ്പണാദിഭിരിഹ പ്രീതീം വിദദ്ധ്യാത്തയോഃ

സാരം :-

കുജന്‍റെ ക്ഷേത്രം ബാധാരാശിയാകുകയും അവിടെ ആദിത്യന്‍റെ സ്ഥിതിയോ അംശകമോ വരികയും ചെയ്‌താല്‍ പ്രഷ്ടാവിനെ പിതാവ് ശപിച്ചിട്ടുണ്ട് എന്ന് പറയണം.

ചൊവ്വയുടെ ക്ഷേത്രം ബാധകസ്ഥാനമാകുകയും അവിടെ ചന്ദ്രന്‍റെ സ്ഥിതിയോ അംശകമോ വരികയും ചെയ്‌താല്‍ പ്രഷ്ടാവിന് മാതൃശാപം സംഭവിച്ചിട്ടുണ്ടെന്ന് പറയണം.

ഏതോ ഒരു പാപന്‍ അനിഷ്ടഭാവമായ ചിങ്ങംരാശിയില്‍ നിന്നാല്‍ പിതൃശാപം പറയണം.

ഏതോ ഒരു പാപന്‍ അനിഷ്ടഭാവമായ കര്‍ക്കിടകം രാശിയില്‍ നിന്നാല്‍ മാതൃശാപവുമുണ്ടെന്നു പറയണം.

മാതാപിതാക്കന്മാരുടെ ഈ ശാപനിവൃത്തിക്കായി അവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ ഇഷ്ടാനുസരണം വേണ്ടതെല്ലാം കൊടുത്ത് ശുശ്രൂഷിക്കണം. മരിച്ചുപോയെങ്കില്‍ തിലഹവനാദികര്‍മ്മങ്ങളെക്കൊണ്ട് ഗതിവരുത്തേണ്ടതാണ്.

രാഹുവിന്‍റെ കേന്ദ്രരാശിയില്‍ ഗുളികന്‍ വന്നാല്‍ സര്‍പ്പക്കാവില്‍ തുപ്പുക സ്ത്രീസംയോഗംചെയ്യുക. മലമൂത്രവിസര്‍ജ്ജനം ചെയ്യുക. ഉച്ഛിഷ്ടമിടുക ഈവക കാരണങ്ങളുണ്ടായിട്ടുണ്ടെന്ന് പറയണം.

മാന്ദിഃ കേന്ദ്രഗതോ യദീഹ ഫണിനോ നിഷ്ഠീവനം മൈഥുനം
മൂത്രോച്ഛിഷ്ടശകൃദ്വിസര്‍ഗ്ഗ ഉത വാ നാഗാലയേ വാന്തികേ
വൃക്ഷാദ്യം യദി ചേല്‍ പ്രണഷ്ടമിഹ തല്‍കാര്യം പുനഃപൂര്‍വ്വവല്‍
തൃക്തോƒച്ഛിഷ്ടമലാദി സംഭവമിദം പുണ്യാഹമപ്യാചരേല്‍

സാരം :-

രാഹുവിന്‍റെ കേന്ദ്രരാശിയില്‍ ഗുളികന്‍ വന്നാല്‍ സര്‍പ്പക്കാവില്‍ തുപ്പുക സ്ത്രീസംയോഗംചെയ്യുക. മലമൂത്രവിസര്‍ജ്ജനം ചെയ്യുക. ഉച്ഛിഷ്ടമിടുക ഈവക കാരണങ്ങളുണ്ടായിട്ടുണ്ടെന്ന് പറയണം. ഇതു സര്‍പ്പക്കാവിലോ കാവിന് അശുദ്ധി സംഭവിക്കത്തക്ക അതിര്‍ത്തിക്കുള്ളിലോ വച്ചാണ് സംഭവിച്ചത് എന്നുകൂടി വിചാരിക്കാം.

വൃക്ഷം വള്ളി ചിത്രകൂടം മുതലായവ നശിച്ചിട്ടുണ്ടെങ്കില്‍ പൂര്‍വ്വസ്ഥിതിയില്‍ ചിത്രകൂടാദികളെ നന്നാക്കുകയും വൃക്ഷാദികളെ വച്ചുപിടിപ്പിക്കകയും വേണം. മലമൂത്രവിസര്‍ജ്ജനാദികള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം മാറ്റി സ്ഥലം ശുദ്ധിവരുത്തി പുണ്യാഹം നടത്തണം.

