ശരിയായ ഭാവത്തോടു കൂടി, ശ്രദ്ധാഭക്തികളോടു കൂടി ഉപാസിക്കുമ്പോഴാണ് അജ്ഞാനത്തില്‍ നിന്ന് ക്ഷേത്രം നമ്മെ രക്ഷിക്കുന്നത്.വ്യത്യസ്ത പ്രകാരം ക്ഷേത്രങ്ങളുണ്ട്. അതിനാല്‍, ഇന്ന പ്രകാരമാണ് ക്ഷേത്രോപാസന ചെയ്യേïതെന്ന് ഒരാള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. പ്രാകാരങ്ങളോടു കൂടിയുള്ള ഒരു ക്ഷേത്രത്തില്‍ ഉപാസിക്കേണ്ടതെങ്ങനെയെന്ന വിധിവിധാനങ്ങള്‍ പറഞ്ഞാല്‍ അതില്‍ എല്ലാം ഉള്‍ക്കൊള്ളും. ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകുന്ന ഭക്തന്‍, ക്ഷേത്രോപാസകന്‍ എല്ലാ പ്രകാരത്തിലുമുള്ള ശുദ്ധി ആചരിക്കണം. ഭക്തന് ബാഹ്യാന്തരിക ശുദ്ധി വേണം. ശുദ്ധിയെ അയിത്തവുമായി ഒരിക്കലും ബന്ധിപ്പിക്കരുത്. സ്‌നാനത്തിലൂടെയും ശൗചശുദ്ധിയിലൂടെയും വേണം ബാഹ്യശുദ്ധി നേടാന്‍.
പ്രാഥമികങ്ങളായ ആചാരങ്ങള്‍ ക്ഷേത്രോപാസകന് മുഖ്യങ്ങളാണ്. സ്‌നാനാനന്തരം ചെയ്തിരിക്കേണ്ട പ്രാഥമികമായ പിതൃതര്‍പ്പണങ്ങളും, ദേവതാതര്‍പ്പണങ്ങളും അല്‍പമെങ്കിലും മന്ത്രോപാസനകളും നിത്യം ചെയ്യുന്ന ഒരുവനാണ് ക്ഷേത്രോപാസനയ്ക്ക് പോകേïത്. അന്തഃകരണത്തെ ഏകാഗ്രമാക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടാകണം ക്ഷേത്രത്തില്‍ പോകേണ്ടത്. അതിനേറ്റവും നല്ല ഉപാധി നാമജപമാണ്. അതിനാല്‍ ജപത്തോടു കൂടിയാകണം ഉപാസകന്‍ ക്ഷേത്രത്തില്‍ പോകേണ്ടത്. നാമജപം പതുക്കെയോ ഉറക്കെയോ ആകാം.
ഭഗവാന്റെ ശരീരമാണ് ദേവാലയം. സ്ഥൂലശരീരമാണ് ഗോപുര സ്ഥാനം മുതല്‍ക്കുള്ള സ്ഥലം. അതിന്റെ ബാഹ്യ പരിധി ഗോപുരവും ആന്തര പരിധി നാലമ്പലവുമാണ്. ഏതൊരു ക്ഷേത്രത്തിന്റെയും ഏറ്റവും വിസ്തൃതിയുള്ള ഭാഗം ഇതാണ്. ഗോപുരം മുതല്‍ നാലമ്പലം വരെയുള്ള ഭാഗത്ത് ഉപദേവതകളെ കാണാം എന്നാല്‍ ക്ഷേത്രേശനുണ്ടാകില്ല.
നാലമ്പലം എന്നത് കര്‍മേന്ദ്രിയങ്ങളും പ്രാണകോശങ്ങളും ചേര്‍ന്ന പ്രാണമയ കോശമാണ്. മുഖമണ്ഡപത്തിന്റെ വലത് ഭാഗത്താണ് വിശിഷ്ടങ്ങളായ പല പൗഷ്ഠിക കര്‍മങ്ങളും ചെയ്യുന്നത്. അവിടെ നവകം, പഞ്ചഗവ്യം തുടങ്ങിയ കര്‍മങ്ങളും വേദപഠനവും നടത്തുന്നു. അവിടെയുമല്ല ക്ഷേത്രേശന്‍ കുടികൊള്ളുന്നത്. അതിനുമുള്ളിലാണ്.
