"ഹിന്ദുക്കൾക്കൊരു മതമുണ്ടോ? മതസ്ഥാപകനുണ്ടോ?. ഒരു മതഗ്രന്ഥമുണ്ടോ? നോക്കുക, ഞങ്ങൾക്കൊരു മതസ്ഥാപകനുണ്ട്, ഒരു മതമുണ്ട്, വ്യക്തമായ ഒരു മത ഗ്രന്ഥമുണ്ട്. ഹിന്ദുക്കൾക്ക് അങ്ങനെ എന്താണുള്ളത്? "
ഇങ്ങനെ വിദേശമതങ്ങളുടെ പ്രചാരകന്മാർ ചോദ്യവർഷങ്ങൾ ചൊരിഞ്ഞുകൊണ്ട് ചുറ്റുന്നു. മിഷനറിതന്ത്രങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാനിടയില്ലാത്ത സാമാന്യ ജനങ്ങളിൽ പലരും സംശയഗ്രസ്തരാകുന്നു. അതേ, ഹിന്ദുക്കളുടെ മതസ്ഥാപകനാര്, മതഗ്രന്ഥമേത്, രാമായണമോ മഹാഭാരതമോ അല്ല ഭാഗവതമോ?
പാമരന്മാർ മാത്രമല്ല, പഠിപ്പുള്ളവരും സർവ്വജ്ഞരെന്നു നടിക്കുന്ന വാഗ്മികളും ബിരുദധാരികളും ഈ സന്ദേഹവലയത്തിൽ പെടും. അവരും പ്രസംഗിക്കുകയായി; നോക്കൂ, ക്രിസ്തുവിന്റെ മതം ക്രിസ്തുമതം, മുഹമ്മദ്ദിന്റെ മതം മുഹമ്മദ് മതം, ബുദ്ധന്റെ മതം ബുദ്ധമതം. എല്ലാവരും സമ്മതിക്കുന്ന ഓരോ മതഗ്രന്ഥമുണ്ട് ഈ മതങ്ങൾക്ക്. എന്നാൽ ഹിന്ദുക്കൾക്ക് ഒരു മതസ്ഥാപകനോ, ഒരു മതമോ, വ്യക്തമായ ഒരു മതഗ്രന്ഥമോ എല്ലാവർക്കും സ്വീകാര്യമായി കാണപ്പെടുന്നില്ല!
ഈ ചോദ്യങ്ങളുടെ സാംഗത്യമറിയുവാൻ ഒരു സംഭവകഥ പറയാം
അനേകായിരം ഏക്കർ ഭൂസ്വത്തും അതിനു തക്ക സ്ഥാനമാനങ്ങളും പരമ്പരാഗതമായുള്ള മംഗലയ്ക്കൽ കുടുംബം നാട്ടിന്റെ നട്ടെല്ലും നാട്ടാരുടെ ആശാകേന്ദ്രവുമായിരുന്നു. തറവാട്ടുഭവനത്തിനു ചുറ്റും വസിച്ചിരുന്ന മക്കളും മരുമക്കളും ബന്ധുക്കളും മാത്രമല്ല നാട്ടുകാരും ആ കുടുംബനാഥന്റെ അടുക്കൽ വന്നു തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചുപോന്നു. ഏകാദശി, നവരാത്രി മുതലായ വിശേഷ ദിവസങ്ങളിൽ വിദ്വത്സദസ്സ് കൂടുമ്പോഴും മറ്റു മാസവിശേഷങ്ങൾക്കും മംഗലയ്ക്കൽ പരദേവതയുടെ തിരുമുറ്റത്തിൽ അവർ സമ്മേളിക്കും. കുടുംബനാഥനായ നാരായണര് ക്ഷേമാന്വേഷണരീത്യാ ഓരോരുത്തരുടേയും അനുഭവങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കും. അവരവരുടെ ആവശ്യങ്ങളും അവകാശങ്ങളും നിവർത്തിക്കുന്നതോടൊപ്പം ചുമതലകളും കടമകളും ഉദ്ബോധിപ്പിച്ചയയ്ക്കുകയും ചെയ്യും. അങ്ങനെ ഐശ്വര്യം നിറഞ്ഞ മംഗലയ്ക്കൽ കുടുംബം പ്രതാപത്തിലും പദവിയിലും പ്രഥമ ഗണനീയമായിരുന്ന് നാട്ടുകാർക്കെല്ലാം താങ്ങും തണലുമായി വിളങ്ങി. അപ്പോഴാണ് അതിഥികളുടെ കൂട്ടത്തിൽ വന്ന ഒന്നുരണ്ടുപേർ ആ കുടുംബം വക വനത്തിന്റെ ഒരു ഭാഗത്തു കൂരകെട്ടി പാർക്കാൻ അനുവാദം ചോദിച്ചത്. മംഗലയ്ക്കൽ കുടുംബത്തിന്റെ ഔദാര്യത്താൽ അവർക്കു കുടികെട്ടിയിരിക്കാൻ അനുമതിയും ലഭിച്ചു.