കാവിലെ വൃക്ഷങ്ങളെ തീവച്ചു നശിപ്പിച്ചെന്നോ, ചിത്രകൂടമുടച്ചെന്നോ, മലമൂത്രവിസര്‍ജ്ജനങ്ങള്‍ ചെയ്കയോ, ഉച്ഛിഷ്ടമിടുകയോ, പോത്തും ആനയും സര്‍പ്പക്കാവില്‍ കയറി

യദ്വോദ്യാനമഹീരുഹാദി ദഹനം വാ ചിത്രകൂടച്ഛിദാ
രാഹോഃ കേന്ദ്രഗതഃ പുനര്യദി ശനിര്‍മ്മാന്ദിശ്ച നാഗാലയേ
മൂത്രോച്ഛിഷ്ടശകൃദ്വിസര്‍ഗ്ഗകരണം നിഷ്ഠീവനം വാന്ത്യഗേ
ചണ്ഡാലോപഗതിശ്ച സൈരിഭകരിപ്രക്ഷോഭണം വാ പുനഃ

സാരം :-

രാഹുവിന്‍റെ കേന്ദ്രത്തില്‍ ചൊവ്വാ നിന്നാല്‍  കാവിലുള്ള വൃക്ഷങ്ങളെ തീവച്ചു നശിപ്പിച്ചെന്നോ ചിത്രകൂടമുടച്ചെന്നോ പറയാം. 

രാഹുവിന്‍റെ കേന്ദ്രത്തില്‍ ശനിയും ഗുളികനുംകൂടി നിന്നാല്‍ സര്‍പ്പക്കാവില്‍ മലമൂത്രവിസര്‍ജ്ജനങ്ങള്‍ ചെയ്കയോ ഉച്ഛിഷ്ടമിടുകയോ തൂപ്പുകയോ ഏവംവിധങ്ങളായ നിഷ്കൃഷ്ട കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നീച ജനങ്ങള്‍ സര്‍പ്പക്കാവിനടുത്തു പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പോത്തും ആനയും കയറി സര്‍പ്പക്കാവില്‍ ഉപദ്രവം (വൃക്ഷാദികളിലും മറ്റും) ചെയ്തിട്ടുണ്ടെന്നും അതാണ്‌ കോപകാരണമെന്നും പറയണം. 

പൃഷ്ഠോദയരാശികള്‍, ശീര്‍ഷോദയരാശികള്‍

ഗോജാശ്വികര്‍ക്കിമിഥുനാഃ സമൃഗാനിശാഖ്യാഃ
പൃഷ്ഠോദയാ വിമിഥുനാഃ കഥിതാസ്തയേവ
ശീര്‍ഷോദയാ ദിനബലാശ്ച ഭവന്തി ശേഷാ
ലഗ്നം സമേത്യുഭയതഃ പൃഥുരോമയുഗ്മം

സാരം :-

മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം ഈ ആറും രാത്രിയില്‍ ബലാധിക്യമുള്ള രാശികളും, ശേഷം ആറും പകല്‍ ബലം അധികമുള്ള രാശികളുമാകുന്നു.

മിഥുനം ഒഴിച്ച് ബാക്കി അഞ്ചു രാത്രിരാശികളും പൃഷ്ഠം ആദ്യമായി ഉദിയ്ക്കുന്നവയും, മീനം ഒഴിച്ച് മറ്റു അഞ്ചു പകല്‍ രാശികളും മിഥുനവും ശിരസ്സ്‌ ആദ്യമായി ഉദിയ്ക്കുന്നവയും മീനം രാശി പൃഷ്ഠവും ശിരസ്സും ഒരേ സമയത്ത് ഉദിയ്ക്കുന്നതുമാകുന്നു. "നിശാഖ്യാഃ" എന്ന് പറഞ്ഞതുകൊണ്ട് നിശാപതിയായ (രാത്രിയുടെ അധിപതിയായ) ചന്ദ്രന് നിശാരാശികളുടേയും "ദിനബലാഃ" എന്നതുകൊണ്ട് ദിനാധിപനായ സൂര്യന് ദിനരാശികളുടേയും ആധിപത്യമുണ്ടെന്നറിയാവുന്നതാണ്‌.

