ആദിത്യന്‍ മകരം തുടങ്ങിയും കര്‍ക്കിടകം തുടങ്ങിയും ചരരാശികളില്‍ നില്‍ക്കുന്ന സമയം കിഴക്ക് മുതലായ ദിക്കുകളില്‍ ഗൃഹാരംഭത്തിനു ശുഭം. അങ്ങനെ വരുമ്പോള്‍ മകരം, കുംഭം, കര്‍ക്കിടകം, ചിങ്ങം ഈ മാസങ്ങളില്‍ കിഴക്കേതും പടിഞ്ഞാറും ദിക്കുകളില്‍ ആരംഭിക്കാം. മേടം, ഇടവം, തുലാം, വൃശ്ചികം ഈ മാസങ്ങളില്‍ വടക്കേതും തെക്കേതും ആരംഭിക്കാം. ഇതില്‍ കര്‍ക്കിടകമാസം വര്‍ജിക്കുന്നത് ഉത്തമം.
മകം, മൂലം ചോറുണിന്നുവിധിച്ച പതിനാറു നക്ഷത്രങ്ങളും ഗൃഹാരംഭത്തിനു ശുഭമാണ്. മേടം, കര്‍ക്കിടകം, തുലാം, മകരം രാശികളൊഴികെ മറ്റു എട്ടുരാശികളും ഗൃഹാരംഭമുഹൂര്‍ത്തത്തിന് ശുഭമാണ്. ഇതില്‍ സ്ഥിര രാശികളും മൂര്‍ദ്ധോദയവും ഒത്തുവന്നാല്‍ അത്യുത്തമമാണ്.
ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കര്‍ക്കിടക്കത്തിലും നില്‍ക്കുന്നകാലം ഗൃഹാരംഭം ചെയ്യരുത്. സിംഹക്കരണവും വ്യാഘ്രക്കരണവും വര്‍ജ്യമാണ്. ഗൃഹാരംഭാത്തിന്നു നാലാമേടത്ത് പാപന്മാര്‍ നില്‍ക്കരുത്. അഷ്ടമത്തില്‍ കുജന്‍ ഒട്ടും നല്ലതല്ല. ലഗ്നത്തില്‍, ആദിത്യനെ വര്‍ജിക്കണം.
ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാമുഹൂര്‍ത്തത്തില്‍ പറഞ്ഞവിധം ഇവിടെയും വേദനക്ഷത്രം വര്‍ജിക്കണം. പൂര്‍വ്വരാത്രങ്ങള്‍രണ്ടും അപരാഹ്നവും നിന്ദ്യമാണ്. ഇപ്രകാരമുള്ള ദോഷങ്ങളും നിത്യദോഷങ്ങളും ഗൃഹനാഥന്റെ കര്‍ത്തൃദോഷവും ജന്മനക്ഷത്രം ജന്മാഷ്ടമരാശി തച്ചന്ദ്രന്‍, മൂന്ന് അഞ്ച്, ഏഴ് നക്ഷത്രങ്ങള്‍ പ്രത്യേകം വര്‍ജിക്കണം.