നിർഗമേ തു ശുഭദാ ഭവേദിഡാ പിംഗലാ തു ശുഭദാ പ്രവേശനേ
യോഗസാധനവിധൗ തു മധ്യമാ ശംസ്യതേ ന തു പരേഷു കർമസു.
സാരം :-
സ്വഗൃഹത്തിൽ നിന്നു പുറപ്പെടുന്ന സമയം ഇഡാനാഡിയായിരുന്നാൽ ശുഭമാകുന്നു. ശ്വാസം ഇടത്തെ നാഡിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമയമാണ് എങ്ങോട്ടെങ്കിലും പുറപ്പെടേണ്ടത്.
രാജധാനിയിലോ മറ്റു വല്ല സ്ഥലത്തിലോ പ്രവേശിക്കുന്ന സമയം പിംഗലാനാഡി ശുഭദയാണ്. എന്നാൽ വലത്തെ നാഡിയിൽകൂടി ശ്വാസം പോകുന്ന സമയം രാജധാനിയിലോ മറ്റോ പ്രവേശിച്ചാൽ കാര്യസിദ്ധിയുണ്ടാകുമെന്നർത്ഥം.
യോഗാഭ്യാസത്തെ സാധിപ്പാൻ വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ സുഷുമ്ന എന്ന മധ്യമനാഡി നന്ന്. ആ നാഡി വേറെ യാതൊരു കർമ്മങ്ങൾക്കും നന്നല്ല. ഇവിടെ സുഷുമ്നാ എന്നതു മധ്യമനാഡി എന്നല്ലോ പറഞ്ഞത്. രണ്ടു നാസികാദ്വാരങ്ങളുടെ മധ്യം മൂക്കിന്റെ പാലമാണല്ലോ. അതിന്മേൽകൂടി ശ്വാസം വരുന്നതല്ലെന്നിരിക്കെ ആ നാഡിയുടെ ഫലപ്രദർശനം വ്യർത്ഥമല്ലേ എന്നാശങ്ക സാവകാശം തന്നെ. എന്നാൽ ഇതിങ്കൽ ഊർധ്വമുഖിയായി നാസാമധ്യത്തിൽകൂടി മേൽപോട്ട് ഒരു നാഡി പോകുന്നുണ്ട്. ശ്വാസം ആ നാഡിയിൽ കൂടെ വരുമ്പോൾ രണ്ടു മൂക്കിലും സ്വല്പമായ വായു ഒരു പോലെ വരും. ഒന്നിലൊന്നിൽ അധികമായി ഉണ്ടാവുന്നതല്ല എന്നുള്ള ഉപദേശത്തെ സമാധാനമായിക്കരുതിക്കൊള്ളണം. യോഗാഭ്യാസപരിശീലികൾക്ക് ഇത് എളുപ്പത്തിലറിവാൻ കഴിയും. ദേഹനാഡീപരിശോധകന്മാരായ വൈദ്യന്മാർക്കും ഇതു സുഖവേദ്യമാകുന്നു.