Showing posts with label eshwaran. Show all posts
Showing posts with label eshwaran. Show all posts

ഭഗവാനിലെത്താന്‍ അഞ്ചുതലങ്ങള്‍ കടക്കണം



അഞ്ചു തലങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് ഈശ്വരനിലെത്താവുന്നതാണ്. കുണ്ഡലം, തണ്ഡലം, വിണ്ഡലം, പാണ്ഡലം, മണ്ഡലം ഇവയാണവകള്‍.

കുണ്ഡലം :- പുനസൃഷ്ടിയ്ക്കുള്ള മോഹം, ആഹാരത്തിനു വേണ്ടിയുണ്ടാകുന്ന പ്രേരണ. ഇണകളുമായി ബന്ധപ്പെടുവാനുള്ള ആര്‍ത്തി ഇവയാണ്. മോഹങ്ങളും സുഖങ്ങളുമാണിവിടെ.

തണ്ഡലം :- തണ്ടത്തരം എന്ന് പറയും. ജീവിച്ചു ജീവിച്ചു പോകുവാനുള്ള വ്യഗ്രത. അതിനായ് എങ്ങനെയും പെരുമാറുവാനുള്ള പ്രേരണ ഉദിയ്ക്കുന്നതാണ്. ജീവിതവ്യഗ്രതയാണിവിടെ. ഞാനെന്നും എനിയ്ക്കെന്നും എന്‍റെതെന്നും ഉള്ള തോന്നലിലൂടെ ജീവിതം കഴിച്ചു കൂട്ടുന്നു ഇപ്പോള്‍.

വിണ്ഡലം :- ജീവിയ്ക്കുക അതിലൂടെ പരമസുഖം അനുഭവിയ്ക്കുക, സുഖത്തിനു വേണ്ടിയും ജീവിയ്ക്കുക, അതിനായി എങ്ങനേയും പ്രവര്‍ത്തിയ്ക്കേണ്ടതായിവരുക. ഭൂമിയില്‍ ഏതുവിധേനയും കഴിഞ്ഞുകൂടുവാനുള്ള ആര്‍ത്തിയോടെ ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണിവിടെ.

പാണ്ഡലം :- പരിശുദ്ധം എന്നാണര്‍ത്ഥം. പഞ്ചപാണ്ഡവര്‍ അങ്ങനെയുള്ളവരാകുന്നു. പഞ്ചഭൂതങ്ങങ്ങളാണ് പഞ്ചപാണ്ഡവര്‍, പരമാത്മാവിലേയ്ക്ക് ഈശ്വരനെ അടുപ്പിയ്ക്കുകയും പരമാത്മാവിനെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു പാണ്ഡവര്‍.

മണ്ഡലം :- ഈശ്വരനിലേയ്ക്ക് പ്രാപിയ്ക്കുന്നതാണ് മണ്ഡലം. "മ" - ഈശ്വരനെന്നാണര്‍ത്ഥം. പരമാത്മാവില്‍ എത്തിച്ചേരുന്നു മണ്ഡലകാലത്ത്. ദേവന്മാര്‍പോലും ഇക്കാലത്ത് ധ്യാനനിരതരായിരിയ്ക്കും. ആദ്യം മുതലുള്ള മൂന്ന് തലങ്ങള്‍ വിടുന്നവര്‍ അവസാനത്തെ മണ്ഡലതലത്തില്‍ എത്തുമ്പോള്‍ ഈശ്വരപ്രാപ്തരാകുന്നതിന് അര്‍ഹരാകുന്നു.

ഈശ്വരനെ അറിയുവാന്‍

രൂപം, സ്വരൂപം, വിരൂപം, അരൂപം ഇങ്ങനെ നാല് അവസ്ഥകളെ മറികടക്കുന്നവര്‍ മാത്രമേ ഈശ്വരനെ അറിയുന്നുള്ളൂ. രൂപത്തെ വച്ച് ആരാധിയ്ക്കുന്നതാണ് ആദ്യപടി. ഈശ്വരനെന്ന സങ്കല്‍പത്തില്‍ രൂപമുണ്ടാക്കി തങ്ങളുടെ ഭാവനകളിലൂടെ ഈശ്വരനെ ആരാധന നടത്തുന്ന സമ്പ്രദായം പൊതുവേ കാണുന്നതാണ്. ഭഗവാന് ഇഷ്ടമാകുന്നു എന്ന വിചാരത്തില്‍ നിവേദ്യങ്ങള്‍ നല്‍കുകയും ചെയ്യും. രൂപം കൊടുത്തിട്ട് നമ്മെപ്പോലെയാകുന്നുവെന്ന തിരിച്ചറിവുണ്ടാകുന്ന രണ്ടാമത്തെ അവസ്ഥയെ സ്വരൂപമായി ഭാവിക്കുന്നു. ഭഗവാന്‍ തന്നെപ്പോലെയാണ് എന്ന് കാണുകയായാണിവിടെ.