ഉപാസകന്‍ അടുത്തതായി കടന്നുചെല്ലുന്നത് ദേവാലയത്തിന്റെ മനസ്സിലേക്കാണ്, അവിടെ ശ്ലീലങ്ങളും അശ്ലീലങ്ങളുമായ ചിത്രങ്ങള്‍ കാണാം. മനസ്സിന്റെ പ്രതീകമാണിവിടം. അവിടെയും ക്ഷേത്രേശന്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല.
മനസ്സിനെയും അതിക്രമിച്ചാല്‍ പിന്നെയുള്ളത് ബുദ്ധിയാണ്. ക്ഷേത്രത്തില്‍ അതിസൂഷ്മ ബുദ്ധിയുടെ സ്ഥാനം സോപാനത്തിലാണ്. സോപാനത്തിന്റെ നേര്‍ക്കു നില്‍ക്കുമ്പോഴാണ് ക്ഷേത്രേശ്വരനെ ദര്‍ശിക്കാനാകുന്നത്. അതിസൂക്ഷമമായ അന്നമയം, പ്രാണമയം, മനോമയം എന്നീ ഇതര കോശങ്ങളെ അതിക്രമിച്ച് നേതി നേതി ക്രമത്തില്‍ ഇതൊന്നുമല്ല ഞാന്‍ എന്ന ബോധം സമാര്‍ജിച്ച വ്യക്തിയാണ് സൂക്ഷ്മ ബുദ്ധിയിലെത്തുമ്പോള്‍ ഈശ്വര ദര്‍ശനം നേടുന്നത്. സൂക്ഷമബുദ്ധിയെ ആശ്രയിക്കുമ്പോഴാണ് ഈശ്വര ദര്‍ശനം സാധ്യമാകുന്നത്. പുറത്ത് ഈശ്വരനെ ദര്‍ശിച്ച് ആ ഭഗവദ് ഭാവത്തെ നമുക്കുള്ളില്‍ പ്രതിഷ്ഠിക്കുന്നു. ഇനി ഈശ്വരന്‍ തനിക്കുള്ളില്‍ തന്നെയെന്ന ഭാവനയോടു കൂടി പതുക്കെ പ്രദക്ഷിണം ചെയ്ത് സോപാനത്തില്‍ തിരികെയെത്തുന്നു.
അവിടെ സോപാനത്തിന്റെ താഴെ വലതു ഭാഗത്ത് ദീര്‍ഘദണ്ഡനമസ്‌കാരം ചെയ്യാം. ക്ഷേത്രോപാസനയുടെ മഹനീയമായ സന്ദര്‍ഭമാണ് ഇനി. വിജ്ഞാനമയത്തിനുള്ളില്‍ ആനന്ദമയത്തില്‍ ഭഗവാന്‍ പ്രതിഷ്ഠിതനായിരിക്കുന്നു. ആനന്ദമയ കോശത്തില്‍ നിന്ന് അനുഭൂതി സമ്പന്നനായ ഗുരുനാഥന്‍ ബുദ്ധിയുടെ തലത്തിലേക്ക് ഇറങ്ങിവരികയാണ് തത്ത്വോപദേശം ചെയ്യാന്‍. അവിടെ നിന്നാണ് ഭഗവദ് പ്രസാദം സ്വീകരിച്ച് ഗുരുനാഥന് ശ്രദ്ധയോടു കൂടി ദക്ഷിണ നല്‍കുന്നത്. ക്ഷേത്രത്തില്‍ പൂജാരിയാണ് ഗുരുനാഥന്‍.
ഇങ്ങനെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ശാന്തമായ ഒരിടത്ത് ഇരിക്കണം. അത്തരത്തില്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് നേടിയ ശാന്തിയോടു കൂടിവേണം ബാഹ്യവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും.