മീമാംസ, വാക്യങ്ങളെ രണ്ടു വിഭാഗമായി പിരിക്കുന്നു. വാക്യമെന്നും, വാക്യശേഷമെന്നും; അതായതു പ്രമാണവാക്യമെന്നും അപ്രമാണവാക്യമെന്നും ആണ് ഈ രണ്ടു വിഭാഗങ്ങൾ. അപ്രധാനവാക്യങ്ങൾക്ക് "അർത്ഥവാദം " എന്ന് പറയുന്നു. ആ വാക്യങ്ങളുടെ ഉദ്ദേശം മുഖ്യവാക്യവിഷയത്തെ സ്തുതിക്കുകയോ നിന്ദിക്കുകയോ ചെയ്യുക എന്നതാണ്. അവയ്ക്കു സ്വതവേ പ്രാമാണ്യമൊന്നുമില്ല. അതുകൊണ്ട് അവയെ നാം പരിഗണിക്കേണ്ടതില്ല. ആമാതിരി വാക്യങ്ങൾക്കു യഥാശ്രുതമായ അർത്ഥം കല്പിക്കാവുന്നതല്ല. ഈ വാദമുഖത്തെ ശ്രീശങ്കരൻ യുക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്.
ജൈമിനിയുടെ പ്രഥമ സിദ്ധാന്തം, മന്ത്രങ്ങളുടെ അർത്ഥം അറിഞ്ഞേ കർമ്മങ്ങൾ ചെയ്തുകൂടു എന്നാണ്. ഈ അർത്ഥം അറിഞ്ഞാലേ കർമ്മം പുഷ്ടിയായി ചെയ്‍വാൻ സാധിക്കൂ. കേവലം, കർമ്മത്തിനായി നിശ്ചയിച്ച ആചാര്യൻ മാത്രം ഈ മന്ത്രങ്ങളുടെ അർത്ഥം അറിഞ്ഞാൽ പോരാ. അതു ചെയ്യുന്ന " യജമാനനും " കൂടി അത് അറിയേണ്ടതാണ്.
ജെമിനിയുടെ രണ്ടാമത്തെ പരമസിദ്ധാന്തം: - വേദവാക്യങ്ങളെ രണ്ടായിപ്പിരിച്ച് അവയിൽ വിധിക്കു പൂർണ്ണപരിഗണനയും, " അർത്ഥവാദത്തിനു ശ്രുതാർത്ഥം " (അതായത് അതിലെ വാക്യങ്ങൾ കൊണ്ടുവരുന്ന അർത്ഥം) എടുക്കേണ്ടതില്ലെന്നും അവ കേവലം മുഖ്യവാക്യത്തിന്റെ സ്തുതിക്കോ നിന്ദക്കോ മാത്രമായി പറയപ്പെട്ടവയാണെന്നും ആണ്
ഈ രണ്ടു നിഗമനങ്ങളും വേദം കൈകാര്യം ചെയ്യുന്നവർ ഒരിക്കലും മറക്കരുത്. വേദത്തിൽ എല്ലാ വാക്യങ്ങൾക്കും ഒരുപോലെ പ്രാമാണ്യമില്ല; വേദാർത്ഥം അത്യാവശ്യം മനസ്സിലാക്കിയാലേ മതിയാവു. ഈ രണ്ടു സിദ്ധാന്തങ്ങളെ മറ്റു അഞ്ചു ദർശനക്കാരും അംഗീകരിച്ചിട്ടുണ്ട്.
പൂർവ്വമീമാംസക്കാരുടെ മേൽപ്പറഞ്ഞ അഭിപ്രായപ്രകാരം വേദത്തിൽ കർമ്മങ്ങളെ വിധിക്കുന്ന വാക്യങ്ങൾ മാത്രമാണ് പ്രമാണവാക്യങ്ങൾ. അവകൊണ്ടേ മനുഷ്യനു പ്രയോജനമുള്ളു. ഉപനിഷത്തുകളിൽ യാതൊരു കർമ്മവും വിധിക്കാത്തതുകൊണ്ട് അവ കേവലം " അർത്ഥവാദങ്ങൾ" മാത്രമാണ്. അതിനാൽ അവയ്ക്കു യാതൊരു പരിഗണനയും കൊടുക്കേണ്ടതില്ല. അതുകൊണ്ടു പൂർവ്വമീമാംസ മനഃപൂർവ്വമായി യാതൊരു പരിഗണനയും ഉപനിഷത്തുകൾക്കു കൊടുത്തിട്ടില്ല