ആദ്ധ്യാത്മികം, ഭൗതികം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തിരിക്കുവാന്‍ കഴിയുമോ, ഏതാണു് ആനന്ദദായകം?

ആദ്ധ്യാത്മികജീവിതം, ഭൗതികജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തരംതിരിച്ചു വ്യത്യസ്തമായി കാണേണ്ട കാര്യമില്ല. മനസ്സിന്റെ ഭാവനയിലുള്ള വ്യത്യാസം മാത്രമാണുള്ളതു്. ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണു് ആദ്ധ്യാത്മികം ചെയ്യുന്നതു്. ഭൗതികം അരിയാണെങ്കില്‍ ആദ്ധ്യാത്മികം ശര്‍ക്കരയാണു്. പായസത്തിനു മധുരം നല്കുന്ന ശര്‍ക്കരപോലെയാണു് ആദ്ധ്യാത്മികം. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ മാധുര്യമുള്ളതാക്കുന്നു.

ഭൗതികത്തെ ആശ്രയിച്ചാല്‍ അതില്‍ ദുഃഖമുണ്ടു്. ഭൗതികസുഖം മാത്രം ആഗ്രഹിക്കുന്നവര്‍ ദുഃഖംകൂടി അനുഭവിക്കാന്‍ തയ്യാറാകണം. അങ്ങനെയുള്ളവര്‍മാത്രം ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. ഭൗതികം എപ്പോഴും നമ്മളെ അലട്ടിക്കൊണ്ടും ദുഃഖിപ്പിച്ചുകൊണ്ടുമിരിക്കും. ഇതിനര്‍ത്ഥം ഭൗതികം പൂര്‍ണ്ണമായും ത്യജിക്കണമെന്നല്ല. ആദ്ധ്യാത്മികം കൂടി മനസ്സിലാക്കി ഭൗതികജീവിതം നയിക്കണം. അങ്ങനെയാകുമ്പോള്‍ ദുഃഖിച്ചു തളരേണ്ടി വരില്ല. ഈ ലോകത്തു് ഇന്നു സ്വന്തമെന്നും ബന്ധുവെന്നും പറയുന്നവരാരുംതന്നെ നമുക്കു കൂട്ടല്ല. ഇന്നു ബന്ധുക്കളെന്നു പറയുന്നവരാരുംതന്നെ യഥാര്‍ത്ഥ ബന്ധുവല്ല. ഈശ്വരന്‍ മാത്രമാണു യഥാര്‍ത്ഥ ബന്ധു. മറ്റുള്ളവരെല്ലാം ഏതു നിമിഷവും നമ്മുടെ ശത്രുക്കളാകും. ഓരോരുത്തരും സ്വന്തം സുഖം മാത്രം ഇച്ഛിച്ചാണു നമ്മളെ സ്നേഹിക്കുന്നതു്. രോഗം വന്നാലും ദുഃഖം വന്നാലും അപകടമുണ്ടായാലും നമ്മള്‍തന്നെ അനുഭവിക്കണം. അതിനാല്‍ ബന്ധം ഈശ്വരനോടു മാത്രമാകട്ടെ. ഭൗതികത്തോടു ബന്ധം സ്ഥാപിച്ചാല്‍ അതില്‍നിന്നും മോചനം നേടുക വളരെ പ്രയാസമാണു്. എത്ര ജന്മമെടുത്താലാണു് അതില്‍നിന്നു മുക്തിനേടാന്‍ സാധിക്കുക? അതിനാല്‍ ഒരു കടമ നിറവേറ്റുന്നതുപോലെ ആയിരിക്കണം നമ്മുടെ ജീവിതം. അങ്ങനെയാകുമ്പോള്‍ ആരു ദ്വേഷിച്ചാലും, ആരുപേക്ഷിച്ചാലും ദുഃഖിച്ചു തളരേണ്ടിവരില്ല. നിരാശപ്പെടേണ്ടി വരില്ല. ‘ഞാന്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന അവരെന്നെ വെറുത്തുവല്ലോ’ എന്നോര്‍ത്തു ബുദ്ധിഭ്രമം സംഭവിച്ചു ഭ്രാന്തനായിത്തീരേണ്ട. കൈമുറിഞ്ഞിട്ടു കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പൊറുക്കുകയില്ല. അതുപോലെയാണു സമ്പത്തും ബന്ധുക്കളും നഷ്ടമാകുമ്പോള്‍ കരഞ്ഞു തളരുന്നതും. കരഞ്ഞതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്? എന്നാല്‍ ‘ഇന്നു കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടു പോകാം’ എന്നു മനസ്സിലാക്കി ജീവിച്ചാല്‍ ആരു വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്നേഹിക്കരുതെന്നല്ല. എല്ലാവരെയും സ്നേഹിക്കണം. പക്ഷേ, സ്നേഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കണം. ദുഃഖിക്കാതിരിക്കുന്നതിനു വേണ്ടിയാണിതു്.

