അസിതരവിശശാംകഭൂമിജൈർ-
വ്വ്യയനവമോദയനൈധനാശ്രിതൈഃ
ഭവതി മരണമാശു ദേഹിനാം
യദി ബലിനാ ഗുരുണാ ന വീക്ഷിതാഃ
സാരം :-
ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ ശനിയും ഒമ്പതാം ഭാവത്തിൽ സൂര്യനും ലഗ്നത്തിൽ ചന്ദ്രനും ആറാം ഭാവത്തിൽ ചൊവ്വയും നിൽക്കുക, ഈ നാലിന്നും ബലവാനായ വ്യാഴത്തിന്റെ ദൃഷ്ടിയില്ലാതേയും വരിക, എന്നാൽ ഒരു വയസ്സിനകത്തു ശിശു മരിയ്ക്കുന്നതാണ്. ബലഹീനനായ വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടായാലും യോഗത്തിനു അപവാദമില്ലെന്നാണ് "ബലിനാ ഗുരുണാ ന വീക്ഷിതാ" എന്ന പദം കൊണ്ട് സൂചിപ്പിച്ചിരിയ്ക്കുന്നത്. ഇവിടെ "ദേഹിനാം മരണം ഭവതി" ദേഹമുള്ളവർക്ക് മരണം ഭവിയ്ക്കുന്നു എന്നു മാത്രം പറഞ്ഞിരിയ്ക്കയാൽ ഈ യോഗത്തെ എല്ലാ ഭാവങ്ങളിൽ നിന്നും ചിന്തിയ്ക്കാമെന്നും തോന്നുന്നുണ്ട്. ജാതകപ്രശ്നാദികളിൽ ലഗ്നാൽ അഞ്ചാം ഭാവത്തിന്റെ വ്യയനവാമാദിസ്ഥാനങ്ങളിൽ ശന്യാദിഗ്രഹങ്ങൾ നിന്നാൽ പുത്രമരണവും, ഏഴാം ഭാവത്തിന്റെ വ്യയാദിസ്ഥാനങ്ങളിൽ മാന്ദികൾ നിന്നാൽ ഭാര്യാനാശവും പറയാമെന്നു താല്പര്യം. ഇപ്രകാരം മറ്റു ഭാവങ്ങളേയും ഊഹിച്ചുകൊൾക.
പ്രസ്തുതയോഗത്തിൽ ലഗ്നം 8 - 9 - 12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ചന്ദ്രാദിഗ്രഹങ്ങൾക്കു ഒക്കയും വ്യാഴദൃഷ്ടിയുണ്ടാവണമെങ്കിൽ, വ്യാഴം ലഗ്നാൽ അഞ്ചാം ഭാവത്തിൽ നിൽക്കുക വേണമെന്നും ധരിയ്ക്കേണ്ടതാണ്. എന്നാൽ അഞ്ച്, ഒമ്പത് എന്നീ ഭാവങ്ങളിലേയ്ക്ക് വ്യാഴത്തിനു പൂർണ്ണ ദൃഷ്ടിയും, എട്ടാം ഭാവത്തിലേയ്ക്ക് വ്യാഴത്തിനു മുക്കാൽ ദൃഷ്ടിയും വരുന്നതാണല്ലോ.