സിംഹഃ കന്യാ തുലാളീ ച കുംഭാന്ത്യൌ സൂര്യരാശയഃ
അന്യേ തു രാശയശ്ചാന്ദ്രാ ദ്യുനിശാരാശയശ്ച തേ.

എന്ന് പ്രമാണമുണ്ട്. "പൃഷ്ഠോദയാഃ" എന്നും "ശീര്‍ഷോദയാഃ" എന്നുമുള്ള പദങ്ങളെക്കൊണ്ട് പൃഷ്ഠോദയരാശികള്‍ അശുഭങ്ങളും ശീര്‍ഷോദയരാശികള്‍ ശുഭങ്ങളുമാണെന്നും സൂചിപ്പിക്കുന്നുണ്ട്. ജാതകത്തിലെ ലഗ്നം ശീര്‍ഷോദയമാണെങ്കില്‍ ദീര്‍ഘായുസ്സ് മുതലായ ഗുണങ്ങളുണ്ടാകുമെന്നു, കാര്യസാദ്ധ്യപ്രശ്നാദികളില്‍ കാര്യം സാധിയ്ക്കുമെന്നും പറയണം. പൃഷ്ഠോദയത്തിനു ഫലം വിപരീതവുമാണ്. എന്നാല്‍ പ്രസവവിഷയമാണെങ്കില്‍ പ്രശ്നത്തിങ്കല്‍ പൃഷ്ഠോദയമാണെങ്കില്‍ അനായാസേന വേഗത്തില്‍ പ്രസവിക്കുമെന്നും, ശീര്‍ഷോദയമാണെങ്കില്‍ താമസിച്ചു വിഷമിച്ചേ പ്രസവിക്കു എന്നും പറയണം. 

പൃഷ്ഠോദയേഷു സിദ്ധ്യത്യശുഭം, ശീര്‍ഷോദയേഷു വിപരീതം

എന്നും വചനം കണ്ടിട്ടുണ്ട്. മേല്‍പറഞ്ഞ പദങ്ങള്‍കൊണ്ടുതന്നെ പൃഷ്ഠോദയരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ അവയുടെ ദശാപഹാരാദി കാലങ്ങളുടെ അവസാനഘട്ടത്തിലാണ് ഫലം ചെയ്യുക എന്നും, ശീര്‍ഷോദയസ്ഥന്മാരായ ഗ്രഹങ്ങളുടെ ഫലപ്രദാനകാലം ഇതിന് വിപരീതമാണെന്നും പറയാവുന്നതാണ്.

പൃഷ്ഠോദയകോദയര്‍ക്ഷഗാസ്ത്വന്ത്യാന്തഃ പ്രഥമേഷു പാകദാഃ

എന്ന് പ്രകൃതഗ്രന്ഥത്തില്‍ പറയുന്നതുമുണ്ട്.

സര്‍പ്പക്കാവില്‍ നിന്ന് വൃക്ഷനാശം ചെയ്കയോ സര്‍പ്പക്കാവില്‍ കിളയ്ക്കുകയോ സര്‍പ്പങ്ങളെ ഹിംസിക്കുകയോ പുറ്റുടയ്ക്കുകയോ

രാഹുര്‍മാന്ദിയുതസ്തദസ്തനവമാപത്യസ്ഥിതോ വാ യദി
പ്രഷ്ടുഃസ്യാല്‍ ഫണി ബാധനം ക്ഷിതിസുതഃ കേന്ദ്രേതു രാഹോര്‍യ്യദി

ബാധാഹേതുരുദീര്യതാം ഫണിഗൃഹക്ഷോണിരുഹച്ഛേദനം
ഭൂമേര്‍വ്വാ ഖനനം വിഹിംസനമഹേര്‍വല്മീകഭേദോƒഥവാസാരം :-


ഗുളികനോട് രാഹു ചേരുകയോ അല്ലെങ്കില്‍ ഗുളികന്‍റെ ഏഴ്, ഒന്‍പത്, അഞ്ച് ഈ സ്ഥാനങ്ങളില്‍ രാഹു നില്ക്കയോ ചെയ്‌താല്‍ പ്രഷ്ടാവിനു സര്‍പ്പകോപമുണ്ടെന്ന് പറയണം. 

