"ഭാരതത്തിൽ എല്ലായിടത്തും നാഗാരാധന ഉണ്ടെങ്കിലും കേരളത്തിൽ അതിന് സവിശേഷ പ്രാധാന്യമുണ്ട്. പണ്ടു കാലത്ത് മലയാളികൾ കൊടുമ (ശിഖ ) വച്ചതു പോലും സർപ്പ ഫണത്തിനെ അനുസ്മരിക്കുന്നതരത്തിലായിരുന്നു. കേരളത്തിലെ ദാരുശില്പങ്ങളിൽ നാഗഫണം കൊത്തി വച്ചതായി ധാരാളം കാണാം.
ജാതി സമുദായ ഭേദമെന്യേ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങളിലും നാഗാരാധന രൂഢമായിത്തീർന്നിട്ടുണ്ട്. നാഗരാജാവ്, നാഗയക്ഷി എന്ന സങ്കല്പത്തിലും നാഗകാളിയെന്ന സങ്കല്പത്തിലും നാഗാരാധന കണ്ടു വരുന്നുണ്ട്. നാഗത്തിറകളിൽ നാഗകാളി സങ്കല്പമാണ് കണ്ടു വരുന്നത്. സുബ്രഹ്മണ്യനെയും നാഗരൂപത്തിൽ ആരാധിക്കുന്നുണ്ട്.
ഒരു കാലത്ത് പുള്ളുവൻപാട്ടായിരുന്നു നാഗാരാധനയുടെ മുഖമുദ്രയായി അറിയപ്പെട്ടിരുന്നത്. ഇന്ന് പുള്ളുവൻപാട്ട് വിരളമായി ചിലയിടങ്ങളിൽ നടന്നു വരുന്നുണ്ട്. എങ്കിലും, നമ്മുടെ വൈദികാഭിമുഖ്യം സർപ്പബലിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കയാണ്.
കുണ്ഡലിനീശക്തിയുടെ പ്രതിരൂപമായിട്ടാണ് നാഗങ്ങളെ ആരാധിച്ചിരുന്നത്. ഷഡാധാരങ്ങളിൽ പൃഥ്വി തത്വമായ മൂലാധാരത്തിൽ മുന്നരച്ചുറ്റായി കുണ്ഡലിനീശക്തി ശയിക്കുന്നുവെന്നത് തന്ത്രശാസ്ത്ര സിദ്ധാന്തം. നാഗങ്ങൾക്ക് മണ്ണുമായുള്ള ബന്ധം നമുക്കറിയാവുന്നതാണല്ലൊ.
ശ്രീമദ് ഗോവിന്ദ ഭഗവത്പാദർ എഴുതിയ "സുഭഗോദയം" എന്ന കൃതിയിലും ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിൽ "അവാപ്യ സ്വാം ഭൂമിം ഭൂജഗനിഭ മദ്ധ്യുഷ്ടവലയം" എന്ന വരിയിലുമാണ് പ്രകടമായി കുണ്ഡലിനിയെ സർപ്പാകൃതിയായി വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. ശ്രീനാരായണ ഗുരു എഴുതിയ കുണ്ഡലിനിപ്പാട്ടും മറ്റൊരു നിദർശനമാണ്.
തറവാട്ടിൽ സന്താന സൗഖ്യം ഉണ്ടാവാൻ വേണ്ടിയാണ് പ്രധാനമായും നാഗാരാധന നടത്തപ്പെടുന്നത്."