ആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബസ്റ്റോപ്പില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും, സര്‍പ്പയക്ഷിയുമാണ്. കിഴക്കോട്ട് ദര്‍ശനം. മൂന്ന് വശവും സര്‍പ്പങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഭൃത്യന്റെ പുറത്തിരിക്കുന്ന മട്ടിലാണ് നാഗരാജാവിന്റെ ശിലാവിഗ്രഹം. സര്‍പ്പയക്ഷി പ്രതിഷ്ഠയ്ക്ക് പ്രത്യേകിച്ചൊരു രൂപമില്ല. വെള്ളാരങ്കല്ല് മാത്രമേയുള്ളൂ. സര്‍പ്പത്തിന്റെ ഒരു തല കൈയിലും വാല് മറുകൈയിലുമായി നില്‍ക്കുന്ന സങ്കല്പമാണിതിന്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കരിങ്കല്ലുകൊണ്ട് തീര്‍ത്ത രണ്ട് ഉപക്ഷേത്രങ്ങളുണ്ട്. ഒന്നില്‍ നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും മറ്റൊന്നില്‍ സഹോദരി നാഗചാമുണ്ഡിയും കുടികൊള്ളുന്നു. നാഗചാമുണ്ഡി ചിത്രകൂടത്തിലാണ് വസിക്കുന്നത്. ഇവിടെ പൂജാദികര്‍മ്മങ്ങള്‍ ഒന്നുമില്ല. ക്ഷേത്ര ഇല്ലത്ത് നിലവറയ്ക്കകത്ത് പഞ്ചമുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. നിലവറയില്‍ വര്‍ഷത്തിലൊരിക്കലേ പൂജയുള്ളൂ. വല്യമ്മ തന്നെയാണ് പൂജനടത്തുന്നത്. അനന്തനെ ആദരവോടെ അപ്പൂപ്പനെന്നു പറയും. അനന്തന്റെ വിഹാര രംഗമായ അപ്പൂപ്പന്‍കാവ് തൊട്ടടുത്തുതന്നെയാണ്. കാവിനോട് ചേര്‍ന്നു തന്നെ കാടിനുള്ളിലായി ധര്‍മ്മശാസ്താവിന്റെയും, ഭദ്രകാളിയുടെയും ചെറിയ ക്ഷേത്രങ്ങളുണ്ട്. മുപ്പത് ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നതില്‍ ഭൂരിഭാഗവും കാവാണ്. ലക്ഷകണക്കിന് നാഗരൂപങ്ങള്‍ ഇവിടെയുണ്ട്. കേരളീയ ഭാവനങ്ങളിലെല്ലാം സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നതില്‍ നിലനിര്‍ത്തുവാനാവാതെ വരുന്ന പരിതസ്ഥിതിയില്‍ ഇവയെ മറ്റെവിടെയെങ്കിലും കുടിയിരുത്തുന്നു.. ഇതിനെ "കാവുമാറ്റം" എന്നാണ് പറയുന്നത്. മറ്റു കാവുകളില്‍ നിന്നു കൊണ്ട് വരുന്ന ദേവതകളെ കുടിയിരുത്തിയിട്ടുള്ള മണ്ണാറശാലയില്‍ അനേകമുണ്ട്.
ഖാണ്ഡവവനം ദഹിച്ചുകൊണ്ടിരിക്കെ പടര്‍ന്നു പന്തലിച്ച അഗ്നി പരശുരാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്ര സമീപത്തെത്തി. കാട്ടുതീയില്‍ ഇല്ലത്തിനു ചുറ്റുമുണ്ടായിരുന്ന സര്‍പ്പക്കാവുകള്‍ വെന്തുനശിച്ചു. സര്‍പ്പങ്ങള്‍ കുറെ നശിച്ചു തുടങ്ങിയപ്പോള്‍ അവ നിലവിളിച്ചുകൊണ്ട് ഇല്ലത്തിനടുത്തെത്തി. ഇല്ലത്തമ്മമാര്‍ കുളത്തില്‍ നിന്ന് വെള്ളം കോരി തീ കെടുത്തുകയും സര്‍പ്പങ്ങളുടെ മേല്‍ ഒഴിച്ച് ചൂടാറ്റുകയും ചെയ്തു. മരുന്നും മന്ത്രവും കൊണ്ട് തങ്ങളുടെ ആരാധന മൂര്‍ത്തികളെ ചികിത്സിച്ചു. മാളങ്ങളും ചിത്രകൂടങ്ങളും ഒരുക്കി അവയെ പാര്‍പ്പിച്ചു. മണ്ണാറുന്നതുവരെ വെള്ളമൊഴിച്ച് അവരെ രക്ഷിച്ചു. അന്ന് മുതല്‍ ആ പ്രദേശത്തെ "മണ്ണാറശാല" എന്നറിയപ്പെടുന്നു. തങ്ങളെ രക്ഷിച്ചത് അമ്മയായതിനാല്‍ സ്ത്രീജനങ്ങള്‍ പൂജിച്ചാല്‍ മതിയെന്നും അതുകൊണ്ട് തൃപ്തിയാണെന്നും അറിയിച്ചു. താന്ത്രികവിധി പ്രകാരം സ്ത്രീകള്‍ പൂജനടത്തുന്ന ഏക ക്ഷേത്രമെന്ന മഹാത്മ്യവും മണ്ണാറശാലയ്ക്കുണ്ട്.
