പ്രകൃതിയും സനാതനധര്‍മ്മവും

വൃക്ഷങ്ങളിലേയും പര്‍വ്വതങ്ങളിലേയും നദികളിലേയുമൊക്കെ ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആയിരുന്നു. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്‍ത്തുവാനായിരുന്നില്ലേ അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്.

പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര്‍ മനസ്സിലാക്കിയിരുന്നു.

ഒരുവീട്ടില്‍ ഒരു കാവും കുളവും.. അതും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്നാല്‍ അതെല്ലാം നാം അന്ധവിശ്വാസങ്ങളുടെ കരിമ്പട്ടികയില്‍പ്പെടുത്തി പുശ്ചിച്ചുതള്ളിയപ്പോള്‍ അതിന്‍റെയൊന്നും ശാസ്ത്രീയത മനസ്സിലാക്കാന്‍ നമ്മളാരും മെനക്കെട്ടില്ല.

കാവുകളില്‍ എത്രതരം വൃക്ഷങ്ങളാണ് തിങ്ങിനിറഞ്ഞ് വളര്‍ന്നിരുന്നത് നമ്മുടെ ആചാരങ്ങളുടെ ഭാഗമായതിനാല്‍ അവയൊന്നും നശിപ്പിക്കാറില്ലായിരുന്നു. കാലം മാറിയപ്പോള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായിനിലനിന്ന കാവുകള്‍ വെട്ടിക്കളഞ്ഞു. കുളങ്ങള്‍ നികത്തി പകരം നമ്മള്‍ അവിടെ കെട്ടിടങ്ങള്‍ വെച്ചു. ആര്‍ക്കും ശല്യമാകാതെ കാവുകളില്‍ സ്വര്യമായി വസിച്ചിരുന്ന ഇഴജന്തുക്കളെ നമ്മുടെ അടുക്കളയിലേക്കും കൂട്ടിവെച്ച വിറകിന്‍റെ അടിയിലേക്കും എത്തിച്ചത് നമ്മള്‍ തന്നെയല്ലേ? ആ ഇഴജന്തുക്കളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയല്ലേ നാം ഇല്ലാതാക്കിയത്?

ഇന്ന് ലോക ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടിക്കഴിഞ്ഞിട്ടുള്ള ഒരു പ്രകൃതി സംരക്ഷണ മാര്‍ഗ്ഗമാണ് കാവുകള്‍. കാവുകള്‍ ഒരു മൈക്രോ ഫോറസ്റ്റ് ആയി ഇന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ വ്യാഖ്യാനിക്കുമ്പോള്‍, കാവുകള്‍ എന്നത് പച്ചപ്പില്ലാതെ വെറും കോണ്‍ക്രീറ്റ് തറയിലേക്കോ നാഗശിലയിലേക്കോ മാത്രം ചുരുങ്ങിയത് ദൗര്‍ഭാഗ്യകരം.


ഏറ്റവും നല്ല ഇടിമിന്നല്‍ രക്ഷാചാലകമായി കാവുകളിലെ ചിതല്‍പുറ്റ് പ്രവര്‍ത്തിക്കുകയും  പ്രത്യേകതരം മിന്നലുകളിലെ വൈദ്യുത തരംഗങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചിതലിന് ചിറകുമുളക്കുകയും ഉപയുക്തങ്ങളായ പുതിയ ജനുസ്സുകള്‍ പരിണമിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങള്‍ കാവിന്‍റെ പരിസരത്ത് കാണപ്പെട്ടിരുന്നതായും കാവുകള്‍ ഇല്ലാതായാല്‍ പുതിയജനുസ്സുകള്‍  ഉണ്ടാകാനുള്ള സാധ്യത തന്നെ ഇല്ലാതാകും എന്നോക്കെയുള്ള അറിവുകള്‍  കാവുകളെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ പ്രചോദനമാകുന്നു.