രാഹുവിന്‍റെ കേന്ദ്രത്തില്‍ ചൊവ്വ നിന്നാല്‍ ആ സര്‍പ്പകോപത്തിനുള്ള കാരണം സര്‍പ്പക്കാവില്‍ നിന്ന് വൃക്ഷനാശം ചെയ്കയോ സര്‍പ്പക്കാവില്‍ കിളയ്ക്കുകയോ സര്‍പ്പങ്ങളെ ഹിംസിക്കുകയോ പുറ്റുടയ്ക്കുകയോ ചെയ്തതാണെന്നു പറയണം.

സര്‍പ്പപ്രീതിക്കായി പതിനൊന്ന് മുട്ടകളുടേയും പതിനൊന്ന് സര്‍പ്പങ്ങളുടേയും

ഏകാദശ ചരേ ലഗ്നേ ദ്വന്ദ്വേ സപ്തസ്ഥിരേനവ
 അണ്ഡാ ഹി ചാഹയശ്ചേതി സമ്പ്രദായവിദാം വചഃ


സാരം :-

ലഗ്നം ചരരാശിയിലാണെങ്കില്‍ സര്‍പ്പപ്രീതിക്കായി പതിനൊന്ന് മുട്ടകളുടേയും പതിനൊന്ന് സര്‍പ്പങ്ങളുടേയും പ്രതിമ ഉണ്ടാക്കിവച്ചുവേണം സമര്‍പ്പിക്കേണ്ടത്. സ്ഥിരരാശി ലഗ്നമായാല്‍ ഒന്‍പതുവീതവും ഉഭയരാശി ലഗ്നമായാല്‍ ഏഴുവീതവും ആണ് വേണ്ടത്. വൃക്ഷനാശമുണ്ടായാല്‍ ഈ സംഖ്യ അനുസരിച്ച് തന്നെ വൃക്ഷങ്ങളും വച്ചുപിടിപ്പിക്കണം.

സര്‍പ്പകോപത്തിന്‍റെ കാരണവും പരിഹാരവും

അണ്ഡാനാം ചരഗേ കിശോരഫണിനാം നാശോƒസുരേ ദ്വന്ദ്വഗേ
ലഗ്നസ്ഥേ തദിദം ദ്വയം സ്ഥിരഗതേ ബാധാകരോ ഭൂരുഹാം
കൃത്വാണ്ഡാന്യഹയശ്ച നീചഫണിനാം താമ്രേണ ഹേമ്നാമുദേ
ദേയാശ്ചോത്തമഭോഗിനാം യദി നഗാ നഷ്ടാശ്ച താന്‍ സ്ഥാപയേല്‍

സാരം :-

സര്‍പ്പകോപമുണ്ടെന്നു കണ്ടാല്‍ രാഹു ലഗ്നത്തില്‍ ചരരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ സര്‍പ്പത്തിന്‍റെ മുട്ടകള്‍ നശിപ്പിച്ചതാണ് സര്‍പ്പകോപത്തിന് കാരണമെന്ന് പറയണം.

രാഹു ലഗ്നത്തില്‍ ഉഭയരാശിയില്‍ നില്‍ക്കുന്നുവെങ്കില്‍ സര്‍പ്പത്തിന്‍റെ കുട്ടികളെ നശിപ്പിച്ചതാണ് സര്‍പ്പകോപത്തിന് കാരണമെന്നു പറയണം.

രാഹു സ്ഥിരരാശിയില്‍ നിന്നാല്‍ സര്‍പ്പക്കാവില്‍ നിന്നും വൃക്ഷനാശം ചെയ്തിരിക്കുന്നുവെന്നും തന്നിമിത്തം സര്‍പ്പകോപമുണ്ടായായിരിക്കുന്നു എന്നും പറയണം.

നീചസര്‍പ്പങ്ങളുടെ കോപമാണുള്ളതെങ്കില്‍ അണ്ഡനാശപരിഹാരമായി മുട്ടകളുടേയും സര്‍പ്പനാശ പരിഹാരമായി സര്‍പ്പദൈവതങ്ങളുടെയും പ്രതിമ ചെമ്പ് ലോഹം കൊണ്ട് ചെയ്യിപ്പിച്ചു സര്‍പ്പക്കാവിലോ സര്‍പ്പദൈവതങ്ങളുടെ മൂലസ്ഥാനമായ സ്ഥലത്തോ സമര്‍പ്പിക്കണം.