കുടുംബനാഥനായ നാരായണരുടെ കാലം കഴിഞ്ഞു. കൊല്ലങ്ങൾ കടന്നുപോയി. കുടികിടപ്പുകാരുടെ എണ്ണവും വണ്ണവും പെരുകി. മൂന്നെപ്പോലെ കരുത്തുറ്റ ഒരു കുടുംബനാഥറ്നെ അഭാവത്തിൽ മംഗലയ്ക്കൽ കുടുംബാഗങ്ങൾ നാലും നാലു വഴിക്കു തിരിഞ്ഞു. വേലികെട്ടില്ലായിരുന്ന മംഗലയ്ക്കൽ ഭൂമിയ്ക്ക് ആയിരം വേലികളും അവകാശികളുമുണ്ടായി. പരമ്പരാവകാശികളേക്കാൾ കുടികിടക്കാൻ വന്നവരുടെ അവകാശങ്ങൾ ത്രിഗുണീഭവിച്ചു. മംഗലയ്ക്കൽ തറവാടിന്റെ സ്ഥാവരജംഗമവസ്തുക്കളിൽ കാതലായ കുറെ ഭാഗമെങ്കിലും സംരക്ഷിക്കണമെന്ന് പരമ്പരാവകാശികളിൽ തലമൂത്തവർ വിചാരിച്ചു. അവരും തറവാട്ടുഭവനത്തിനു വളച്ചൊരു വേലി കെട്ടി. ആൾബലത്താൽ മുമ്പന്മാരായ കുടിയേറ്റാവകാശികൾക്ക് അത് അരോചകമായിത്തീർന്നു. " വാസ്തവത്തിൽ മംഗലയ്ക്കൽ കുടുംബമെന്നൊന്നില്ല; ഉണ്ടെങ്കിൽ അത് ഞങ്ങൾക്കവകാശപ്പെട്ടതാണ് ", എന്നവർ വാദിച്ചു. പക്ഷേ, ഈ ന്യായവാദത്തിന്റെ മുറയ്ക്കനുസരിച്ച് മംഗലയ്ക്കൽ തറവാടിന്റെ വേലിയും പൂർവ്വാധികം മുറുകിക്കൊണ്ടിരുന്നു.
എല്ലാവർക്കും യഥേഷ്ടം പ്രവേശിക്കാവുന്ന തുറസ്സായ മംഗലയ്ക്കൽ ഭൂപ്രദേശത്തിൽ കുടിയേറി പാർത്തവരുടെ പറമ്പു വേലികളുടെ ഇടയ്ക്കു കെട്ടപ്പെട്ടിരിക്കുന്ന തറവാട്ടു വേലിപോലെയാണിന്നത്തെ ഹിന്ദുക്കളുടെ മതം. പല മത വേലികളുണ്ടായപ്പോൾ ഹിന്ദുക്കൾക്കും മതത്തിന്റെ പേരിലൊരു വേലി കെട്ടേണ്ടി വന്നു. !
വാസ്തവമെന്താണ്? ഹിന്ദുക്കൾക്ക് ഒന്നല്ല, പല മതസ്ഥാപകന്മാരും മതങ്ങളും മത ഗ്രന്ഥങ്ങളുമുണ്ട്. ഒരു വ്യക്തിയുടെ മാത്രം ആസ്തിക്യത്തിലും അഭിപ്രായത്തിലും ഒതുങ്ങി നിൽക്കുന്നതല്ല ഹിന്ദുക്കളുടെ മതം. ഈ മതാചാര്യന്മാരും മതങ്ങളും, ക്രിസ്തുവും മുഹമ്മദും പിറക്കുന്നതിനെത്രയോ വർഷങ്ങൾക്കു മുമ്പ് ഈ ഭൂമണ്ഡലത്തിൽ ആവർഭവിച്ചവരാണ്! അവർ ഉപദേശിച്ചതിലും വെളിപ്പെടുത്തിയതിലും കുറവായിട്ടല്ലാതെ കൂടുതലായിട്ടൊന്നും കൃസ്തുമുഹമ്മദാദിമതങ്ങൾ വെളിപ്പെടുത്തിയിട്ടുമില്ല. സംഘടനാബലംകൊണ്ടു മുന്നേറിയതാണ് അവരുടെ നേട്ടം.
