കലിദിന സംഖ്യ എന്നു വെച്ചാൽ കലിയുഗാരംഭം മുതൽ കഴിഞ്ഞു പോയ ദിവസങ്ങളുടെ എണ്ണം എന്നു സാമാന്യമായി നിർവചിക്കാം. കലിയുഗത്തിന്റെ തുടക്കം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ബി സി 3101 ജനുവരി 23 മുതൽ എന്ന് കണക്കാക്കപ്പെടുന്നു. (ജൂലിയൻ കലണ്ടർ പ്രകാരം 18.02.3102 ബി സി)
കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതായത് A D 825ൽ. അതിനാൽ കൊല്ല വർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. (കൊല്ല വർഷത്തോട് 825 കൂട്ടിയാൽ ക്രിസ് തു വർഷവും ലഭിക്കും.)
കമ്പ്യൂട്ടർ അധിഷ്ഠിധമായ കാലഗണനകൾക്ക് ഏറ്റവും സൌകര്യപ്രദമായ രൂപം കാലത്തിന്റെ ഒരു അംഗീകൃത ബിന്ദുവിൽ നിന്ന് തുടങ്ങി, ദിവസങ്ങളോ മണിക്കൂറുകളോ എണ്ണിക്കണക്കാക്കുക എന്നതാണ്. സാധാരണ ബീജഗണിത സമവാക്യങ്ങൾ ഉപയോഗിച്ച് കാലത്തിന്റെ കണക്കു കൂട്ടലുകൾ എളുപ്പം സാധിക്കുമെന്ന മെച്ചം ഇതിനുണ്ട്. ലീപ് ഇയറും ഫെബ്രുവരിയും ഒന്നും പരിഗണിക്കാതെ തന്നെ കണക്കു കൂട്ടാം. കാലത്തിന്റെ ഏതു ബിന്ദുവിലാണ് നമ്മളിപ്പോൾ എത്തിച്ചേർന്നത് എന്ന് എളുപ്പം മനസ്സിലാക്കാൻ ഈ വഴിയാണുത്തമം. കലിദിന സംഖ്യയില്‍ ഈ ആരംഭ ബിന്ദുവായി അംഗീകരിച്ചിരിക്കുന്നത് കലിവര്‍ഷാരംഭമാണ്.
കൊല്ലവർഷത്തിൽ നിന്നു മീന മാസത്തിന്റെ അവസാന ദിവസത്തിന്റെ കലിദിന സംഖ്യ കണ്ടുപിടിക്കുവാൻ ഈ സൂത്ര വാക്യം ഉപയോഗിക്കാവുന്നതാണ്:
1187+3926 X 365.25807
ഇതിൽ 1187 എന്നത് 2012 ജൂലൈയിലെ കൊല്ലവർഷവും, 365.25807 എന്നത് ഭാരതീയ കാലഗണന പ്രകാരം ഒരു വർഷത്തിൽ ആകെ ഉള്ള ദിവസങ്ങളും ആണ്. കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതിനാൽ കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. മേടം ഒന്നു മുതലുള്ള ദിവസങ്ങളുടെ എണ്ണം ഇതിനോടൊപ്പം കൂട്ടിയാൽ അതത് ദിവസത്തെ കലിദിന സംഖ്യ ലഭിക്കും. (കൊല്ലവർഷമാസങ്ങളിൽ ദിവസങ്ങളുടെ എണ്ണത്തിൽ ചില മാറ്റങ്ങൾ പതിവാണ് എന്നും അറിയുക.)
2012 ജൂലൈ 15 ന്റെ കലിദിന സംഖ്യ = 1867658 (Sunday)
ഒമ്പതാം നൂറ്റാണ്ടിന് മുൻപ് തന്നെ കലിദിന സംഖ്യാ രൂപം വ്യാപകമായി ഭാരതത്തിൽ ഉപയോഗത്തിലിരുന്നതായി ചരിത്ര വസ്തുതകൾ തെളിയിക്കുന്നു. പരൽപ്പേര് എന്ന ഗൂഢഭാഷയിൽ കലിദിന സംഖ്യകൾ ദക്ഷിണേന്ത്യയിൽ ഉപയോഗത്തിലിരുന്നിരുന്നു. പരല്‍പ്പേരില്‍ സംഖ്യകള്‍ എഴുതിയിരുന്നത് അക്കങ്ങള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിച്ച് കൊണ്ടായിരുന്നു. പല കാവ്യങ്ങളുടെയും അവസാന ശ്ലോകം അതെഴുതിയ തീയതി കലിദിന സംഖ്യാ രൂപത്തില്‍ അവതരിപ്പിച്ചതായിരിക്കും.
ആരംഭ ബിന്ദുവില്‍ മാറ്റങ്ങള്‍ വരുത്തി ഈ കാലഗണനാക്രമം മൈക്രോസോഫ്റ്റ്, യുനിക്സ് മുതലായ വന്‍കിടക്കാരും ഉപയോഗിച്ച് വരുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ആരംഭ ബിന്ദു 1900 ജനുവരി 1 ആണത്രെ. യൂനിക്സില്‍ ഇത് 1970 ജനുവരി 1 ആണ്. ദിവസങ്ങള്‍ക്ക് പകരം സെക്കന്‍ഡുകളാണ് യൂനിക്സില്‍ എണ്ണുന്നത്.
പാശ്ചാത്യര്‍ കണക്ക് കൂട്ടാന്‍ പഠിക്കുന്നതിനെത്രയോ മുന്‍പ് തന്നെ ഇങ്ങനെയുള്ള ചിന്താധാരകള്‍ അവതരിപ്പിച്ച പൂര്‍വ പിതാക്കളെ നമുക്ക് നമിക്കാം.