പരശുരാമനാണ് കേരളത്തില്‍ നാഗാരാധനക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. പരശുരാമന്‍ കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യം മൂലവും ജലത്തിലെ ലവണാംശവും നിമിത്തം ഭൂമി വാസയോഗ്യമല്ലാതായി. ഈ മണ്ണ് മനുഷ്യവാസത്തിന് ഉചിതമല്ലെന്ന് കണ്ട് പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സ് ചെയ്തു. ശിവഉപദേശത്താല്‍ നാഗരാജാവായ അനന്തനേയും സര്‍പ്പശ്രേഷ്ഠനായ വാസുകിയേയും പരശുരാമന്‍ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേകം വാസസ്ഥാനം നല്‍കിയാല്‍ സര്‍പ്പശല്യം അവസാനിക്കുമെന്നും അവര്‍ അരുളി ചെയ്തു. ഉച്ചാസവായുകൊണ്ട് ജലത്തിലെ ലവണാംശം നശിപ്പിക്കാന്‍ സര്‍പ്പങ്ങളെ നിയോഗിക്കുകയും ചെയ്തു. ഭൂമി കൃഷിക്കും താമസത്തിനും യോഗ്യമാക്കിയതില്‍ സന്തുഷ്ടനായ പരശുരാമന്‍ നാടിന്റെ രക്ഷയ്ക്കുവേണ്ടി നാഗങ്ങളെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.
പ്രാചീന കേരളത്തെ വിളിച്ചിരുന്നത് 'അഹിഭൂമി' (നാഗങ്ങളുടെ നാട്) എന്നാണ്. ചില തമിഴ് കൃതികളിലാകട്ടെ കേരളത്തെ നാഗലോകം എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്. നാഗങ്ങളെവെച്ചാരാധിച്ചാല്‍ അവ മനുഷ്യനെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. പഴയകാലത്തെ സ്ത്രീകള്‍ സര്‍പ്പഫണതാലിയും സര്‍പ്പത്തിന്റെ രൂപം കൊത്തിയുണ്ടാക്കിയ വളകളും, മോതിരവും ധരിചിരുന്നതായി കാണാം. പിന്‍കുടുമ മാറ്റി പത്തിയും വാലുമുള്ള പാമ്പിന്റെ ആകൃതിയുള്ള മുന്‍കുടുമ ഇവിടെയെത്തിയ ബ്രാഹ്മണര്‍ സ്വീകരിച്ചത് നാഗപ്രീതിക്ക് വേണ്ടിയാണെന്ന് അനുമാനിക്കുന്നു. കേരളത്തിലെ ഭൂരിഭാഗവും ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചിരുന്നു. തറവാടുകളില്‍ ഒരു ഭാഗത്ത് സര്‍പ്പക്കാവും സന്ധ്യക്കുള്ള വിളക്കുവെക്കലും പതിവാണ്. ഇവയൊക്കെ പുരാതനകാലം മുതല്‍ പ്രബലമായിരുന്ന നാഗാരാധനയുടെ സൂചകങ്ങളാണ്.