പഞ്ചമഹാപുരുഷയോഗം.

സ്വോച്ചസ്വക്ഷേത്രഗതൈർ-
ബ്ബലിഭിഃ കേന്ദ്രം ഗതൈഃ കുജാദ്യൈശ്ച
രുചകോ ഭദ്രോ ഹംസോ
മാളവ്യശ്ശശ ഇമേ ക്രമാദ്യോഗാഃ

സാരം :-

കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ അഞ്ചു ഗ്രഹങ്ങൾ തന്റെ തന്റെ ഉച്ചരാശിയിലോ സ്വക്ഷേത്രത്തിലോ കേന്ദ്രരാശികളിലോ നിന്നാൽ രുചകാദി പഞ്ചമഹാപുരുഷയോഗങ്ങൾ സംഭവിക്കും.

ഉച്ചസ്വക്ഷേത്രങ്ങളിൽ (ഉച്ചരാശി, സ്വക്ഷേത്രം) ചൊവ്വ കേന്ദ്രസ്ഥനായി നിന്നാൽ " രുചകയോഗവും ", അപ്രകാരം ബുധൻ നിന്നാൽ " ഭദ്രയോഗവും " വ്യാഴം നിന്നാൽ " ഹംസയോഗവും ", ശുക്രൻ നിന്നാൽ " മാളവ്യയോഗവും ", ശനി നിന്നാൽ " ശശയോഗവും " ഉണ്ടെന്നു പറയണം. ഇവിടെ കേന്ദ്രാശ്രിതത്വം ലഗ്നാദിയായും ചന്ദ്രാദിയായും നിരൂപിച്ചു കാണുന്നുണ്ട്. എന്നാൽ ലഗ്നകേന്ദ്രാശ്രിതത്വത്തിലാണ് പ്രാധാന്യമെന്നു അറിഞ്ഞുകൊൾകയും വേണം. (മേൽപ്പറഞ്ഞ ഗ്രഹങ്ങൾ മേൽപ്പറഞ്ഞ രാശികളിൽ നിൽക്കുകയും ആ രാശികൾ  ലഗ്നത്തിന്റെ കേന്ദ്രരാശികളായി വരികയും ചെയ്‌താൽ മാത്രമേ യോഗഫലങ്ങൾ പൂർണ്ണമായും അനുഭവത്തിൽ വരികയുള്ളു).