വില്വമംഗലം സ്വാമിയാർക്ക് ഭഗവാൻ പലപ്പോഴും പ്രത്യക്ഷ ദർശനം നൽകാറുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമല്ല ഏതു ക്ഷേത്രത്തിൽ ചെന്നാലും വില്വമംഗലത്തിന് അവിടത്തെ ആരാധനാമൂർത്തിയെ നേരിൽ കണ്ടു വന്ദിക്കാൻ കഴിഞ്ഞിരുന്നു. ഒരു ദിവസം സ്വാമിയാർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഗുരുവായൂർ ക്ഷേത്ര നട തുറന്നിരുന്ന സമയമായിരുന്നു. പക്ഷേ ഭഗവാനെ അദ്ദേഹം ശ്രീകോവിലിൽ കണ്ടില്ല. ഭഗവാനെ തിരഞ്ഞു കൊണ്ട് വില്വമംഗലം സ്വാമിയാർ പ്രദക്ഷിണം വെച്ചു തുടങ്ങി. അതാ ഭഗവാൻ മേളക്കാരുടെ സദ്യക്ക് കൈയിൽ മരികയും കയിലുമായി കാളൻ വിളമ്പുന്നു. ഇതു കണ്ട് അതിശയിച്ച വില്വമംഗലം സ്വാമിയാർ ഊട്ടു പുരയിലേക്ക് കടന്നപ്പോൾ ഭഗവാൻ അപ്രത്യക്ഷനായി. പ്രദക്ഷിണം മുഴുമിച്ച് ക്ഷേത്ര നടക്കിലെത്തി സോപാനത്തിൽ കയറിയ സ്വാമിയാർ കണ്ടത് പ്രസന്നമായ മുഖഭാവത്തോടെ ഗുരുവായൂരപ്പനതാ ശ്രീകോവിലിനുള്ളിൽ തന്നെ വിരാജിക്കുന്നു. സ്വാമിയാർ ആത്മഗതമായി ചിന്തിച്ചു. " ക്ഷേത്രത്തിലെ സദ്യക്ക് ശ്രമിക്കാൻ എത്രയോ ജീവനക്കാർ ആത്മാർത്ഥമായിത്തന്നെ പ്രയത്നിക്കുമ്പോൾ അങ്ങെന്തിനാണ് ഇത്രയും ബുദ്ധിമുട്ടുന്നത് ". ഭഗവാൻ അതിനു മറുപടി പറയുന്നതായി സ്വാമിയാർക്കു തോന്നി. " വില്വമംഗലം! എന്റെ ഉത്സവം കേമമാക്കുന്നത് ഈ മേളക്കാരാണ്. അവർക്ക് ഞാൻ തന്നെ നേരിട്ട് വിളമ്പുന്നതാണ് എനിക്കു സന്തോഷം ". അന്നു മുതൽ മേളക്കാരുടെ സദ്യ കൂടുതൽ ഗംഭീരമാക്കാൻ തുടങ്ങി. വിളമ്പുന്നവരുടെ ഇടയിൽ ഗുരുവായൂരപ്പനുമുണ്ടെന്നാണ് വിശ്വാസം.
വില്വമംഗലം സ്വാമിയാർ ഒരിക്കൽ തൃപ്രയാർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഭക്തിപൂർവ്വം തൊഴുതുകൊണ്ടിരുന്നപ്പോൾ മനസ്സ് ഉറയ്ക്കുന്നില്ല. ഉടനെത്തന്നെ അദ്ദേഹം അപേക്ഷാരൂപത്തിൽ ഒരു ശ്ലോകം ചൊല്ലി.
"വിഹായ കോദണ്ഡശരാൻ മുഹൂർത്തം
ഗ്രഹാണ പാണൗ കളചാരുവേണും
മയൂരബർഹം ച തവോത്തമാംഗേ
സീതാപതേ ത്വം പ്രണമാമിപശ്ചാത്
(ഭഗവാനേ, ഈ വലിയ അമ്പും വില്ലുമൊക്കെ തൽക്കാലം ഉപേക്ഷിച്ച്, കയ്യിൽ ഒരോടക്കുഴലും തലയിൽ ഒരു മയിൽപീലിയുമായി നിൽക്കണേ; സീതാസമേതനായ അങ്ങയെ ഞാൻ ഒന്നുകൂടി വന്ദിക്കട്ടെ).
സ്വാമിയാർ കണ്ണു തുറന്നപ്പോൾ തൃപ്രയാറ്റപ്പനെ ബാലഗോപാല വേഷത്തിൽ കണ്ടു എന്നാണ് ഐതിഹ്യം.