ഈ തലം കഴിഞ്ഞാല്‍ ഈശ്വരവിജ്ഞാനം ഏത് രൂപത്തിലാണെന്ന് അറിയുവാനാകാതെ മനസ്സ് ഉഴലുന്നു. ഭാവനകളില്‍ ഒതുങ്ങാതെ തന്നെപ്പോലെയല്ല എന്ന് മനസ്സിലാക്കി  ഏതോരൂപമാണ്‌ അതേത് വിധത്തിലാണെന്ന് തെരച്ചിലാണ് മൂന്നാം ഘട്ടത്തില്‍. ആ അന്വേഷണത്തിനൊടുവില്‍ രൂപമില്ലാത്തത്താണ് ഈശ്വരന്‍ എന്ന് കണ്ടെത്തുന്നു. അതാണ്‌ അരൂപം. ഈശ്വരന്‍ രൂപമില്ല, ഭാവമില്ല, ഗുണമില്ല, മണമില്ല, സ്ഥിതി മാത്രമാണുള്ളത്, എന്നും നില നില്‍ക്കുന്ന എല്ലാം അറിയുന്ന എല്ലാം ദര്‍ശിയ്ക്കുന്ന എല്ലാം അടങ്ങിയിരിക്കുന്ന എല്ലാറ്റിനേയും സൃഷ്ടിക്കുന്ന നിലനിര്‍ത്തുന്ന തന്നിലേയ്ക്കൊതുക്കുന്ന മഹാശക്തിയാണ് മഹാബ്രഹ്മം.

താനാരാണെന്ന് സ്വയം മനസ്സിലാക്കുന്നയാള്‍ ഈശ്വരനോടടുക്കുന്നതാണ്. തുടര്‍ന്ന് ബ്രഹ്മശക്തിയെ തിരിച്ചറിഞ്ഞ് ജ്ഞാനിയാവുകയും ചെയ്യുന്നു.

ആരാധന

  മനുഷ്യമനസ്സിന് സംതൃപ്തിയും സന്തോഷവും എങ്ങനെ കൈവരുന്നുവെന്നുവെച്ചാല്‍ ആ രീതിയില്‍ ആരാധനാ ദേവതകളെ സങ്കല്‍പ്പിക്കാം. കലുഷചിന്തയുള്ളവര്‍ ശാന്തമായും സമാധാനമായും ജീവിതത്തെ കണ്ടെത്തണം. ഭഗവാന്‍ പറയുന്നു തന്നെ ഏതുരൂപത്തിലും ഭാവത്തിലും പ്രാര്‍ഥിയ്ക്കാം സങ്കല്‍പ്പിക്കാം. പിതൃവിനേയും ഭൂതത്തേയും പ്രാര്‍ഥിയ്ക്കുന്നവനും ഈശ്വരന്‍ അനുഗ്രഹം നല്‍കുന്നു. പ്രാര്‍ഥിയ്കുന്നവര്‍ക്ക് അവരുടെ ആത്മാവിന്‍റെ ബന്ധം പിതൃവിലോ ഭൂതശക്തിയിലോ ലയിച്ചുനില്‍ക്കുകയുള്ളൂ. സാക്ഷാല്‍ പരാശക്തിയെ ആരാധിക്കുന്നവര്‍ അവിടെ വിലയിയ്ക്കുന്നതാണ്.