സര്‍പ്പദൈവങ്ങളുടെ പൌരോഹിത്യ ചുമതലയുള്ള ഇല്ലത്തെ വല്യമ്മയാണ് മണ്ണാറശാലയമ്മയെന്ന് പറയുന്നത്. അമ്മ പൂജാദി കര്‍മ്മങ്ങള്‍ നടത്തുകയും, ഭക്തജനങ്ങള്‍ക്ക് ദര്‍ശനമരുളി അവരുടെ സങ്കടങ്ങള്‍ക്ക് പ്രതിവിധി നിശ്ചയിക്കുകയും ചെയ്യുന്നു. ശ്രീകോവിലില്‍ ചിലദിവസങ്ങളില്‍ അമ്മ തന്നെയാണ് പൂജ നടത്തുന്നത്. മലയാള മാസം ഒന്നാം തിയ്യതി, പൂയ്യം നക്ഷത്രം, മകരത്തിലെ കറുത്തവാവുമുതല്‍ കുംഭത്തിലെ ശിവരാത്രിവരെ, ചിങ്ങത്തിലെ തിരുവോണനാള്‍, കര്‍ക്കിടകം ഒന്ന് മുതല്‍ പന്ത്രണ്ട് വരെ, കന്നിയിലും തുലാത്തിലും ആയില്യത്തിനു തൊട്ടു മുമ്പുള്ള പന്ത്രണ്ട് ദിവസം എന്നിവയാണ്. ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തുന്നതും, അടുത്ത ദിവസം നിലവറയിലും, അപ്പൂപ്പന്‍ കാവിലും നൂറും പാലും നടത്തുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് പ്രധാന ആഘോഷദിനങ്ങള്‍. നാഗാരാജാവിന്റെയും അനന്തന്റെയും ജന്മദിനങ്ങളാണ് യഥാക്രമം കന്നിയിലെയും കുംഭത്തിലേയും ആയില്യം നക്ഷത്രങ്ങള്‍. തുലാമാസത്തിലെ ആയില്യമാണ് വിഖ്യാതമായ മണ്ണാറശാല ആയില്യം. ചരിത്രപ്രാധാന്യമുള്ള ഒരു ഉത്സവമാണ് 41 വര്‍ഷം കൂടുമ്പോള്‍ മണ്ണാറശാലയില്‍ നടക്കാറുള്ള സര്‍പ്പപ്പാട്ട്.
നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, നിവേദ്യം, ഉഷഃപൂജ, ഉച്ചപൂജ തുടങ്ങിയവുണ്ട്. പാലും പഴവും, പാല്‍പായസവും, നിവേദ്യവും, പുറ്റും മുട്ടയും, ഉപ്പും മഞ്ഞളും, സര്‍പ്പവിഗ്രഹങ്ങളും നടക്ക് സമര്‍പ്പിക്കലുമാണ് പ്രധാന വഴിപാട്. സര്‍പ്പദോഷ പരിഹാരത്തിനായി ഇവിടെ നടത്തുന്ന പ്രധാന വഴിപാടുകളാണ് സര്‍പ്പബലിയും നൂറും പാലും. സര്‍പ്പബലിപൂജ അമ്മയാണ് ചെയ്യുന്നത്. വര്‍ഷത്തില്‍ 15 സര്‍പ്പബലിയെ നടത്താറുള്ളു. നൂറും പാലും വഴിപാട് കന്നിമാസത്തിലെ ആയില്യം കഴിഞ്ഞ് തുടങ്ങി ഇടവം പതിനഞ്ചുവരെ എല്ലാദിവസവും നടത്താറുണ്ട്. ആല്ലാത്ത മാസങ്ങളില്‍ ആയില്യം തോറും നടത്തുന്നു. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ ഉരുളി കമിഴ്ത്തല്‍ വഴിപാട് നടത്തുന്നു. സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ, ഓടിലോ ഉള്ള ഉരുളിയാണ് ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായ അമ്മ ഈ ഉരുളി ക്ഷേത്രനിലവറയില്‍ കുടികൊള്ളുന്ന അനന്തന് മുന്നില്‍ കമിഴ്ത്തും. കുട്ടിയുണ്ടായി ആറുമാസം കഴിയുമ്പോള്‍ കുട്ടിയുമായി വന്ന് ഉരുളി മലര്ത്തല്‍ ചടങ്ങ് നടത്തുന്നു. ഇവിടെ വന്ന് ഉരുളി കമിഴ്ത്തിയ ഭക്തര്‍ക്ക് നിരാശപ്പെടേണ്ടിവന്നിട്ടില്ല. ധാരാളമാളുകള്‍ ഈ വഴിപാട് നടത്തി ഫലം കൈവരിച്ചിട്ടുണ്ട്. സര്‍പ്പപ്രീതിയിലൂടെ ദോഷ പരിഹാരങ്ങളകറ്റി സര്‍പ്പദേവതാനുഗ്രഹം ലഭ്യമാക്കുവാന്‍ മണ്ണാറശാലയിലെ പരിശുദ്ധ മണ്ണിന് കഴിയും.