ഭൗതികം ദുഃഖം കലര്‍ന്നതാണു്. എന്നാല്‍ ആദ്ധ്യാത്മികം മനസ്സിലാക്കിയിരുന്നാല്‍ അതു് ആനന്ദദായകംതന്നെ. പ്രത്യേക പരിശീലനം കൂടാതെ കടലില്‍ നീന്താനിറങ്ങിയാല്‍ തിരയില്‍ പെട്ടു പോകും. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം. എന്നാല്‍ കടലില്‍ നീന്താന്‍ പഠിച്ചവര്‍ക്കു് ഏതു വലിയ തിരയെ മുറിച്ചു കടക്കുവാനും പ്രയാസമില്ല. അതുപോലെ ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ഏതു പ്രതിബന്ധത്തിലും തളരാതെ മുന്നോട്ടു പോകുവാന്‍ കഴിയും. ഏതു സാഹചര്യത്തെയും അതിജീവിക്കുവാന്‍ സാധിക്കും. ഒരു വസ്തുവില്‍ ആനന്ദം കണ്ടെത്തുന്നതും മറ്റൊരു വസ്തുവിനെ വെറുക്കുന്നതും മനസ്സുകൊണ്ടാണു്. ചിലര്‍ക്കു സിഗററ്റില്ലാതെ ജീവിക്കുവാന്‍ കഴിയില്ല. മറ്റു ചിലര്‍ക്കാകട്ടെ സിഗററ്റിന്റെ പുകയേറ്റാല്‍ അസ്വസ്ഥതയാണു്. സുഖവും ദുഃഖവും മനസ്സിലാണു്. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിച്ചു ശരിയായ പാതയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ ആനന്ദം മാത്രമായിരിക്കും. അതിനുള്ള മനസ്സിന്റെ വിദ്യയാണു് ആദ്ധ്യാത്മികവിദ്യ. അതു മനസ്സിലാക്കി ജീവിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.

എപ്പോഴും ഭഗവന്നാമങ്ങള്‍ ജപിച്ചും, അവിടുത്തെ കാര്യങ്ങള്‍മാത്രം സംസാരിച്ചും, സ്വാര്‍ത്ഥത വെടിഞ്ഞു സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചും ഒരു ജീവിതം നയിക്കാന്‍ നോക്കുക. ദുഃഖിക്കേണ്ടി വരില്ല. ലോകത്തുള്ള സര്‍വ്വതിനോടും ബന്ധം സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ടു് ഈശ്വരനോടു ബന്ധം സ്ഥാപിച്ചു കൂടാ? ലോകത്തിലുള്ള സര്‍വ്വകാര്യങ്ങളും പറയുവാന്‍ അറിയുന്ന നാവിനെക്കൊണ്ടു ഭഗവന്നാമങ്ങള്‍ ജപിക്കുവാന്‍ എന്തുകൊണ്ടു ശീലിപ്പിച്ചുകൂടാ? അങ്ങനെയായാല്‍ നമുക്കുമാത്രമല്ല, നമ്മുടെ സമീപത്തു വരുന്നവര്‍ക്കും നമ്മില്‍നിന്നും ശാന്തി ലഭിക്കും. എന്നാല്‍ സാധാരണ മനുഷ്യരാകട്ടെ, അവരുടെ ദുഃഖങ്ങള്‍ വരുന്നവരോടെല്ലാം പറയുന്നതു മൂലം അവരുടെ ദുഃഖം മാറുന്നതുമില്ല, അതു കേള്‍ക്കുന്നവരുടെ മനസ്സും അസ്വസ്ഥമാകുന്നു. ചെറിയ ചേര വലിയ തവളയെ വിഴുങ്ങുവാന്‍ ശ്രമിക്കുന്നതുപോലെയാണിതു്. ഭഗവാനെ മറന്നു സ്വന്തം സുഖം മാത്രം ഇച്ഛിച്ചു ഭൗതികത്തെ ആശ്രയിച്ചു്, ഇത്തിരി സുഖത്തിനുവേണ്ടി ശേഷിക്കുന്ന സമയം മുഴുവന്‍ ദുഃഖിച്ചു കഴിയേണ്ടി വരുന്നതാണു ഭൗതികം. അശാന്തി അവര്‍ക്കു മാത്രമല്ല, അവരുടെ സമീപത്തിലുള്ളവര്‍ക്കും ലഭിക്കുവാനുള്ളതു് അതു മാത്രമാണു്. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞു് എല്ലാം അവിടുത്തേതു് എന്നുകണ്ടു്, സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചു ജീവിക്കുന്നതാണു് ആദ്ധ്യാത്മികം. അവര്‍ ശാന്തി അനുഭവിക്കുക മാത്രമല്ല, തങ്ങളുടെ സമീപത്തു വരുന്നവരിലും ശാന്തി വിതയ്ക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.