ദൃശ്യാർദ്ധഹരണക്രിയ

സാർദ്ധോദിതോദിതനവാംശഹതാത് സമസ്താദ്-
ഭാഗോഷ്ടയുക്തശതസംഖ്യ ഉപൈതി നാശം
ക്രൂരേ വിലഗ്നസഹിതേ വിധിനാ ത്വനേന
സൗമ്യേക്ഷിതേ ദളമതഃ പ്രളയം പ്രയാതി

സാരം :-

സൂര്യൻ, ചൊവ്വ, ശനി എന്നീ മൂന്ന് പാപഗ്രഹങ്ങളിൽ ഒരു പാപഗ്രഹം ലഗ്നത്തിലുണ്ടെങ്കിൽ മാത്രമേ ഈ ഹരണം ചെയ്യേണ്ടതുള്ളു. (രാഹു, കേതു, ക്ഷീണചന്ദ്രൻ എന്നീ ഗ്രഹങ്ങളുണ്ടായാൽ ഈ ഹരണം വേണ്ടതില്ല.)അതുണ്ടെങ്കിൽ സൂര്യാദി ഓരോ ഗ്രഹങ്ങളുടേയും ദശാസംവത്സരത്തെ രണ്ടേടത്തുവെച്ച്, ഒന്നിനെ ഉദയലഗ്നത്തിൽ ചെന്ന നവാംശകസംഖ്യകൊണ്ട് പെരുക്കി 108 ൽ ഹരിയ്ക്കുകയും, കിട്ടിയ ഫലം മറ്റേതിൽനിന്നു കളയുകയും ചെയ്ക; ലഗ്നത്തിൽ പാപഗ്രഹമുണ്ടെങ്കിൽ ഏഴു ഗ്രഹങ്ങൾ, ലഗ്നം, എന്നീ എട്ടു ദശകൾക്കും ഈ ഹരണം ചെയ്യണം. എന്നാൽ ക്ഷീണനല്ലാത്ത ചന്ദ്രൻ, പാപഗ്രഹസഹിതനല്ലാത്ത ബുധൻ, ഗുരുശുക്രന്മാർ ഇവരിലൊന്നിന്റെ സപ്തമദൃഷ്ടിയോ, വ്യാഴത്തിന്റെ ത്രികോണദൃഷ്ടിയെങ്കിലുമോ ലഗ്നത്തിലേയ്ക്കുണ്ടെങ്കിൽ മുമ്പ് 108 ൽ ഹരിച്ചുകിട്ടിയ ഫലത്തിന്റെ പകുതിമാത്രം കളഞ്ഞാൽ മതിയെന്നും അറിയുക. ഈ പറഞ്ഞതു ഏകദേശം മാത്രമാണ്. സൂക്ഷ്മക്രിയ താഴെ ചേർക്കുന്നു.

ദൃശ്യാർദ്ധഹരണവുംകൂടി ചെയ്തുവെച്ചിരിയ്ക്കുന്ന ദശയെ വേറെ രണ്ടേടത്തുവെച്ച്, അതിൽ ഒന്നിനെ ഇറക്കി നാഴികയാക്കി വെയ്ക്കുക. പിന്നെ ലഗ്നസ്ഫുടത്തെയും വെച്ച് രാശികളഞ്ഞ് തിയ്യതിയെ 30 ൽ പെരുക്കി ഇലിയിൽ കൂട്ടുക. അതുകൊണ്ട് മുമ്പുവെച്ച ദശനാഴികകളെ പെരുക്കി "അനന്തപുരം" കൊണ്ട് ഹരിയ്ക്കുകയും ചെയ്ക. കിട്ടിയ ഫലം നാഴികയാകുന്നു. അതിനെ യഥാക്രമം കയറ്റിയാൽ അതു വർഷാദിയായ ഫലമാണ്. അതിനെ വേറെ വെച്ചിരിയ്ക്കുന്ന ദശാസംവത്സരങ്ങളിൽ നിന്നു വാങ്ങുകയും വേണം. ലഗ്നത്തിലേയ്ക്കു ശുഭഗ്രഹദൃഷ്ടിയുണ്ടെങ്കിൽ "അനന്തപുരം" കൊണ്ട് ഹരിച്ച്‌ കിട്ടിയ ഫലത്തിന്റെ പകുതി മാത്രം ദശയിൽ നിന്നു കളഞ്ഞാൽ മതിയെന്നും ധരിയ്ക്കണം. ഇങ്ങനെയാണ് ക്രൂരോദയഹരണത്തിന്റെ സൂക്ഷ്മത്രൈരാശികം. ലഗ്നസ്ഥനായ പാപഗ്രഹം ഉച്ചസ്വക്ഷേത്രാദികളിലോ ശുഭ ഗ്രഹയോഗത്തോടുകൂടിയോ ആണെങ്കില്‍ കൂടിയും ക്രൂരോദയഹരണം ചെയ്യേണ്ടതാകുന്നു.

