ഹിന്ദുമതപ്രകാരം, ഈശ്വരചൈതന്യം തന്നെയാണ് ഈ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നത്. ഈ പ്രപഞ്ചചൈതന്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈശ്വരന്‍ തന്നെയാണ്. അങ്ങനെ സര്‍വത്ര ഈശ്വരചൈതന്യം നിറഞ്ഞുനിക്കുന്നു. അപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന ഈശ്വരന്‍, അതുനില്‍ക്കുന്ന പ്രപഞ്ചവും ഉണ്ടെന്നു മനസ്സിലാക്കാം. ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പ്രപഞ്ചത്തെ ഉപഭോഗിക്കാന്‍ നിങ്ങളും ഉണ്ട്. ഇതാണ് ഈശാവാസ്യോപനിഷത്തില്‍ ഈശ്വരനാല്‍ ഈ പ്രപഞ്ചം മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍ ത്യജിച്ചുകൊണ്ട് ഇവയെല്ലാം ഉപഭോഗിക്കുക്ക എന്ന് പറഞ്ഞത്. നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചത്. ഈശ്വരന്‍ സര്‍വ്വച്ചൈതന്യവും വഴിഞ്ഞൊഴുകുന്ന ഈ പ്രപഞ്ചം ഒരു സൂപ്പര്‍ മാര്‍ക്കറ്റാണ്. ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ഇല്ലാത്ത ഒന്നും ഉണ്ടാവില്ല. ഒരു ദേശത്തിന് വേണ്ടതെല്ലാം അവിടെയുണ്ടാകും. ഒരു കല്യാണത്തിനു വേണ്ടതെല്ലാം അവിടെയുണ്ടാകും. എന്നാല്‍ ഇതെല്ലാം ഒരു വ്യക്തിക്കുവേണ്ടിവരില്ല. ഒരു സാധാരണ വീട്ടില്‍ വേണ്ട സാധനസാമഗ്രികള്‍ക്കൊരു കണക്കുണ്ടാകും. അതനുസരിച്ചായിരിക്കും അവിടെ സാധനങ്ങള്‍ വാങ്ങുക, ഒരു കിലോ പഞ്ചസാര, 500 ഗ്രാം പരിപ്പ് എന്നിങ്ങനെ ഓരോ വീട്ടിലേക്കും ആവശ്യമുള്ളത് വാങ്ങും. ഇതേ പോലെ തന്നെയാണ് ദേവതകളും, ഈശ്വരന്‍ അനന്തചൈതന്യമാണ്. ആ അനന്തചൈതന്യത്തിലെ ഓരോ പ്രത്യേക ഗുണങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടിവരുന്നു.
ഉദാഹരണത്തിന് വീട്ടില്‍ ഒരു പെണ്‍കുട്ടി വിവാഹപ്രായമെത്തി നില്‍ക്കുകയാണെന്ന് കരുതുക. വിവാഹം കഴിയുന്നില്ല. വീട്ടുകാരുടെ പ്രാര്‍ത്ഥന മുഴുവന്‍ വിവാഹം നടക്കാനായിരിക്കും. അവരുടെ മുന്നില്‍ ഈശ്വരന്‍ വരേണ്ടത് വരന്റെ രൂപത്തിലാണ്. ഇതാണ് സ്വയംവര ശ്രീപാര്‍വ്വതീദേവിക്ക് പൂജകഴിക്കുന്നത്. 'സ്വയംവരശ്രീപാര്‍വ്വതീ' എന്നത് ഈശ്വരന്റെ വിവാഹസാധ്യത്തിനുള്ള പ്രത്യേകശക്തിവിശേഷതയാണ്. ഈ ശക്തിവിശേഷത സാക്ഷാത്കരിക്കുന്നതിനുള്ള 'ടെക്നിക്ക് (techinic)' ആണ് 'തന്ത്രം' എന്ന് പറയുന്നത്. അതിനായി ഉപയോഗിക്കുന്ന ശബ്ദപ്രയോഗത്തെ 'മന്ത്രം' എന്നുപറയുന്നു.
ഇതേപോലെയാണ് പണമില്ലാത്തവര്‍ക്ക് പണമാണ് ദൈവം. വിശക്കുന്നവന് ഭക്ഷണമാണ് ഈശ്വരന്‍ എന്നുപറയുന്നതുപോലെ, പണമുണ്ടാക്കാന്‍ ഈശ്വരനെ ഭജിക്കുന്നു. ആ ഈശ്വരചൈതന്യമാണ് ലക്ഷ്മീദേവിയും, ശ്രീദേവിയുമൊക്കെ ഈ തരത്തില്‍ ഈശ്വരചൈതന്യത്തെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ്. ഈ ലോകം മുഴുവന്‍ നിറഞ്ഞുനിക്കുന്ന അനന്തചൈതന്യത്തിലെ തനിക്ക് വേണ്ടത് മാത്രം ഉണ്ടാക്കി എടുക്കുന്നതിനുള്ള പദ്ധതികളാണ് ക്ഷേത്രവും കാവുകളുമൊക്കെ.