സ്വാമി ഭിക്ഷ

തന്റെ വാസഗൃഹത്തിനടുത്ത് വില്വമംഗലം സ്വാമിയാർ എത്തിയിട്ടുണ്ടെന്നറിഞ്ഞ കുറൂരമ്മ ഒരു ദൂതനെ വിട്ട് സ്വാമിയാരെ ഭിക്ഷക്കു ക്ഷണിച്ചു. സ്വാമിയാരുടെ സിദ്ധകളെക്കുറിച്ച് കുറൂരമ്മ ധാരാളം കേട്ടിട്ടുണ്ട്. അന്തഃപുരവാസിയായ അവർക്ക് അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഭിക്ഷയ്ക്ക് ക്ഷണം കിട്ടിയ വില്വമംഗലം സ്വാമിയാർ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. അന്നേക്ക് മൂന്നാം ദിവസം ഭിക്ഷക്ക് കുറൂരമ്മയുടെ ഇല്ലത്തേക്ക് ചെന്നുകൊള്ളാമെന്ന് വില്വമംഗലം സ്വാമിയാർ വാക്ക് കൊടുത്തു. കുറൂരമ്മ സദ്യക്കു വേണ്ടതൊക്കെ വട്ടംകൂട്ടിതുടങ്ങി. ഭിക്ഷക്കു ചെല്ലേണ്ടതിന്റെ തലേന്നാണ് നാട്ടിലെ ജന്മിയും വേദജ്ഞനുമായിരുന്ന ചെമ്മങ്ങാട്ടുഭട്ടതിരി സ്വാമിയെ ഭിക്ഷക്കു ക്ഷണിച്ചത്. താൻ അന്നേദിവസം കുറൂരമ്മയുടെ ഇല്ലത്ത് ഭിക്ഷ സ്വീകരിക്കാമെന്ന് ഏറ്റ കാര്യം സ്വാമിയാർ ഭട്ടതിരിയെ അറിയിച്ചു. ഭട്ടതിരിക്ക് അതേ ദിവസം തന്നെ സ്വാമിയാർക്ക് ഭിക്ഷ നൽകണമെന്ന് വാശിയായി. വിളമ്പിത്തരാൻ ഗൃഹസ്ഥനില്ലാത്ത കുറൂരമ്മയുടെ ഇല്ലത്ത് എങ്ങനെയാണ് ഭിക്ഷ കൊള്ളുകയെന്ന വാദം ചെമ്മങ്ങാട്ടുഭട്ടതിരി ഉന്നയിച്ചു. ഇങ്ങനെയൊരു കാരണം കിട്ടിയപ്പോൾ ഭട്ടതിരിയുടെ നിർബ്ബന്ധത്തിന് വില്വമംഗലം വഴങ്ങി. അന്ന് കാലത്ത് ചെമ്മങ്ങാട്ടമ്മ കുളക്കടവിൽ വെച്ച് കുറൂരമ്മയോട് പറഞ്ഞു. " വെള്ളം തെറിപ്പിച്ച് അശുദ്ധിയാക്കരുത്. ഇന്ന് വില്വമംഗലം സ്വാമിയാർ ഇല്ലത്ത് ഭിക്ഷക്ക്  എഴുന്നള്ളുന്നുണ്ട്. ശുദ്ധമായിട്ടു വേണം വെപ്പുപണി തുടങ്ങാൻ " . ധാർഷ്ട്യത്തോടെ ചെമ്മങ്ങാട്ടമ്മ ഇത്രയും പറഞ്ഞപ്പോൾ കുറൂരമ്മ മറുപടി പറഞ്ഞു. " ഇന്നത്തെ ഭിക്ഷ എന്റെ ഇല്ലത്താണ്. സ്വാമിയാർ ഏറ്റിരിക്കുന്നു. ചെമ്മങ്ങാട്ടമ്മയും വിട്ടുകൊടുത്തില്ല. " സ്വാമിയാർ സ്ത്രീജനങ്ങളെ നേരിട്ടു കാണില്ല; വിളമ്പാൻ ഒരാൺതരിപോലുമില്ലാത്തിടത്ത് അദ്ദേഹം എങ്ങനെയാണ് ഭിക്ഷയേൽക്കുക ". ഇതു കേട്ട്, ഒന്നും മിണ്ടാതെ വ്യസനപാരവശ്യം പൂണ്ട കുറൂരമ്മ ഇല്ലത്തേക്കു മടങ്ങി. അവിടെ ചെന്നപ്പോൾ പത്തു പതിനൊന്നു വയസ്സുള്ള സുന്ദരനായ ഒരു ബ്രഹ്മചാരി (ഉപനയിച്ച ഉണ്ണി ) ഇല്ലത്തെ പടിമേലിരിക്കുന്നു. കുറൂരമ്മയെ കണ്ടതും ഉണ്ണി പറഞ്ഞു. " അമ്മേ ഞാൻ മേലേടത്ത് ഇല്ലത്തെ ഉണ്ണിയാണ്. ഇന്ന് വില്വമംഗലം ഭിക്ഷക്കു വരുന്ന ദിവസമല്ലേ? അമ്മയെ അടുക്കളയിൽ സഹായിക്കാനും സ്വാമിയാർക്ക് ഭിക്ഷ വിളമ്പാനും ഞാൻ സഹായിക്കാം". നിയന്ത്രിക്കാനാവാത്ത സന്തോഷത്തോടെ ആ ഉണ്ണിയുടെ മൂർദ്ധാവിൽ കൈ വെച്ചു കൊണ്ട് കുറൂരമ്മ പറഞ്ഞു. "ഗുരുവായൂരപ്പൻ എന്റെ സങ്കടമറിഞ്ഞ് ഉണ്ണിയെ ഇങ്ങോട്ടയച്ചതാണ്, " എനിക്ക് സന്തോഷമായി ". അത്യുത്സാഹത്തോടെ ആ പരമസാധ്വി ഭിക്ഷക്കുള്ളതൊക്കെ വട്ടം കൂട്ടി; സ്വാമിയാരെയും കാത്തുകൊണ്ടിരിപ്പായി. വില്വമംഗലമാകട്ടെ ഭിക്ഷക്കു പോകാനൊരുങ്ങിക്കൊണ്ട് ചെമ്മങ്ങാട്ടേക്കു പുറപ്പെട്ടു. സ്വാമിയാർ പുറപ്പെടുമ്പോൾ മംഗളസൂചകമായി ശംഖുമുഴക്കുക എന്നൊരു ചടങ്ങുണ്ട്. ഭൃത്യൻ ശംഖ് ഊതാനാരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ ശംഖിനു ശബ്ദമില്ല. മറ്റു പലരും ശ്രമിച്ചിട്ടും ശംഖധ്വനി പുറത്തു വരുന്നില്ല. സ്വാമിയാരും പരിഭ്രമിച്ചു. അല്പമൊന്നാലോചിച്ചപ്പോൾ കുറൂരമ്മയോടുണ്ടായ അവഗണനയാവാം ഇതിന്റെ കാരണമെന്ന് അദ്ദേഹം ഊഹിച്ചു, പറഞ്ഞു. 'ആകട്ടെ, ഭിക്ഷക്ക് കുറൂരില്ലത്തേക്കു നടന്നു കൊൾക; ശംഖ് മുഴങ്ങട്ടെ". അതാ ശംഖിൽ നിന്നും ഗംഭീരമായി മുഴക്കം പുറത്തു വരുന്നു. സ്വാമിയാർ കുറൂരില്ലത്തെത്തി. അവിടെ അതാ കാലു കഴുകിക്കാൻ കിണ്ടിയുമായി അല്പം കറുത്ത് സുന്ദരനായ ഒരു ഉണ്ണി ഒരുങ്ങിനിൽക്കുന്നു. ഭിക്ഷക്ക് വിളമ്പാനും കുടിനീർ വീഴ്ത്താനും ആ ഉണ്ണി തന്നെ. സ്വാമിയാർ അതിശയിച്ചുകൊണ്ട് ഉണ്ണിയോട് ചോദിച്ചു, " ഉണ്ണി എവിടത്തെയാണ്? കുറൂരമ്മയുടെ ചാർച്ചക്കാരനാണോ "?. " ഞാൻ ഇവിടെയൊക്കെത്തന്നെയുള്ളതാണ്. കുറൂരമ്മയുടെ അടുത്ത ബന്ധുവും. സ്വാമിയാരെ ഞാൻ ഇടക്കിടെ കാണാറുണ്ട് ". ഇത്രയും പറഞ്ഞുകൊണ്ട് ഒഴിഞ്ഞ പാത്രവുമായി അകത്തേക്കു ചെന്ന ഉണ്ണിയെ പിന്നീട് ആരും കണ്ടില്ല. പോകുമ്പോൾ നേരിയ ഒരു കിങ്ങിണിയുടെ സ്വരം കേട്ടതായി സ്വാമിയാർക്കു തോന്നി. കുറൂരമ്മയുടെ വിളമ്പൽക്കാരനായി വന്നത് ഗുരുവായൂരപ്പൻ തന്നെയാണെന്ന് സ്വാമിയാർക്ക് ബോധ്യമായി. തനിക്ക് ഭഗവാനെ തിരിച്ചറിയാൻ കഴിയാത്തതിൽ അദ്ദേഹത്തിന് വല്ലാത്ത ജാള്യത തോന്നി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.