കലികാലത്ത് രുദ്രനായും, വിഷ്ണുവായും, ഗണേശനായും ഭഗവാനെ ആരാധിയ്ക്കാം. ശാസ്താവായും ഷണ്‍മുഖനായും കിരാതനായും ഭക്തജനങ്ങളുടെ ഇഷ്ടപ്രകാരം പരമപുണ്യവാനായ ഈശ്വര ശക്തിയെ ആരാധിയ്ക്കുന്നത് പുണ്യം തന്നെയാകുന്നു. എങ്ങനെയായാലും ഈശ്വരചിന്തയാണ് പരമശക്തി നല്‍കുന്നത്.

ആരാണ് യഥാര്‍ത്ഥ ഭക്തന്‍?

  ഈശ്വരധ്യാനത്തിനായി ജീവിതം സമര്‍പ്പിച്ചവനാണ് ഭക്തന്‍. ആത്മാവിന്റെ 4 വിഭാഗങ്ങളില്‍ ഒന്നാണ് ഭക്തന്‍. മുക്തന്‍, ബദ്ധന്‍, മുമുക്ഷു എന്നിവരാണ് മറ്റു മൂന്നുപേര്‍.

ഹിന്ദു മതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നുണ്ടല്ലോ? അപ്പോള്‍ ഈശ്വരന്‍ ഒന്നിലധികം ഉണ്ടോ?

     ഹിന്ദുമതത്തില്‍ ബഹുദൈവങ്ങളില്ല. ഹിന്ദുമതം ഏക ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന് മാത്രമല്ല. ആ ഈശ്വരനില്‍നിന്ന് അന്യമായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെയില്ലെന്നു, എല്ലാമായി തീര്‍ന്നിരിക്കുന്നത് ഈശ്വരന്‍തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എങ്ങും നിറഞ്ഞ ചൈതന്യമാണ് ഈശ്വരന്‍. ഈശ്വരന്‍ (ദൈവം) നാമത്തിനും രൂപത്തിനും അതീതനാണ്. എങ്കിലും ഭക്തനെ അനുഗ്രഹിക്കാന്‍ ഈശ്വരന് ഏതു രൂപവും എടുക്കാം. എത്ര രൂപം വേണമെങ്കിലും സ്വീകരിക്കാം. എത്ര ഭാവവങ്ങള്‍വേണമെങ്കിലും കൈക്കൊള്ളാം. കാറ്റിനു ഇളംതെന്നലായി വരാം. ശക്തിയായി വീശാം. വേണമെങ്കില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കാം.അതെല്ലാം അതിന്റെ സ്വഭാവമാണ്. ആ കാറ്റിനേയും നിയന്ത്രിക്കുന്ന സര്‍വ്വേശ്വരനായ ദൈവത്തിന് അപ്പോള്‍ ഏതു ഭാവമാണ് സ്വീകരിക്കാന്‍ വയ്യാത്തതായിട്ടുള്ളത്. ദൈവത്തിന്റെ അത്ഭുതം ആര്‍ക്കു വര്‍ണ്ണിക്കാന്‍ സാധിക്കും ? ഈശ്വരന് സഗുണഭാവവും നിര്‍ഗുണഭാവവും സ്വീകരിക്കാന്‍ കഴിയും . വെള്ളത്തിന് നീരാവിയാകാനും ഐസുകട്ടയാകാനും സാധിക്കുന്നതുപോലെ. അങ്ങനെ ഒരേ സര്‍വ്വേശ്വരന്‍ ശിവന്‍, വിഷ്ണു, ഗണപതി, മുരുകന്‍, ദുര്‍ഗ്ഗ, സരസ്വതി, കാളി തുടങ്ങിയ പല ഭാവങ്ങളിലും പല രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. താനും ഈശ്വരനും രണ്ടല്ല, എന്ന ഏകത്വഭാവത്തില്‍ വേണം ഭക്തന്‍ ഈശ്വരനെ (ദൈവത്തെ) ആരാധിക്കാന്‍.

     ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യസ്തമാണ്. അവര്‍ ആര്‍ജ്ജിച്ച സംസ്കാരങ്ങളും അവര്‍ വളര്‍ന്നുവന്ന പരിതസ്ഥിതികളും വ്യത്യസ്തങ്ങളാണ്. അവനവന്റെ അഭിരുചിക്കും മാനസികവളര്‍ച്ചക്കും അനുസൃതമായി ഈശ്വരനെ ഏതു ഭാവത്തിലും ഏതു രൂപത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്രം ഹിന്ദുമതത്തിലുണ്ട്. ഇങ്ങനെയാണ് ഹിന്ദുമതത്തില്‍ നാനാ ഈശ്വരഭാവങ്ങള്‍ ഉടലെടുത്തത്. അല്ലാതെ അവ വ്യത്യസ്ത ദൈവങ്ങളല്ല.

ബഹുദൈവാരാധന എന്ത്?

  ഹിന്ദുമതപ്രകാരം, ഈശ്വരചൈതന്യം തന്നെയാണ് ഈ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നത്. ഈ പ്രപഞ്ചചൈതന്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈശ്വരന്‍ തന്നെയാണ്. അങ്ങനെ സര്‍വത്ര ഈശ്വരചൈതന്യം നിറഞ്ഞുനിക്കുന്നു. അപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന ഈശ്വരന്‍, അതുനില്‍ക്കുന്ന പ്രപഞ്ചവും ഉണ്ടെന്നു മനസ്സിലാക്കാം. ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പ്രപഞ്ചത്തെ ഉപഭോഗിക്കാന്‍ നിങ്ങളും ഉണ്ട്. ഇതാണ് ഈശാവാസ്യോപനിഷത്തില്‍ ഈശ്വരനാല്‍ ഈ പ്രപഞ്ചം മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍ ത്യജിച്ചുകൊണ്ട് ഇവയെല്ലാം ഉപഭോഗിക്കുക്ക എന്ന് പറഞ്ഞത്. നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചത്. ഈശ്വരന്‍ സര്‍വ്വച്ചൈതന്യവും വഴിഞ്ഞൊഴുകുന്ന ഈ പ്രപഞ്ചം ഒരു സൂപ്പര്‍ മാര്‍ക്കറ്റാണ്. ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ഇല്ലാത്ത ഒന്നും ഉണ്ടാവില്ല. ഒരു ദേശത്തിന് വേണ്ടതെല്ലാം അവിടെയുണ്ടാകും. ഒരു കല്യാണത്തിനു വേണ്ടതെല്ലാം അവിടെയുണ്ടാകും. എന്നാല്‍ ഇതെല്ലാം ഒരു വ്യക്തിക്കുവേണ്ടിവരില്ല. ഒരു സാധാരണ വീട്ടില്‍ വേണ്ട സാധനസാമഗ്രികള്‍ക്കൊരു കണക്കുണ്ടാകും. അതനുസരിച്ചായിരിക്കും അവിടെ സാധനങ്ങള്‍ വാങ്ങുക, ഒരു കിലോ പഞ്ചസാര, 500 ഗ്രാം പരിപ്പ് എന്നിങ്ങനെ ഓരോ വീട്ടിലേക്കും ആവശ്യമുള്ളത് വാങ്ങും. ഇതേ പോലെ തന്നെയാണ് ദേവതകളും, ഈശ്വരന്‍ അനന്തചൈതന്യമാണ്. ആ അനന്തചൈതന്യത്തിലെ ഓരോ പ്രത്യേക ഗുണങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടിവരുന്നു.

    ഉദാഹരണത്തിന് വീട്ടില്‍ ഒരു പെണ്‍കുട്ടി വിവാഹപ്രായമെത്തി നില്‍ക്കുകയാണെന്ന് കരുതുക. വിവാഹം കഴിയുന്നില്ല. വീട്ടുകാരുടെ പ്രാര്‍ത്ഥന മുഴുവന്‍ വിവാഹം നടക്കാനായിരിക്കും. അവരുടെ മുന്നില്‍ ഈശ്വരന്‍ വരേണ്ടത് വരന്റെ രൂപത്തിലാണ്. ഇതാണ് സ്വയംവര ശ്രീപാര്‍വ്വതീദേവിക്ക് പൂജകഴിക്കുന്നത്. 'സ്വയംവരശ്രീപാര്‍വ്വതീ' എന്നത് ഈശ്വരന്റെ വിവാഹസാധ്യത്തിനുള്ള പ്രത്യേകശക്തിവിശേഷതയാണ്. ഈ ശക്തിവിശേഷത സാക്ഷാത്കരിക്കുന്നതിനുള്ള 'ടെക്നിക്ക് (techinic)' ആണ് 'തന്ത്രം' എന്ന് പറയുന്നത്. അതിനായി ഉപയോഗിക്കുന്ന ശബ്ദപ്രയോഗത്തെ 'മന്ത്രം' എന്നുപറയുന്നു.

