ജീവശർമ്മാവിന്റെ പക്ഷപ്രകാരമുള്ള ദശാവർഷത്തേയും സത്യാചാര്യമതമായ അംശകദശയേയും പറയുന്നു

സ്വമതേവ കിലാഹ ജീവ ശർമ്മാ
ഗ്രഹദായം പരമായുഷഃ സ്വരാംശം
ഗ്രഹഭുക്തനവാംശരാശിതുല്യം
ബഹുസാമ്യം സമുപൈതി സത്യവാക്യം.

സാരം :-

മനുഷ്യർക്കു പറഞ്ഞ പരമായുസ്സിന്റെ ഏഴിലൊരംശമായ 17 സംവത്സരവും 1 മാസവും 22 ദിവസവും 8 നാഴികയും 34 വിനനാഴികയുമാണ് സൂര്യാദി ശനി പര്യന്തമുള്ള ഓരോ ഗ്രഹത്തിന്റേയും പരമോച്ചസ്ഥാനത്തിങ്കലുള്ള ദശാസംവത്സരങ്ങൾ. ഇവർ തന്നെ പരമനീചസ്തന്മാരായാൽ ഈ ദശാകാലങ്ങൾ, 8 സംവത്സരവും 6 മാസവും 26 ദിവസവും 4 നാഴികയും 17 വിനനാഴികയുമായി കുറയ്ക്കുകയും ചെയ്യും. ദശാസംവത്സരം ഈ വിധമാണെന്നാണ് തന്റെ അഭിപ്രായത്തെ മാത്രം ആധാരമാക്കിക്കൊണ്ട് ജീവശർമ്മാവെന്ന ആചാര്യൻ സ്വതന്ത്രമായി പറഞ്ഞിരിയ്ക്കുന്നത്. ആചാര്യന്റെ പക്ഷത്തിൽ ദശാസംവത്സരത്തിന്നു മാത്രം വിശേഷം പറകയാൽ, ഉച്ചനീചഹരണം മുതലായ ഹരണങ്ങളൊക്കയും ഈ ദശയ്ക്കും വേണമെന്നു വരുന്നുണ്ട്. ലഗ്നദശയും മുമ്പു പറഞ്ഞപ്രകാരം തന്നെ വരുത്തുകയും വേണം.

ഓരോ ഗ്രഹവും മേഷാദിയായിക്കണക്കാക്കുമ്പോൾ എത്ര വീതം അംശകം ഭുജിച്ചു (ഗമിച്ചു) കഴിഞ്ഞിട്ടുണ്ടോ അത്ര വീതം സംവത്സരം അതാതു ഗ്രഹങ്ങൾ ആയുസ്സിനെ പ്രദാനം ചെയ്യുന്നതും, സത്യാചാര്യ പക്ഷപ്രകാരമുള്ളതുമായ ആ അംശകദശയാകട്ടെ പ്രധാനികളായ പല ആചാര്യന്മാർക്കും സമ്മതവും, അഥവാ പല ജാതകത്തിലും പരീക്ഷിച്ചതിൽ ഒത്തുകണ്ടതുമാകുന്നു. എന്നുവെച്ചാൽ ഉച്ചനീചദശയ്ക്ക്, മുൻപ് ആരോപിച്ച ദോഷം ഇവിടെ വരുന്നതല്ലെന്നു താല്പര്യം. അതുമാത്രമല്ല, ഈ ദശകൊണ്ടു പരീക്ഷിച്ചുനോക്കിയതിൽ പല ജാതകങ്ങളിലും ഒത്തു വന്നതും, സുസമ്മതന്മാരായ പല ആചാര്യന്മാരുടെ ഗ്രന്ഥങ്ങളിലും സ്വീകരിച്ചു കാണുന്നതുമാകുന്നു. പല സ്ഥലത്തും സത്യാചാര്യമതത്തെ ബഹുമാനപുരസ്സരം പറഞ്ഞുകാണുന്നതിനാൽ ഗ്രന്ഥകർത്താവിന്നു സമ്മതവും ഒടുവിൽ പറഞ്ഞതാണെന്നറിക.

സൌകര്യത്തിനായി ഈ അംശകദശ വരുത്തുവാനുള്ള ക്രിയയും കൂടി ഇവിടെ കാണിയ്ക്കാം. ജനനസമയത്തേയ്ക്കുള്ള സൂര്യാദികളുടെ സ്ഫുടത്തെവെച്ച് രാശിയും തിയ്യതിയും ഇറക്കി ഇലിയാക്കി അതിനെ "ജ്ഞാനവീരനെ" (2400) കൊണ്ട് ഹരിയ്ക്കുക, കിട്ടിയ ഫലം ആവശ്യമില്ല. ശേഷത്തെ "നൃനഖ" നേക്കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഫലം സംവത്സരമാകുന്നു. ബാക്കിയെ 12 ലും, 30 ലും 60 ലും പെരുക്കി "നൃനഖ" നെക്കൊണ്ടുതന്നെ ഹരിച്ചാൽ ക്രമേണ മാസം ദിവസം നാഴിക ഇതുകളും കിട്ടും. ഇങ്ങനെ സൂര്യാദികളായ ഏഴു ഗ്രഹങ്ങളുടേയും ദശ വരുത്തുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.