ഉത്തമസര്‍പ്പങ്ങളുടെ കോപമാണെങ്കില്‍ സ്വര്‍ണ്ണംകൊണ്ട് സര്‍പ്പങ്ങളേയും മുട്ടകളേയും ചെയ്യിച്ചു മേല്‍പറഞ്ഞവണ്ണം സര്‍പ്പദൈവസ്ഥാനത്ത് സമര്‍പ്പിക്കണം. 

വൃക്ഷങ്ങള്‍ നശിപ്പിച്ചിട്ടുണ്ട് എന്ന് കണ്ടാല്‍ ആ വൃക്ഷങ്ങളെതന്നെ വെച്ച് പിടിപ്പിക്കുകയും വേണം.

സര്‍പ്പകോപത്തിന് പരിഹാരം കണ്ടുപിടിക്കുന്നത് എങ്ങനെ?

രാഹൗ ബാധകഷഷ്ഠരന്ധ്രഖഗതേ കാര്യോ
ബലിഃ പ്രീതയെ
വേശ്മസ്ഥേ ഖലു ചിത്രകൂടകരണം ഗാന-
ക്രിയാ രിഃഫഗേ
ലഗ്നസ്ഥേ ച സുധാപയോ വിതരണം നൃത്ത-
ക്രിയാ ചാസ്തഗേ
സ്ഥാനേഷ്വേഷ്വപി കീര്‍ത്തനാല്‍ പ്രതിവിധിര്‍ബാധോ-
ച്യതാം ഭോഗിനാം

സാരം :-

രാഹു ബാധാരാശിയിലോ പത്തിലോ അഷ്ടമത്തിലോ ആറിലോ നിന്നാല്‍ സര്‍പ്പകോപമുണ്ടെന്നും തല്‍ശാന്തിക്കായി സര്‍പ്പബലി നടത്തണമെന്നും പറയണം.

രാഹു നാലാം ഭാവത്തില്‍  നിന്നാല്‍ ചിത്രകൂടംകെട്ടിച്ച് പ്രതിഷ്ഠമുതലായ കര്‍മ്മങ്ങള്‍ നടത്തി സര്‍പ്പകോപ ശമനം വരുത്തണം.

രാഹു പന്ത്രണ്ടാം ഭാവത്തില്‍ നിന്നാല്‍ സര്‍പ്പപ്പാട്ട് നടത്തി സര്‍പ്പ പ്രീതി വരുത്തണം.

രാഹു ഏഴിലോ ലഗ്നത്തിലോ നിന്നാല്‍ നൂറും പാലും നടത്തി സര്‍പ്പ കോപശാന്തി വരുത്തിക്കൊള്ളണം.

രാഹു ഏഴാം ഭാവത്തില്‍ നിന്നാല്‍ സര്‍പ്പപ്പാട്ട് നടത്തിയാലും മതി.

ലഗ്നം നാല്, ആറ്, എട്ട്, പത്ത്, ഏഴ്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ രാഹുവിന്‍റെ സ്ഥിതി വന്നാല്‍ പ്രതിശാന്തി ചെയ്യണമെന്നാണല്ലോ ഇവിടെ വിധിക്കുന്നത്. അതുകൊണ്ട് മേല്‍പറഞ്ഞ ഭാവങ്ങള്‍ രാഹുവിന് അനിഷ്ടങ്ങളാണെന്ന് ഗ്രഹിക്കേണ്ടതാണ്.********************

സ്ഥാന്വേഷ്വപ്യഖിലേഷു സര്‍പ്പബലിരേവോദീര്യതാം വാ പുന-
സ്തൃപ്യന്ത്യുത്തമഭോഗിനസ്തു ബലിനാ നീചാസ്തു ഗാനാദിഭിഃ
സര്‍വ്വേഷാം ബലികര്‍മ്മ തുഷ്ടികരണം വക്തവ്യമേവേ ഹി വാ
സര്‍പ്പപ്രീതിരവശ്യമേവ കരണീയാരോഗ്യപുത്രാപ്തയേ.


സാരം :-

രാഹു ഏതുസ്ഥാനത്ത് നിന്നാലും ശരി സര്‍പ്പബലി നടത്തി പ്രീതി വരുത്തേണ്ടതാണെന്നു പറയണം. 

