ആധാനജന്മാപരിബോധകാലേ
സംപൃച്ഛതോ ജന്മ വദേദ്വിലഗ്നാൽ
പൂർവ്വാപരാർദ്ധേ ഭവനസ്യ വിദ്യാ-
ത്ഭാനാവുദഗ്ദക്ഷിണഗേ പ്രസൂതിം.
സാരം :-
ഒരുവന്റെ ആധാനലഗ്നമോ അല്ലെങ്കിൽ ജന്മലഗ്നമോ അറിയുകയില്ലെങ്കിൽ, അയാൾ നക്ഷത്രതിഥിവാരാദികളെക്കൊണ്ടു നോക്കുമ്പോൾ നല്ലൊരു ദിവസം നല്ലൊരു സമയത്തു ദൈവജ്ഞസമീപത്തു ചെല്ലുക. അനന്തരം വെറ്റില അടയ്ക്ക പൂക്കൾ തുടങ്ങിയുള്ള പ്രാഭൃത - കാഴ്ച - ദ്രവ്യങ്ങളാൽ ദൈവജ്ഞനെ സന്തോഷിപ്പിച്ചു തദനന്തരം " തന്റെ ജാതകം - ലഗ്നം, നക്ഷത്രം, മാസം, വയസ്സ് എന്നീ സാധനചതുഷ്ടയം - അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നു ഭക്തിശ്രദ്ധപുരസ്സരം ദൈവജ്ഞനോടു പൃച്ഛിയ്ക്കുകയും ചെയ്ക. എന്നാൽ ദൈവജ്ഞൻ മേൽപറഞ്ഞപ്രകാരം പൃച്ഛിച്ചവന്റെ ജാതകത്തെ ആ പൃച്ഛാസമയത്തെ ഉദയലഗ്നംകൊണ്ടു പറയുകയും വേണം.
ലഗ്നരാശി ഏതായാലും വേണ്ടതില്ല, ആ പൃച്ഛകാലോദയലഗ്നം രാശിയുടെ പൂർവ്വാർദ്ധത്തിൽ - പതിനഞ്ചു തിയ്യതി തികയുന്നതുവരെ - ആണെങ്കിൽ മകരാദി മിഥുനം കൂടിയ ആറിൽ ഏതെങ്കിലുമൊരു മാസത്തിലും ലഗ്നം രാശ്യപരാർദ്ധത്തിലാണെങ്കിൽ കർക്കടകം മുതൽ ധനു കൂടിയ ആറിൽ ഏതെങ്കിലുമൊരു മാസത്തിലുമായിരിക്കും ജനനമെന്നും അറിയണം. ഈ അയനജ്ഞാനത്തിങ്കൽ മറ്റു ചില അഭിപ്രായങ്ങൾ കൂടിയുണ്ടെന്നു ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും ചിലർ പറയുന്നുണ്ട്. ലഗ്നം ഏതു രാശ്യർദ്ധത്തിലായാലും ശരി, അതു - ലഗ്നം - സൂര്യഹോരയിലാണെങ്കിൽ ഉത്തരായണത്തിലായാലും ചന്ദ്രഹോരയിലായാൽ ദക്ഷിണായനത്തിലുമാണ് ജനനം ഇതാണ് ഒരു അഭിപ്രായം. പൃച്ഛാസമയത്തു പൃച്ഛകന്റെ തടസ്ഥ - സമീപസ്ഥ - ന്മാർ ഇവരിൽ ആരെങ്കിലും ശരീരത്തിന്റെ വലത്തുഭാഗത്തു സ്പർശിച്ചാൽ ഉത്തരായണവും ഇടത്തുഭാഗത്തു തൊട്ടാൽ ദക്ഷിണായനവുമാണ്. ഇതാണ് വേറെ ഒരു അഭിപ്രായം. ദൈവജ്ഞനു വായു വലത്തായാൽ അയനം ഉത്തരായനവും, വായു ഇടത്തായാൽ ദക്ഷിണായനവുമാണെന്നാണ് പിന്നെ ഒരു അഭിപ്രായം. ഇവയും സ്വീകാര്യങ്ങളാണെന്നു പ്രമാണാന്തരങ്ങളെക്കൊണ്ടു കാണുന്നതുണ്ട്.