  ഇതേപോലെയാണ് പണമില്ലാത്തവര്‍ക്ക് പണമാണ് ദൈവം. വിശക്കുന്നവന് ഭക്ഷണമാണ് ഈശ്വരന്‍ എന്നുപറയുന്നതുപോലെ, പണമുണ്ടാക്കാന്‍ ഈശ്വരനെ ഭജിക്കുന്നു. ആ ഈശ്വരചൈതന്യമാണ് ലക്ഷ്മീദേവിയും, ശ്രീദേവിയുമൊക്കെ ഈ തരത്തില്‍ ഈശ്വരചൈതന്യത്തെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ്. ഈ ലോകം മുഴുവന്‍ നിറഞ്ഞുനിക്കുന്ന അനന്തചൈതന്യത്തിലെ തനിക്ക് വേണ്ടത് മാത്രം ഉണ്ടാക്കി എടുക്കുന്നതിനുള്ള പദ്ധതികളാണ് ക്ഷേത്രവും കാവുകളുമൊക്കെ.

ഏകദൈവം ആദ്യമുണ്ടായത് വേദത്തില്‍

   പലരും ഹിന്ദുമതത്തെ ബഹുദേവതകളുടെ പേരില്‍ കളിയാക്കാറുണ്ട്, മുപ്പത്തിമുക്കോടി ദേവതകളുണ്ടല്ലോ  എന്ന് പറഞ്ഞു പലരും കളിയാക്കാറുണ്ട്. നിരവധി ദേവതകള്‍ ഹിന്ദുമതത്തിലുണ്ട്, പക്ഷേ ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നുവെന്നതാണ് സത്യം. ദേവതകള്‍ എന്നാല്‍ ഈശ്വരന്‍ എന്നല്ല അര്‍ഥം. 'ദിവ്' എന്നൊരു ധാതു സംസ്കൃതത്തിലുണ്ട്. പ്രകാശിക്കുന്നതോ, പ്രകാശിപ്പിക്കുന്നതോ ആയതെല്ലാം ദേവതയാകുന്നു. കാരണം 'ദിവ്' എന്നാല്‍ പ്രകാശിപ്പിക്കുക എന്നാണ് അര്‍ഥം. അപ്പോള്‍ പ്രകാശിക്കുന്ന എത്ര വസ്തുക്കളുണ്ടോ അതെല്ലാം ദേവതകളാണ്. അപ്പോള്‍പിന്നെ ഈശ്വരന്‍ ഒന്നേയുള്ളുവെന്നു പറയുന്നതോ എന്നൊരു ചോദ്യം വരാം. ശരിയാണ്, ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ ഇലക്ട്രിക് കറന്റ്‌ പോലെയാണ്. ഈ പറഞ്ഞതിനര്‍ത്ഥം കറന്റ്‌ ആണെന്നല്ല. ചില സാരൂപ്യങ്ങളുണ്ടെന്നര്‍ത്ഥം. കറന്റിന്റെ രൂപമെന്താണ്? രൂപമില്ല എന്ന സത്യം എല്ലാവര്‍ക്കും അറിയാം. കറന്റ്‌ എവിടെയാണ് ഉണ്ടാകുക? അത് എല്ലായിടത്തുമുണ്ട്. ഇവിടെ കറന്റ്‌ ഈശ്വരനാണെന്ന് സങ്കല്‍പ്പിക്കുക. ഈ ഈശ്വരന്‍ പ്രാകാശിക്കുന്നത് ഏതെല്ലാം രൂപത്തിലാണ്? ടി. വി. യില്‍ നിങ്ങള്‍ക്കത് ചലച്ചിത്രത്തെ കാട്ടിത്തരുന്നു. ഫാനിലൂടെ കാറ്റ് നല്‍കുന്നു. എ. സി. യിലൂടെ തണുപ്പും, മിക്സിയില്‍ അത് അരകല്ലായും തീരുന്നു. എന്നാല്‍ ഇതെല്ലാം കറന്റിന്റെ രൂപമാണോ? ഒരര്‍ഥത്തില്‍ ആണെന്ന് പറയാം. മറ്റൊരു അര്‍ത്ഥത്തില്‍ അല്ലായെന്നും.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.