ബാലുശ്ശേരി സംസ്കൃതവിദ്യാപീഠത്തിൽ നിന്ന് അദ്വൈതവേദാന്തത്തിൽ ആചാര്യബിരുദം നേടിയ ത്രൈപുരം വിവിധ സ്‌കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച് ചക്കാലക്കൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് വിരമിച്ചു. അതിനുശേഷം മുഴുവൻ സമയവും ശാക്തേയതത്വ പ്രചരണാർത്ഥം ശാക്തേയ കാവുകളിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചും തത്വവിചാരം നടത്തിയും ദേവി ഉപാസകർക്ക് ഉണ്ടാവുന്ന സംശയങ്ങൾക്ക് വിശദീകരണം നൽകി ശാക്തേയം ഒരു ജീവിത രീതിയാണെന്ന് മനസ്സിലാക്കി കൊടുക്കുന്നു.
പയ്യോളി തന്ത്രവിദ്യാപീഠത്തിന്റെ ആചാര്യനാണ്. ധാരാളം ശിഷ്യഗണങ്ങളുണ്ട്.
കൃതികൾ :- ശാക്തേയതത്വം, കാളീതത്വം, പുഷ്‌പാഞ്‌ജലി (കവിത), അനുഷ്ഠാനലഘുപദ്ധതി, ശാക്തേയപൂജാപദ്ധതി, കമ്മ്യൂണിസം വേദാന്തം തന്ത്രം, ബീജാക്ഷരനിഘണ്ടു, ഒരു സാധകന്റെ കണ്ണാടി (ജീവിതകുറിപ്പുകൾ) എന്നീ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.
****************************
ശ്രീ ജഗദംബാസഹിത
ശ്രീ അനംഗാനന്ദനാഥ
ശ്രീ ഗുരു ശ്രീ പാദങ്ങളിൽ
ആചാര്യ സന്ദേശം
വേദാന്തം അന്ധമായി പ്രസംഗിക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാത്തവരുമായ ചില പണ്ഡിതം മാന്യന്മാരാണ് ശാക്തേയ ധർമ്മത്തെ വിമർശിക്കുന്നത്. ഒരു കാര്യം ഞാനിവിടെ സൂചിപ്പിക്കട്ടെ. ഭാരതീയർക്ക് പരിഹസിക്കുവാനും വിമർശിക്കുവാനും മാത്രമേ അറിയൂ. വിഷയത്തെ ഗവേഷണാത്മകമായി നിരീക്ഷിക്കാൻ അറിയില്ല. തന്മൂലം ധാരാളവും രഹസ്യവിദ്യകൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ചാക്ഷുകി, ചിത്രശിഖണ്ഡി, അസ്ത്രമന്ത്രങ്ങൾ, വൈമാനിക തന്ത്രം, ആയുർവേദത്തിലെ ശല്യക്രിയ എന്നിങ്ങനെ അനേകം രഹസ്യവിദ്യകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരം ആളുകൾ ഈ വിദ്യകളുടെ നേർക്ക് സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത അവജ്ഞയാണ് ഈ ശാസ്ത്രങ്ങളുടെ പതനത്തിന് വഴിയൊരുക്കിയത്.
ഒരു ശാസ്ത്രം കൈകാര്യം ചെയ്യുന്ന രീതി എല്ലാവർക്കും രസിക്കണമെന്നില്ല. എന്നാൽ ശാസ്ത്രത്തിന്റെ പ്രയോജനം കിട്ടുന്നത് സമാജത്തിനാണ്. ശാക്തേയസമ്പ്രദായവും എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. അർഹതയുള്ളവർ മാത്രം അത് അനുഷ്ഠിച്ചാൽ മതി. എന്നാൽ ഒരു ശാസ്ത്രം തെറ്റാണെന്ന് വാദിക്കാൻ ആർക്കും അധികാരമില്ല. ഒരു പക്ഷെ ഗോമുത്രത്തിന്റെയും ഗായത്രീമന്ത്രത്തിന്റെയും പേറ്റന്റ് പാശ്ചാത്യർ കയ്യടക്കാൻ ശ്രമിച്ചതുപോലെ ഈ ശാസ്ത്രത്തിന്റെ പേറ്റന്റും അവർ നേടിയേക്കും. അന്നുമാത്രമേ ഭാരതത്തിലെ പണ്ഡിതം മാന്യന്മാരുടെ കണ്ണു തെളിയുകയുള്ളൂ. അതിനാൽ ഒരു കലയെയോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയെയോ സംരക്ഷിക്കുവാനുള്ള ത്വരയെങ്കിലും ഇക്കാര്യത്തിൽ ഉണ്ടായാൽ നന്ന്.