മാനിഷാദ എന്നിങ്ങനെ ആദികവി പാടിയത് ഹിംസയ്ക്ക് എതിരായുള്ള താക്കീതല്ലേ?

മാനിഷാദ എന്ന് തുടങ്ങുന്ന രാമായണത്തിലെ ശ്ലോകത്തിന് രണ്ട് അർത്ഥങ്ങളുണ്ട്. ഒന്ന് -  ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ കൊന്ന കാട്ടാളന് ഒരിക്കലും ശാശ്വതമായ നിലനിൽപ്പുണ്ടാവാതിരിക്കട്ടെ എന്നതാണ്. രണ്ടാമത്തെ അർത്ഥം രാവണനെ കൊന്ന ശ്രീരാമന് സ്ഥിരമായ കീർത്തിയുണ്ടാവട്ടെ എന്നതുമാകുന്നു. രണ്ട് അർത്ഥതലങ്ങളിലും മുഴങ്ങിനിൽക്കുന്ന ഒരു വാക്ക് കാമമോഹിതം എന്നതാകുന്നു. അതായത് ക്രൗഞ്ചമിഥുനങ്ങളിൽ കാമമോഹിതനായ ആൺപക്ഷിയെ കൊന്നത് പഞ്ചമഹാപാതകങ്ങളിൽ ഒന്നാണ്. പരസ്ത്രീകളിൽ കാമമോഹിതനായ രാവണനെ കൊന്നത് ശ്രേഷ്ഠമായ ധർമ്മവുമാകുന്നു. അതിനാൽ ഇവിടെ മാനിഷാദ എന്ന ശ്ലോകംകൊണ്ടുദ്ദേശിക്കുന്നത് അഹിംസയ്ക്കുവേണ്ടിയുള്ള ആഹ്വാനമല്ല മറിച്ച് ധർമ്മാധർമ്മങ്ങളെ വ്യവച്ഛേദിച്ച് അറിയുവാനുള്ള മാർഗ്ഗദർശനമാണ്.