വായുർഭാനുദിനാഷ്ടകേ യദി ചരേദ്വാമേ ഗുരോഃ പഞ്ചതാ
വ്യാധിർവാ സുമഹാംസ്തഥൈവ ഹിമഗോർവാരാഷ്ടകേ ദക്ഷിണേ
പുത്രാപൽ ക്ഷിതിജസ്യ ബന്ധനമരേർവാമേ വിദോ ദക്ഷിണേ
മൃത്യുഃ സ്വസ്യ നിരന്തരം സുരഗുരോർമൃത്യുർഗുരോഃ സംഭവേൽ.
സാരം :-
എട്ടു ഞായറാഴ്ച ദിവസം ഇടവിടാതെ ഇടതുഭാഗത്തുകൂടി വായു സഞ്ചരിക്കയാണെങ്കിൽ അച്ഛൻ അമ്മാവൻ മുതലായ ഗുരുജനങ്ങൾക്കു മരണമോ വല്ല മഹാരോഗങ്ങളോ ഉണ്ടാകും.
എട്ടു തിങ്കളാഴ്ച ഇടവിടാതെ വലത്തുഭാഗംകൂടി വായു സഞ്ചരിക്കയാണെങ്കിൽ പുത്രനു രോഗദുരിതം മുതലായ ആപത്തു വരുമെന്നറിയണം.
എട്ടു ചൊവ്വാഴ്ച മുടങ്ങാതെ ഇടതുഭാഗത്തുകൂടി വായുസഞ്ചാരമുണ്ടായാൽ ശതുക്കൾ നിമിത്തം ജയിലിൽ ഇരിപ്പാനിടവരുമെന്നറിയണം.
എട്ടു ബുധനാഴ്ച ഇടവിടാതെ വായു വലതുഭാഗമായി സഞ്ചരിച്ചാൽ തനിക്കു മരണം ഭവിക്കും.
എട്ടു വ്യാഴാഴ്ച വായു വലതുഭാഗംകൂടി മുടങ്ങാതെ സഞ്ചരിച്ചാൽ തന്റെ ആചാര്യന് മരണം സംഭവിക്കും.
ശുക്രസ്യാവനിഹേതുർധനക്ഷയോ ദക്ഷിണേ ശനേർവാമേ
യദി ചരതി മാതരിശ്വാ ഭാര്യാനാശോ നിവാസനാശോ വാ.
സാരം :-
എട്ടു വെള്ളിയാഴ്ച ഇടവിടാതെ വായുവിന്റെ ഗതി വലതുഭാഗം കൂടിയാണെങ്കിൽ ഭൂമി നിമിത്തം ദ്രവ്യനാശം സംഭവിക്കും.
എട്ടു ശനിയാഴ്ച ഇടതുവശമായി വായു സഞ്ചരിക്കയാണെങ്കിൽ ഭാര്യാനാശം സംഭവിക്കും. അല്ലെങ്കിൽ വാസഭവനത്തിനു നാശം സംഭവിക്കും.
മേൽപ്പറഞ്ഞ രണ്ടു ശ്ലോകംകൊണ്ട് പറയപ്പെട്ടതു തന്നേമാത്രം (ജ്യോതിഷക്കാരനെ) സംബന്ധിക്കുന്നതാണ്. അല്ലാതെ എട്ടുദിവസത്തെ തൽക്കാല ശ്വാസപരീക്ഷണം ചെയ്ത് പൃച്ഛകന്റെ ഗുണദോഷഫലം പറയുക എന്നുള്ളത് സംഭവ്യമല്ലല്ലോ.