എത്രതരം വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞതായിരുന്നു നമ്മുടെ കാവുകള്‍. ഓരോ നാളുകാര്‍ക്കും നട്ടുപരിപാലിക്കാന്‍ വ്യത്യസ്ത വൃക്ഷങ്ങളെത്തന്നെ നിര്‍ദ്ധേശിച്ച് തന്നിരുന്നു നമ്മുടെ പൂര്‍വ്വികര്‍. അതൊന്നും വളര്‍ച്ചയെത്തിയാല്‍ വെട്ടിവിറ്റ്‌ കാശാക്കാന്‍ പറ്റുന്ന തേക്കും ഈട്ടിയും മാഞ്ചിയവും ഒന്നും അല്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ഈ മരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു അതുതന്നെയല്ലേ അവര്‍ ആഗ്രഹിച്ചതും?

എന്നാല്‍ നമ്മള്‍ അക്കൂട്ടത്തില്‍ പലതും പാഴ്മരങ്ങളില്‍ പെടുത്തി വെട്ടി നശിപ്പിച്ചു. ബാക്കിയുള്ളതിനെ പരിപാലിക്കാനുള്ള മെനക്കേടോര്‍ത്ത് ക്ഷേത്രങ്ങളില്‍ മാത്രം വളര്‍ന്നാല്‍ മതിയെന്ന് നമ്മള്‍ തീരുമാനിച്ചു. ആല്‍മരവും അശോകവൃക്ഷവും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായത് കൊണ്ടാണോ അതോ അതിന്‍റെ മഹത്വം അറിയാന്‍ മേലാഞ്ഞിട്ടാണോ ചിലര്‍ ഇത്തരം വൃക്ഷങ്ങള്‍ നടുന്നതില്‍ മടികാണിക്കുന്നതും എതിര്‍ക്കുന്നതും?!  ആല്‍മരം ക്ഷേത്രങ്ങളിലും ആല്‍ത്തറകളിലും എന്തുകൊണ്ട് സ്ഥാനം പിടിച്ചു എന്നറിയുമ്പോള്‍ ആല്‍മരത്തിന്‍റെ മഹത്വം മനസ്സിലാക്കാന്‍ കഴിയും. അറബ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നട്ടുവളര്‍ത്തുന്നത്‌ നമ്മുടെ ആല്‍മരവും ആര്യവേപ്പും ഒക്കെയാണെന്ന് അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം.

ഓസോണ്‍ ഉല്പ്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള രണ്ട് സസ്യങ്ങളില്‍ ഒന്ന് ആല്‍മരവും രണ്ടാമത്തേത് തുളസിയുമാണ്. കൂടിയ അളവില്‍ ഓസോണ്‍ വിഷവാതകമാണെങ്കിലും, കുറഞ്ഞ അളവില്‍ ഓസോണ്‍ ഒരു അണുനാശിനിയും ആരോഗ്യദായകവുമാണ്. വായുവിനേക്കാള്‍ ഘനം കൂടിയ ഓസോണ്‍ കാറ്റില്ലാത്ത പ്രഭാത വേളകളില്‍ ആല്‍മരത്തിന് ചുവട്ടില്‍ തങ്ങി നില്‍ക്കുന്നു. ഈ ഓസോണ്‍ സമ്പുഷ്ടമായ വായൂ ശ്വസിക്കുന്നത് ശ്വാസകോശ ശുദ്ധീകരണത്തിന് സഹായിക്കുന്നു. ഈ അന്തരീക്ഷവായൂ ശ്വസിക്കുവാന്‍ കൂടിയാണ് പ്രഭാതത്തില്‍ ആല്‍മരത്തിന് പ്രദക്ഷിണം വെക്കണം എന്ന് പറയുന്നത്. പ്രദക്ഷിണവേളയില്‍ ആവശ്യത്തിന് ശുദ്ധവായൂ ലഭിക്കാന്‍ വേണ്ടിയല്ലേ ആല്‍മരത്തിന് ക്ഷേത്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദക്ഷിണം (ഏഴുപ്രാവശ്യം) പറഞ്ഞിരിക്കുന്നത്.