അനിഷ്ടങ്ങളായ ഓരോ ഭാവങ്ങളേയും അവിടെ നിന്നാലുള്ള പ്രതിവിധികളെയും കഴിഞ്ഞ പദ്യം കൊണ്ട് പറഞ്ഞുവല്ലോ. ആ അനിഷ്ടഭാവങ്ങളിലെവിടെ നിന്നാലും ബലി നടത്തി സന്തോഷിപ്പിക്കണമെന്നാണ് ഇതിന്‍റെ സാരം.

ഉത്തമസര്‍പ്പങ്ങളെ സര്‍പ്പബലി നടത്തിയും നീചസര്‍പ്പങ്ങളെ സര്‍പ്പപ്പാട്ട് നടത്തിയും സന്തോഷിപ്പിച്ചു വരാറുണ്ട്. 

ഉത്തമനീചഭേദം കൂടാതെ ബലികര്‍മ്മം എല്ലാ സര്‍പ്പങ്ങളുടേയും പ്രീതിക്ക് വിശേഷമാണെന്ന് പ്രസിദ്ധമാണല്ലോ. 

ആരോഗ്യം സന്താനപ്രാപ്തി മുതലായവയുടെ അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍ നിശ്ചയമായും സര്‍പ്പപ്രീതി സമ്പാദിക്കേണ്ടതാണ്. സര്‍പ്പകോപമുണ്ടായാല്‍ രോഗദുഃഖം സന്താനനാശം മുതലായ അനിഷ്ടങ്ങളുണ്ടാകുന്നതാണ്. 

സര്‍പ്പകോപം കണ്ടുപിടിക്കുന്നത് എങ്ങനെ?

ജീവസ്സന്‍ ബാധകേശോ വ്യയമൃതിരിപുഗോ യദ്യഹേഃ കേന്ദ്രസംസ്ഥഃ
സര്‍പ്പാണാമുത്തമാനാം യദി സ സുരഗുരുര്‍മ്മാന്ദികേന്ദ്രേƒധമാനാം
പീഡാ വാച്യാഥ ബാധാ ഭവനമുപഗതേ ചോരഗേ സര്‍പ്പബാധാ
തേഷാംഹീനോത്തമത്വംശശിദിനകരയോര്‍യോഗവീക്ഷാദിഭിസ്സ്യാല്‍

സാരം :-

വ്യാഴം ബാധാകാധിപനായി ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ നില്‍ക്കുകയും ആ വ്യാഴത്തിന്‍റെ കേന്ദ്രത്തില്‍ രാഹു വരികയും ചെയ്‌താല്‍ ഉത്തമങ്ങളായ സര്‍പ്പദൈവതങ്ങളുടെ കോപമുണ്ടെന്നു പറയണം.

വ്യാഴം ബാധകാധിപനായി ഗുളികന്‍റെ കേന്ദ്രത്തില്‍ മേല്‍പറഞ്ഞവണ്ണം ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ നിന്നാല്‍ അധമങ്ങളായ സര്‍പ്പദൈവതങ്ങളുടെ കോപമുണ്ടെന്ന് പറയണം.

രാഹു ബാധാരാശിയില്‍ വന്നാലും സര്‍പ്പകോപത്തെ പറയാം. ഈ രാഹുവിന് ആദിത്യന്‍റെ യോഗദൃഷ്ടി മുതലായവ ഉണ്ടെങ്കില്‍ ഉത്തമസര്‍പ്പങ്ങളാണെന്നും ചന്ദ്രന്‍റെ യോഗദൃഷ്ട്യാദികളുണ്ടെങ്കില്‍ അധമസര്‍പ്പങ്ങളാണെന്നും പറഞ്ഞുകൊള്ളണം.

ആദിത്യനോ ചന്ദ്രനോ ബാധാരാശിയില്‍ വന്നാലും ധര്‍മ്മദൈവകോപം പറയാം


കോപേ ഹേതുഃ പ്രതിവിധിരമുഷ്യാപി യോ ദേവതാനാം
പൂര്‍വ്വം പ്രോക്തഃ സ ഇഹ സുധിയ യോജനീയോƒപി യോജ്യഃ
ബാധാസംസ്ഥേ ശശിനി ച രവൗ ധര്‍മ്മദൈവസ്യ ബാധാ
വാച്യാ ഭക്ത്യാ പ്രതിസമമിദം പൂജനീയം സമൃദ്ധ്യൈ. 