ക്രൂരോദയഹരണക്രിയയ്ക്ക് ഒരു പക്ഷാന്തരമുള്ളതും താഴെ ചേർക്കുന്നു. ദശയെ രണ്ടേടത്തുവെച്ച് ഒന്നിനെ മേടം രാശിയുടെ ആദ്യത്തെ നവാംശകം തുടങ്ങി ലഗ്നത്തിലെ ഉദയനവാംശകം വരേയുള്ള സംഖ്യകൊണ്ടു (ചിങ്ങത്തിൽ 10 തിയ്യതി തികഞ്ഞിട്ടാണ് ലഗ്നഭാവത്തിന്റെ സ്ഥിതിയെങ്കിൽ മേഷാദി നാലു രാശിയ്ക്കു മുപ്പത്താറും ലഗ്നത്തിനു മൂന്നുംകൂടി മുപ്പത്തൊമ്പതുകൊണ്ടു) പെരുക്കി 108  ൽ ഹരിച്ചുകിട്ടിയ സംവത്സരാദിഫലത്തെ വേറെ വെച്ചിരിയ്ക്കുന്ന ദശയിൽ നിന്ന് കളയുക. ഇങ്ങനെ ഹരണക്രിയ ചെയ്യണമെന്നാണ് രണ്ടാംപക്ഷക്കാരുടെ  അഭിപ്രായം. ഈ പക്ഷത്തിനു ശക്തിയായ ഒരു ദോഷമുണ്ട്. എന്തെന്നാൽ മീനത്തിന്റെ അന്ത്യംശകമായി ലഗ്നവും അതിൽ പാപഗ്രഹവും നിന്നാൽ ജനിച്ച ശിശു ഉടനെ മരിയ്ക്കണമെന്നു വരുന്നതാണല്ലോ. ഇങ്ങനെ ലഗ്നമായാൽ ഒരു ഗ്രഹത്തിനും ഒട്ടും ദശയുണ്ടാവില്ലെന്നും താൽപര്യം. ഹരണങ്ങളെക്കൊണ്ട് എത്രമാത്രം കുറഞ്ഞാലും എല്ലാ ഗ്രഹങ്ങളുടെയും ലഗ്നത്തിന്റേയും ദശകൾ തമ്മിൽ കൂട്ടിയാൽ 20 വർഷത്തിൽ കുറയുകയില്ലെന്നു ഈ അദ്ധ്യായത്തിലെ ഏഴാം ശ്ലോകംകൊണ്ടു പറയുകയും ചെയ്യുന്നു. ഇതു രണ്ടും തമ്മിൽ പരമവിരുദ്ധമാകയാൽ ആദ്യം പറഞ്ഞവിധം തന്നെ ഹരണം ചെയ്യുകയാണ് നിർദ്ദിഷ്ടമായ മാർഗ്ഗവും ഗ്രന്ഥകാരന്റെ അഭിപ്രായമെന്നു സ്പഷ്ടമാകുന്നു.

ഉദയാദുദയാന്തം ഒരു ദിവസം, അതു മുപ്പതും കൂടിയതു ഒരു മാസം, അത് 12 കൂടിയത് സംവത്സരം, ഇങ്ങനെയുള്ള സാവനവർഷങ്ങളാണ് ഇവിടെ ദശാസംവത്സരമായി കിട്ടിയിട്ടുള്ളത്; നമ്മൾ സാധാരണ കണക്കാക്കുന്നതു സൌരസംവത്സരവുമാണ്. അതിനാൽ ഇവിടെ കിട്ടിയിട്ടുള്ള ദശാസംവത്സരങ്ങളെ സൌരീകരണം ചെയ്യുന്നതാണ് ന്യായമായ മാർഗ്ഗം. അതിന്റെ ക്രിയയും ഇവിടെ പറയാം. സൂര്യാദി ഓരോ ഗ്രഹത്തിന്റേയും ഹരണങ്ങളൊക്കെ കഴിഞ്ഞിരിയ്ക്കുന്ന ദശ വെച്ച് അതിനെ 12 ലും 20 ലും പെരുക്കി ദിവസത്തിൽ കൂട്ടിവെയ്ക്കുക, അപ്പോൾ ദിവസത്തിനു ചോടെ ഒരു നാഴികാസ്ഥാനവും കൂടി ഉണ്ടായിരിയ്ക്കുമല്ലോ. ഇതിനെ "തത്സമ" (576) നെക്കൊണ്ടു പെരുക്കി "ധീജഗന്നൂപുരം" (210389) കൊണ്ടു ഹരിയ്ക്കുക. കിട്ടിയ ഫലം സൌരസംവത്സരമാകുന്നു. ബാക്കിയെ യഥാക്രമം 12 ലും 30 ലും 60 ലും പെരുക്കി "ധീജഗന്നൂപുരം" കൊണ്ടു ഹരിച്ചാൽ മാസദിവസനാഴികകളും  ഉണ്ടാവുന്നതാണ്. ഈ വിധം എല്ലാ ഗ്രഹങ്ങളുടേയും ലഗ്നത്തിന്റെ  ദശകളെ സൌരീകരണം ചെയ്യണം. ഈ ദശകൾ എട്ടും കൂടിയേടത്തോളം കാലമാണ് ആ ജാതനായ ശിശുവിന്റെ ആയുഷ്കാലമെന്നു അറിയേണ്ടതാണ്.

ദശയുടെ സംവത്സരാദികലകളെ കണക്കാക്കുന്നതു സാവനമായിട്ടാണ് വേണ്ടതെന്നും, സൌരമായിട്ടാണ് വേണ്ടതെന്നും മറ്റും ഓരോ ആചാര്യന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. എന്നാൽ പ്രമാണംകൊണ്ട് തീർച്ചപ്പെടുത്തിയതായി കാണുന്നതുമില്ല. അതിനാൽ അവരവരുടെ ആചാര്യോപദേശത്തെ  അനുസരിയ്ക്കേണ്ടതാണെന്നു പറയുകയേ നിവൃത്തിയുള്ളു.

ജ്യോതിഷമാഗമശാസ്ത്രം വിപ്രതിപത്തൗ ന യോഗ്യമസ്മാകം
സ്വയമേവ വികല്പയിതും കിന്തു ബഹൂനാം മതം വക്ഷ്യേ.

എന്നും മറ്റും മാത്രമേ പൂർവ്വികന്മാർതന്നെ പറഞ്ഞു കാണുന്നുള്ളു.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.