വേദാന്തം എന്നാൽ ഉപനിഷത്തുക്കളാണ്. വേദശിരസ്സ്, വേദത്തിന്റെ മകുടം എന്നഭിപ്രായം. കാണാദ, ഗൗതമ, പതഞ്ജലി, കപില, ജൈമിനി, ബാദരായണ എന്നു തുടങ്ങി ഋഷിമാർ അനവധിയുണ്ടായിരുന്നു. അവരിൽ ബാദരായണമഹർഷി ഉപനിഷദ്വാക്യങ്ങളുടെ മീമാംസ, അതായത് അർത്ഥവിചാരം നടത്തി വേദാന്ത സൂത്രങ്ങൾ രചിക്കുകയുണ്ടായി, ഈ വേദാന്തസൂത്രങ്ങൾക്കും ഉത്തരമീമാംസ, രണ്ടാമതായി വന്ന മീമാംസ അല്ലെങ്കിൽ ഉത്തരഭാഗത്തിനുള്ള മീമാംസ എന്നു പറയുന്നു.
ശ്രീശങ്കരാചാര്യർ, രാമാനുജാചാര്യർ മുതലായവർ ഉപനിഷത്തുക്കൾക്കും, വേദാന്തസൂത്രങ്ങൾക്കും ഭാഷ്യമെഴുതിയാണ് അവരുടെ ആചാര്യസ്ഥാനമുറപ്പിച്ചത്. ഭഗവത്ഗീതയ്ക്കും ഉപനിഷത്തിന്റെ സ്ഥാനം നല്കിയിരിക്കുന്നു.