സാരം :-

ദേവകോപത്തിനുള്ള കാരണവും അതിന്‍റെ പ്രതിശാന്തിയും മുന്‍പേ പറഞ്ഞുവല്ലോ. ആ ന്യായമനുസരിച്ചുതന്നെ ധര്‍മ്മദൈവകോപത്തിന്‍റെ കാരണത്തെയും അതിന്‍റെ പ്രതിശാന്തിയേയും  ഇവിടെ യോജിക്കത്തക്ക ഘട്ടത്തില്‍ യോജിപ്പിച്ചു പറഞ്ഞുകൊള്ളണം. വിശേഷിപ്പിച്ചും ആദിത്യനോ ചന്ദ്രനോ ബാധാരാശിയില്‍ വന്നാലും ധര്‍മ്മദൈവകോപം പറയാം.

സാമാന്യേന ധര്‍മ്മദൈവകോപ ശമനത്തിനായി ആണ്ടുതോറും ഭക്തിസമേതം പൂജാദികള്‍ നടത്തി അവരെ സേവിച്ചുകൊള്ളണം. ഇങ്ങിനെ ചെയ്‌താല്‍ ഐശ്വര്യം സമൃദ്ധി മുതലായ ഗുണങ്ങള്‍ ഉണ്ടാകും. 

ഷഡ്വര്‍ഗ്ഗങ്ങള്‍

ദ്രേക്കാണ ഹോരാ നവഭാഗസംജ്ഞാ
ത്രിംശാംശകഃ ദ്വാദശ സംജ്ഞിതാശ്ച
ക്ഷേത്രം ച യദ്യസ്യ സ തസ്യവര്‍ഗ്ഗോ
ഹോരേതിലഗ്നം ഭവനസ്യചാര്‍ദ്ധം.

സാരം :-


  1. ദ്രേക്കാണം
  2. ഹോരാ 
  3. നവാംശകം
  4. ത്രിംശാംശകം
  5. ദ്വാദശാംശകം
  6. ക്ഷേത്രം


എന്നിങ്ങനെ ആറ് വര്‍ഗ്ഗങ്ങളാകുന്നു. ഇവയില്‍ ഏതു വര്‍ഗ്ഗം ഏതു ഗ്രഹത്തിന്‍റെതാണോ ആ ഗ്രഹം അതിന്‍റെ അധിപനുമാണ്. "ഹോരാ" എന്ന് പറഞ്ഞാല്‍ "ലഗ്ന" മെന്നും, ഒരു രാശിയുടെ പകുതിയെന്നും അര്‍ത്ഥമുണ്ട്.

മേല്‍പറഞ്ഞ ഷഡ്വര്‍ഗ്ഗങ്ങളെക്കൊണ്ട് വേറേയും ചിന്തിപ്പാനുണ്ട്. പ്രശ്നത്തില്‍ ത്രിസ്ഫുടത്തിന്‍റെ ദ്രേക്കാണാധിപന്‍ നില്‍ക്കുന്ന രാശിയുടെ അധിപനെക്കൊണ്ട് പിതാവിന്‍റെയും ഹോരാധിപന്‍ നില്‍ക്കുന്ന രാശ്യാധിപനെക്കൊണ്ട് മാതാവിന്‍റെയും, നവാംശകാധിപന്‍ നില്‍ക്കുന്ന രാശ്യാധിപനെക്കൊണ്ട് സഹോദരന്‍റെയും, ത്രിംശാംശകാധിപന്‍ നില്‍ക്കുന്ന രാശ്യധിപനെക്കൊണ്ട് ബന്ധുക്കളുടെയും, ദ്വാദശാംശകാധിപന്‍ നില്‍ക്കുന്ന രാശ്യാധിപനെക്കൊണ്ട് പുത്രന്‍റെയും. ത്രിസ്ഫുട ക്ഷേത്രാധിപന്‍ നില്‍ക്കുന്ന രാശ്യാധിപനെക്കൊണ്ട് ഭാര്യയുടെയും ഗുണദോഷങ്ങളെ വിചാരിക്കാവുന്നതാണ്.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.