പരസ്വത്തെ കൈയ്യടക്കാനുള്ള ആഗ്രഹം ഹിന്ദുക്കൾക്കില്ലായിരുന്നു. മതത്തിന്റെ പേരിൽ വെട്ടിപ്പിടിക്കാനുള്ള ആവശ്യവും ഹിന്ദുക്കൾക്ക് ഇല്ലായിരുന്നു. സ്വയം സന്തുഷ്ടരായി, "ബഹുജനസുഖായ ബഹുജനഹിതായ " പ്രവർത്തിച്ചുകൊണ്ടിരുന്നവർ അന്യരുടെ മുതലെന്തിനു കൊതിക്കൊള്ളണം? " മന് " ധാതുവിൽ നിന്നുണ്ടായ " മതം എന്ന പദത്തിനു മനനം ചെയ്തത് (അറിഞ്ഞത്) എന്നാണർത്ഥം. " മത " ത്തെ അഭിപ്രായം എന്ന അർത്ഥത്തിലും പ്രയോഗിക്കും. ഇങ്ങനെ ക്രിസ്തുവിന്റെ മതം ക്രിസ്തുവിന്റെ മതമായതിനേക്കാൾ വസ്തുനിഷ്ഠമായ രീതിയിൽ ജിനന്റെ മതമായ ജൈനമതവും, ബുദ്ധന്റെ മതമായ ബുദ്ധമതവും ഉണ്ടായി. ഗാണപത്യമതം, ശാക്തമതം, വൈഷ്ണവമതം, ശൈവമതം, ശങ്കരമതം, രാമാനുജമതം, മാദ്ധ്വമതം, ശിഖമതം എന്നിങ്ങനെ എത്രയോ മതങ്ങൾ മുമ്പും പിമ്പുമുണ്ടായി. ഈ മതാചാര്യന്മാരെല്ലാം ദൈവപുത്രന്മാരല്ല, ദൈവം തന്നെയായി ഭവിച്ചവരാണ്. പക്ഷേ ഇവരുടെ അനുയായികൾ മതം പ്രചരിപ്പിക്കുവാൻ സംഘടിതരായി വാളും കുന്തവും കൊണ്ടിറങ്ങിയില്ല. ക്രിസ്തുവിനെയും മുഹമ്മദിനെയും മതാചാര്യന്മാരായി ആദരിക്കുവാൻ ഹിന്ദുക്കൾക്കു സാധിക്കുമ്പോൾത്തന്നെ ആ മതാനുയായികളുടെ സംഘടിതകയ്യേറ്റങ്ങളെ മതവിരുദ്ധമായി പുറംതള്ളുവാനും കഴിയും. മതങ്ങളെല്ലാം വലിയൊരു അരയാൽവൃക്ഷത്തിന്റെ പലതരം ശാഖകളാണെന്നും, ആ വൃക്ഷത്തിന്റെ നാരായവേരോടുകൂടിയ തായ്ത്തടി " സനാതനധർമ്മ "മാണെന്നുമാണ് ഹിന്ദുക്കളുടെ മതം.
സ്വാമി വിവേകാനന്ദൻ അമേരിക്കയിൽവെച്ച്, വിശ്വസമക്ഷം പ്രഖ്യാപിച്ച സത്യവചനങ്ങൾതന്നെ ഇവിടെ ഓർമ്മിക്കുക.