അസാഡിറാക്ടിന്‍ തുടങ്ങിയ ആതിശക്തമായ ഔഷധ വീര്യവും അതോടൊപ്പം അണുനാശിനിയുമായ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്ന വേപ്പിനും ആല്‍മരത്തോടൊപ്പം പ്രദക്ഷിണം വെക്കുമ്പോള്‍, നാം അറിയാതെ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും മറ്റും പ്രകൃത്യാലുള്ള ചികിത്സയായി ഈ ആചാരങ്ങള്‍ പ്രയോജനപ്പെടുന്നു. അതുകൊണ്ടായിരിക്കണം ആല്‍മരവും ആര്യവേപ്പും ഒന്നിച്ചു നട്ടു വളര്‍ത്തുക എന്ന ഉദ്ദേശത്തില്‍ ആല്‍മരത്തിനേയും ആര്യവേപ്പിനേയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന ഒരു ആചാരം നിലനിന്നിരുന്നത് എന്ന് കരുതാം.

കുളങ്ങള്‍ നികത്തുവാന്‍ പാടില്ലെന്നും, അവയ്ക്ക് ഭൂജലവിധാനവുമായി ഗാഢ ബന്ധമുണ്ടെന്നും, ഒരു ഗ്രാമത്തിലെ അന്തരീക്ഷ വ്യവസ്ഥിതി സംതുലിതമാക്കി നിലനിര്‍ത്തുന്നതും , ഭൂമിയിലെ ജല സ്രോതസ്സുകള്‍ താഴാതെ നിലനിര്‍ത്തുന്നതും ഈ സംഭരണികളാണ് എന്നൊക്കെ ആധുനിക ശാസ്ത്ര പഠനങ്ങളിലൂടെ തെളിയിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ക്ഷേത്രക്കുളം എന്നത് ക്ഷേത്രങ്ങളുടെ ഭാഗം തന്നെയായിരുന്നു ഇതില്‍ നിന്നൊക്കെ പ്രകൃതിയും സനാതനധര്‍മ്മവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയും.

“പത്ത് കിണര്‍ കുഴിക്കുന്നത് ഒരു കുളം കുഴിക്കുനതിന് തല്യമാണെന്നും പത്ത് കുളം കുഴിക്കുന്നത് ഒരു നദിക്ക് തുല്യണെന്നും പത്ത് നദിയുണ്ടാക്കുന്നത് ഒരു സത്പുത്രന് തുല്യമാണെന്നും അതുപോലെ ഒരു വൃക്ഷം വെക്കുന്നത് പത്ത് പുത്രന്മാര്‍ക്ക് തുല്യണെന്നും പറഞ്ഞ ഉപനിഷത് സന്ദേശത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇതിനര്‍ത്ഥം സന്താനോല്പ്പാദനം നിര്‍ത്തി വൃക്ഷം വെക്കാനല്ല, മറിച്ച് വൃക്ഷം നട്ടു വളര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെയാണ്‌ നമ്മോട് പറയുന്നത്.

ഒരു കുട്ടി ജനിക്കുമ്പോഴുണ്ടാകുന്ന സന്തോഷ ദിനത്തില്‍ നമുക്ക് കുറച്ച് വൃക്ഷംകൂടെ നട്ട് വളര്‍ത്തിക്കൂടേ? ആ കുട്ടിക്കൊപ്പം ആ വൃക്ഷവും വളരട്ടെ. ആ കുട്ടിയുടെ ഓരോ പിറന്നാളിനും ഇതുപോലെ വൃക്ഷങ്ങള്‍ നടാന്‍ കഴിഞ്ഞാലോ ? ഇതൊരു സംസ്കാരമായി നമുക്ക് വളര്‍ത്തിക്കൊണ്ട് വരാം. ഇത് കണ്ടുവളരുന്ന കുട്ടികള്‍ക്കും, അവരില്‍ നിന്നും തലമുറകളുടെ സംസ്കാരമായി ജാതി - മത ഭേദമന്യേ ഒരു ആചാരമായി മാറാന്‍ നമുക്ക് തുടക്കം കുറിക്കാം.

മരം നടുന്നത് ഭാരതത്തിന്‍റെ ദേശീയ ആചാരവും ആഘോഷവുമാകട്ടെ.

കോണ്‍ക്രീറ്റില്‍ തീര്‍ക്കാത്ത കാവും, കുളങ്ങളും നമ്മുടെ വീടിന്‍റെ ഭാഗവുമാകട്ടെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.