മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തില്‍ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹര്‍ഷികള്‍ ഒരിക്കല്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിക്കുന്നതിനായി വൈകുണ്ഠത്തില്‍ ചെന്നു. എന്നാല്‍ ജയവിജയന്മാര്‍ അവരെ അനാദരിക്കുകയും വൈകുണ്ഠത്തിലേക്ക് കടത്തിവിടാന്‍ വിസ്സമതിക്കുകയും ചെയ്തു. തങ്ങള്‍ക്കുണ്ടായ അപമാനത്തില്‍ കോപം പൂണ്ട സനകാദികള്‍ ജയവിജയന്മാരെ ശപിച്ചു. മൂന്ന് ജന്മങ്ങളില്‍ അസുരന്മാരായി ജനിക്കട്ടെ എന്നായിരുന്നു ശാപം. എന്നാല്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ദ്വാരപാലകര്‍ മുനിമാരോട് മാപ്പപേക്ഷിച്ചു.
ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാല്‍ ഈ ജന്മങ്ങളില്‍ നിഗ്രഹിയ്ക്കപ്പെട്ടാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് സന്യാസിമാര്‍ അവര്‍ക്ക് അനുഗ്രഹവും കൊടുത്തു. അങ്ങനെ ജയവിജയന്മാര്‍ മൂന്നു തവണ അസുരന്മാരായി ജനിച്ചു. അവരുടെ ആദ്യ ജന്മം ഹിരണ്യാക്ഷനും ഹിരണ്യകശുപുവുമായായിരുന്നു. കശ്യപമഹര്‍ഷിയുടെയും ദിതിയുടെയും പുത്രന്മാരായി ആയിരുന്നു ഇവരുടെ ജനനം. ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരുനാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു (കശ്യപന് രണ്ടു പത്‌നിമാരായിരുന്നു - അദിതി എന്ന ഭാര്യ ദേവന്മാര്‍ക്കും, ദിതി എന്ന ഭാര്യ അസുരന്മാര്‍ക്കും ജന്മം നല്‍കി). ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു. ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തു കൊണ്ടിരുന്നു. ഭയചകിതനായ വരുണദേവന്‍ മഹാവിഷ്ണുവില്‍ അഭയം പ്രാപിച്ചു. അങ്ങനെ ഹിരണ്യാക്ഷനെ അന്വേഷിച്ചു ഭഗവാന്‍ സമുദ്രതലത്തില്‍ എത്തി.
മഹാവിഷ്ണുവിനെ കണ്ടതും ഹിരണ്യാക്ഷന്‍ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേക്ക് പലായനം ചെയ്തു. ദുഷ്ടനായ ഹിരണ്യാക്ഷനില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനായി മഹാവിഷ്ണു വരാഹമായി അവതരിച്ചു. അങ്ങനെ വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നാണ് ഐതിഹ്യം.