കുഞ്ഞിന് പേരിടുന്ന ചടങ്ങ് വളരെ ആഘോഷപൂര്‍വ്വമായിട്ടാണ് ഇന്ന് ആഘോഷിച്ചുവരുന്നത്. കുട്ടിജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് പേരിടല്‍ നടത്തുന്നത് ഉത്തമമാണ്. എന്നാല്‍ സാധാരണയായി ഇരുപത്തിയെട്ടാമത്തെ ദിവസമാണ് പേരിടുന്നത്. കിഴക്ക് ദര്‍ശനമായി അച്ഛനോ, മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ കുട്ടിയെ മടിയിലിരുത്തി വേണം പേരിടെണ്ടത്. കുട്ടിയുടെ ഇടതുചെവി വെറ്റില കൊണ്ട് അടച്ചു വച്ച് വലതുചെവിയില്‍ മൂന്ന് തവണ പേര് വിളിക്കണം. ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടത് ചെവിയില്‍ മൂന്നുതവണ പേര് വിളിക്കണം. ചെവി അടച്ചുപിടിക്കാന്‍ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട് മുകളിലും വാല്‍ താഴെയുമായിട്ട് വേണം പിടിക്കുവാന്‍. ചെവിയില്‍ വിളിക്കുന്ന പേര് ഒരിക്കലും മാറ്റരുത്.
ചിത്തിര, വിശാഖം, തൃക്കേട്ട, പൂരം, പൂരാടം, പൂരോരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രങ്ങള്‍ പേരിടുന്നതിനു (നാമകരണത്തിന്) ഒഴിവാക്കണം (വര്‍ജിക്കണം). ശിഷ്ടം വരുന്ന 17 നക്ഷത്രങ്ങള്‍ നാമകരണത്തിനും ശുഭങ്ങളാകുന്നു.
മേടം, തുലാം, മകരം ഈ രാശിസമയങ്ങള്‍ നാമകരണത്തിന് കൊള്ളരുത്. ശിഷ്ടം 9 രാശിയും സ്വീകാര്യങ്ങളാണ്. ഇതില്‍ സ്ഥിരരാശികള്‍ സര്‍വ്വോത്തമങ്ങളും ഉഭയരാശികള്‍ ഉത്തമങ്ങളും കര്‍ക്കിടകം രാശി മധ്യമവുമാകുന്നു.
ആഴ്ചകളില്‍ ചൊവ്വയും ശനിയും വര്‍ജിക്കണം. ശേഷം 5 ദിനങ്ങളും ഉത്തമങ്ങളാണ്. മുഹൂര്‍ത്ത സമയത്തെ ഗ്രഹസ്ഥിതിവശാല്‍ പന്ത്രണ്ടില്‍ എല്ലാ ഗ്രഹങ്ങളേയും വര്‍ജിക്കണം. അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കരുത്. ലഗ്നത്തില്‍ ആദിത്യന്‍ നില്‍ക്കരുത്. ചന്ദ്രന്‍ ലഗ്നത്തില്‍ നിന്നാല്‍ ദോഷമില്ല. കുട്ടിയുടെ ജന്മനക്ഷത്രം വര്‍ജിക്കണം. അനുജന്മനക്ഷത്രം സ്വീകരിക്കാം. നിത്യദോഷങ്ങളും കര്‍ത്തൃദോഷങ്ങളും വര്‍ജിക്കണം. അചഛനമ്മമാരുള്ള കുട്ടികള്‍ക്ക് അവര്‍ ബന്ധപ്പെടാതെ ബന്ധുക്കള്‍ നാമകരണം നടത്തരുത്.