" ഒരു മതം സത്യമാണെങ്കിൽ എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയിൽ ഹിന്ദുമതം എത്രത്തോളം എന്റേതാണോ, അത്രത്തോളം നിങ്ങളുടേതുമാണ്. "
" അധമമായ ജഡാരാധന മുതൽ ബ്രഹ്മവാദംവരെയുള്ള എല്ലാ മതങ്ങളും ഹിന്ദുവിന്റെ നോട്ടത്തിൽ, മനുഷ്യാത്മാവ് അതിന്റെ ജന്മത്തിനും സാഹചര്യത്തിനും വിധേയമായി അനന്തതാപ്രാപ്തിക്കു ചെയ്യുന്ന അത്രയും പരിശ്രമങ്ങളാണ്. "
" ഈ വൈവിധ്യങ്ങൾക്കിടയ്ക്കു ഒരു സമന്വയഘടകമുണ്ട്; ഈ ശബ്ദവൈരുദ്ധ്യങ്ങൾക്കു പിന്നിൽ ഒരനുരഞ്ജകസ്വരമുണ്ട്. ഉറ്റു ശ്രദ്ധിക്കാനൊരുക്കമുള്ളവർക്കു അതു കേൾക്കുകയും ചെയ്യാം. "
" നാനാത്വത്തിൽ ഏകത്വമാണ് പ്രകൃതി കല്പിതം; ഹിന്ദു ഇതംഗീകരിക്കുന്നു. മറ്റു മതങ്ങളെല്ലാം ചില സ്ഥാവരസിദ്ധാന്തങ്ങൾ ഉപന്യസിച്ച് അവ സമുദായത്തിന്റെ മേൽ അടിച്ചേല്പ്പിക്കാൻ നോക്കും. "
" ഹിന്ദുക്കൾ മതത്തെയും തത്ത്വശാസ്ത്രത്തെയും ഒരേ വസ്തുവിന്റെ രണ്ടുവശങ്ങളായി കരുതിപ്പോരുന്നു. രണ്ടു ഒരുപോലെ യുക്തിയിലും ശാസ്ത്രീയ വസ്തുതകളിലും അധിഷ്ഠിതമായിരിക്കണം.
"ശരിയായ മതം മനുഷ്യരുടെ ഉപദേശങ്ങളിൽ നിന്നോ പുസ്തകപാരായണംകൊണ്ടോ സിദ്ധിക്കുന്നതല്ല; പവിത്രവും ആത്മനിഷ്ഠവുമായ കർമ്മാനുഷ്ഠാനങ്ങളുടെ ഫലമായി അന്തരാത്മാവിനുണ്ടാവുന്ന പ്രബുദ്ധതയാണത്. ഭാരതത്തിലെ വിഭിന്ന മതസമ്പ്രദായങ്ങളെല്ലാം ഏകത്വം അല്ലെങ്കിൽ അദ്വൈതം എന്ന കേന്ദ്രാശയത്തിൽനിന്നു പ്രസരിക്കുന്നു. "
പതുക്കെ കുടിയേറി, പിന്നെ കയ്യേറി മുമ്പനായി നിന്നുകൊണ്ട്, തറവാട്ടുകാരോട് " നിങ്ങൾക്കു സ്വത്തുണ്ടോ, ഉണ്ടെങ്കിൽ അത് എന്റേതാണ്, " എന്ന അവകാശവാദം ചെയ്യുന്നവരെപ്പോലെയാണ്. അന്യമതമിഷനറികൾ ചോദിക്കുന്നത്, ' ഹിന്ദുക്കൾക്ക് ഒരു മതസ്ഥാപകനുണ്ടോ, ഒരു മതമുണ്ടോ, ഒരു മതഗ്രന്ഥമുണ്ടോ ? എന്നെല്ലാം.
ഉണ്ട്. ഹിന്ദുക്കൾക്ക് ഒരു മതമുണ്ട് - എന്നെന്നും നിലനിൽക്കുന്ന " സനാതനധർമ്മം "
ഹിന്ദുക്കൾക്ക്, ഒരു മതസ്ഥാപകനുണ്ട് - സച്ചിദാനന്ദ സ്വരൂപനായ " ഈശ്വരൻ ".
ഹിന്ദുക്കൾക്ക് ഒരു മതഗ്രന്ഥമുണ്ട് - ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ " വേദം ".
ഹിന്ദുക്കൾക്ക് ഒരു ചരിത്രമുണ്ട് - ഇന്ന് മനുഷ്യനറിവാൻ സാധിക്കുന്നതിൽ അതിപുരാതനമായ ഒരു ചരിത്രം.
ഹിന്ദുമതത്തിൽ എല്ലാമുണ്ട് - ഹിന്ദുമതത്തിൽ ഇല്ലാത്തതൊന്നും മറ്റൊരുമതത്തിലുമില്ല. എന്തെന്നാൽ ഹിന്ദുമതം "സനാതനധർമ്മ " മാണ്. അത് സർവ്വമതങ്ങളുടേയും മാതാവാണ്. പ്രഭവസ്ഥാനമാണ്.