ഗുളികസ്ഫുടം / ഗുളികനാഴികകള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ലഗ്നം ഗണിക്കുന്നപോലെതന്നെയാണ് ഗുളികസ്ഫുടം ഗണിക്കുന്നതും. ജനനം പകലാണെങ്കില്‍ അന്നത്തെ പകല്‍ നാഴികവെച്ച് പഞ്ചാംഗത്തില്‍ ഓരോ ദിവസത്തിനും ഗുളികന്‍ നില്‍ക്കുന്ന രാശിയും ഗുളികനാഴികയും കൊടുത്തിരിക്കും. ആ നാഴികയില്‍ നിന്ന് ഉദയാല്‍പരം വാങ്ങി (കുറച്ച്) അടുത്തരാശി നാഴികകള്‍ കളഞ്ഞു (കുറച്ച്) പൂര്‍ണ്ണമായും പോകാത്ത രാശിനാഴികയേതോ ആ രാശിയിലാണ് അന്ന് പകല്‍ ഗുളികന്‍ ഉദിച്ചതെന്നറിയണം. ആ രാശിയില്‍ ചെന്ന് നില്‍ക്കുന്ന ശിഷ്ടനാഴികയെ 60 - ല്‍ പെരുക്കി (ഗുണിച്ച്) അതില്‍ വിനാഴിക ചേര്‍ത്ത് 30 - ല്‍ പെരുക്കി (ഗുണിച്ച്) ഗുളികന്‍ ഉദിച്ച രാശി ഹാരകസംഖ്യകൊണ്ട് അതിനെ ഹരിച്ചുകിട്ടുന്ന ഫലം തിയ്യതിയും, ശിഷ്ടത്തെ 60 - ല്‍ പെരുക്കി (ഗുണിച്ച്) അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം കലയുമാകുന്നു. മേടം മുതല്‍ ഉദിച്ച രാശിവരെയുള്ള സംഖ്യ (ഉദിച്ച രാശി കൂട്ടരുത്) രാശിസ്ഥാനത്തും കൂട്ടിയാല്‍ അന്നേക്കുള്ള ഗുളികസ്ഫുടമായി.
രാത്രിക്കാണ് ഗുളികസ്ഫുടം ഗണിക്കുന്നതെങ്കില്‍ അന്നേക്ക് അഞ്ചാമത്തെ ദിനനാഴികവെച്ച് അതില്‍നിന്ന് അസ്തമനാല്‍പരവും തുടര്‍ന്നുള്ള രാശിനാഴികകളും കളഞ്ഞ് (കുറച്ച്) ശിഷ്ടം വരുന്ന നാഴിക വിനാഴികകള്‍ പോകാനിരിക്കുന്ന രാശിയില്‍ചെന്ന് കഴിഞ്ഞവയാണെന്നറിയണം. ആ രാശിയില്‍ ഗുളികന്‍ ഉദിച്ചുകഴിഞ്ഞ നാഴികവിനാഴികകളാണ്. അതിലെ നാഴികയെ 60 - ല്‍ പെരുക്കി (ഗുണിച്ച്) വിനാഴിക ചേര്‍ത്ത് (കൂട്ടി) വീണ്ടും 30 - ല്‍ പെരുക്കി (ഗുണിച്ച്) അതേ രാശി ഹാരകം കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം തിയ്യതിയും; ശിഷ്ടത്തെ 60 - ല്‍ പെരുക്കി (ഗുണിച്ച്) അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം കലയുമാണ്. അതിനുപോലെ രാശി സംഖ്യയും ചേര്‍ത്താല്‍ അന്ന് രാത്രിക്കുള്ള ഗുളികസ്ഫുടമായി.
ഗുളികനാഴികകളെക്കാള്‍ അധികം ഉദയാല്‍പരവും അസ്തമനാല്‍പരവും വരുമ്പോള്‍ അവയില്‍ നിന്ന് ഗുളിക നാഴിക കളഞ്ഞ് ശിഷ്ടംകൊണ്ട് ഗുളികനെ ഗണിക്കണം.
ഉദാഹരണം:-
1152 വൃശ്ചികം 6 ന് ഞായറാഴ്ചയാകയാല്‍ പകല്‍ സമയത്തെ ഗുളിക നാഴിക 26. അന്നത്തെ ഉദയാല്‍പരനാഴിക 4-45 പോയാല്‍ ശിഷ്ടം 21.25. ഇതില്‍ നിന്ന് ഉദയരാശിയുടെ രണ്ടാമത്തെ രാശിയായ ധനു രാശി നാഴിക 5.23 കളഞ്ഞാല്‍ ശിഷ്ടം 15 നാഴിക 52 വിനാഴിക വരും.
15 നാഴിക 52 വിനാഴികയില്‍ നിന്ന് മകരം രാശിനാഴിക 4.51 ഉം, കുംഭം രാശി നാഴിക 4.21 ഉം, മീനം രാശിനാഴിക 4.13 ഉം കൂടി കളഞ്ഞാല്‍ ശിഷ്ടം 2 നാഴിക 21 വിനാഴിക ഉണ്ടാകും.
2 നാഴിക 21 വിനാഴിക, മേടം രാശിയില്‍ ഗുളികന്‍ പ്രവേശിച്ചു കഴിഞ്ഞ നാഴിക വിനാഴികകളാണ്. ഇതിനെ 2.60 പെരുക്കി 27 ചേര്‍ത്താല്‍ 147 കിട്ടും. 147 നെ 30 ല്‍ പെരുക്കിയാല്‍ 4410 കിട്ടും. ഇതിനെ മേടം രാശിയുടെ ഹാരകസംഖ്യയായ 270 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം 16. ശിഷ്ടം 90. ഈ ഫലസംഖ്യ ഗുളികസ്ഫുടത്തിലെ തിയ്യതിയാണ്. ശിഷ്ടസംഖ്യയായ 90 നെ 60 ല്‍ പെരുക്കിയാല്‍ 90 x 60 = 5400 ÷ 270 ഫലം 20 ശിഷ്ടമില്ല. ഈ ഫലസംഖ്യ ഗുളികസ്ഫുടത്തിലെ കലയാണ്. അപ്പോള്‍ ഗുളികസ്ഫുടം 00-16-20 എന്ന് വരുന്നു. ജനനസമയത്തേക്ക് മേടം രാശിയില്‍ ഗുളികന്‍ പകര്‍ന്നു 16 തിയ്യതിയും 20 കലയും എത്തിയിരിക്കുന്നു.
രാത്രി സമയത്തിന് ഞായറാഴ്ചയുടെ അഞ്ചാംദിവസമായ വ്യാഴാഴ്ചയിലെ ഗുളികനാഴികയായ 10 ല്‍ നിന്ന് അന്നത്തെ അസ്തമനാല്‍പരനാഴികകളും, തുടര്‍ന്നുള്ള രാശിനാഴികകളും കളഞ്ഞ് വരുന്ന ശിഷ്ടത്തെ മേല്‍ പ്രകാരം ക്രിയ ചെയ്തു ഗുളികനുദിച്ച രാശിഹാരകംകൊണ്ട് ഹരിച്ച് തിയ്യതിയും, കലയും ഉണ്ടാക്കി രാശിസ്ഥാനത്ത് രാശിസംഖ്യയും ചേര്‍ത്താല്‍ രാത്രിക്കുള്ള ഗുളികസ്ഫുടമായി.
കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.